പഞ്ചായത്തിലൂടെ

ഭൂപ്രകൃതി ജനപ്രകൃതി

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കിന്റെ വടക്കേയറ്റത്തും അപ്പര്‍ കുട്ടനാടിന്റെ വടക്കേയറ്റത്തുമായി  കിടക്കുന്ന ഒരു അവികസിത പഞ്ചായത്താണ് ചെറുതന. തെക്കേ അറ്റമായ ആലിയ ചുവടു മുതല്‍ വടക്കേ അറ്റമായ ചെറുത്തുരുത്ത് വരെ ഏകദേശം 6 കി.മീറ്ററും പടിഞ്ഞാറ് അച്ചന്‍ കോവില്‍  ആറ് മുതല്‍ കിഴക്ക് പുത്തന്‍ തുരുത്ത് വരെ ഏകദേശം 5 കി.മീറ്ററും ആറുകളെയും തോടുകളെയും കൊണ്ട് വിഭജിച്ച് കിടക്കുന്ന തീരസമതലങ്ങളാണ് പഞ്ചായത്ത്. ഈ പഞ്ചായത്തിനെ രണ്ടു മേഖലകളായി തിരിക്കാം. അച്ചന്‍ കോവില്‍  ആറിന്റെ തെക്കും വടക്കും ഭാഗങ്ങളായി തെക്കേക്കരയില്‍ ചെളി കലര്‍ന്ന മണ്‍തരികളുള്ള  പുരയിടങ്ങളായും വിരിപ്പുകളായും - വടക്കേകരയിലെ എക്കലും ചെളിയുമുള്ള ഫലപുഷ്ടിയുള്ള പ്രദേശവുമായാണ് ഇതിന്റെ കിടപ്പ്. വെള്ളപ്പൊക്കകാലത്ത് ചെറുതന വടക്ക്, ആയാപറമ്പ് വടക്ക്, ആനാരി പാണ്ടി, പോച്ച, വെങ്കിടച്ചിറ, പെരുമാങ്കര പ്രദേശങ്ങളില്‍ 70%  വെള്ളം കയറുന്നതാണ്. വടക്കന്‍ മേഖലകളില്‍ കൃഷിക്ക് ധാരാളമായി ജലം ലഭിക്കും, പക്ഷേ കുടിവെള്ളത്തിന് ഓര് കലര്‍ന്ന പുളിരസമാണ് മിക്ക കിണറ്റിലും. ധാരാളം നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി എന്നിവ ഇവിടെ കൃഷി ചെയ്യുന്നു. എന്നാല്‍ തെക്കന്‍ മേഖലകളില്‍ കൃഷിക്ക് വെള്ളം കുറച്ചേ ലഭിക്കാറുള്ളൂ.

