ചരിത്രം

ഒരു കാലത്ത് കദംബരും അവരെ തുടര്‍ന്ന് വിജയനഗര രാജാക്കന്‍മാരും ഇവിടെ ഭരണം നടത്തിയിരുന്നു. ചെറുവത്തൂര്‍ ഉള്‍പ്പെടെയുള്ള ഈ പ്രദേശത്തെ ചൊല്ലി വിജയനഗരരാജാക്കന്‍മാരും കോലത്തിരിയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ കോലത്തിരി, സാമൂതിരിയുടെ സഹായം തേടിയിരുന്നു. അവര്‍ തമ്മിലുള്ള ഈ സുഹൃദ്ബന്ധം നീലേശ്വരം രാജവംശത്തിന്റെ കീഴില്‍ കളത്തേരപുഴ മുതല്‍ കവ്വായിപുഴ വരെയുള്ള അള്ളടം എന്ന പുതിയ ഒരു രാജ്യത്തിന്റെ സംസ്ഥാപനത്തിലാണ് കലാശിച്ചത്. 1565-ല്‍ തളനിക്കോട്ടയില്‍ വച്ചുണ്ടായ പരാജയത്തോടെ വിജയനഗര സാമ്രാജ്യം ഛിന്നഭിന്നമായി. ചെറുവത്തൂര്‍ ഉള്‍പ്പെടെയുള്ള തുളുനാടിന്റെ ഭരണം ഇക്കേരി നായ്ക്കന്മാര്‍ക്ക് ലഭിച്ചു. ബദന്ദര്‍ ആസ്ഥാനമാക്കിക്കൊണ്ട് ഒരു പുതിയ രാജ്യം സ്ഥാപിച്ചു. ഇക്കേരി നായ്ക്കന്മാര്‍ തുളുനാടിന്റെ തെക്കുവശത്തുള്ള കോലത്തുനാട് പലതവണ അക്രമിച്ചു. 1750 വരെ ഈ ആക്രമണങ്ങള്‍ തുടര്‍ന്നു. ഇക്കേരി നായ്ക്കന്മാരുടെ ആധിപത്യം ഹൈദരാലിയുടെ ആക്രമണത്തോട്കൂടി അവസാനിച്ചു. 1763-ല്‍ അദ്ദേഹം നീലേശ്വരം രാജാവിനെ കീഴടക്കി കപ്പം പിരിച്ചു. ഹൈദറുടെ മരണശേഷം മകനായ ടിപ്പു സുല്‍ത്താന്‍ ഈ പ്രദേശങ്ങളുടെ ആധിപത്യം വഹിച്ചു. 1799-ല്‍ ശ്രീരംഗപട്ടണത്തിലെ പടക്കളത്തില്‍ വച്ച് ധീരനായ ടിപ്പു സുല്‍ത്താന്‍, ഇംഗ്ളീഷ് സൈന്യത്തോട് പൊരുതി വീര മൃത്യുവരിച്ചു. 1799 മെയ് മാസത്തില്‍ കര്‍ണ്ണാടകം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീനതയിലായതോടെ ചെറുവത്തൂരും ഇംഗ്ളീഷ് ഭരണത്തിലായി. കമ്പനിഭരണത്തിനെതിരായി നീലേശ്വരം, കുമ്പള, വിട്ടല്‍ രാജാക്കന്‍മാര്‍ കൃഷിക്കാരുടെ സഹായത്തോട് കൂടി നടത്തിയ കലാപങ്ങള്‍ വെള്ളക്കാരുടെ മെച്ചപ്പെട്ട ആയുധങ്ങള്‍ക്കുമുമ്പില്‍ പരാജയപ്പെട്ടു. എന്നാല്‍ നാടുവാഴികളുടെ പിന്തുണ കമ്പനിക്ക് ആവശ്യമായിരുന്നു. അതിനാല്‍ കമ്പനിഭരണം വ്യവസ്ഥപ്പെടുത്താന്‍ നിയുക്തനായ തോമസ് മണ്‍റോ എന്ന കമ്മീഷണര്‍ പഴയ നാടുവാഴികളായ രാജാന്മാര്‍ക്ക് പ്രത്യേകം മാലിഖാന്‍ അനുവദിച്ചുകൊണ്ട് അവരെ പാട്ടിലാക്കി. കുടിയാന്മാരില്‍ നിന്ന് ഇഷ്ടം പോലെ വാരവും പാട്ടവും പിരിക്കാന്‍ അനുവദിച്ചുകൊണ്ട് വര്‍ഗ്ഗദാര്‍ (ജന്മി) മാരുമായും സൌഹാര്‍ദ്ദം കമ്പനിനിലനിര്‍ത്തി. അക്കാലത്ത് ഈ പ്രദേശത്തെ വന്‍കിടഭൂവുടമകളായ താഴക്കാട്ടുമന, നീലേശ്വരം കോവിലകം, കോടോത്ത് കുടുംബം, എച്ചിക്കാനം കുടുംബം, കുന്നിയൂര്‍ കുറുപ്പന്മാരുടെ കുടുംബം, പാലാട്ട് അടിയോടിമാരുടെ കുടുംബം എന്നിവയും, ചെറുവത്തൂര്‍ ശ്രീവീരഭദ്രദേവസ്വം, മടിയന്‍കോവിലകം, ക്ഷേത്രപാല ദേവസ്വം തുടങ്ങിയ ദേവസ്വങ്ങളും കമ്പനിയുമായി കരാറിലേര്‍പ്പെട്ട ഫ്യൂഡല്‍ പ്രഭുക്കളായിരുന്നു. അതിന്റെ ഫലമായി ഭൂമിയുടെ ആധിപത്യം അല്പം ഭൂവുടമകളുടേതായി മാറി. ജന്മിത്വത്തിനും, സാമ്രാജ്യത്വത്തിനും, അനാചാരങ്ങള്‍ക്കും, വാശി, നുരി, മുക്കാല്‍, ശീലക്കാശ്, വച്ചു കാണല്‍ തുടങ്ങിയ അക്രമ പിരുവുകള്‍ക്കുമെതിരായ സമരത്തിലെ സമുജ്ജ്വലമായ ഒരദ്ധ്യായമായിരുന്നു കൊടക്കാട് സമ്മേളനം. ഇതില്‍ ഈ ഗ്രാമത്തിന്റെ പങ്കാളിത്തം സജീവമായിരുന്നു. 1946ല്‍ ചെറുവത്തൂരിലെയും പരിസരപ്രദേശങ്ങളിലേയും കൃഷിക്കാരും കര്‍ഷകതൊഴിലാളികളും യോജിച്ച് നടത്തിയ തോല്‍-വിറക് സമരം ഐതിഹാസികമായിരുന്നു. ചീമേനികാടുകളില്‍ നിന്ന് തോലും വിറകും സൌജന്യമായി ശേഖരിക്കുകയെന്ന പരമ്പരാഗതമായി അനുഭവിച്ചുവന്നിരുന്ന സമ്പ്രദായം ഭൂവുടമകള്‍ തടസപ്പെടുത്തിയപ്പോള്‍  അതിനെതിരായി നടന്ന സമരമാണ് തോല്‍-വിറക് സമരം. ജനനംകൊണ്ട് കരിവെള്ളൂര്‍ സ്വദേശിയാണെങ്കിലും 1940 മുതല്‍ ചെറുവത്തൂരിനെ തന്റെ രണ്ടാം ജന്മഗ്രാമമായി കരുതി രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക മണ്ഡലങ്ങളില്‍ നിസ്തുലമായ സേവനമനുഷ്ഠിച്ച ത്യാഗധനനായ നേതാവായിരുന്നു വി.വി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വി.വി.കുഞ്ഞമ്പു. 1957ല്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ 1972ല്‍ അകാലചരമം പ്രാപിക്കുന്നതുവരേക്കും പഞ്ചായത്തിന്റെ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആധുനിക ചെറുവത്തൂരിന്റെ ശില്പി എന്ന് വിശേഷിപ്പിക്കാവുന്ന വി.വി.ക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ദീര്‍ഘകാലം ജയില്‍ വാസം വരിക്കേണ്ടിയും വന്നിട്ടുണ്ട്.

കലാ സാംസ്കാരിക പാരമ്പര്യം

ഭാഷാ സാഹിത്യത്തിന് മുതല്‍ കൂട്ടായ മഹാകവി കുന്നിയൂര്‍ കുഞ്ഞികൃഷ്ണ കുറുപ്പ്, തുള്ളല്‍ കലയില്‍ കേരളത്തിന്റെ മുഴുവന്‍ അംഗീകാരവും നേടിയ മലബാര്‍ വി.രാമന്‍ നായര്‍, അദ്ദേഹത്തിന്റെ മാതൃക പിന്‍പറ്റിക്കൊണ്ട് തുള്ളല്‍ കല പ്രചരിപ്പിച്ച വടക്കന്‍ കണ്ണന്‍, കാന്യാടില്‍ കൃഷ്ണന്‍ നായര്‍, കെ.ടി.കുമാരന്‍ ആശാന്‍, പ്രസിദ്ധ കഥകളിനടനും പില്‍ക്കാലത്ത് അടയാര്‍ കലാക്ഷേത്രത്തിലെ നൃത്താചാര്യനുമായിരുന്ന അമ്പു പണിക്കര്‍, അദ്ദേഹത്തിന്റെ പുത്രന്‍ ലോക പ്രസിദ്ധ നര്‍ത്തകന്‍ പടിഞ്ഞാറ് കുഞ്ഞിരാമന്‍, അടയാര്‍ കലാക്ഷേത്രത്തിലെ ആടയാഭരണ നിര്‍മ്മാണവിദഗ്ദ്ധന്‍ കെ.കെ.