പഞ്ചായത്തിലൂടെ

ഭൂപ്രകൃതി

കായംകുളം കായലിനും നാഷണല്‍ ഹൈവേ 47 നും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ചിങ്ങോലി ഗ്രാമപഞ്ചായത്ത് “തീരസമതല”ത്തില്‍പെടുന്നു. ഈ ഭൂപ്രദേശം കണ്ടല്‍ കാടുകളായിരുന്നു എന്ന ചരിത്ര വസ്തുതയ്ക്ക് മണ്ണിനടിയില്‍ വ്യാപകമായി കാണുന്ന കാണ്ഡമര കുറ്റികള്‍ സാക്ഷി നില്‍ക്കുന്നു. “ഓണാട്ടുകര” കാര്‍ഷിക കാലവാസ്ഥ മേഖലയില്‍പെടുന്ന പഞ്ചായത്തിലെ (സാന്‍ഡിലോം) ചെളി കലര്‍ന്ന മണല്‍ ഇനത്തില്‍പെടുന്ന മണ്ണിലെ മുഖ്യ കാര്‍ഷിക വിള നെല്ല്, തെങ്ങ്, കപ്പ, കമുക് എന്നിവയാണ്. കായലിനോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗം മുന്‍കാലത്തെ മുണ്ടക നിലങ്ങളായിരുന്നത് നികത്തി ഇപ്പോള്‍ തെങ്ങ് കൃഷി ചെയ്യുന്നു. ചിറകളും തോടുകളും മാത്രം ആണ് ഇപ്പോള്‍ ഉള്ളത്. ചിങ്ങോലിയിലെ തൊഴില്‍ അവസരങ്ങള്‍ പ്രധാനമായും കാര്‍ഷിക മേഖലയെ ആശ്രയിച്ചായിരുന്നു. കയര്‍ , മത്സ്യം എന്നീ പരമ്പരാഗത മേഖലയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. പഞ്ചായത്തിന് പടിഞ്ഞാറെ അതിരിടുന്ന കായംകുളം കായലിലേക്കാണ്  പഞ്ചായത്തിലെ പന്ത്രണ്ട് തോടുകളും ചെന്ന് ചേരുന്നത്. ചെളി കലര്‍ന്ന മണലാണ് പഞ്ചായത്തില്‍ ആകെയുള്ളത്. പഞ്ചായത്തിലെ പ്രധാന വളര്‍ത്തു മൃഗങ്ങള്‍ പശു, ആട്, എന്നിവയും വളര്‍ത്തു പക്ഷികള്‍ കോഴി, താറാവ് എന്നിവയും ആകുന്നു. കായലില്‍ നിന്നും തോടുകളില്‍ നിന്നും ധാരാളം കക്ക ലഭിക്കുന്നു.