കൃഷിയും ജലസേചനവും

 ചെറുതന പുണ്യനദിയായ പമ്പയുടെയും അച്ചന്‍കോവില്‍ ആറിന്റെയും (പായിപ്പാട്) തീരഭൂമിയാണ്. ധാരാളം  പുഞ്ചപ്പാടങ്ങളും, വിരിപ്പ് നിലങ്ങളും അവയോട് ചേര്‍ന്ന് പുരയിടങ്ങളും നദീതീരങ്ങളില്‍ സമൃദ്ധമായി തെങ്ങ് കൃഷി ചെയ്യുന്ന ചിറകളും ചെറുതനയുടെ  കാര്‍ഷിക പ്രധാന്യം വിളിച്ചറിയിക്കുന്നു. പ്രധാന കൃഷി നെല്ലും തെങ്ങുമാണ്. സമുദ്രതീരത്ത്  നിന്നും നാല് മീറ്റര്‍ ഉയരമുള്ള സമതലപ്രദേശമാണ് ഇവിടം. ആദ്യകാലങ്ങളില്‍ നെല്‍ക്കൃഷിക്കായിരുന്നു പ്രധാന്യം കൊടുത്തിരുന്നത്. ഇപ്പോഴത്തെ വലിയ പുഞ്ചപ്പാടങ്ങള്‍ വളരെ കുറച്ച് ജന്മിമാരുടെ  കൈയിലായിരുന്നു. 1970 കളില്‍ ഹരിതവിപ്ളവത്തിന്റെ ഭാഗമായി പുതിയ തരം വിത്തിനങ്ങള്‍ കൃഷിയിറക്കി. ഉയര്‍ന്ന മണ്‍ബണ്ടുകള്‍, വൈദ്യുത മോട്ടോറുകള്‍, രാസവള കീടനാശിനികള്‍ എന്നിവയുടെ സഹായത്തോടെ  ഉല്‍പ്പാദന പ്രക്രിയ ത്വരിതഗതിയിലാക്കിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുള്ള അതീവ ശ്രദ്ധാ സമീപനം കൃഷിയെ  ഉത്സാഹജനകമായ സംരംഭം ആക്കി തീര്‍ത്തു. അക്കാലത്ത് നിലനിന്നിരുന്ന പ്രധാന നിരക്കുകള്‍ കൂലി :ആണുങ്ങള്‍ക്ക്  - 70 രൂപയും  ജോലി പ്രതിദിനം 6 മണിക്കൂര്‍ സമയവും, സ്ത്രീകള്‍ക്ക് കൂലി -44 രൂപ എന്നതോതിലുമായിരുന്നു. കൊയ്ത്തുകൂലി - ഏഴിനൊന്ന് പതം, പതത്തിന്റെ നാലില്‍ ഒന്ന് തീര്‍പ്പ് (പുഞ്ച), കീടനാശിനി- ഒരു കുറ്റി വെള്ളം തളിയ്ക്കല്‍ - തളിക്കുന്നതിന് ആറുരൂപ, തെങ്ങ് കയറ്റകൂലി - ഒരു തെങ്ങിന് രണ്ട് രൂപ വരെ എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. പ്രകൃതിയുടെ ജലസമ്പത്ത് ആവശ്യലത്തിലധികം ഉണ്ട്.  മുറിയോടി തോട്, പള്ളിവാതുക്കല്‍തോട് എന്നിവകള്‍ ഹരിപ്പാട്ടുനിന്ന് ആരംഭിക്കുന്ന തോടുകളാണ്. ഈ തോടുകളില്‍ കൂടി ഒരു കാലത്ത് ഹരിപ്പാടുവരെ ജലഗതാഗതം വരെ നടത്താമായിരുന്നു. ഈ പഞ്ചായത്തില്‍ ഇരുപത്തിയേഴ് പുഞ്ചപ്പാടങ്ങള്‍ ഉണ്ട്. കൃഷിഭവന്റെ കീഴില്‍ 23 രജിസ്റ്റര്‍ ചെയ്ത പുഞ്ചപ്പാട നെല്ലുല്പാദക സമിതികളുണ്ട്. സര്‍ക്കാര്‍ തലത്തില്‍ കാലാകാലങ്ങളില്‍ ഉണ്ടാകുന്ന എല്ലാ കൃഷി വികസന നടപടികളും ഈ ആഫീസ് മുഖേന നടപ്പാക്കുന്നു. ചെറുതന പഞ്ചായത്ത് പ്രദേശം പൂര്‍ണ്ണമായും കാര്‍ഷികമേഖലയാണ്. കൃഷിയും കന്നുകാലി വളര്‍ത്തലും കൊണ്ട് 90% ആളുകളും ദൈനംദിനജീവിതം നയിക്കുന്നു. കന്നുകാലി വളര്‍ത്തല്‍ കൊണ്ടു തന്നെ ജീവിക്കുന്ന കുടുംബങ്ങള്‍ ഇവിടെയുണ്ട്. താറാവു കൃഷിയും കോഴികൃഷിയും വ്യാപകമായുണ്ട്.

