ചെറുതാഴം
കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ പയ്യന്നൂര്‍ ബ്ളോക്കിലാണ് ചെറുതാഴം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ചെറുതാഴം ഗ്രാമപഞ്ചായത്തിനു 32.18 ച.കി.മീ ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ പടിഞ്ഞാറുഭാഗത്ത് കുഞ്ഞിമംഗലം, രാമന്തളി ഗ്രാമപഞ്ചായത്തുകളും, വടക്ക് കടന്നപ്പള്ളി ഗ്രാമപഞ്ചായത്തും, പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും, കിഴക്ക് പരിയാരം, ഏഴോം ഗ്രാമപഞ്ചായത്തുകളും, തെക്ക് ഏഴോം, മാടായി ഗ്രാമപഞ്ചായത്തുകളുമാണ്. അറബിക്കടലില്‍ നിന്ന് ഏകദേശം എട്ടു കിലോമീറ്റര്‍ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം, നിരവധി കുന്നുകളും താഴ്വരകളും പ്രകൃതിദത്ത ജലസ്രോതസുകളും കൊണ്ട് അനുഗൃഹീതമായ ഭൂപ്രദേശമാണ്. ഒരുപക്ഷേ കുന്നിന്ചെരിവുകളും താഴ്വരകളും ഉള്‍കൊള്ളുന്ന പ്രദേശമായതുകൊണ്ടാകാം ചെറുതായം അഥവാ ചെറുതാഴം എന്ന പേര് ഈ ഗ്രാമത്തിന് കൈവന്നത് എന്ന് പറയപ്പെടുന്നു. കേരളത്തില്‍ തന്നെ നാല് തിടമ്പുകള് ഒരേ സമയം നൃത്തം ചവിട്ടുന്ന ക്ഷേത്രവും (ഹനുമാനമ്പലം) ഈ ഗ്രാമത്തിലാണ്. 1948 ആഗസ്റ്റ് 31-ന് ചെറുതാഴം, കുഞ്ഞിമംഗലം എന്നീ രണ്ട് റവന്യൂ വില്ലേജുകള്‍ ചേര്‍ത്ത് ചെറുതാഴം പഞ്ചായത്ത് രൂപീകൃതമാവുമ്പോള്‍ ഒരു മൈനര്‍ പഞ്ചായത്തായിരുന്നു. പഞ്ചായത്ത് ഭരണസമിതി നിലവില്‍ വരുന്നതിന് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകോടതി നിലവിലുണ്ടായിരുന്നു. പത്തു വര്‍ഷക്കാലത്തിലധികം ഇതിന്റെ പ്രവര്‍ത്തനം നിലവിലുണ്ടായിരുന്നു. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് കെ.കുഞ്ഞികൃഷണന്‍ നമ്പ്യാരായിരുന്നു. 1951 ഏപ്രില്‍ 1-ന്, ഒന്നാം ക്ളാസ് പഞ്ചായത്തായി ചെറുതാഴം ഉയര്‍ത്തപ്പെട്ടു. പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തില്‍ 1953 ജൂണ്‍ 5-ന് നടന്ന തെരഞ്ഞെടുപ്പില്‍ 15 അംഗ ഭരണസമിതി നിലവില്‍ വന്നു. സാമൂഹ്യ രാഷ്ട്രീയരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരും പ്രഗത്ഭരുമായ നാട്ടുവൈദ്യന്മാര് കൂടി ഉള്‍പ്പെട്ട ഭരണസമിതിയായിരുന്നു അത്. ആ ഭരണസമിതിയില്‍ ടി.വി.നാരായണന് നായര്‍ പ്രസിഡന്റും, പി.തമ്പാന് വൈദ്യര് വൈസ്പ്രസിഡന്റുമായിരുന്നു. ക്ഷേത്രങ്ങളും കാവുകളും കേന്ദ്രമാക്കി വളര്‍ന്നുവന്ന ക്ളാസിക്കല്‍ കലകളുടെയും നാടന്‍ കലാരൂപങ്ങളുടെയും വൈവിധ്യമാര്‍ന്ന ഒരു ചരിത്രം ഈ മണ്ണിനുണ്ട്. തെയ്യത്തിന്റെയും, തിയ്യാടി കൂത്തിന്റെയും, കോതാമൂരിയുടെയും, ആടിവേഷത്തിന്റെയും, ഉത്തരകേരളത്തിന്റെ പട്ടത്താനമായ പൂരക്കളിയുടെയും നാടാണിത്. കഥകളിയുടെ വിശ്വവശ്യത ലോകം മുഴുവന്‍ ഉയര്‍ത്തിക്കെട്ടിയ കലാമണ്ഡലം കൃഷ്ണന്‍നായര്‍, തെയ്യം കലയില്‍ പുകള്‍പെറ്റ അതിയടം കണ്ണന്‍പെരുവണ്ണാന്‍, നാടന്‍ കലാരൂപങ്ങളെ ജനകീയവത്കരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ഡോ.എ.കെ.നമ്പ്യാര്‍, പ്രഗത്ഭസാഹിത്യ പണ്ഡിതനും പുരോഗമനസാഹിത്യകാരനുമായ ഡോ.എന്‍.വി.പി.ഉണ്ണിത്തിരി, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മണ്ടൂര്‍ സുകുമാരന്‍ എന്നിവര്‍ ചെറുതാഴത്തിന്റെ പുത്രന്മാരാണ്.