ചരിത്രം

പതിനഞ്ചാം ശതകത്തിന്റെ ആദ്യത്തില്‍ വേണാട് സ്വരൂപം രണ്ടായി പിരിഞ്ഞ് തൃപ്പാപ്പൂര്‍, ദേശിങ്ങനാട് (ജയസിംഹനാട്) എന്നീ ശാഖകളായി തീര്‍ന്നു. തിരുവിതാംകോട് (ഇന്നത്തെ കന്യാകുമാരി ജില്ല) ആസ്ഥാനമായിരുന്ന തൃപ്പാപ്പൂര്‍ സ്വരൂപമാണ് പിന്നീട് തിരുവിതാംകൂര്‍ എന്നറിയപ്പെട്ടത്. പ്രസ്തുത തൃപ്പാപ്പൂര്‍ സ്വരൂപത്തിലെ ചില തമ്പുരാട്ടിമാര്‍ ആറ്റിങ്ങലില്‍ താമസിച്ചിരുന്നു. ഇവരെ ആറ്റിങ്ങല്‍ തായ്വഴി എന്നറിയപ്പെട്ടിരുന്നു. ആറ്റിങ്ങലും പരിസരപ്രദേശങ്ങളും ഈ താവഴിയില്‍പ്പെടുത്തി ആറ്റിങ്ങല്‍ തമ്പുരാട്ടിമാര്‍ ഭരിച്ചുപോന്നു. എങ്കിലും ഇതൊരു സ്വതന്ത്രഭരണ സമ്പ്രദായമായിരുന്നില്ല. തിരുവിതാംകൂര്‍ രാജാവിന്റെ അനുവാദത്തോടെയും അംഗീകാരത്തോടെയും ആയിരുന്നു ഈ ഭരണക്രമം. ആറ്റിങ്ങല്‍ തായ്വഴികള്‍ അധിവസിച്ചിരുന്ന കൊല്ലമ്പുഴ നിന്നും ഉദ്ദേശം 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന ചെറുന്നിയൂരും ഈ തായ്വഴിയുടെ ഭരണനിയന്ത്രണത്തില്‍പ്പെട്ട പ്രദേശമായിരുന്നു. അതുകൊണ്ടാകാം ഈ പഞ്ചായത്തുപ്രദേശത്തെ ഭൂമികളാകെ പണ്ടാരംവക എന്നും, പണ്ടാരപ്പാട്ടം എന്നും നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് ശ്രദ്ധേയമാണ്. ദേശിങ്ങനാടിന്റെ ആസ്ഥാനം കൊല്ലവും തിരുവിതാംകൂറിന്റെ ആസ്ഥാനം തിരുവിതാംകോടും ആയിരിക്കെ, വഴിപിരിഞ്ഞ സ്വരൂപങ്ങള്‍ തമ്മില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സൌകര്യമായ ഗതാഗതസംവിധാനം അത്യാവശ്യമായി. ഈ ഗതാഗതത്തിന്റെ ചരിത്രത്തിലാണ് ചെറുന്നിയൂര്‍ പ്രദേശം ശ്രദ്ധിക്കപ്പെടുന്നത്. 1877 -ലും 1880-ലുമായി വര്‍ക്കല തോട്ടില്‍ ഒന്നും രണ്ടും തുരങ്കങ്ങളുടെ പണി പൂര്‍ത്തിയായതോടെ തിരുവനന്തപുരം വരെ നീളുന്ന ഒരു ജലഗതാഗത മാര്‍ഗ്ഗം ഉണ്ടായി. എന്നാല്‍ ഈ തുരങ്കങ്ങള്‍ പൂര്‍ത്തിയാകും മുമ്പ്, കൊല്ലത്തുനിന്നും തോണിയില്‍ത്തന്ന മുഴുവന്‍ ദൂരവും സഞ്ചരിക്കാന്‍ ആകുമായിരുന്നില്ല. ‘മയൂരസന്ദേശം’ 62, 63 പദ്യങ്ങളില്‍ സൂചിപ്പിക്കുംവിധം വര്‍ക്കല നിന്നും അടുത്ത ജലഗതാഗതകേന്ദ്രത്തില്‍ എത്തിച്ചേരാന്‍ ചെറിയൊരു ദൂരം കരമാര്‍ഗ്ഗം സഞ്ചരിക്കേണ്ടിയിരുന്നു. വര്‍ക്കലയുടെ പടിഞ്ഞാറുള്ള ചിലക്കൂര്‍ ആയിരുന്നു ഇങ്ങനെ യാത്ര തുടരേണ്ടിയിരുന്ന ഒരു കേന്ദ്രം. രണ്ടാമതു കേന്ദ്രമാകട്ടെ ചെറുന്നിയൂര്‍ പഞ്ചായത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പുത്തന്‍കടവ് ആയിരുന്നു. കൊല്ലത്തുനിന്നും വര്‍ക്കലയ്ക്കുള്ള ജലഗതാഗതമാര്‍ഗ്ഗത്തില്‍ സുപ്രധാനമായ ഒരു കേന്ദ്രമായിരുന്ന നടയറ കടവില്‍ നിന്നും, പുത്തന്‍കടവിലേക്ക് ഉദ്ദേശം 4 കിലോമീറ്റര്‍ നീളത്തില്‍ അതിവിശാലമായ ഒരു റോഡ് നിലവിലുണ്ട്. വസ്തുതകള്‍ പരിശോധിച്ചാല്‍ ഈ റോഡിന് തീര്‍ച്ചയായും 1877 നും പിറകോട്ട് 15-ം ശതകത്തിന്റെ ആദ്യപകുതിയിലേക്ക് നീളുന്ന ഒരു ഭൂതകാലമുണ്ടായിരിക്കണം. കോഴിത്തോട്ടം കായലില്‍ സ്ഥിതി ചെയ്യുന്ന പുത്തന്‍കടവില്‍ നിന്നും ജലമാര്‍ഗ്ഗം കഠിനംകുളം കായലിലേക്കും തുടര്‍ന്ന് തിരുവനന്തപുരം വരെയും സുഗമമായി ജലപാത അന്നുണ്ടായിരുന്നു.

സ്ഥലനാമ ചരിത്രം

രാജാക്കന്മാരുടെ യാത്രവേളകളുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രദേശത്തിന് ചെറുന്നിയൂര്‍ എന്ന് നാമം കൈവന്നതെന്ന് പരക്കേ പറയപ്പെടുന്നു. ‘ചെറുനീര്‍’ എന്നാല്‍ ‘ഇളനീര്‍’ എന്നും കേരസമൃദ്ധമായ ചെറുന്നിയൂരില്‍ വച്ച് യാത്രാമധ്യേ തിരുമനസ് ഇളനീര്‍ പാനം ചെയ്കയാല്‍ ചെറുനീരുള്ള ഊര് അഥവാ ചെറുന്നിയൂര്‍ എന്ന പേര് ലഭിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. പാലച്ചിറ മുതല്‍ പുത്തന്‍കടവുവരെ ചെറുന്നിയൂര്‍ പഞ്ചായത്തില്‍ ഇപ്പോള്‍ നിലവിലുള്ള ഈ രാജപാതയില്‍ തന്നയാണ് ‘ദളവാപുരം’ എന്ന സ്ഥലവും നിലവിലുള്ളത്.  ’മന്ത്രിയുടെ മന്ദിരം’ എന്നര്‍ത്ഥം വരുന്ന ഈ സ്ഥലനാമം ഈ പഞ്ചായത്തിന്റെ ഗതകാല പ്രതാപങ്ങള്‍ക്ക് സാക്ഷിയാണ്. സ്ഥലനാമത്തെ സംബന്ധിച്ച് ഭാഷാപരമായി വിശകലനം ചെയ്താല്‍ ചെറു, നീര്‍, ഊര്‍ എന്നീ പദങ്ങളുടെ സമ്മേളനം കാണാന്‍ കഴിയും. നിരവധി ചെറുനീരുറവകളുടെ ഊരാണ് ഈ പ്രദേശം. കൊടുംവേനലില്‍ പോലും വറ്റാത്ത നീരുറവകള്‍ ഇന്നും ഈ മണ്ണിന്റെ പ്രത്യേകതയാണ്. അങ്ങനെ ചെറു-നീര്‍-ഊര്‍ എന്നത് കാലാന്തരത്തില്‍ ചില ശബ്ദങ്ങള്‍ ലോപിച്ച് ഉച്ചാരണലാളിത്യം പ്രാപിച്ച് ചെറുനീരൂര്‍ എന്നും ചെറുന്നിയൂര്‍ എന്നും രൂപാന്തരീകരണം പ്രാപിച്ചതാണെന്നും വിശ്വസിക്കുന്നതില്‍ ഭൌതികാടിത്തറയും ഭാഷാപരമായ ശാസ്ത്രീയതയും ഉണ്ട്. പാശ്ചാത്യരുടെ മേല്‍ക്കോയ്മ ഈ പ്രദേശത്തും വ്യാപരിച്ചിരുന്നു എന്നുള്ളത് വെന്നികോടും പരിസരപ്രദേശവും സാക്ഷ്യപ്പെടുത്തുന്നു. അകത്തുമുറിക്കടവില്‍ ഇപ്പോഴും ‘ഈീാ ഒീൌലെ’ എന്ന് ശില്പചാരുതയോടെ മരത്തില്‍ കൊത്തിവച്ച നാമഫലകവുമായി നിലകൊള്ളുന്ന വളരെ പഴക്കം ചെന്ന ഓഫീസ് കെട്ടിടമുണ്ട്. അകത്തുമുറിക്കടവിന്റെ മുന്‍കാല ഔദ്യോഗികപ്രാധാന്യത്തിനു കൂടി തെളിവാണിത്. വെന്നിക്കോട്ട് നൂറു വര്‍ഷത്തിലധികം പഴക്കമുള്ള ഒരു ബംഗ്ളാവ് കേടുപാടുകളോടെ ഇപ്പോഴും കാണപ്പെടുന്നുണ്ട്. ഈ കെട്ടിടത്തിന്റെ ഭിത്തികള്‍ക്ക് രണ്ടര അടിയോളം ഘനം വരും. കേരളീയ വാസ്തുശില്പ മാതൃകയില്‍ അതിവിശാലമായി തീര്‍ത്ത ഓലമേഞ്ഞ ഈ കെട്ടിടത്തില്‍ ബെന്നി എന്ന ഒരു സായ്പ് താമസിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ആധിപത്യം ഉണ്ടായിരുന്ന പ്രദേശം എന്ന അര്‍ത്ഥത്തില്‍ ബെന്നിയുടെ കോട്, ബെന്നികോടെന്നും, ഇത് പില്‍ക്കാലത്ത് വെന്നികോട് എന്നും വിളിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്നു (കോട്- കോട്ട, അഗ്രം, പാര്‍ശ്വം- അമര മലയാള നിഘണ്ടു). ബ്രീട്ടിഷ് ആധിപത്യം നിലനിന്നിരുന്ന കാലത്ത് മിഷണറിമാരുടെ പ്രവര്‍ത്തനഫലമായി ക്രിസ്തുമതം സ്വീകരിച്ച ജനവിഭാഗം മറ്റു കേരളീയഗ്രാമങ്ങളിലെപോലെ ഈ പഞ്ചായത്തിലും കാണാന്‍ കഴിയും.

