ചിങ്ങോലി

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപള്ളി താലൂക്കിലെ ഹരിപ്പാട് ബോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് ചിങ്ങോലി ഗ്രാമപഞ്ചായത്ത്. 7.24 ച:കി.മീ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ വടക്ക് കാര്‍ത്തികപ്പള്ളി പഞ്ചായത്തും, കിഴക്ക് നാഷണല്‍  ഹൈവേ 47 ഉം തെക്ക് ചേപ്പാട് പുത്തന്‍ പറമ്പ് റോഡും പടിഞ്ഞാറ് ആറാട്ടുപുഴ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. ഡച്ച് ഗവര്‍ണര്‍ ആയിരുന്ന ഗൊള്ളനെസ്സിന്റെ അഭിപ്രായത്തില്‍ കൊല്ലത്തിനും പുറക്കാടിനും ഇടയ്ക്കായി കടലോരത്തോട് ചേര്‍ന്നു കിടന്നിരുന്ന “മാര്‍ത്ത” എന്ന പേരില്‍ ഡച്ചുകാര്‍ വിളിച്ചിരുന്ന കാര്‍ത്തികപ്പള്ളി രണ്ടു ചെറുരാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു. “കാര്‍ണോപള്ളി” യും (ഇന്നത്തെ കരുനാഗപ്പള്ളി) “കരിമ്പാലിയും”. കാര്‍ണോപ്പള്ളിയുടെ സ്ഥാനം  കൊല്ലത്തിനും കായംകുളത്തിനും പുറക്കാടിനും ഇടയ്ക്കാണ്. മുന്‍കാലത്തിന്റെ ബാക്കി പത്രമായ കഴുവേറ്റും കുന്നും കളരിയും കാലഹരണപ്പെട്ട ഒരു സാമൂഹ്യ വ്യവസ്ഥയെക്കുറിച്ച് ഇന്നും ഒര്‍മ്മിപ്പിക്കുന്നു. 1962 ലാണ് ചിങ്ങോലി ഗ്രാമപഞ്ചായത്ത്  രൂപീകരിച്ചത്. ആദ്യത്തെ പ്രസിഡന്റ് കൊച്ചുകുഞ്ഞ് വൈദ്യന്‍ ആയിരുന്നു. പഞ്ചായത്ത് കെട്ടിടം 1981 ഡിസംബറില്‍ പഞ്ചായത്ത് ഡയറക്ടര്‍ എം.സുബ്ബയ്യന്‍ ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന് സ്ഥലം സ്രാമ്പിക്കല്‍ തറയില്‍ മഠത്തില്‍ സുബ്രഹ്മണ്യ അയ്യര്‍ ആണ് സംഭാവന ചെയ്തത്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ  ചിങ്ങോലി പഞ്ചായത്ത് കയര്‍ വ്യവസായ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കാഴ്ചവച്ചിരുന്നു. ധാരാളം കയര്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പ്രസിദ്ധി നേടിയതും ഡിമാന്റ് ഉള്ളതുമായ ആറാട്ടുപുഴ കയറിന്റെ ഉല്‍പ്പാദനകേന്ദ്രം തന്നെ ചിങ്ങോലി, ആറാട്ടുപുഴ എന്നീ ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട തീരപ്രദേശങ്ങളാണ്.