ചരിത്രം

 ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടം വരെ മൂന്നില്‍ രണ്ട് ഭാഗം കൃഷിഭൂമിയും  ബാക്കി കരയുമായ ഒരു ഭൂപ്രദേശമായിരുന്നു ചെറുതന. പമ്പാനദിയും അച്ചന്‍ കോവില്‍  ആറിന്റെ കൈവഴിയും  മറ്റ് ഒട്ടേറെ ഉപപുഴകളും ഈ പ്രദേശത്ത് കൂടി പടിഞ്ഞാറോട്ട് ഒഴുകുന്നത് കൊണ്ട് ഭൂമി വളരെ ഫലഭൂയിഷ്ഠമായിരുന്നു. തേവരി, തണ്ടപ്ര, പാണ്ടി, പോച്ച, മടയനാരി, കുട്ടന്‍കരി, കോഴിക്കുഴി, കോതേരി, പേരിയ്ക്കാട്ടേരി, തെക്കേ കണത്താരി തുടങ്ങിയ പാടശേഖരങ്ങളില്‍ എക്കല്‍ മണ്ണ് തിങ്ങിക്കൂടുന്നത് നീക്കം ചെയ്ത് കൃഷി ചെയ്തിരുന്ന സ്ഥിതി വരെ ഉണ്ടായിട്ടുണ്ട്. കൊച്ചുവിത്ത്, കുളപ്പാല, ചെറുമാലാറിയന്‍, കുഞ്ഞതിക്കീര, കൊടുങ്ങള്ളൂര്‍, കുറുക, ചമ്പാവ്, ഞവര തുടങ്ങിയ നാടന്‍ വിത്തിനങ്ങളാണ് പ്രധാനമായും  കൃഷിക്ക്  ഉപയോഗിച്ചിരുന്നത്. ഏക്കറിന് 150 പറ വരെ ഉല്‍പ്പാദനം ലഭിച്ചിരുന്നു എന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇരുപ്പൂ കൃഷി സംവിധാനമാണ് നിലനിന്നിരുന്നത്. വെള്ളപ്പൊക്ക കാലയളവില്‍  പ്രധാനമായും വെള്ളത്തെ അതിജീവിക്കുന്ന കുളപ്പാലയാണ് കൃഷി ചെയ്തിരുന്നത്. കൃഷി  ഭൂമിയുടെ 80%  ഈ പ്രദേശത്തുകാര്‍ അല്ലാത്ത വന്‍കിട ഭൂവുടമകളുടെ കൈവശമായിരുന്നു. കൃഷി ആവശ്യങ്ങള്‍ക്ക് വെള്ളം ചവിട്ടി കയറ്റിയിറക്കുന്നതിന് എട്ട് ഇല ചക്രം മുതല്‍ 24 ഇല ചക്രം  വരെ ഉപയോഗിച്ചിരുന്നു. നൂറ്റാണ്ടിന്റെ  മദ്ധ്യകാലഘട്ടത്തോട്  കൂടി കൃഷിരീതിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായി. വെള്ളം ചവിട്ടി ഇറക്കാന്‍ ഉപയോഗിച്ചിരുന്ന ചക്രവും അറയും മാറി എന്‍ജിനും പെട്ടിയും നിലവില്‍ വന്നു. മലയാള വര്‍ഷം 999 ല്‍ ഉണ്ടായ  അതിഭയാനകമായ വെള്ളപ്പൊക്കം ചെറുതന ഭൂവിഭാഗത്തെ പൂര്‍ണ്ണമായും വെള്ളത്തില്‍ താഴ്ത്തി. ഒരു കാലഘട്ടത്തില്‍ പ്രധാന ഗതാഗതം ജലമാര്‍ഗ്ഗമായിരുന്നു. വള്ളങ്ങളായിരുന്നു മുഖ്യമായും ഉപയോഗിച്ചിരുന്നത്. പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലുടെ  ഒഴുകുന്ന ഡാണാപ്പടി, കൊപ്പാറ തോട് എന്നിവ  