ചരിത്രം

സാമൂഹ്യചരിത്രം 

കേരളത്തില്‍ തന്നെ നാലു തിടമ്പുകള്‍ ഒരേ സമയം നൃത്തം ചവിട്ടുന്ന ക്ഷേത്രമായ ഹനുമാരമ്പലം ഈ ഗ്രാമത്തിലാണ്. ശ്രീ രാഘവപുരം ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ സീതാലക്ഷ്മണസമേതനായ ശ്രീരാമന്റേതുകൂടാതെ ഹനുമാന്‍, ദുര്‍ഗ്ഗാദേവി, പരമശിവന്‍ എന്നീ മറ്റു പ്രതിഷ്ഠകളുമുണ്ട്. ഈ ക്ഷേത്രം ഇപ്പോള്‍ ഒരു പ്രസിദ്ധതീര്‍ത്ഥാടന കേന്ദ്രമായി മാറിയിട്ടുണ്ട്. അറത്തില്‍ ഭഗവതിക്ഷേത്രം, വിളയാംകോട് ശിവക്ഷേത്രം, പെരിയാട്ട് ക്ഷേത്രം പുത്തിരികാവില്‍ ഭദ്രകാളിയും, അതിയടം കൃഷ്ണമ്മതിലകവും, കുന്നിന്‍ മതിലകത്ത് ശിവക്ഷേത്രം, ഉദയപുരത്ത് ശ്രീകൃഷ്ണക്ഷേത്രം, രാമപുരത്ത് മഹാവിഷ്ണുക്ഷേത്രം, വാരണക്കോട്ടില്ലം വക അയ്യപ്പക്ഷേത്രം, മേലതിയിടം അയ്യപ്പക്ഷേത്രം എന്നിവ ഇവിടുത്തെ ഏറെ പഴക്കമുള്ള ക്ഷേത്രങ്ങളാണ്. ഇവിടങ്ങളില്‍ പണ്ടുമുതല്‍ തന്നെ ഉത്സവങ്ങള്‍ കൊണ്ടാടുന്നുമുണ്ട്. കൂടാതെ ചില ഇല്ലങ്ങളുടെ കൊട്ടിലകങ്ങളും ചിലതറവാടുകളുടെ തിരുമുറ്റങ്ങളും ദേവപ്രതിഷ്ഠകളുടെ കേന്ദ്രങ്ങളായിരുന്നു. നായന്‍മാരുടെ ഉളിയത്ത് വേട്ടക്കൊരുമകന്‍ കോട്ടം, ഈഴവസമുദായത്തിന്റെ പാലോട്ട് കാവ്, അയണിക്കര പൂമാലക്കാവ്, വാണിയ സമുദായക്കാരുടെ മുച്ചിലോട്ട് കാവുകള്‍, യാദവവിഭാഗത്തിന്റെ വൈരജാതന്‍ ക്ഷേത്രം, കുലാലന്‍മാരുടെ നീലിയാര്‍ കോട്ടം, മൂവാരി സമുദായക്കാരുടെ പ്ളാത്തോട്ടം എന്നിവയും ചെറുതാഴത്തിന്റെ പ്രത്യേകതകളാണ്. ഇരുപതാം നൂറ്റാണ്ട് തുടങ്ങുന്നതിനു മുമ്പ് ഹിന്ദുക്കളല്ലാതെ മറ്റേതെങ്കിലും മതവിഭാഗം സംഘടിതമായി ചെറുതാഴത്ത് താമസിച്ചിരുന്നതായി കാണുന്നില്ല. പില്‍ക്കാലത്ത് മുസ്ളീം മതവിഭാഗം കുടിയേറിപ്പാര്‍ക്കുകയും ആരാധനാലയം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ മള്ളൂര്‍ പള്ളിയാണ് ആദ്യം സ്ഥാപിക്കപ്പെട്ടത്്. അതിനും ശേഷമാണ് ക്രിസ്ത്യാനികള്‍ ഇവിടെ എത്തിചേര്‍ന്നത്. കളപ്പുറത്ത് സ്ഥാപിച്ച ദേവാലയമാണ് ഈ വിഭാഗത്തിന്റെ ആദ്യത്തെ പള്ളി. പിലാത്തറചര്‍ച്ചും പിന്നീടുണ്ടായി. അമ്പലങ്ങളും നാഗപ്രതിഷ്ഠയും ഒക്കെ കര്‍ഷകരെയും