ഫോട്ടോ ഗാലറി

അടുപ്പുകൂട്ടി പാറ

അടുപ്പുകൂട്ടി പാറ

മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് സംസ്കരിക്കപ്പെട്ട ഏതോ ഗോത്രത്തലവന്റെയോ പടത്തലവന്റെയോ ശവസംസ്കാരം നടത്തിയ മഹാശിലാ സംസ്കാരത്തിന്റെ അവശിഷ്ടം. ഏതോ ഒരു വലിയ യാത്രാസംഘം ഒരിക്കല്‍ ഇവിടെ തമ്പടിച്ചപ്പോള്‍ വലിയ അടുപ്പ് കൂട്ടുകയും പെരും വട്ടളത്തില്‍ ചോറ് വയ്ക്കാന്‍ അരിയിട്ടുവെന്നും എത്ര തവണ തീ കത്തിച്ചിട്ടും അരി വേവായ്കയാല്‍ വട്ടളം അടുപ്പിനു മുകളില്‍ കമഴ്ത്തിവെച്ച് മണ്ണ് വാരിയിട്ട് യാത്ര തുടര്‍ന്നെന്നും, ആ വട്ടളവും അടുപ്പുമാണ് പിന്നീട് അടുപ്പുകൂട്ടി പാറ ആയതെന്നും പറയപ്പെടുന്നു. കുഞ്ഞിമംഗലം ഹൈസ്‌കൂളിനരികെ ചെറുതാഴത്തിന്റെ മണ്ണില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ഈ സ്മാരകം.

വാരണക്കോട്ടില്ലം

വാരണക്കോട്ടില്ലം

ചെറുതാഴത്തെ നാടുവാഴി മന. കോലത്തിരി രാജന്‍ തെറ്റിദ്ധരിച്ചു നടത്തിയ ബ്രഹ്മഹത്യാ പാപപരിഹാരാര്‍ത്ഥം ചെറുതാഴം ഗ്രാമം സര്‍വാധികാരം നല്‍കി വാരണക്കോട്ടിനേല്പിച്ചു എന്ന് ഐതിഹ്യം. കോടതിയും വില്ലേജോഫീസും കഥകളി യോഗവും ഒക്കെ നടന്ന വടക്കേ മഠത്തിലെ കച്ചേരിപ്പുര. ലോകപ്രസിദ്ധനായ കഥകളി കലാകാരന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ഇവിടുത്തെ ഊട്ടുപുരയില്‍ നിന്നും ഉണ്ടും കഥകളി കണ്ടും കളിച്ചും വളര്‍ന്ന മഹാനാണ്. പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന് ആതിഥ്യമരുളിയ, ഇ.കെ.നായനാര്‍ക്ക് ഒളിത്താവളമേകിയ ഇല്ലം. സ്വാമി വിവേകാനന്ദന്റെ പാദസ്പര്‍ശംകൊണ്ട് പാവനമാണ് ഈ മനയെന്നും ശ്രുതി.