പഞ്ചായത്ത്  രൂപീകരണം

പഞ്ചായത്തുരൂപീകരണത്തിന് മുന്‍പ് വില്ലേജുകളുടെ ഭരണം നടത്തിയിരുന്നത് പ്രധാനമായും വില്ലേജധികാരികള്‍ ആയിരുന്നു. ഇപ്പോഴത്തെ വില്ലേജാഫീസര്‍ക്ക് തുല്യമാണെങ്കിലും മുന്‍കാലങ്ങളില്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പ്രബലമായ സ്വാധീനം ഭരണകാര്യങ്ങളില്‍ ഉണ്ടായിരുന്നു. അധികാരിയുടെ ആസ്ഥാനത്തിന് ചാവടി എന്നായിരുന്നു പേര്. ചെറുന്നിയൂരില്‍ ചാവടി ആദ്യമായി ആരംഭിച്ചത് ഒരു സ്വകാര്യവ്യക്തിയുടെ വീട്ടിലായിരുന്നു. ഈ വീട്ടിന് ചാവടി പുത്തന്‍ വീട് എന്ന പേരും ലഭിക്കുകയുണ്ടായി.1953-ല്‍ മുടിയക്കോട്, മേക്കോണം, അയന്തി, പാലച്ചിറ, വെന്നിക്കോട്, അകത്തുമുറി, കാറാത്തല, എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചെറുന്നിയൂര്‍ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. തുടര്‍ന്ന് ഒരു പഞ്ചായത്ത് ഭരണസമിതി നിലവില്‍ വരികയും തൊടിയില്‍ എന്‍.നടരാജന്‍ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെടുകയും ചെയ്തു. അന്നാളുകളില്‍ പഞ്ചായത്ത് ഓഫീസര്‍ എന്ന തസ്തിക നിലവിലില്ലായിരുന്നു. ഓഫീസറുടെ എക്സിക്യൂട്ടീവധികാരങ്ങള്‍ പ്രസിഡന്റില്‍ നിക്ഷിപ്തമായിരുന്നു. ഒരു പാര്‍ട്ട്ടൈം ക്ളാര്‍ക്കും ഒരു പാര്‍ട്ട് ടൈം ശിപായിയുമായിരുന്നു ഉദ്യോഗസ്ഥരായി ഉണ്ടായിരുന്നത്. ഏതാണ്ടൊരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഓരോ മുഴുവന്‍സമയ ക്ളാര്‍ക്കും ശിപായിയും നിയമിതരായി. 1956-ല്‍ ആണ് മുഴുവന്‍ സമയ പഞ്ചായത്തോഫീസര്‍ എക്സിക്യൂട്ടീവ് അധികാരങ്ങളോടെ നിയമിതനായതും മുഴുവന്‍സമയ പഞ്ചായത്താഫീസ് പ്രവര്‍ത്തിച്ചുതുടങ്ങിയതും. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്ത് ഓഫീസിന് സ്വന്തമായി മന്ദിരമുണ്ടായത് 1965-ലാണ്.

ഗതാഗത ചരിത്രം

ആറു പതിറ്റാണ്ടുകള്‍ക്കപ്പുറം കല്ലമ്പലം വര്‍ക്കല റോഡിന്റെ ഭാഗമായി പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയിലൂടെ കടന്നുപോയിരുന്ന ടാര്‍ റോഡല്ലാതെ മറ്റൊരു റോഡ് പഞ്ചായത്തിലില്ലായിരുന്നു. മണ്ണുറോഡുകളും നടപ്പാതകളായി ഉപയോഗിച്ചിരുന്ന ഇടവഴികളുമായിരുന്നു യാത്രാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. പാലച്ചിറ പുത്തന്‍കടവു റോഡും