തൊഴിലാളികളെയും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നതിന് മേലാളന്‍മാര്‍ ഉപയോഗിച്ചിരുന്നു. അന്നത്തെ ഭൂമിയുടെ ഏറിയ പങ്കും ചിറക്കല്‍കോവിലകം കൈയ്യടക്കിവച്ചിരിക്കുകയായിരുന്നു. വാരണക്കോട്ടില്ലം തുടങ്ങിയ ബ്രാഹ്മണജന്മിമാരുടെ കീഴിലുണ്ടായിരുന്ന കുടിയാന്‍മാരായിരുന്നു ചെറുതാഴത്തെ കൃഷിക്കാര്‍. സാമൂഹ്യമാറ്റത്തിനും സാംസ്കാരികോന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ച പലരും പോയ നൂറ്റാണ്ടില്‍ ചെറുതാഴത്തുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ചെറുതാഴം ഗ്രാമ അധികാരിയുടെയും ഗ്രാമക്കോടതിയുടെയും ചുമതലകള്‍ വാരണക്കോട്ടില്ലമായിരുന്നു കൈയ്യാളിയിരുന്നത്. വാരണക്കോട്ടില്ലം സവര്‍ണ്ണകലയായ കഥകളിയെ വേണ്ടുവണ്ണം പ്രോത്സാഹിപ്പിച്ചിരുന്നു. ഇല്ലത്തോടനുബന്ധിച്ച് കഥകളിയോഗവും കഥകളി അരങ്ങുകളും നടന്നുവന്നിരുന്നു. ലോകപ്രശസ്ത കഥകളികലാകാരന്മാരായ ഗുരു ചന്തുപ്പണിക്കരും, കലാമണ്ഡലം കൃഷ്ണന്‍നായരും വാരണക്കോട്ടില്ലം കഥകളിയോഗത്തിലൂടെ വളര്‍ന്നുവന്നവരാണ്. 1921-ലെ ഖിലാഫത്ത് പ്രസ്ഥാനവും മലബാര്‍ ലഹളയുമൊക്കെ വാരണക്കോട്ടില്ലത്തെ സ്വാധീനിച്ചിരുന്നതായി മനസിലാക്കാം. കൃഷിക്കാരെ സഹായിക്കുന്നതിന് വാരണക്കോട്ടില്ലത്തുകാര്‍ മുന്‍കൈയ്യെടുത്ത് ചെറുതാഴത്ത് ഐക്യനാണയ സംഘം ഉണ്ടാക്കിയിരുന്നു. അന്ന് കോണ്‍ഗ്രസിന് നേതൃത്വം കൊടുത്തുകൊണ്ട് ടി.വി.ചാത്തുക്കുട്ടിനായരുടെ നേതൃത്വത്തില്‍ വിദ്യാസമ്പന്നരായിരുന്നവര്‍ മുന്നിട്ടിറങ്ങിയിരുന്നു. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും നേതൃത്വം ഇവര്‍ക്ക് ആവേശം പകര്‍ന്നിരുന്നു. 28.5.1927-ന് നെഹ്രു ചെറുതാഴം സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് പയ്യന്നൂര്‍ റെയില്‍വേസ്റ്റേഷനില്‍ വണ്ടിയിറങ്ങിയ നെഹ്രുവിനെ വാരണംകോട്ടില്ലം വക കാളവണ്ടിയിലായിരുന്നു വിളയാങ്കോട്ട് എത്തിച്ചതും ചാത്തുക്കുട്ടിനായരുടെ വീട്ടില്‍ താമസിപ്പിച്ചതും. