ചരിത്രം

സാമൂഹ്യ സാംസ്കാരികചരിത്രം

1962-ലെ പഞ്ചായത്തുരൂപീകരണത്തിനു മുമ്പ് ചെട്ടികുളങ്ങരപഞ്ചായത്തിന്റെ പ്രദേശങ്ങള്‍ ഈരേഴ വില്ലേജിന്റെ ഭാഗമായിരുന്നു. 1962-ല്‍ രൂപീകൃതമായ ഈ പഞ്ചായത്ത് ആദ്യം 1963 വരെ ഒരു സ്പെഷ്യല്‍ ഓഫീസറുടെ ചുമതലയിലായിരുന്നു. 1963 ഡിസംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന പ്രഥമ ഭരണസമിതിയുടെ പ്രസിഡന്റ് അഡ്വ. കളത്തില്‍ കെ.പത്മനാഭന്‍നായരായിരുന്നു. മുന്‍കാലത്ത് അച്ചന്‍ കോവിലാറും, കരിപ്പുഴത്തോടും ഈ പ്രദേശത്തെ പ്രധാന ജലഗതാഗതമാര്‍ഗങ്ങളായിരുന്നു. അച്ചന്‍കോവിലാറില്‍ നിന്ന് കായംകുളത്തേക്കുള്ള ജലപാതയില്‍ ഒരുകാലത്ത് കായംകുളം, കരിപ്പുഴ പ്രദേശങ്ങളിലേക്കുള്ള നിത്യോപയോഗസാധനങ്ങള്‍ വള്ളത്തില്‍ കച്ചവടം നടത്തിയിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്ക് മുന്‍പ് ഭൂമിയുടെ നല്ല പങ്കും ഏതാനും ജന്മികുടുംബങ്ങളുടെ കൈവശമായിരുന്നു. ആദ്യകാലത്ത് കര്‍ഷകര്‍ ശ്രദ്ധയും പരിചരണവും കൂടുതലായി നല്‍കിയിരുന്നത് നെല്‍കൃഷിയ്ക്കായിരുന്നു. അക്കാലത്തെ പ്രധാന നെല്ലിനങ്ങള്‍ ചമ്പാവ്, കൊച്ചുവിത്ത്, മുണ്ടകന്‍, ഞവര തുടങ്ങിയവയായിരുന്നു. ജലസേചനത്തിനായി തോടുകള്‍, കുളങ്ങള്‍ എന്നിവ ചിറകെട്ടി അതിരുകളില്‍ കൈതവച്ചു സംരക്ഷിച്ചിരുന്നു. ജലസേചനത്തിനായി പാടശേഖരങ്ങളില്‍ ചക്രം ചവുട്ടി വെള്ളം കയറ്റി ഇറക്കുന്ന നാടന്‍ സമ്പ്രദായമാണുണ്ടായിരുന്നത്. ഇരുപ്പൂപാടങ്ങളില്‍ ഇടവിളയായി എള്ള്, പയര്‍, മുതിര എന്നീ ധാന്യങ്ങള്‍ കൃഷി ചെയ്തിരുന്നു. ഔഷധച്ചെടികള്‍ സുലഭമായി നട്ടുവളര്‍ത്തുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നവരായിരുന്നു ഇവിടുത്തെ കൃഷിക്കാര്‍. ചെട്ടികുളങ്ങരഭരണിചന്ത പ്രസിദ്ധമായ മാര്‍ക്കറ്റാണ്. ചെട്ടികുളങ്ങരക്ഷേത്രം, ശ്രീനാരായണപുരംക്ഷേത്രം, വടക്കന്‍ കോവില്‍ ദേവീക്ഷേത്രം, ഓര്‍ത്തഡോക്സ് സുറിയാനിപള്ളി, കണ്ണമംഗലം സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാപ്പള്ളി, കരിപ്പുഴ ശാലേം മാര്‍ത്തോമ്മാപള്ളി, കരിപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി എന്നിവ പഴക്കമേറിയ ക്രിസ്തീയ ദേവാലയങ്ങളാണ്.