പഞ്ചായത്തിലൂടെ

ചെറുതാഴം - 2010

1948 ഓഗസ്റ്റ് 31 നാണ് ചെറുതാഴം, കുഞ്ഞിമംഗലം എന്നീ രണ്ട് റവന്യൂ വില്ലേജുകള്‍ ചേര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 32.18 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ പടിഞ്ഞാറുഭാഗത്ത് കുഞ്ഞിമംഗലം, രാമന്തളി ഗ്രാമപഞ്ചായത്തുകളും, വടക്ക് കടന്നപ്പള്ളി ഗ്രാമപഞ്ചായത്തും, പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും, കിഴക്ക് പരിയാരം, ഏഴോം ഗ്രാമപഞ്ചായത്തുകളും, തെക്ക് ഏഴോം, മാടായി ഗ്രാമപഞ്ചായത്തുകളുമാണ്. പഞ്ചായത്തിന്റെ ആകെ ജനസംഖ്യ, 13833 സ്ത്രീകളും, 12406 പുരുഷന്‍മാരും ഉള്‍പ്പെടെ 26239 ആണ്. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചിട്ടുള്ള പഞ്ചായത്താണ് ചെറുതാഴം. ഭൂപ്രകൃതി അനുസരിച്ച് ഇടനാട്, തീരദേശമേഖലകളില്‍ വരുന്ന പഞ്ചായത്തില്‍ ആകെ  വിസ്തൃതിയുടെ 2% കണ്ടല്‍ക്കാടുകളുണ്ട്. നെല്ല്, തെങ്ങ് തുടങ്ങിയവയാണ് പ്രധാന കൃഷി. വണ്ണാത്തിപ്പുഴ, രാമപുരംപുഴ എന്നിവയും, 164 സ്വകാര്യകുളങ്ങളും, 32 പൊതുകുളങ്ങളും ഉള്‍പ്പെടെ 196 കുളങ്ങളും ജലസ്രോതസ്സായുപയോഗിക്കുന്നുണ്ട്. ഉച്ചൂളിക്കുന്ന്, കോട്ടക്കുന്ന് തുടങ്ങി മൂന്നാളം കുന്നുകളും പഞ്ചായത്തിലുണ്ട്. വയലപ്ര പരപ്പ് ബീച്ച് ഇവിടുത്തെ ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമാണ്. പഞ്ചായത്തില്‍ ശുദ്ധജല ലഭ്യതയ്ക്കായി 25 പൊതുകിണറുകളും, 61 പൊതുകുടിവെളള ടാപ്പുകളുമുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 456 തെരുവ് വിളക്കുകള്‍ ഇവിടുത്തെ തെരുവുകളെ രാത്രിയും യാത്രായോഗ്യമാക്കുന്നു. എന്‍.എച്ച്.17 പഞ്ചായത്തിലൂടെ കടന്ന് പോകുന്നുണ്ട്. പിലാത്തറ, മതമംഗലം, പഴയങ്ങാടി, പയ്യന്നൂര്‍ എന്നിവയാണ് പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പ്രധാന റോഡുകള്‍. പെരുമ്പാപാലം ഇവിടുത്തെ ഗതാഗതവികസനത്തിന് ഒരു തെളിവായ് പറയാം. ഇവിടുത്തെ റോഡ് ഗതാഗതം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് പിലാത്തറ, പഴയങ്ങാടി, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ ബസ്സ്റ്റാന്റുകളെയാണ്. പഴയങ്ങാടി റെയില്‍വേസ്റ്റേഷനാണ് പഞ്ചായത്ത് വാസികള്‍ റെയില്‍ യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത്. പഞ്ചായത്തിന് അടുത്തുള്ള വിമാനത്താവളം കരിപ്പൂരും, തുറമുഖം  ഉള്‍നാടന്‍ തുറമുഖമായ അഴീക്കലുമാണ്. സുല്‍ത്താന്‍ തോട് ഇവിടുത്തെ ഒരു ജലഗതാഗത കേന്ദ്രമാണ്. പറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഒന്നും തന്നെ പഞ്ചായത്തിലില്ല. ഹോളോബ്രിക്സ് കമ്പനികള്‍, ക്ഷീരോത്പ്പാദനം, പ്ളൈവുഡ്, പപ്പടവ്യവസായം തുടങ്ങി ഇടത്തരം ചെറുകിട വ്യവസായങ്ങളാണ് പഞ്ചായത്തിന്റെ വ്യവസായ പുരോഗതിക്കായി ഉള്ളത്. ഭാരത് പെട്രോളിയത്തിന്റെ ഒരു