അതുമായിച്ചേര്‍ന്ന് ആറ്റിങ്ങല്‍ റോഡുമായിരുന്നു പഞ്ചായത്തിനകത്തുള്ള പ്രധാന റോഡുകള്‍. മണികിലുക്കി ‘കടപട’ ശബ്ദത്തോടെ ചെമ്മണ്‍റോഡുകളില്‍ കൂടി ഓടുന്ന കാളവണ്ടികളും പ്രൌഡിയുടേയും ആഡ്യത്വത്തിന്റേയും പ്രതീകമായ വില്ലുവണ്ടിയുമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യദശകങ്ങള്‍ക്കുമുമ്പ് ഈ പഞ്ചായത്തിലെ ഗതാഗതസൌകര്യങ്ങള്‍. കായലിന്റെ സാന്നിധ്യമുള്ളതുകൊണ്ട് വള്ളങ്ങള്‍ വ്യാപകമായി ഗതാഗതത്തിനുപയോഗിച്ചിരുന്നു. വില്ലുവണ്ടി അഥവാ കാളവണ്ടി സ്വന്തമായുള്ള ഒന്നാ രണ്ടോ പൌരപ്രമുഖന്മാര്‍ വണ്ടിക്കാരന്‍ എന്ന പേരില്‍ അറിയപ്പെടുക പോലും ചെയ്തിരുന്നു. ഗ്രാമവാസികള്‍ക്ക് അടിയന്തിരഘട്ടത്തില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും, മറ്റ് ഒഴിച്ചുകൂടാനാവാത്ത അവസരങ്ങളിലും മാത്രമേ ഈ വണ്ടികള്‍ ഉപയോഗിച്ചിരുന്നുള്ളു. അക്കാലത്തെ പ്രധാന കരഗതാഗത വാഹനമായിരുന്നു അടിയില്‍ റാന്തലും കെട്ടിത്തൂക്കി ഓടുന്ന കാളവണ്ടികള്‍. റോളര്‍ ലിവര്‍ ഉപയോഗിച്ച് സ്റാര്‍ട്ടു ചെയ്ത് ഓടിക്കുന്ന എസ്.കെ.വി മോട്ടോഴ്സിന്റെ വര്‍ക്കല-ആറ്റിങ്ങല്‍ ലൈന്‍ ബസ്സാണ് ആദ്യമായി ഈ പഞ്ചായത്ത് പ്രദേശത്തു കൂടെ ഓടി തുടങ്ങിയ ബസ്സ്. ബസ്സുകള്‍ക്കുള്ളില്‍ തടിബഞ്ചുകള്‍ പിടിച്ചിട്ട് അതിന്മേല്‍ ഇരുന്നാണ് അക്കാലത്തെ യാത്ര. വെള്ളിയാഴ്ചക്കാവുപാലം 1958-ല്‍ പണിയുന്നതുവരെ പേരേറ്റില്‍ വരെയായിരുന്നു സര്‍വ്വീസ്. 1967 ലാണ് കെ.എസ്.ആര്‍.ടി.സിയുടെ ബസ് പഞ്ചായത്തില്‍ കൂടി ആദ്യമായി സര്‍വ്വീസ് നടത്തി തുടങ്ങിയത്. വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമേ സൈക്കിള്‍ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. സൈക്കിള്‍ വാടകയ്ക്ക് കൊടുക്കല്‍ അക്കാലത്തെ ഒരു പ്രധാന ബിസിനസ്സ് ആയിരുന്നു. പിന്നീടാണ് പഞ്ചായത്തില്‍ ഒന്നുരണ്ടു കാറുകള്‍ പ്രത്യക്ഷമായത്. ടൂവീലര്‍ എന്നത് ആറര പതിറ്റാണ്ടുകള്‍ക്കകത്തു മാത്രം അങ്ങിങ്ങു കണ്ടുതുടങ്ങിയ വാഹനമായിരുന്നു. ആട്ടോറിക്ഷയ്ക്ക് 45 വര്‍ഷത്തോളം പ്രായമേയുള്ളൂ. ഇതൊക്ക പറയുമ്പോള്‍ ബ്രൂക്ക്ബോണ്ട് തേയിലയുടെ സെയില്‍സ് വാഹനമായ കുതിരവണ്ടിയെപ്പറ്റി പറയാതിരിക്കാന്‍ കഴിയില്ല. അന്നത്തെ കുട്ടികള്‍ക്ക് ഇതിന്റെ കാഴ്ച കൌതുകം പകര്‍ന്നിരുന്നു.