ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

ഐതിഹ്യം കണക്കിലെടുത്താല്‍ സിംഹ-ഒലി എന്ന പദം “ചിങ്ങോലി” ആയി എന്നാണ് പറയപ്പെടുന്നത് . പഞ്ചായത്തില്‍ വ്യാപകമായി കാണുന്ന കണ്ടല്‍കാടുകളുടെ അവശിഷ്ടങ്ങളും “കരിമര”ത്തിങ്കല്‍ ക്ഷേത്രത്തിന്റെ പേരും ഈ ഐതിഹ്യത്തെ ബലപ്പെടുത്തുന്നു. കാര്‍ത്തികപ്പള്ളി കോട്ടയ്ക്കകത്ത് ഓര്‍ത്തോഡക്സ് സുറിയാനി പള്ളി പണിയുന്നതിന് ആവശ്യമായ തടി കാട്ടില്‍ നിന്നും വെട്ടുന്നതിന് കാര്‍ത്തികപ്പള്ളി രാജാവ് അനുമതി നല്‍കിയതായി താളിയോല രേഖകളില്‍ കാണുന്നു. ഡച്ച് ഗവര്‍ണര്‍ ആയിരുന്ന ഗൊള്ളനെസ്സിന്റെ അഭിപ്രായത്തില്‍ കൊല്ലത്തിനും പുറക്കാടിനും ഇടയ്ക്കായി കടലോരത്തോട് ചേര്‍ന്നു കിടന്നിരുന്ന “മാര്‍ത്ത” എന്ന പേരില്‍ ഡച്ചുകാര്‍ വിളിച്ചിരുന്ന കാര്‍ത്തികപ്പള്ളി രണ്ടു ചെറുരാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു. “കാര്‍ണോപള്ളി” യും (ഇന്നത്തെ കരുനാഗപ്പള്ളി) “കരിമ്പാലിയും”. കാര്‍ണോപ്പള്ളിയുടെ സ്ഥാനം കൊല്ലത്തിനും കായംകുളത്തിനും പുറക്കാടിനും ഇടയ്ക്കാണ്. കരിമ്പാലിയെ വെട്ടിമന എന്നും വിളിച്ചിരുന്നതായി രേഖകളില്‍ കാണുന്നു. വെട്ടിമനയുടെ തലസ്ഥാനം കരിമ്പാലിയില്‍ (ഹരിപ്പാട് റെയില്‍വേസ്റ്റേഷന് പടിഞ്ഞാറ് വശത്ത് കരിമ്പാലി കോയിക്കല്‍ കൊട്ടാരം) നിന്നും കാര്‍ത്തികപ്പളളിയ്ക്ക് മാറ്റുകയുണ്ടായി. ഡെച്ച് ക്യാപ്റ്റന്‍ ആയിരുന്ന ന്യുഹോഫിന്റെ വിവരണ പ്രകാരം “തനിക്ക് വിധേയയാകാന്‍ കൂട്ടാക്കാത്ത ഏതൊരു സ്ത്രീയെയും വധിക്കുവാന്‍” പുരുഷനു അധികാരം നല്‍കുന്ന ഒരു കിരാത നിയമം വെട്ടിമല രാജാവ് നിര്‍മ്മിച്ചതായി രേഖപ്പെടുത്തുന്നു. 1200 പേര്‍ അടങ്ങുന്ന നീഗ്രോസേന (നാട്ടുകാരായ കറുത്ത നിറമുള്ളവര്‍ ) യെ രാജാവ് നിലനിര്‍ത്തിയിരുന്നു. മണ്‍ നിര്‍മ്മിതമായ കോട്ട മതിലിന് 20 അടി ഉയരം ഉണ്ടായിരുന്നു. മുന്‍കാലത്തിന്റെ ബാക്കി പത്രമായ കഴുവേറ്റും കുന്നും കളരിയും കാലഹരണപ്പെട്ട ഒരു സാമൂഹ്യ വ്യവസ്ഥയെക്കുറിച്ച് ഇന്നും ഒര്‍മ്മിപ്പിക്കുന്നു. 