പഞ്ചായത്തിലൂടെ

ചിറക്കല്‍ - 2010

കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ കണ്ണൂര്‍ ബ്ളോക്കിലാണ് ചിറക്കല്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1949 ജൂലൈയില്‍ രൂപീകൃതമായ പഞ്ചായത്തിന് 13.56 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്. 21761 സ്ത്രീകളും 20545 പുരുഷന്‍മാരുമടങ്ങുന്ന 42306-ഓളം പേര്‍ വരുന്ന ജനസംഖ്യയുടെ ആകെ സാക്ഷരത 97.4% ആണ്. ഭൂപ്രകൃതിയനുസരിച്ച് തീരപ്രദേശം, ഇടനാട് എന്നീ മേഖലകളിലുള്‍പ്പെടുന്ന പഞ്ചായത്തില പ്രധാന വിളകള്‍ നെല്ല്, തെങ്ങ്, കവുങ്ങ് എന്നിവയാണ്. വളപട്ടണം പുഴയാണ് പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന ജലാശയം ചിറക്കല്‍ ചിറയും 37 കുളങ്ങളും 14 പൊതു കിണറുകളും പഞ്ചായത്തിന്റെ പല വിധജലസ്രോതസ്സുകളില്‍ ഉള്‍പ്പെടുന്നു. കാട്ടാമ്പള്ളി കീരിയാട് പ്രദേശത്ത് 2 ഏക്കര്‍ വിസ്തൃതിയില്‍ കണ്ടല്‍ കാടുകളുണ്ട്. നിരത്തുകളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നതിനായി 1070 വഴി വിളക്കുകളും ശുദ്ധജല വിതരണത്തിനായി 81 പൊതുകുടിവെള്ള ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാട്ടാമ്പള്ളിയില്‍ അണക്കെട്ട്, പക്ഷി സങ്കേതം, പാര്‍ക്ക് എന്നിവ നിലവിലുണ്ട്. ചിറക്കല്‍ കോവിലകം, ചിറക്കല്‍ ചിറ, ഫോക്ലോര്‍ അക്കാദമി മുതലായവയാണ് മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങള്‍. പഞ്ചായത്തില്‍ നിന്ന് വേഗത്തില്‍ എത്തിച്ചേരാവുന്ന വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, തുറമുഖം എന്നിവ യഥാക്രമം കരിപ്പൂരും, ചിറക്കലും, ബേപ്പൂരുമാണ്. പഞ്ചായത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രധാന ബസ് സ്റ്റാന്‍ഡ് കണ്ണൂരാണ്. ദേശീയ പാത 17, പനങ്കാവ്-കുന്നുംകൈ റോഡ്, പനങ്കാവ് -കയ്യാലവയല്‍ റോഡ് തുടങ്ങി 22-ഓളം റോഡുകളാണ് പഞ്ചായത്തിനെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നത്. കൈത്തറി, ബീഡി, മരം, ഫൈബര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചെറുകിട -ഇടത്തരം വ്യവസായങ്ങളാണ് പഞ്ചായത്തിലെ പ്രധാന വ്യാവസായിക സംരംഭങ്ങള്‍. ചിറക്കല്‍ വീവേഴ്സ്, വനജ വീവേഴ്സ്, റോയല്‍ വീവേഴ്സ്, കണ്ണൂര്‍ വീവേഴ്സ് എന്നീ സ്ഥാപനങ്ങള്‍ മുഖേനയാണ് പഞ്ചായത്തില്‍ കൈത്തറി വ്യവസായം നടക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ നിയന്ത്രണത്തിലൂള്ള ഏജന്‍സികളാണ് പഞ്ചായത്തില്‍ പാചകവാതക വിതരണം നടത്തുന്നത്. കൊല്ലറത്തിങ്കല്‍ പെട്രോള്‍ പമ്പാണ് പ്രദേശത്തെ ഏക ഇന്ധന വിതരണ ഏജന്‍സി. നാല് റേഷന്‍കടകളും രണ്ട് മാവേലി സ്റ്റോറുമുള്‍പ്പെടെ ആറ് പൊതുവിതരണ കേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ഷോപ്പിംഗ് കോംപ്ളക്സ്, മാര്‍ക്കറ്റ് എന്നിവയടക്കം പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ നിലവിലുള്ളത് പുതിയ തെരുവിലും കാട്ടാമ്പള്ളിയിലുമാണ്. ഹിന്ദുക്കളും മുസ്ളീങ്ങളും അധിവസിക്കുന്ന പ്രദേശമായ ഈ പഞ്ചായത്തിലെ ആരാധനാലയങ്ങളില്‍ ഭൂരിഭാഗവും മുസ്ളീംപള്ളികളും ക്ഷേത്രങ്ങളുമാണ്. കടലായി ശ്രീകൃഷ്ണ ക്ഷേത്രം, ചെറുകുന്ന് ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രം, കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രം പുതിയതെരുവ് ജുമാഅത്ത് പള്ളി തുടങ്ങി 25-ഓളം ക്ഷേത്രങ്ങളും, 16 മുസ്ളിംപള്ളികളും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. കടലായി ശ്രീ കൃഷ്ണക്ഷേത്രോത്സവം, കളരിവാതുക്കള്‍ ഭഗവതിക്ഷേത്രോത്സവം എന്നിവ പഞ്ചായത്തിലെ പ്രസിദ്ധമായ ഉത്സവങ്ങളാണ്. ചരിത്രപണ്ഡിതനും സാഹിത്യകാരനുമായിരുന്ന ടി.