തിരക്കേറിയ ഒരു ചരക്ക് ഗതാഗത പാതയായിരുന്നു. ആദ്യകാലങ്ങളില്‍ കമ്പനിവള്ളങ്ങളിലായിരുന്നു ഇവിടുത്തുകാര്‍  യാത്ര ചെയ്തിരുന്നത്. പിന്നീട് 5-ാം വാര്‍ഡിലെ മാതിരംപള്ളി ബോട്ട്  ജെട്ടി വഴി ചെങ്ങന്നൂര്‍, ആലപ്പുഴ, എറണാകുളം എന്നീ സ്ഥലങ്ങളിലേക്കും തൈക്കൂട്ടം വഴി കൊല്ലത്തിനും ബോട്ട് സര്‍വ്വീസ് തുടങ്ങി. കായംകുളം രാജാവിന്റെ കീഴിലായിരുന്നു ചെറുതന ഗ്രാമം. ചെമ്പകശ്ശേരി രാജാവുമായി യുദ്ധം ചെയ്ത കാലയളവില്‍  കൊടി കുത്തിയിരുന്ന കുളം പിന്നീട്  കൊടുവത്തും കുളമായി. ഇത് പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. ഹരിപ്പാട് ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം കായംകുളം കായലില്‍  ഉണ്ടെന്ന തന്ത്രിമുഖ്യന്റെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍  കണ്ടെടുത്ത വിഗ്രഹം ജലഘോഷയാത്രയോടെ  അച്ചന്‍ കോവിലാറ്റിലൂടെ ഹരിപ്പാട്ടെത്തിച്ചതിനെ അനുസ്മരിച്ച് പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് ചെറുതന പായിപ്പാട് ആറില്‍ ഇന്നും വള്ളം കളി നടക്കുന്നു. ചെറുതന പഞ്ചായത്തില്‍ നാല് ചുണ്ടന്‍ വള്ളങ്ങള്‍ നിലവിലുണ്ട്.  ശ്രീരാജാകേശവദാസിന്റെ പേരിലുള്ള വലിയ ദിവാന്‍ജി ചുണ്ടനാണ് ഇതില്‍  ഏറ്റവും പഴക്കം ചെന്നത്. ചെറുതന ചുണ്ടന്‍, ആനാരി ചുണ്ടന്‍, ആയാപറമ്പ്-പാണ്ടി ചുണ്ടന്‍ എന്നിവയാണ് പില്‍ക്കാലത്തുണ്ടായ  മറ്റ് ചുണ്ടന്‍ വള്ളങ്ങള്‍. ചെറുതനയിലെ കൊട്ടാരം പെരുമാങ്കരയില്‍ ആയിരുന്നു. മാതിരംപള്ളി കോട്ടയും കോട്ടയ്ക്കകവും ഈ സ്ഥലത്താണ്. അമ്പലപ്പുഴ രാജ്യത്തിന്റെ ഭീഷണി ഉണ്ടായിരുന്നതിനാല്‍ ചേരമ കുറുപ്പന്‍മാര്‍ തണ്ടപ്ര പ്രദേശത്ത്  തമ്പടിച്ചിരുന്നു.  ആനാരിയില്‍ നിലനില്‍ക്കുന്ന മുസ്ളീം പള്ളിക്ക് ചരിത്ര പാരമ്പര്യമാണ് രേഖപ്പെടുത്താനുള്ളത്. ആയാപറമ്പ് മീനത്തേതില്‍ പുരയിടത്തില്‍ ഒരു നൂറ്റാണ്ടിനു മുമ്പ് (1886) ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ ( സി.എം.