ഉക്കാരന്‍ നമ്പ്യാര്‍, കവി, നാടക-സിനിമാ നടന്‍, സംഗീതജ്ഞന്‍ എന്നീനിലകളില്‍ പ്രസിദ്ധനായ സി.യു.കെ.നമ്പ്യാര്‍, അദ്ദേഹത്തിന്റെ പുത്രിയും കാനഡയില്‍ ടൊറാന്‍ഡോ സര്‍വ്വകലാശാലയിലെ ജീവശാസ്ത്രവിഭാഗത്തിന്റെ അധിപയും പ്രശസ്ത ശാസ്ത്രജ്ഞയുമായ പാര്‍വ്വതി, നാടകനടന്മാരായ ഈങ്ങയില്‍ ഗോവിന്ദപ്പൊതുവാള്‍, കാരിയില്‍ അമ്പുപണിക്കര്‍, എം.ആര്‍.ഭാഗവതര്‍, തെയ്യം കലാകാരന്മാരായ രാമന്‍ സോണിക്കം, മയ്യിച്ച കൃഷ്ണന്‍പണിക്കര്‍, പ്രസിദ്ധ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പവനന്‍, ജ്യോതിഷ പണ്ഡിതന്‍ കെ. എം. കൃഷ്ണന്‍ ജ്യോത്സ്യര്‍, ഉന്മാദ ചികിത്സയില്‍ വിദഗ്ദ്ധനും ആയുര്‍വേദ ചികിത്സയില്‍ പണ്ഡിതനുമായ കെ.വി.കുഞ്ഞിരാമന്‍ വൈദ്യര്‍, ശിശുരോഗ വിദഗ്ദ്ധന്‍, എം.വി.അമ്പു വൈദ്യര്‍, ഒടിവ്, ചതവ് പാരമ്പര്യ ചികിത്സയില്‍ വിദഗ്ദ്ധനായ കെ.വി.കുഞ്ഞമ്പു വൈദ്യര്‍ തുടങ്ങി സാഹിത്യം സുകുമാരകലകള്‍, ശാസ്ത്രം, വൈദ്യം എന്നീ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തികളുടെ ജന്മം കൊണ്ട് പവിത്രമായതാണ് ഈ പഞ്ചായത്ത്. ‘തീണ്ടാടിവന്ന പരദേശികളേ’ എന്നുതുടങ്ങുന്ന കവിതയുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്ന ‘പാടുന്ന പടവാള്‍’ എന്ന അപരനാമത്തില്‍ കേരളമൊട്ടുക്കും അറിയപ്പെടുന്ന ഉജ്ജ്വല വാഗ്മി, മഹത് ഗ്രന്ഥങ്ങളുടെ വിവര്‍ത്തകന്‍ എന്നീ നിലകളില്‍ വിഖ്യാതനായ ഭക്ത കവിതിലകം സുബ്രഹ്മണ്യന്‍ തിരുമുമ്പ് ജന്മം കൊണ്ട് അയല്‍ ഗ്രാമക്കാരനാണെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനകേന്ദ്രം ചെറുവത്തൂരായിരുന്നു. മടക്കര പാലത്തിന് സമീപമുള്ള കോട്ടക്കുന്നില്‍ അന്ത്യവിശ്രമം കൊള്ളുന്ന വിശുദ്ധ വലിയുള്ളാഹി അവര്‍കളുടെ മഖബറയില്‍ നാനാജാതി മതസ്ഥര്‍ ദര്‍ശനം നടത്തുന്നത് രോമാഞ്ചപ്രദമായ കാഴ്ചയാണ്. അച്ചാംതുരുത്തിയിലെ പാലിച്ചോന്‍ (കാലിച്ചാന്‍) ക്ഷേത്രത്തിന്റെ ഉടമസ്ഥര്‍ പട്ടിക ജാതിക്കാരാണ്. കളിയാട്ടം നടക്കുമ്പോള്‍ കെട്ടിയാടുന്നത് പുലയന്‍, നോറ്റിരിക്കുന്നത് മണിയാണി, കലശമെടുക്കുന്നത് തീയര്‍, കുട കൊണ്ടുവരുന്നത് കണിശന്‍ എന്നതാണ് രീതി. ഗുരുകുലസമ്പ്രദായത്തിലുള്ള കുടിപ്പള്ളിക്കൂടങ്ങള്‍ സവര്‍ണ്ണ അവര്‍ണ്ണ ഭേഭമെന്യേ ഇവിടെ നിലനിന്നിരുന്നു. 1920 കളില്‍ തന്നെ, പട്ടികജാതിക്കാര്‍ക്കും, മത്സ്യതൊഴിലാളികള്‍ക്കും വേണ്ടി പ്രത്യേക സ്കൂളുകളും ആരംഭിക്കുകയുണ്ടായി. 1962-ല്‍ ചെറുവത്തൂര്‍ ഫിഷറീസ് യു.പി.സ്കൂള്‍, ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടതോടെ, ആദ്യത്തെ ഹൈസ്കൂള്‍ നിലവില്‍ വന്നു