ബാലകൃഷ്ണന്‍ നായര്‍, 1956-59 കാലഘട്ടത്തില്‍ വ്യവസായ മന്ത്രിയായിരുന്ന കെ.പി.ഗോപാലന്‍, കളരിപ്പയറ്റ് ആചാര്യനും ചിത്രകാരനുമായിരുന്ന ചിറക്കല്‍ ശ്രീധരന്‍ നായര്‍ എന്നിവര്‍ ഈ പഞ്ചായത്തിലെ മണ്‍മറഞ്ഞ പ്രശസ്തരായ വ്യക്തികളില്‍ പ്രധാനികളാണ്. മുന്‍ മുഖ്യമന്ത്രിയും സ്വതന്ത്ര്യാനന്തര കേരള രാഷ്ട്രീയത്തിലെ ശക്തരായ നേതാക്കന്മാരില്‍ പ്രമുഖനുമായിരുന്ന ശ്രീ.കെ.കരുണാകരന്റെ ജന്മദേശം ചിറക്കലാണ്. നൈല്‍ സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ്, റെഡ് സ്റ്റാര്‍ ക്ളബ്, ഇ.കെ.നായനാര്‍ വായനശാല, വിദ്യാഭിവര്‍ദ്ധിനി വായനശാല, എ.കെ.ജി.ക്ളബ്ബ്, മാധവറാവു സിന്ധ്യ ക്ളബ്ബ്, പടിഞ്ഞാറെ സാംസ്കാരിക നിലയം എന്നീ കേന്ദ്രങ്ങളാണ് പഞ്ചായത്തിന്റെ കലാ-കായിക-സാംസ്കാരിക തട്ടകങ്ങള്‍. ആരോഗ്യപരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ചിറക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രം, ആയൂര്‍വേദ ഡിസ്പെന്‍സറി, 7 കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ എന്നിവ പ്രാഥമിക ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. പി.വി.എം.ആശുപത്രി പുതിയ തെരുവ്, ഡോ.കണ്ണന്‍ ആശുപത്രി പുതിയപറമ്പ്, മമത ആയുര്‍വേദ ആശുപത്രി, ഭാരതീയ മര്‍മ്മ ചികിത്സാകേന്ദ്രം മുതലായവ സ്വകാര്യമേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ പെടുന്നു. എ.കെ.ജി ആശുപത്രിയാണ് പഞ്ചായത്തില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നത്. സര്‍ക്കാര്‍മേഖലയിലും സ്വകാര്യ മേഖലയിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. രാജാസ് ഹൈസ്ക്കൂള്‍, രാജാസ് യു.പി.സ്ക്കൂള്‍, പൂഴാതി സെന്‍ട്രല്‍ യു.പി.സ്ക്കൂള്‍, കാട്ടമ്പള്ളി ജി.എം.യു.പി സ്ക്കൂള്‍, കസ്തൂര്‍ബ പബ്ളിക് സ്ക്കൂള്‍, നിത്യാനന്ദ ഇംഗ്ളീഷ് മീഡിയം സ്ക്കുള്‍ തുടങ്ങി 15-സ്ക്കുളുകള്‍ പ്രദേശത്തിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. കോട്ടകുന്നില്‍ അറബിക് കോളേജ് നിലവിലുണ്ട്. ചിറക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നാല് ശാഖകളും രണ്ടു സ്വകാര്യ ബാങ്കുകളുമാണ് പഞ്ചായത്തിന്റെ ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പലങ്കാവില്‍ ഒരു വൃദ്ധസദനം നിലവിലുണ്ട്. പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് അംബേദ്ക്കര്‍ ഗ്രാമം സാംസ്കാരിക നിലയത്തെയാണ്. പഞ്ചായത്തിലെ വൈദ്യുതി ബോര്‍ഡ് ഓഫീസ്, കൃഷിഭവന്‍, രജിസ്ട്രാര്‍ ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്നത് മന്നയിലാണ്. വില്ലേജ് ഓഫീസ് പുതിയ തെരുവിലും പോസ്റ്റ് ഓഫീസ് ബാലന്‍ കിണറിലുമാണ് സ്ഥിതി ചെയ്യുന്നത്. 41 കുടുംബശ്രീ യൂണിറ്റുകളും 2 അക്ഷയ കേന്ദ്രവും പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.