എസ്) പള്ളിയും, പള്ളിക്കൂടവും ആശുപത്രിയും ചേര്‍ന്ന സ്ഥാപനം  നിലനിന്നിരുന്നു. പള്ളിയും പ്രസ്ഥാനങ്ങളും അരനൂറ്റാണ്ട് മുമ്പ് പ്രവര്‍ത്തനം നിലച്ചുവെങ്കിലും ശ്മശാനം ഇന്നും നിലനില്‍ക്കുന്നു. ചെറുതന പ്രദേശത്ത്  ആദ്യത്തെ വെര്‍ണാക്കുലര്‍ സ്കൂള്‍ ആയാപറമ്പ് ചേടു കുളത്ത് എന്ന സ്ഥലത്ത് നാല് ക്ളാസ്സുകളോട്  കൂടി ആരംഭിച്ചു. ഈ സ്കൂള്‍ 1948 ല്‍ വെര്‍ണാക്കുലര്‍ സ്കൂള്‍ പദവിയില്‍  നിന്ന് മാറി മിഡില്‍ സ്കൂളായി രൂപാന്തരപ്പെട്ടു. 1951-ലാണ് ചെറുതനയില്‍ പോസ്റ്റ് ഓഫീസ് ആരംഭിച്ചതെന്ന് അറിയുന്നു. അഞ്ചലോട്ട കാലത്ത് സ്ഥാപിച്ചിരുന്ന ഒരു ശംഖുമുദ്രയോട് കൂടിയ തപാല്‍ പെട്ടി ഇവിടെ നിലനില്‍ക്കുന്നു. 1948ല്‍ തിരുവിതാംകൂര്‍  കര്‍ഷക തൊഴിലാളി  യൂണിയന്‍ കാര്‍ത്തികപ്പള്ളി താലൂക്ക് യൂണിയന്‍ രൂപീകരണ യോഗം കന്ന്യാട്ട്കുളങ്ങര ക്ഷേത്രമൈതാനിയില്‍ നടന്നതായി അഭിപ്രായമുണ്ട്. ഹരിപ്പാട് ഡിവിഷന്റെ കീഴിലുള്ള ലൈനില്‍ നിന്നും 1950 ല്‍ ചെറുതനയിലേക്ക് ഉദ്ദേശം രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഇലക്ട്രിക്  കണക്ഷനുകള്‍  അനുവദിക്കപ്പെട്ടു. മാങ്കുഴില്‍യില്‍ നിന്ന് ചെറുതന കടവ് വരെയായിരുന്നു ലൈന്‍. 1953 ആഗസ്റ്റ് 15 ന് തിരുകൊച്ചി പ്രദേശത്ത് പഞ്ചായത്തുകള്‍ നിലവില്‍ വന്നു. ഇതോടനുബന്ധിച്ച് ചെറുതനയില്‍ 1953 ആഗസ്റ്റ് 27 ന് ആദ്യത്തെ പഞ്ചായത്ത് സമിതി  ചെറുതന എസ്.എ.ഡി.എന്‍.എന്‍.എം വായനശാലയില്‍ യോഗം ചേര്‍ന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റായി ഡി.നാരായണന്‍ നമ്പൂതിരിയെ തെരെഞ്ഞടുത്തു. വൈസ്‌പ്രസിഡന്റ് ജി.പരമേശ്വര പണിക്കര്‍  ആയിരുന്നു. പഞ്ചായത്തില്‍ ആദ്യമായി ഒരു റോഡ് ഗ്രാവല്‍ ചെയ്യുന്നത് 1957 ലാണ്. ചെറുതന കടവ് മുതല്‍ ഗണപതിയാംകുളം വരെ പിന്നീട്  ആയപറമ്പ് റോഡ് ഗ്രാവല്‍ ചെയ്യപ്പെട്ടു.  ഗ്രാമത്തിലേക്കുള്ള ആദ്യത്തെ മോട്ടോര്‍ വാഹനസര്‍വ്വീസ് 1961 ല്‍ കായംകുളത്ത് നിന്ന് ചെറുതനയിലേക്ക് ജയശങ്കര്‍ ബസ്സിന്റെ ആഗമനത്തോടെ ആരംഭിച്ചു. തുടര്‍ന്ന് ഇന്ദിരാ മോട്ടോഴ്സ് സര്‍വ്വീസ് തുടങ്ങിയവ ആയാപറമ്പില്‍ ആരംഭിച്ചു. എ.എന്‍.എം സെന്ററാണ് ആദ്യത്തെ സര്‍ക്കാര്‍ പൊതുജനാരോഗ്യകേന്ദ്രം.