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന മദ്യവര്‍ജ്ജനത്തിലും വിദേശവസ്ത്രബഹിഷ്കരണത്തിലുമൊക്കെ ചെറുതാഴത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സജീവപങ്കാളിത്തം ഉണ്ടായിരുന്നു. മലബാര്‍ കുടിയായ്മാ നിയമത്തിന് വരുത്തേണ്ട ഭേദഗതികളെ പറ്റി പഠിക്കാന്‍ മദിരാശി ഗവണ്‍മെന്റ് നിയമിച്ച കുട്ടികൃഷ്ണമേനോന്‍ കമ്മിറ്റിയില്‍ ഇ.എം.എസ് അടക്കമുള്ള മലബാറിലെ എം.എല്‍.എ.മാര്‍ അംഗങ്ങളായിരുന്നു. തളിപ്പറമ്പില്‍വെച്ച് തെളിവെടുപ്പ് നടത്താന്‍ വന്നപ്പോള്‍ ചെറുതാഴത്തെ കൃഷിക്കാര്‍ കാട്ടുപ്പുറം ഗോവിന്ദന്‍ നമ്പൂതിരി, പാറമ്മല്‍ കൃഷ്ണന്‍, ചിറമ്മല്‍ രാമന്‍, കെ.ചന്തന്‍കുട്ടി വൈദ്യര്‍, വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരി, പയ്യരട്ടരാമന്‍, പി.വി.അപ്പക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കമ്മിറ്റിക്കു മുന്‍പാകെ നിവേദനം നല്‍കുകയുണ്ടായി. വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സാമുവല്‍ ആറോന്‍ പീരിക്കാം തടത്തില്‍ അഞ്ച് കൈത്തറി മഗ്ഗങ്ങള്‍ സ്ഥാപിക്കുകയും, ഇന്നത്തെ കോഴിക്കോട് ജില്ലയിലെ ചോമ്പാലില്‍ നിന്ന് നെയ്ത്ത് തൊഴിലാളികളെ കൊണ്ടുവരികയും, അവര്‍ നെയ്യുന്ന വസ്ത്രങ്ങള്‍ ഉള്‍പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വ്യവസായവികസനം ഉന്നമാക്കി കുളപ്രത്ത് വടക്കിനകം ഹോരക്കാട്ട് നമ്പൂതിരിയില്‍ നിന്ന് നൂറുകണക്കിന് ഏക്കര്‍ ഭൂമി വാങ്ങുകയും കാടുവെട്ടിത്തെളിച്ച് തെങ്ങ,് കരിമ്പ് എന്നീ കൃഷികള്‍ക്കൊപ്പം പുതിയ കൈത്തറിവ്യവസായത്തിന് അടിത്തറ പാകുകയും ചെയ്തു. ഈ പ്രവര്‍ത്തനം ചെറുതാഴത്തിന്റെ അതുവരെയുണ്ടായിരുന്ന സാമൂഹ്യസാമ്പത്തികഘടനയില്‍ വമ്പിച്ച ചലനങ്ങളുളവാക്കി. കൃഷിചെയ്തിരുന്ന കരിമ്പ് ഇവിടെ വച്ച് തന്നെ ആട്ടി വെല്ലം ഉല്‍പ്പാദിപ്പിച്ച് വിറ്റതായും കാണാം. പണി മേല്‍നോട്ടം നടത്താന്‍ മേസ്തിരിമാരുണ്ടായിരുന്നു. കൃത്യസമയത്ത് ജോലിക്ക് ഹാജരാകണമെന്ന് നിര്‍ബന്ധം വന്നു. ഇതൊക്കെ വലിയ സാമൂഹ്യമാറ്റത്തിന് സഹായിച്ചു. കമ്പനിയുടെ വികസനഫലമായി കൂടുതല്‍ മഗ്ഗങ്ങള്‍ സ്ഥാപിക്കുകയും ചോമ്പാല്‍ വടകര പ്രദേശങ്ങളില്‍ നിന്നും ക്രിസ്ത്യാനികളായ തൊഴിലാളികളെ തേടിക്കൊണ്ട് വരികയും