അടിസ്ഥാന മേഖല

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചിങ്ങോലി പഞ്ചായത്ത് കയര്‍ വ്യവസായ മേഖലയില്‍ ശ്രദ്ധേയമായ  നേട്ടങ്ങള്‍ കാഴ്ചവച്ചിരുന്നു. ധാരാളം കയര്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പ്രസിദ്ധി നേടിയതും ഡിമാന്റ് ഉള്ളതുമായ ആറാട്ടുപുഴ കയറിന്റെ  ഉല്‍പ്പാദന കേന്ദ്രം തന്നെ ചിങ്ങോലി, ആറാട്ടുപുഴ എന്നീ ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട തീരപ്രദേശങ്ങളാണ്. പഞ്ചായത്ത് രൂപീകരിച്ച് 1962-ല്‍ കാര്‍ത്തികപ്പള്ളി റോഡ് മാത്രമായിരുന്നു ഒരേയൊരു പൊതുറോഡ്. ഇതിനുപുറമെ പഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തിയിലൂടെ ഏതാണ്ട് 2 കി.മീ ദൈര്‍ഘ്യത്തില്‍ നാഷണല്‍ ഹൈവേ കടന്നു പോകുന്നു. പി.ഡബ്ള്യു.ഡി യുടെ നിയന്ത്രണത്തിലുള്ള കാര്‍ത്തികപ്പള്ളി കായംകുളം റോഡ്, നങ്ങ്യാര്‍കുളങ്ങര തൃക്കുന്നപ്പുഴ റോഡ് എന്നീ രണ്ടു റോഡുകളാണ് പഞ്ചായത്തിലൂടെ കടന്ന് പോകുന്ന രണ്ട് പ്രധാന പാതകള്‍. പിന്നീട് പടിപടിയായി ടാര്‍ ചെയ്ത റോഡുകള്‍ പഞ്ചായത്തില്‍ നിര്‍മ്മിക്കപ്പെട്ടു. ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി പഞ്ചായത്തിന്റെ ഭാഗമായിരുന്ന ഇപ്പോഴത്തെ ചിങ്ങോലി പഞ്ചായത്ത് പ്രദേശത്ത് ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നനിലയില്‍ ഉണ്ടായിരുന്നത് കുടിപള്ളികൂടങ്ങള്‍ മാത്രമായിരുന്നു. കാര്‍ത്തികപ്പള്ളി പ്രദേശത്ത് ഉണ്ടായിരുന്ന സര്‍ക്കാര്‍ ആണ്‍ പള്ളിക്കൂടം (മലയാളം മിഡിയം) കഴിഞ്ഞാല്‍ മാവേലിക്കര സര്‍ക്കാര്‍ ഇംഗ്ളീഷ് ഹൈസ്ക്കൂളിനെ ആശ്രയിച്ചായിരുന്നു ഇവിടുത്തെ ജനങ്ങള്‍ വിദ്യാഭ്യാസം നടത്തിയിരുന്നത്. ഈ പഞ്ചായത്തില്‍ ആദ്യം നിലവില്‍ വന്ന സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കാര്‍ത്തികപ്പള്ളി യു.പി.എസ് ആണ്. പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആധുനിക ചികിത്സാ സൌകര്യങ്ങള്‍ ഇവിടെ ലഭ്യമായിരുന്നു. വെമ്പുഴ വൈദ്യന്‍മാര്‍ , ആലപ്പുഴ വൈദ്യന്‍മാര്‍ , ചേലപ്പള്ളി വൈദ്യന്‍ എന്നീ ആയൂര്‍വേദ വൈദ്യന്മാരും 75 വര്‍ഷത്തോളമായി ഇവിടെ ചികിത്സ നടത്തിയിരുന്നു. ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ അടക്കം 5 അലോപ്പതി ചികിത്സാ കേന്ദ്രങ്ങളും ഒരു ഗവ. ആയൂര്‍വേദ ഡിസ്പ്പന്‍സറി ഉള്‍പ്പെടെ മൂന്ന് ആയൂര്‍വേദ ചികിത്സാലയങ്ങളും ഗവ. ഹോമിയോ  ഡിസ്പെന്‍സറിയും ഒരു സ്വകാര്യ ഹോമിയോ ഡിസ്പന്‍സറിയും കൂടി മൊത്തം 10 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.തിരുവിതാംകൂറിന്റെ രാജ്യത്തിന്റെ ഭാഗമായിരിക്കെ 1917-ല്‍ (കൊല്ലവര്‍ഷം 109) ല്‍ ചിങ്ങോലി വില്ലേജില്‍  മുതുകുളം വില്ലേജും  അടക്കം വരുന്ന ഒരു പ്രദേശം പരിധിയാക്കി ചിങ്ങോലി തെക്ക് കരയില്‍ കേന്ദ്രീകരിച്ച്  12-ാം നമ്പറായി  രജിസ്റ്റര്‍ ചെയ്യപ്പെട്ട  “സന്മാര്‍ഗ്ഗ സന്ദായിനി പരസ്പര സഹായ സഹകരണ സംഘം” എന്ന പേരില്‍ പ്രവര്‍ത്തനം  ആരംഭിച്ച  സഹകരണ സംഘമാണ് ഈ പഞ്ചായത്തിലെ  ആദ്യത്തെ സഹകരണ സംഘം.