ബങ്ക് പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഗ്യാസ് ഏജന്‍സിയും ഇവിടെയുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണരംഗത്ത് 5 റേഷന്‍ കടകളും, ഒരു നീതി സ്റ്റോറും ഒരു മാവേലി സ്റ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ പിലാത്തറ, ഏഴിലോട്, പരിയാരം എന്നീ സ്ഥലങ്ങള്‍ പ്രധാന വ്യാപാര കേന്ദ്രങ്ങളാണ്. പിലാത്തറ, ഏഴിലോട് എന്നിവിടങ്ങളില്‍ ഷോപ്പിംഗ് കോംപ്ളക്സുകളുമുണ്ട്. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പഞ്ചായത്തിലുണ്ട്. വിളയാങ്കോടം ശിവക്ഷേത്രം, ഹനുമാന്‍ അമ്പലം, പെരിയാട് വിഷ്ണു അമ്പലം, ചുമടുതാങ്ങി മുത്തപ്പന്‍ മടപ്പുര, പിലാത്തറ ജുമാമസ്ജിദ്, മണ്ടൂര്‍ ജുമാമസ്ജിദ്, പിലാത്തറം, കൊവ്വപ്പുറം എന്നീ സ്ഥലങ്ങളിലെ ചര്‍ച്ചുകള്‍ തുടങ്ങി പതിനഞ്ചിലധികം ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. ഈ ആരാധനാലയങ്ങളിലെ ഉത്സവങ്ങളും, കളിയാട്ടം, രഥോല്‍സവം തുടങ്ങിയവയും പെരുന്നാള്‍, തിരുനാള്‍ തുടങ്ങി എല്ലാവിധ ആഘോഷങ്ങളും ജാതിമതഭേദമെന്യേ എല്ലാവരും ഒത്തുചേര്‍ന്ന് ആഘോഷിക്കുന്നു. സ്വതന്ത്യ്രസമരസേനാനികളായിരുന്ന പയ്യരട്ടരാമന്‍, സഖാവ് പട്ട്യക്കാരന്‍, അദ്ധ്യാപകനും, പ്രകൃതി ചികിത്സാ ഡോക്ടറുമായ കെ.എ. ദാമോദരന്‍ മാസ്റ്റര്‍ തുടങ്ങിയവരൊക്കെ പഞ്ചായത്തിലെ പ്രശസ്തരായ വ്യക്തികളായിരുന്നു. ആരോഗ്യമന്ത്രി പി.കെ. ശ്രീമതി, ഹൈകോര്‍ട്ട് ജഡ്ജ് ഐ.വി. പ്രമോദ്, കവി നടുവലത്ത് കൃഷ്ണന്‍, സാഹിത്യകാരന്‍മാരായ മാധവന്‍ പുറച്ചേരി, മണ്ടൂര്‍ സുകുമാരന്‍ എന്നിവരൊക്കെ പഞ്ചായത്തിലെ ഇപ്പോഴത്തെ പ്രശസ്തരായ വ്യക്തികളാണ്. കുന്നമ്പ്രത്തുള്ള യുവജന കലാവേദി, പടന്നപ്രം സാംസ്ക്കാരിക കേന്ദ്രം, ഏഴിലോട് സാംസ്ക്കാരിക കേന്ദ്രം, മണ്ടൂര്‍ പട്യാക്കാരന്‍ വായനശാല, കെയ്റോഡ് പൊതുജനവായനശാല, എ.കെ.ജി വായനശാല തുടങ്ങി എട്ടോളം വായനശാലകളും പഞ്ചായത്തിലെ പ്രധാന കലാസാംസ്ക്കാരിക കേന്ദ്രങ്ങളാണ്. പിലാത്തറയിലുള്ള പ്രാഥമികാരോഗ്യകേന്ദ്രം, പുറച്ചേരിയിലുള്ള കേശവതീരം ആയുര്‍വ്വേദാശുപത്രി, പിലാത്തറ ഹോമിയോ ഡിസ്പെന്‍സറി ഇവയൊക്കെയാണ് പഞ്ചായത്തിന്റെ ആരോഗ്യപരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍. പരിയാരം മെഡിക്കല്‍കോളേജിന്റെ ആംബുലന്‍സ് സേവനവും പഞ്ചായത്തില്‍ ലഭിക്കുന്നുണ്ട്. മൃഗചികിത്സയ്ക്കായി പഞ്ചായത്തിലെ നരിക്കാംവള്ളിയില്‍ ഒരു മൃഗാശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. മേരിമാതാ സ്ക്കൂള്‍, രാജീവ്ഗാന്ധി മെമ്മോറിയല്‍ സ്ക്കൂള്‍, പ്ളാത്തറ യു.പി.എസ്, അതിയടം എല്‍.പി.എസ്, വയലപ്ര എല്‍.പി.എസ് തുടങ്ങി പന്ത്രണ്ടോളം സര്‍ക്കാര്‍ സര്‍ക്കാരേതര സ്ക്കൂളുകള്‍ പഞ്ചായത്തിലുണ്ട്. ജോസഫ് കോളേജ് പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്. വിളയോട് ഉള്ള അഗതിമന്ദിരവും, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള ഒരു സ്പെഷ്യല്‍ സ്ക്കൂളും പഞ്ചായത്തിലെ പ്രധാന സാമൂഹ്യ സ്ഥാപനങ്ങളാണ്. ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്ക്, മാടായി സഹകരണ ബാങ്ക്, ജില്ലാസഹകരണബാങ്ക് എന്നിവയും ഇവയുടെ പത്തോളം ശാഖകളും പഞ്ചായത്തിലെ സഹകരണബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍.എം.ജി.ബി, സിന്‍ഡിക്കേറ്റ് ബാങ്ക് ഇവയുടെയും ഓരോ ശാഖകള്‍ പഞ്ചായത്തിലുണ്ട്. പഞ്ചായത്തില്‍ വിവാഹം, അതുപോലുള്ള മറ്റ് ആഘോഷങ്ങള്‍, പൊതുചടങ്ങുകള്‍ എന്നിവയ്ക്കായി പഞ്ചായത്ത് വക ഒരു കമ്മ്യൂണിറ്റിഹാളും, സ്വകാര്യ ഉടമസ്ഥതയിലുള്ള രണ്ട് കല്ല്യാണമണ്ഡപങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പഞ്ചായത്തിലുണ്ട്. വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത് മണ്ടൂരാണ്. കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത് ചുമടുതാങ്ങിയിലും, പിലാത്തറയില്‍ ടെലഫോണ്‍ എക്സ്ചേഞ്ചും പ്രവര്‍ത്തിക്കുന്നു. മണ്ടൂര്‍, പിലാത്തറ, ഏഴിലോട്, കൊവ്വപ്പുറം എന്നിവിടങ്ങളില്‍ പോസ്റ്റോഫീസുകളും പിലാത്തറയില്‍ ഒരു കൊറിയര്‍ സര്‍വ്വീസ് സ്ഥാപനവും ഉണ്ട്.
പഞ്ചായത്തിന്റെ പ്രത്യേകതകള്‍
ചെറുതാഴത്തെ നാടുവാഴിമനയായ വാരണക്കോട്ടില്ലം വളരെ പ്രത്യേകതകള്‍ ഉള്ളതാണ്. കോലത്തിരി രാജന്‍ തെറ്റിദ്ധരിച്ചു നടത്തിയ ബ്രഹ്മഹത്യപാപ പരിഹാരാര്‍ത്ഥം ചെറുതാഴം ഗ്രാമം സര്‍വ്വാധികാരം നല്‍കി വാരണക്കോട്ടിനേല്‍പ്പിച്ചു എന്നാണ് ഐതീഹ്യം. കോടതിയും, വില്ലേജ് ഓഫീസും, കഥകളിയോഗവും ഒക്കെ നടന്നിട്ടുള്ളത് വടക്കേമഠത്തിലെ കച്ചേരിപ്പുരയിലാണ്. ലോകപ്രസിദ്ധനായ കഥകളി കലാകാരന്‍ കലാമണ്ഡലം കൃഷ്ണന്‍നായര്‍ ഇവിടുന്ന് കഥകളി കണ്ടും കളിച്ചും വളര്‍ന്ന മഹാനാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് ആതിഥ്യമരുളിയ, ഇ.കെ.നായനാര്‍ക്ക് ഒളിത്താവളമേകിയ ഈ ഇല്ലം സ്വാമി വിവേകാനന്ദന്റെ പാദസ്പര്‍ശം കൊണ്ട് പാവനമാണെന്നാണ് ശ്രുതി.
അടുപ്പുകൂട്ടിപ്പാറ
മൂവായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസ്ക്കരിക്കപ്പെട്ട ഏതോ ഗോത്രത്തലവന്റെയോ, പടത്തലവന്റെയോ ശവസംസ്ക്കാരം നടത്തിയതിന്റെ അവശിഷ്ടമാണിതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഏതോ ഒരു വലിയ യാത്രാസംഘം ഇവിടെ തമ്പടിച്ചപ്പോള്‍ വലിയ അടുപ്പുകൂട്ടുകയും പെരും വട്ടളത്തില്‍ ചോറു വയ്ക്കാന്‍ അരിയിട്ടെന്നും എത്ര തീ കത്തിച്ചിട്ടും അരി വേവാത്തതിനാല്‍ വട്ടളം അടുപ്പിന് മുകളില്‍ കമഴ്ത്തിവച്ച് മണ്ണ് വാരിയിട്ട് യാത്ര തുടര്‍ന്നന്നും, ആ വട്ടളവും അടുപ്പുമാണ് പിന്നീട് അടുപ്പുകൂട്ടിപ്പാറയായതെന്നും പറയപ്പെടുന്നു. കുഞ്ഞിമംഗലം ഹൈസ്ക്കൂളിനരികെ ചെറുതാഴത്തിന്റെ മണ്ണില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ഈ സ്മാരകം.