കമ്പനിപരിസരത്ത് താമസിപ്പിക്കുകയും ചെയ്തു. ഇവരാണ് ആദ്യമായി ചെറുതാഴത്ത് ഒരു ക്രിസ്ത്യന്‍ ദേവാലയം ഉണ്ടാക്കിയത്. വിവിധ പ്രദേശങ്ങളില്‍ നിന്നത്തിയ തൊഴിലാളികള്‍ വിശ്രമസമയത്ത് ഒത്തുകൂടുമ്പോള്‍ ദേശീയവും രാഷ്ട്രീയവുമായി നാട്ടില്‍ നടക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക പതിവായിരുന്നു. സാമൂഹ്യരാഷ്ട്രീയകാര്യങ്ങളിലൂന്നിയുള്ള ഇത്തരം ചര്‍ച്ചാകേന്ദ്രങ്ങള്‍, ക്രമേണ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സത്യാഗ്രഹസമരത്തിലും പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുക്കാന്‍ തൊഴിലാളികളെ പ്രേരണയും ധൈര്യവും നല്‍കി. 1937 കാലത്ത് കോണ്‍ഗ്രസിലെ ഇടതുപക്ഷ ചിന്താഗതിയുള്ള ഒരുവിഭാഗം തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിക്കുവാനാരംഭിച്ചു. കുളപ്രം കമ്പിനിയിലും ഈ സമയത്ത് തൊഴിലാളിസംഘടനയ്ക്ക് രൂപം നല്‍കി. 1937-ല്‍ അതിയടം വയലില്‍വച്ച് ഒരു തീച്ചാമുണ്ടി നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന കര്‍ഷകരെ വിളിച്ചുചേര്‍ത്തായിരുന്നു ചെറുതാഴത്തെ കര്‍ഷകസംഘത്തിന് രൂപം നല്‍കിയത്. കാട്ടുപ്പുറം ഗോവിന്ദന്‍ നമ്പൂതിരി പ്രസിഡന്റും അധ്യാപകനായ എന്‍.നാരായണന്‍ ഉണിത്തിരി സെക്രട്ടറിയുമായി ചെറുതാഴം കര്‍ഷകസംഘം കമ്മിറ്റി രൂപീകരിച്ചു. കര്‍ഷകരുടെ ആവശ്യങ്ങളുമായി ചിറക്കല്‍ കോവിലകത്തേക്ക് കരിവെള്ളൂരില്‍നിന്ന് പുറപ്പെട്ട കര്‍ഷക മാര്‍ച്ചിന് ചെറുതാഴത്തെ കര്‍ഷകസംഘം സ്വീകരണം നല്‍കുകയുണ്ടായി. 1939-ല്‍ നടന്ന ബക്കളം രാഷ്ട്രീയസമ്മേളനത്തിലും 1940 സെപ്റ്റംബറില്‍ നടന്ന സമ്മേളനത്തിലും ചെറുതാഴത്തെ കര്‍ഷകരുടെ പങ്കാളിത്തം നല്ല രീതിയില്‍ ഉണ്ടായിരുന്നു. 1940-ല്‍ നരിക്കാംവള്ളിയില്‍ നടന്ന ചെറുതാഴം കര്‍ഷകസമ്മേളനം വലിയ ചരിത്ര സംഭവമായിരുന്നു. 1945-ല്‍ ആറോന്റെ നേതൃത്വത്തില്‍, കുളപ്രം കൈത്തറി കമ്പനിക്കു സമീപത്തായി തന്നെ യന്ത്രത്തറിമില്ലും ആരംഭിക്കയുണ്ടായി. ഇതേ ഘട്ടത്തില്‍ തന്നെ കേരളീയന്‍, വിഷ്ണു ഭാരതീയന്‍, വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരി, പാറമ്മല്‍ കൃഷ്ണന്‍ വൈദ്യര്‍, ചിറമ്മല്‍ രാമന്‍, പി.