പഞ്ചായത്തിലൂടെ

ഭൂപ്രകൃതിയും വിഭവങ്ങളും

പഞ്ചായത്തിന്റെ കൂടുതല്‍ പ്രദേശത്തും ചെളിമണ്ണു കലര്‍ന്ന മണ്ണും കിഴക്കുഭാഗത്ത് മണല്‍ കലര്‍ന്ന എക്കല്‍ മണ്ണും കണ്ടുവരുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള പുഞ്ചയില്‍ വര്‍ഷകാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം എക്കല്‍ മണ്ണ് അടിഞ്ഞുകൂടുന്നതിന് സഹായിക്കുന്നു. പൊതുവെ ഫലഭൂയിഷ്ഠമായ  മണ്ണാണ് ഗ്രാമത്തിലേത്. തെക്കു പടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ മണ്‍സൂണ്‍കാലാവസ്ഥയാണ് പൊതുവേ ഇവിടെ അനുഭവപ്പെടുന്നത്. ഇടവപ്പാതിയും, തുലാവര്‍ഷവും വഴി ലഭിക്കുന്ന മഴ സംസ്ഥാനശരാശരിയേക്കാള്‍ കൂടുതലാണ്. ഈ ഗ്രാമപ്രദേശം ഭൂരിഭാഗവും സമതലമാണ്. തെങ്ങ്, നെല്ല്, വാഴ, കമുക്, കുരുമുളക്, മരച്ചീനി, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറി എന്നിവയാണ് മുഖ്യകൃഷികള്‍. ഈ പഞ്ചായത്തില്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് എന്നീ മാസങ്ങളില്‍ ഇടവപ്പാതിയും, സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തുലാവര്‍ഷവും ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളില്‍ മിതശീതോഷ്ണവും, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂടും അനുഭവപ്പെടുന്നു. നെല്‍വയലുകളും പുരയിടങ്ങളും മാത്രമടങ്ങിയതാണ് ഇവിടുത്തെ ഭൂപ്രദേശം. കടലിന്റെ തീരത്തല്ലാ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നതെങ്കിലും, രാത്രിയുടെ അന്ത്യയാമങ്ങളിലെ നിശ്ബദതയില്‍ കാതോര്‍ത്താല്‍ അറബിക്കടലിലെ അലകളുടെ ആരവം സമീപത്തെ ചില പഞ്ചായത്തുകളിലെപ്പോലെ ഇവിടെനിന്നും കേള്‍ക്കാം. കുടിക്കാനും, കുളിക്കാനുമുള്ള വെളളം ഇവിടെ സുലഭമായുണ്ട്. അതിവൃഷ്ടിയും അനാവൃഷ്ടിയും അലട്ടുന്നില്ല. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തുപ്രദേശത്തെ തീരസമതല പുരയിടങ്ങള്‍, താഴ്ന്ന നെല്‍പ്പാടങ്ങള്‍, പുഞ്ച എന്നിങ്ങനെ മൂന്നായി തിരിക്കാം. കൂടൂതല്‍ ഭാഗങ്ങളിലും നീര്‍വാര്‍ചയുള്ള മണല്‍ പ്രദേശങ്ങളും, മറ്റു ഭാഗങ്ങളില്‍ മണല്‍ ചേര്‍ന്ന കളിമണ്ണും പശിമരാശി മണ്ണും കാണപ്പെടുന്നു. പഞ്ചായത്തില്‍ പൊതുവേ മണല്‍മണ്ണ്, ചെളിമണ്ണ് എന്നിങ്ങനെ രണ്ടുതരം മണ്ണിനങ്ങള്‍ കാണപ്പെടുന്നു.

അടിസ്ഥാനമേഖലകള്‍

ചെട്ടികുളങ്ങര പഞ്ചായത്തിലെ മുഖ്യവ്യവസായങ്ങളിലൊന്നാണ് ഇഷ്ടിക നിര്‍മ്മാണം. ആലപ്പുഴ ജില്ലയിലെ തന്നെ പ്രമുഖ ഇഷ്ടിക നിര്‍മ്മാണകേന്ദ്രങ്ങളില്‍ പലതും ഇവിടെ സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിലെ ഭൂഉടമസ്ഥതയുടെ ചരിത്രം പരിശോധിച്ചാല്‍ മുന്‍കാലത്ത് കൃഷിക്കാരായ ജന്മിമാരായിരുന്നു കൂടുതല്‍. കൃഷിഭൂമിയുടെ സിംഹഭാഗവും അവരുടെ കൈവശമായിരുന്നു. ആകെ ഭൂമിയുടെ കൂടുതല്‍ ശതമാനവും നെല്‍കൃഷി  ചെയ്തിരുന്ന വയലുകളായിരുന്നു. നാടന്‍ തെങ്ങുകളാണ് മുന്‍കാലത്ത് കൃഷി ചെയ്തിരുന്നത്. നെല്‍പ്പാടങ്ങള്‍ ജന്മിമാരുടെ കൈവശമായിരുന്നു. പില്‍ക്കാലത്ത് നെല്‍കൃഷി ആദായകരമല്ലാതായിത്തീര്‍ന്നു. കായംകുളം-തട്ടാരമ്പലം റോഡും, തട്ടാരമ്പലം-ഹരിപ്പാട് റോഡുമാണ് പഞ്ചായത്തില്‍ ബസ് സര്‍വ്വീസുള്ള പ്രധാന റോഡുകള്‍. കായംകുളം-കോട്ടയം റെയില്‍വേ പാതയും, കായംകുളം-ആലപ്പുഴ റെയില്‍വേ പാതയും ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്.