അടിസ്ഥാന മേഖലകള്‍

പരമ്പരാഗത വ്യവസായങ്ങളായ കുട്ട നെയ്ത്ത്, ചുണ്ണാമ്പ് നിര്‍മ്മാണം, പാര്‍പ്പിട നിര്‍മ്മാണം, ബീഡി തെറുപ്പ് മുതലയാവ ഉപജീവനത്തിന് വേണ്ടി അപൂര്‍വ്വം ചില വ്യക്തികള്‍ ചെയ്തു വരുന്നുണ്ട്. ഈ പഞ്ചായത്തില്‍ പന്ത്രണ്ട് നെല്ലു കുത്തി മില്ലുകളും, അതിനോടനുബന്ധിച്ചുള്ള ഫ്ളവര്‍ മില്ലും,  4 കൊപ്രാ ആട്ടുന്ന മില്ലുകളും, ഒരു സോ മില്ലും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. പരമ്പരാഗത വ്യവസായത്തില്‍ പ്രമുഖമായിട്ടുള്ള നെയ്ത്തു വ്യവസായം ( കൈത്തറി ) ഈ പഞ്ചായത്തില്‍ ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിന്റെ ആസ്ഥാനമായ ഹരിപ്പാട്ട് നിന്നും ഏകദേശം 4 കി.മീ വടക്ക് മാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ചെറുതന ഗ്രാമം. കാര്‍ഷിക വൃത്തിക്ക് മുന്‍തൂക്കമുള്ള ഈ പ്രദേശത്ത് ജനങ്ങള്‍ കൂടുതലും കാര്‍ഷിക മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. തന്മൂലം വിദ്യാഭ്യാസ രംഗത്ത് ജനങ്ങള്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. എങ്കിലും ചെറുപ്രായത്തില്‍ തന്നെ ഗ്രാമപ്രദേശങ്ങളിലെ കുടിപ്പള്ളിക്കൂടം ആശാന്‍മാരുടെ കീഴില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തി  സാമാന്യം എഴുത്തും വായനയും അഭ്യസിച്ചിരുന്നു. ഈ സമ്പ്രദായം ഗുരുകുല വിദ്യാഭ്യാസത്തിന്റ പ്രതീതി ഉളളവാക്കുന്ന ഒരു രീതി ആയിരുന്നു. ഏകദേശം ഒരു നൂറ്റാണ്ടിനും വളരെ മുമ്പ് ആയാപറമ്പ് ചേടോളത്ത് സ്ഥാപിച്ച പളളിക്കൂടമാണ് ആദ്യ വിദ്യാഭ്യാസസ്ഥാപനം.  അതിനുശഷം 1966 ല്‍ പ്രസ്തുത വിദ്യാകേന്ദ്രം ഗവ. ഹൈസ്ക്കൂളായി രൂപാന്തരപ്പെട്ടു. ഔപചാരിക വിദ്യാഭ്യാസ രംഗത്ത് നാല് എല്‍.പി. സ്ക്കൂളും, ഒരു യു.പി സ്ക്കൂളും, ഒരു  ഹൈസ്ക്കൂളുമാണ് പ്രവര്‍ത്തിച്ച് വരുന്നത്. കുടിവെള്ളത്തിനായി  പഞ്ചായത്തിലെ ഏതാണ്ട് 55%  ജനങ്ങളും കിണറുകളെ ആശ്രയിക്കുന്നു. 7% പൈപ്പ്  ജലത്തെയും  ബാക്കി നദീജലവുമാണ് ഉപയോഗിക്കുന്നത്. പഞ്ചായത്തില്‍ കേരളാ വാട്ടര്‍ അതോറിറ്റിയുടെ ഒരു ജലവിതരണ പദ്ധതി ആറാം വാര്‍ഡിലെ പാണ്ടി പ്രദേശത്തുണ്ട്. ആറുകളാലും തോടുകളാലും സ്പില്‍വേ ലീഡിംഗ് ചാനല്‍ കൊണ്ടും ഈ പഞ്ചായത്ത് പ്രദേശം പല ഭാഗങ്ങളായി വേര്‍തിരിക്കപ്പെടുന്നു. ഇങ്ങനെ വേര്‍തിരിക്കപ്പെടുന്നുവെങ്കിലും വാര്‍ഡുകളെ തമ്മില്‍  കൂട്ടിയിണക്കുന്ന യാത്രാസൌകര്യം കടത്തുവള്ളങ്ങളാണ്.ചെറുതന ഗ്രാമപഞ്ചായത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ പായിപ്പാട്ട് ജലോത്സവം മുഖ്യ പങ്ക്  വഹിക്കുന്നു. ദേശീയ ഐക്യം നിലനിര്‍ത്തുന്ന ഈ ജലമേള ഹരിപ്പാട്ട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാസ്മാരകമാണ്. പഞ്ചായത്തിലെ ആദ്യ ഗ്രന്ഥശാല എസ്.ഡി.എന്‍.എന്‍ ലൈബ്രറിയാണ്. ഇത് പഞ്ചായത്ത് ആഫീസ് അങ്കണത്തില്‍  സ്ഥിതി ചെയ്യുന്നു. ഇന്ന് പഞ്ചായത്തില്‍ 4-ാം വാര്‍ഡില്‍ പഞ്ചായത്ത് നിര്‍മ്മിച്ചിട്ടുള്ള സാംസ്കാരിക  നിലയവും 3-ാം വാര്‍ഡില്‍ എസ്.ഡി.എന്‍.എന്‍ ലൈബ്രറിയും ഉണ്ട്. 1956 ല്‍ ചെറുതന പഞ്ചായത്തില്‍ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പരസ്പര സഹായ സഹകരണ സംഘം എന്ന പേരിലാണ് ഇത് ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത് (മള്‍ട്ടി പര്‍പ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റി). അന്നത്തെ പ്രസിഡന്റ് കൊപ്പാറ നാരായണപിളളയും സെക്രട്ടറി പൂവക്കാട്ട് ശിവരാമപിള്ളയും ആയിരുന്നു.