ചെറുവണ്ണൂര്‍ നല്ലളം

കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കില്‍, കോഴിക്കോട് ബ്ളോക്കിലാണ് ചെറുവണ്ണൂര്‍-നല്ലളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്തിരുന്നത്. ചെറുവണ്ണൂര്‍ വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന ചെറുവണ്ണൂര്‍-നല്ലളം ഗ്രാമപഞ്ചായത്തിനു 10.31 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്നു. ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് കോഴിക്കോട് കോര്‍പറേഷനും, ഒളവണ്ണ പഞ്ചായത്തും, കിഴക്കുഭാഗത്ത് ഒളവണ്ണ, രാമനാട്ടുകര, ഫറോക്ക് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഫറോക്ക്, ബേപ്പൂര്‍ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് ബേപ്പൂര്‍ പഞ്ചായത്തും, കോഴിക്കോട് കോര്‍പ്പറേഷനുമായിരുന്നു. പഴയ മലബാര്‍ ജില്ലാബോര്‍ഡിനു കീഴില്‍ നിലവിലുണ്ടായിരുന്ന പഞ്ചായത്താണ് നല്ലളം. ചെറുവണ്ണൂരാകട്ടെ, അന്ന് ബേപ്പൂര്‍ മേജര്‍പഞ്ചായത്തിന്റെ ഭാഗമായിരുന്നു. അക്ഷരാഭ്യാസമുള്ളവര്‍ ഒരു പൊതുസ്ഥലത്ത് ഒത്തുകൂടി കൈപൊക്കി വോട്ടു ചെയ്താണ് അക്കാലത്ത് തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. 1956 ജൂലൈയിലാണ് നല്ലളം പഞ്ചായത്ത് നിലവില്‍ വന്നത്. ആദ്യപഞ്ചായത്തു പ്രസിഡന്റ് ടി.മാധവന്‍നായരായിരുന്നു. ചെറുവണ്ണൂര്‍ പ്രദേശം, നല്ലളം പഞ്ചായത്തിനോടു ചേര്‍ത്തുകൊണ്ട്, 1963 ഡിസംബര്‍ 20-നാണ് ചെറുവണ്ണൂര്‍-നല്ലളം പഞ്ചായത്താണ് രൂപീകൃതമായത്. ആദ്യപ്രസിഡന്റ് മുല്ലവീട്ടില്‍ അബ്ദുറഹിമാനായിരുന്നു. പഞ്ചായത്തിന്റെ പൊതുവായ കിടപ്പ് വടക്കു നിന്ന് തെക്കോട്ടാണ്. ഭൂപ്രകൃതിയില്‍ 31% താഴ്വരകളും, 19% സമതലവും, 19.5% ചെരിവുപ്രദേശങ്ങളും 30.5% ഉയര്‍ന്ന സമതലവുമാണ്. നാലു തരം മണ്ണുകള്‍ ഇവിടെ കണ്ടുവരുന്നു. താഴ്വരകളില്‍ കളിമണ്ണും, തീരസമതല പ്രദേശങ്ങളില്‍ എക്കല്‍ മണ്ണും, ചെരിവു പ്രദേശങ്ങളില്‍ ചരല്‍ കലര്‍ന്ന ചുവന്ന മണ്ണും, ഉയര്‍ന്ന സമതലങ്ങളില്‍ കല്ലുമാണ് പൊതുവെ കാണപ്പെടുന്നത്. ചെറുമക്കളുടെ ഊര് ആണ് ചെറുവണ്ണൂരായതെന്നും നെല്ലിന്റെ അളം ആണ് നല്ലളം ആയതെന്നും പറയപ്പെടുന്നു. ചെറുവണ്ണൂര്‍-നല്ലളം പഞ്ചായത്തില്‍ തെങ്ങുകൃഷിയാണ് പ്രധാനം. ചെറുവണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക ചരിത്രം, ഈ പ്രദേശത്തെ ഓടു വ്യവസായവും തൊഴിലാളി സമൂഹവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. 1939-ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരത്തില്‍ ബ്രിട്ടീഷനുകൂലികളും, ദേശസ്നേഹികളും തമ്മിലുള്ള ഏറ്റമുട്ടലില്‍ എ.കെ.ജി.യടക്കം ധാരാളമാളുകള്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ഇന്ന് ചെറുവണ്ണൂര്‍ അങ്ങാടിയില്‍ കാണുന്ന ആല്‍ത്തറയായിരുന്നു അക്കാലത്തെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളുടെ കേന്ദ്രം. ക്ഷേത്രപടിക്കല്‍ ആല്‍ത്തറമുമ്പിലായി സ്വാതന്ത്ര്യത്തിന്റെ സ്മാരകമായി 1947-ല്‍ ജനങ്ങള്‍ പണംപിരിച്ച് നിര്‍മ്മിച്ച വായനശാലയാണ് ഇന്നത്തെ സാംസ്കാരികനിലയം. ചെറുവണ്ണൂര്‍-നല്ലളം പഞ്ചായത്ത് ഇന്ന് കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട വ്യവസായ മേഖലകളിലൊന്നാണ്. 1878-ല്‍ തന്നെ ഇവിടെ ആദ്യത്തെ വ്യവസായസ്ഥാപനം നിലവില്‍ വന്നിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ തന്നെ വിദേശികളുടെയും തദ്ദേശീയരുടെയും ഉടമസ്ഥതയില്‍ രണ്ടുമൂന്ന് വ്യവസായസ്ഥാപനങ്ങള്‍ ഇവിടെ തുടങ്ങിക്കഴിഞ്ഞിരുന്നു. ഓടുവ്യവസായമായിരുന്നു അക്കൂട്ടത്തില്‍ പ്രമുഖം.30/09/2010 ലെ സ ഉ (അച്ചടി)നം 222/10/തസ്വഭവ  അനുസരിച്ച് ഈ  പഞ്ചായത്ത് പ്രദേശം കോഴിക്കോട് കോര്‍പ്ഫറേഷനോട് കൂട്ടിചേര്‍ക്കപ്പെട്ടു.