ചെറുതന

ആലപ്പുഴ ജില്ലയില്‍കാര്‍ത്തികപ്പള്ളി താലൂക്ക് പരിധിയില്‍ ഹരിപ്പാട് ബ്ളോക്ക്പഞ്ചായത്തിലാണ് ചെറുതന ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട്ട് നിന്നും ഏകദേശം 4 കി.മീ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ചെറുതന ഗ്രാമം കാര്‍ഷിക വൃത്തിക്ക് മുന്‍തൂക്കമുള്ള പ്രദേശമാണ്. ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കിന്റെ വടക്കേയറ്റത്തും അപ്പര്‍ കുട്ടനാടിന്റെ വടക്കേയറ്റത്തുമായി  കിടക്കുന്ന 14.25   ച.കി.മീ  വിസ്തീര്‍ണ്ണമുള്ള ഒരു അവികസിത പഞ്ചായത്താണ് ചെറുതന. തെക്കേ അറ്റമായ ആലിയ ചുവടു മുതല്‍ വടക്കേ അറ്റമായ ചെറുത്തുരുത്ത് വരെ ഏകദേശം 6 കി.മീറ്ററും പടിഞ്ഞാറ് അച്ചന്‍ കോവില്‍  ആറ് മുതല്‍ കിഴക്ക് പുത്തന്‍ തുരുത്ത് വരെ ഏകദേശം 5 കി.മീറ്ററും ആറുകളും  തോടുകളും കൊണ്ട് വിഭജിച്ച് കിടക്കുന്ന തീരസമതലങ്ങളാണ് പഞ്ചായത്ത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടം വരെ മൂന്നില്‍ രണ്ട് ഭാഗം കൃഷിഭൂമിയും  ബാക്കി കരയുമായ ഒരു ഭൂപ്രദേശമായിരുന്നു ചെറുതന. പമ്പാനദിയും അച്ചന്‍ കോവില്‍  ആറിന്റെ കൈവഴിയും  മറ്റ് ഒട്ടേറെ ഉപ പുഴകളും ഈ പ്രദേശത്ത് കൂടി പടിഞ്ഞാറോട്ട് ഒഴുകുന്നത് കൊണ്ട് ഭൂമി വളരെ ഫലഭൂയിഷ്ഠമായിരുന്നു.  നെല്‍ കൃഷിയില്‍ ഏക്കറിന് 150 പറ വരെ ഉല്‍പ്പാദനം ലഭിച്ചിരുന്നു എന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇരുപ്പൂ കൃഷി സംവിധാനമാണ് നിലനിന്നിരുന്നത്. വെള്ളപ്പൊക്ക കാലയളവില്‍  പ്രധാനമായും വെള്ളത്തെ അതിജീവിക്കുന്ന കുളപ്പാലയാണ് കൃഷി ചെയ്തിരുന്നത്. ചെറുതനഗ്രാമ പഞ്ചായത്തിന്റെ  സാംസ്കാരിക ചരിത്രത്തില്‍ പായിപ്പാട്ട് ജലോത്സവം മുഖ്യ പങ്ക്  വഹിക്കുന്നു. ദേശീയ ഐക്യം നിലനിര്‍ത്തുന്ന ഈ ജലമേള ഹരിപ്പാട്ട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാസ്മാരകമാണ്. ചെറുതന ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഇവിടെ ടൂറിസം പദ്ധതികള്‍ ഏറ്റവും കൂടുതല്‍ വികസിപ്പിച്ചെടുക്കാവുന്നതാണ്. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍  നൂറ് മുതല്‍ 110 വരെ ആളുകള്‍ കയറുന്ന മത്സര ചുണ്ടന്‍വള്ളങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. മറ്റേതൊരു  പഞ്ചായത്തിനെക്കാളും കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതും  ഏറ്റവും കൂടുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഉള്ളതുമായ ഒരു പഞ്ചായത്താണ് ചെറുതന ഗ്രാമപഞ്ചായത്ത്.