ചെട്ടികുളങ്ങര

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ മാവേലിക്കര ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപ്പഞ്ചായത്താണ് ചെട്ടികുളങ്ങര. ചെട്ടികുളങ്ങര പഞ്ചായത്തിന്റെ വടക്കുഭാഗത്ത് അച്ചന്‍ കോവിലാറും മാവേലിക്കര മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് മാവേലിക്കര മുനിസിപ്പാലിറ്റിയും തെക്കേക്കര, ഭരണിക്കാവ് പഞ്ചായത്തുകളും തെക്കുഭാഗത്ത് കായംകുളം മുനിസിപ്പാലിറ്റിയും പത്തിയൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പത്തിയൂര്‍, ചേപ്പാട്, പള്ളിപ്പാട് പഞ്ചായത്തുകളും അതിര്‍ത്തി പങ്കു വയ്ക്കുന്നു. ഈ പഞ്ചായത്തുപ്രദേശമുള്‍പ്പെടുന്ന അസംബ്ളിമണ്ഡലവും ലോക്സഭാമണ്ഡലവും മാവേലിക്കരയാണ്. കണ്ണമംഗലം, പെരുങ്ങാല എന്നീ വില്ലേജുകളിലായാണ് ചെട്ടികുളങ്ങര പഞ്ചായത്തുപ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത്. തീരസമതലപ്രദേശങ്ങളും പച്ചപ്പാര്‍ന്ന നെല്‍പ്പാടങ്ങളും വൃക്ഷലതാദികളും നിറഞ്ഞ അതിമനോഹരമായ ഭൂപ്രദേശമുള്ള ഈ പഞ്ചായത്ത് ഓണാട്ടുകര കാര്‍ഷികകാലാവസ്ഥമേഖലയിലാണ് ഉള്‍പ്പെടുന്നത്. അതിപ്രശസ്തമായ ചെട്ടികുളങ്ങരഭഗവതി ക്ഷേത്രത്തിന്റെ നാമത്തിലാണ് ഈ ഗ്രാമം പുറംനാടുകളില്‍ അറിയപ്പെടുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഭരണിമഹോത്സവത്തിന് സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള നിരവധി ഭക്തര്‍ ഇവിടേക്ക് ഒഴുകിയെത്തുന്നു. 1962-ലാണ് ചെട്ടികുളങ്ങര പഞ്ചായത്ത് രൂപീകൃതമാവുന്നത്. പൊതുവെ ഫലഭൂയിഷ്ഠമായ  മണ്ണാണ് ഗ്രാമത്തിലേത്.