1742-ല്‍ കാര്‍ത്തികപ്പള്ളിയെ മാര്‍ത്താണ്ഡ വര്‍മ്മ കീഴ്പ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. പാനേപ്പള്ളി രാജാവ് വെമ്പുഴ പള്ളി പണിയുന്നതിന് മാടമ്പി കൈവല്യ കൊച്ചന്തോണിക്ക് അനുവാദം നല്‍കിയതായി ചേപ്പാട് പള്ളിയില്‍ സൂക്ഷിച്ചിരുന്ന രേഖകളില്‍ കാണുന്നു. വന്ദികപ്പള്ളി, പറുകോയിക്കല്‍ എന്നീ സ്ഥലനാമങ്ങള്‍ മേല്‍ സൂചിപ്പിച്ച രേഖയെ ബലപ്പെടുത്തുന്നു. ഇതിന് വളരെ മുമ്പ് തന്നെ ക്രിസ്ത്യന്‍ മിഷനറിമാര്‍ വെമ്പുഴ സന്ദര്‍ശിച്ചിരുന്നു എന്നതിന് തെളിവാണ് കുരിശ് അടയാളമുള്ള കൊടി അഥവാ സ്ളിബാകൊടി നാട്ടിയ കുന്ന് കൊടിക്കകമായതും മണ്ണിനടിയില്‍ നിന്ന് വീണ്ടെടുത്ത് സ്ഥാപിച്ചിട്ടുള്ള കല്‍കുരിശും. ഈ വസ്തുതകള്‍ പുരാതന കാലത്തും സംസ്കാരമുള്ള ഒരു ജനപഥമായിരുന്നു ഈ ഗ്രാമമെന്ന് ഉറപ്പാക്കുന്നു. കൊല്ലവര്‍ഷം 1114-ല്‍ കുട്ടന്‍തറ ചേര്‍ന്ന പൊതുയോഗമാണ് പഞ്ചായത്തിലെ അറിയപ്പെടുന്ന ആദ്യത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പൊതുയോഗം. പട്ടംതാണുപിള്ള, സി.നാരായണപിള്ള, എ.പി. ഉദയഭാനു, ടി.എം. വര്‍ഗ്ഗീസ്, പി.കെ കുഞ്ഞ് എന്നിവര്‍ പങ്കെടുത്ത പ്രസ്തുത യോഗമാണ് ദേശീയ സ്വാതന്ത്ര്യസമര പ്രവര്‍ത്തനത്തിലെ ആദ്യ സംരംഭം. ഭൂപരിഷ്കരണം, കര്‍ഷക തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളുടെ കാലോചിതമായ പരിഷ്ക്കരണം എന്നീ ആവശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ പ്രധാനപ്പെട്ടത് പഞ്ചായത്ത് അതിര്‍ത്തിയില്‍ നടന്ന ആലപ്പുഴ പ്രക്ഷോഭമായിരുന്നു. 1962 ലാണ് ചിങ്ങോലി ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. ആദ്യത്തെ പ്രസിഡന്റ് കൊച്ചുകുഞ്ഞ് വൈദ്യന്‍ ആയിരുന്നു. പഞ്ചായത്ത് കെട്ടിടം 1981 ഡിസംബറില്‍ പഞ്ചായത്ത് ഡയറക്ടര്‍ എം.സുബ്ബയ്യന്‍ ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന് സ്ഥലം സ്രാമ്പിക്കല്‍ തറയില്‍ മഠത്തില്‍ സുബ്രഹ്മണ്യ അയ്യര്‍ ആണ് സംഭാവന ചെയ്തത്. സാംസ്കാരിക നിലയവും മിനി സ്റ്റേഡിയവും 1992-ല്‍ ഉദ്ഘാടനം ചെയ്തു. 2-ാം വാര്‍ഡില്‍ ഒരു മിനി കമ്മ്യൂണിറ്റി ഹാളും നിര്‍മ്മിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ആദ്യത്തെ സ്കൂള്‍ ചിങ്ങനല്ലൂര്‍ എല്‍ പി സ്കൂളാണ്. 1949 ലാണ് 30 വര്‍ഷം പഴക്കമുള്ള സെന്റ് തോമസ് ഇംഗ്ളീഷ് യു.പി സ്ക്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തിയത്. ഇതാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ ഹൈസ്കൂള്‍ . ആദ്യത്തെ പോസ്റ്റാഫീസ് വെമ്പുഴയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആധുനിക കാലത്തെ പ്രധാന സന്നദ്ധ പ്രവര്‍ത്തനം 1958-ല്‍ നടന്ന കായംകുളം കായല്‍ റിക്ളമേഷന്‍ പദ്ധതി ആയിരുന്നു.