വി.അപ്പക്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകസംഘം ശക്തമായി പ്രവര്‍ത്തിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ചെറുതാഴത്തെ അധികാരിയായിരുന്ന കാശിമാങ്കുളം പോലീസിനെ ഉപയോഗിച്ച് കൃഷിക്കാര്‍ക്കെതിരെ ഭീകരമര്‍ദ്ദനം അഴിച്ചുവിടുകയുണ്ടായി. ജനങ്ങളെ ആകെ അണിനിരത്തി അധികാരിക്കെതിരെ പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു കര്‍ഷകസംഘം. അഴിമതിവീരനായ കാശിമാങ്കുളം അധികാരിയെക്കുറിച്ച് കേരളീയനെഴുതിയ പടപ്പാട്ടുകള്‍ വയലേലകളിലെ കര്‍ഷകര്‍ക്കിടയില്‍ സമരോര്‍ജ്ജമായി അലയടിച്ചു. 1946 മെയ് 1-ന് കുളപ്രം കമ്പനിക്കു മുമ്പില്‍ തൊഴിലാളികള്‍ ചുവപ്പു പതാക ഉയര്‍ത്തുകയും ബാഡ്ജ് ധരിക്കുകയും ചെയ്തു.

സാംസ്കാരികചരിത്രം  

ചെറുതാഴം കലാ-സാംസ്കാരികപാരമ്പര്യം ഏറെയുള്ള മണ്ണാണ്. ഏകദേശം പന്ത്രണ്ടു നൂറ്റാണ്ടുകളുടെ ലിഖിതചരിത്രം ഈ ഗ്രാമത്തിനുണ്ട്. എട്ടാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളില്‍ ചിറക്കല്‍പ്രദേശം വാണ ഉദയവര്‍മ്മന്‍ കോലത്തിരി ഗോകര്‍ണ്ണത്ത് നിന്നും 237 വൈജ്ഞാനിക ബ്രാഹ്മണകുടുംബങ്ങളെ ചെറുതാഴത്തും പരിസരപ്രദേശങ്ങളിലുമായി പാര്‍പ്പിച്ചുവെന്നും ശ്രീരാഘവപുരേശസഭായോഗം എന്നറിയപ്പെട്ടിരുന്ന പ്രസ്തുതസംഘത്തിന്റെ ആരാധനയ്ക്കായി പരശുരാമനാല്‍ പ്രതിഷ്ഠിതമായ ശ്രീരാഘവപുരം ക്ഷേത്രം ദാനം ചെയ്തുവെന്നും ജംബുദ്വീപോല്പത്തി എന്ന പ്രാചീനഗ്രന്ഥം പ്രതിപാദിക്കുന്നു. ക്ഷേത്രങ്ങളും കാവുകളും കേന്ദ്രമാക്കി വളര്‍ന്നുവന്ന ക്ളാസിക്കല്‍ കലകളുടെയും നാടന്‍ കലാരൂപങ്ങളുടെയും വൈവിധ്യമാര്‍ന്ന ഒരു ചരിത്രം ഈ മണ്ണിനുണ്ട്. തെയ്യത്തിന്റെയും, തിയ്യാടി കൂത്തിന്റെയും, കോതാമൂരിയുടെയും, ആടിവേഷത്തിന്റെയും, ഉത്തരകേരളത്തിന്റെ പട്ടത്താനമായ പൂരക്കളിയുടെയും നാടാണിത്. വാരണക്കോട്ടില്ലം സവര്‍ണ്ണകലയായ കഥകളിയെ വേണ്ടുവണ്ണം പ്രോത്സാഹിപ്പിച്ചിരുന്നു. ഇല്ലത്തോടനുബന്ധിച്ച് കഥകളിയോഗവും കഥകളി അരങ്ങുകളും നടന്നുവന്നിരുന്നു. ലോകപ്രശസ്ത കഥകളികലാകാരന്മാരായ ഗുരു ചന്തുപ്പണിക്കരും, കലാമണ്ഡലം കൃഷ്ണന്‍നായരും വാരണക്കോട്ടില്ലം കഥകളിയോഗത്തിലൂടെ വളര്‍ന്നുവന്നവരാണ്. ബാലഗോപാലം, ദ്രൌപതീകീചകം, രുഗ്മണീസ്വയംവരം, നൈഷധം, ദേവയാനീചരിതം, തുടങ്ങിയ നാടകങ്ങള്‍ ജനഹൃദയങ്ങളെ പളകിതമാക്കുമാറ് രംഗവല്‍ക്കരിച്ചിട്ടുണ്ട്. ചെറുകാടിന്റെ നമ്മളൊന്ന്, കെ.