ചിറക്കല്‍

കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ കണ്ണൂര്‍ ബ്ളോക്കിലാണ് ചിറക്കല്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചിറക്കല്‍ വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന ചിറക്കല്‍ ഗ്രാമപഞ്ചായത്തിന് 13.56 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് കാട്ടാമ്പള്ളി പുഴയും, കിഴക്കുഭാഗത്ത് പുഴാതി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അഴീക്കോട് പഞ്ചായത്തും, തെക്കുഭാഗത്ത് പള്ളിക്കുന്ന് പഞ്ചായത്തുമാണ്. സാമൂതിരി രാജവംശത്തോട് ഏതാണ്ട് തുല്യമായ പ്രശസ്തിയും പ്രതാപവുമുണ്ടായിരുന്ന കോലത്തിരി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ചിറക്കല്‍. ഏഴിമല കേന്ദ്രമാക്കി ഭരിച്ച മൂഷകവംശത്തിന്റെ പരമ്പരയാണ് കോലത്തിരി വംശം എന്ന് ചരിത്രം തെളിവു നല്‍കുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ഏറെക്കാലം ഇവിടം ചിറക്കല്‍ എന്ന പേരിലുള്ള താലൂക്കായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഭരണഘടനാനുസൃതമുണ്ടായ റവന്യൂ വിഭജനത്തെ തുടര്‍ന്നാണ് ഈ പ്രദേശം ഇന്നത്തെ ചിറക്കല്‍ പഞ്ചായത്തുപ്രദേശമായി ചുരുങ്ങിയത്. ഇന്നത് 3330 ഏക്കറായി വ്യാപിച്ചുകിടക്കുന്നു. ചിറക്കല്‍ രാജകുടുംബത്തിനുവേണ്ടി രൂപപ്പെടുത്തിയ അതിബൃഹത്തായ നീരാട്ടുകുളം ചിറ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. ഇതേ തുടര്‍ന്നാണ് ഈ പ്രദേശത്തിന് ചിറക്കല്‍ എന്ന സ്ഥലനാമമുണ്ടായതെന്ന് അഭിപ്രായമുണ്ട്. 318 മീറ്റര്‍ നീളവും 150 മീറ്റര്‍ വീതിയുമുള്ള, ഒരു പക്ഷേ, കേരളത്തിലെ തന്നെ ഏറ്റവും വലുതെന്ന് പറയാവുന്ന ഈ കുളം അഥവാ ചിറ 14 ഏക്കര്‍ 70 സെന്റിലായി വ്യാപിച്ചുകിടക്കുന്നു. പറമ്പും പാടങ്ങളും ചെറിയ ചെറിയ കുന്നുകളും ഇടകലര്‍ന്ന ഭൂപ്രദേശമാണ് ഈ പഞ്ചായത്തിനുള്ളത്. വിസ്തൃതി കൊണ്ട് ഒന്നാം സ്ഥാനത്തുള്ള കീരിയാട് ഏരുമ്മല്‍ വയല്‍ മുതല്‍ ഏറ്റവും ചെറിയ വയലായ രണ്ടര ഏക്കറുള്ള ബ്രഹ്മാഞ്ചരി വയല്‍ വരെ ഉള്‍പ്പെടെ ഏതാണ്ട് 16 ചെറുവയലുകള്‍ ഈ പ്രദേശത്തുണ്ട്. കാട്ടാമ്പള്ളിപ്പുഴയുടെ തീരങ്ങളാല്‍ ചുറ്റപ്പെട്ട കാട്ടാമ്പള്ളി, അത്താഴക്കുന്ന് തുടങ്ങിയ പ്രദേശങ്ങളും, ഒരുകാലത്ത് വലിയ മുതല്‍ മുടക്കില്ലാതെ കര്‍ഷകര്‍ കൃഷി ചെയ്തു പത്തായം നിറച്ച ചെറുനെല്ലറയായ, കാട്ടാമ്പള്ളി പുഴയുടെ തീരത്തെ വിസ്തൃതമായ കൈപ്പാട് പ്രദേശം എന്നിവയൊക്കെ ചേര്‍ന്നതാണ് ചിറക്കല്‍ ഗ്രാമം. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കുറച്ചുകാലം ചിറക്കലെ പാതിരിപ്പറമ്പില്‍ താമസിച്ചതായറിയുന്നു. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകാര്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് എന്ന സ്ഥാനം ചിറക്കല്‍ പഞ്ചായത്തിനാണ്. 1949 ജൂലായില്‍ രാജാസ് യു.പി.സ്കൂളില്‍ വച്ചു നടന്ന കൈപൊക്കി തെരഞ്ഞെടുപ്പിലൂടെയായിരുന്നു അത് നേടിയെടുത്തത്. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ചിറക്കല്‍ സ്വദേശിയാണ്