ദാമോദരന്റെ പാട്ടബാക്കി, തോപ്പില്‍ ഭാസിയുടെ നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി, പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാക്കിളി തുടങ്ങിയ നാടകങ്ങള്‍ സഹൃദയ മനോഭൂമികയില്‍ വിപ്ളവവീര്യം പകര്‍ന്നിട്ടുണ്ട്. കഥകളിയുടെ വിശ്വവശ്യത ലോകം മുഴുവന്‍ ഉയര്‍ത്തിക്കെട്ടിയ കലാമണ്ഡലം കൃഷ്ണന്‍നായര്‍, തെയ്യം കലയില്‍ പുകള്‍പെറ്റ അതിയടം കണ്ണന്‍പെരുവണ്ണാന്‍, നാടന്‍ കലാരൂപങ്ങളെ ജനകീയവത്കരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ഡോ.എ.കെ.നമ്പ്യാര്‍, പ്രഗത്ഭസാഹിത്യ പണ്ഡിതനും പുരോഗമനസാഹിത്യകാരനുമായ ഡോ.എന്‍.വി.പി.ഉണ്ണിത്തിരി, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മണ്ടൂര്‍ സുകുമാരന്‍ എന്നിവര്‍ ചെറുതാഴത്തിന്റെ പുത്രന്‍മാരാണ്. ഹനുമാരമ്പലം എന്നറിയപ്പെടുന്ന ശ്രീ രാഘവപുരം ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ഇവിടെ നാലു തിടമ്പുകള്‍ ഒന്നിച്ചുള്ള നൃത്തവും അവില്‍ നിവേദ്യവും പ്രസിദ്ധമാണ്. ഉദയപുരം ശ്രീകൃഷ്ണക്ഷേത്രം, പുത്തുര്‍ മഹാവിഷ്ണു ക്ഷേത്രം, ശ്രീകൃഷ്ണപുരം, ശ്രീഭൂതനാഥപുരം, ഉച്ചൂളി കുന്നിന്‍മുകളിലുള്ള കുന്നിന്‍മതിലകം, രാമപുരം ശ്രീവിഷ്ണുക്ഷേത്രം, അണിയിക്കര പൂമാല ഭഗവതിക്ഷേത്രം, അതിയടം പാലോട്ടുകാവ്, അറത്തില്‍ ഭഗവതിക്ഷേത്രം വിളയാംങ്കോട് ശിവക്ഷേത്രം കുളപ്രത്തകാവ്, കോക്കാട്, അതിയടം മുച്ചിലോട്ട് കാവുകള്‍ തുടങ്ങിയ അമ്പതിലധികം ക്ഷേത്രങ്ങളും 100-ല്‍ പരം തറവാട് ആരൂഢങ്ങളും ഇവിടെയുണ്ട്. മണ്ടൂര്‍ ചുവടുതാങ്ങി, പിലാത്തറ, ചെറുതാഴം, വിളയാംങ്കോട്, നെരുവമ്പ്രം എന്നിവിടങ്ങളില്‍ മുസ്ളീം ആരാധനാലയങ്ങളും, കുളപ്രം, പിലാത്തറ എന്നിവിടങ്ങളില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളുമുണ്ട്.