പഞ്ചായത്തിലൂടെ

ഭൂപ്രകൃതി, കാലാവസ്ഥ

വടക്ക് പാലച്ചിറ, വടശ്ശേരിക്കോണം തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് തെക്കുകിഴക്കും, തെക്കുപടിഞ്ഞാറുമായി കോഴിത്തോട്ടം കായലിലേക്ക് ചരിഞ്ഞുകിടക്കുന്ന ഒരു ഭൂവിഭാഗമായ ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഏകദേശം ഒരു ഉപദ്വീപിന്റെ ആകൃതിയിലാണെന്ന് പറയാം. വടക്കുപടിഞ്ഞാറന്‍ പ്രദേശമായ അയന്തി, കിഴക്കന്‍പ്രദേശമായ വെള്ളിയാഴ്ചക്കാവ്, കമ്പിക്കകം എന്നിവ താഴ്ന്ന പ്രദേശങ്ങളാണ്. മരക്കടമുക്ക് വരെ വ്യാപിച്ചുകിടക്കുന്ന കുന്നും, പള്ളിക്കുന്നും, പടിഞ്ഞാറ് കല്ലുമലക്കുന്നും, വടക്ക് പാലച്ചിറയുമാണ് പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങള്‍. വിസ്തൃതിയില്‍ ഏറ്റവും വലുത് കല്ലുമലക്കുന്നും ചെറുത് പള്ളിക്കുന്നുമാണ്.ക്രമമായി ചരിഞ്ഞുള്ള ഒരു ഭൂപ്രകൃതിയല്ല ഈ പഞ്ചായത്തിന്റേത്. മറിച്ച് ഉയര്‍ന്ന പ്രദേശങ്ങളും വയലേലകളും ഇടയ്ക്കും മുറയ്ക്കും കൂടികലര്‍ന്ന് കായലോരങ്ങളില്‍ അവസാനിക്കുന്ന ഭൂപ്രകൃതിയാണുള്ളത്. കേരളത്തിന്റെ ഭൌമഘടന ഇനം തിരിച്ച് പരിശോധിച്ചാല്‍ കുന്നിന്‍പ്രദേശവും തീരപ്രദേശവും ഉള്‍പ്പെടുന്നതാണ് ഈ പഞ്ചായത്ത്. സമുദ്രനിരപ്പില്‍ നിന്നും നൂറ് മീറ്റര്‍ വരെ ഉയരത്തില്‍ ഇത് സ്ഥിതി ചെയ്യുന്നു. ഉയര്‍ച്ചതാഴ്ചകളുടെ തോത് വച്ച് തീരസമതലങ്ങളും താഴ്വാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കുന്നും കുത്തനെയുള്ള ചരിവുകളും ചെറിയ ചരിവുകളും പാടശേഖരങ്ങളും ആവര്‍ത്തിച്ചുവരുന്ന ഭൌമപ്രകൃതിയാണ് മിക്ക വാര്‍ഡുകളിലും കാണപ്പെടുന്നത്. ചെറുന്നിയൂര്‍, പാലച്ചിറ, മുടിയാക്കോട്, കാറാത്തല, വെന്നിക്കോട്, അയന്തി എന്നീ അഞ്ച് ഏലാകള്‍ ഈ പഞ്ചായത്തിലുണ്ട്.തെക്കന്‍ ഇടനാടില്‍പ്പെടുന്നതും തിരുവനന്തപുരം മുതല്‍ കടുത്തുരുത്തി വരെ വ്യാപിച്ചുകിടക്കുന്നതുമായ സതേണ്‍ മിഡ്ലാന്റ് സോണ്‍ എന്ന കാര്‍ഷിക കാലാവസ്ഥാമേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. ജൂണ്‍ മുതല്‍ ആഗസ്റ് വരെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇടവപ്പാതിയും ഒക്ടോബര്‍ വരെ മണ്‍സൂണ്‍ ഇടവപ്പാതിയും ഓക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ വടക്കുകിഴക്കന്‍ മണ്‍സൂണും തുലാവര്‍ഷവും വല്ലപ്പോഴും വേനല്‍ മഴയും ലഭിക്കാറുണ്ട്.ലാററൈറ്റ് മണ്ണാണ് ഏറ്റവും അധികമായി പഞ്ചായത്തില്‍ കണ്ടുവരുന്നത്. ഇത് 80% വരും. വയലേലകളില്‍ നദീതട അലൂവിയല്‍ മണ്ണും, എക്കല്‍ മണ്ണും, കായലോരങ്ങളില്‍ മണല്‍ കലര്‍ന്ന എക്കല്‍മണ്ണും, അപൂര്‍വ്വമായി ചിലയിടങ്ങളില്‍ പൂട്ടുമണ്ണും കാണപ്പെടുന്നു.

ഭൂവിനിയോഗം, കൃഷി

ചരിവുകളും കുന്നും താഴ്വരയും ഇടകലര്‍ന്നുള്ളതായിരിക്കുന്നതിനാല്‍ മണ്ണൊലിപ്പ് അതിരൂക്ഷമായി പലയിടങ്ങളിലും അനുഭവപ്പെടുന്നുണ്ട്. പഞ്ചായത്തുടനീളം ഫലഭൂയിഷ്ഠതയുടെ കാര്യത്തില്‍ ശരാശരി നിലവാരം പുലര്‍ത്തുന്നു. കായല്‍ പാടുകളില്‍ നേരിയ വിളവര്‍ദ്ധനയുണ്ട്. തെങ്ങും, കമുകും, നെല്ലും തന്നയാണ് പ്രധാന കൃഷികള്‍. മറ്റുള്ളവ നേരിയ തോതില്‍ അങ്ങിങ്ങുണ്ട്. കെട്ടിട നിര്‍മ്മാണത്തിനു ഭൂമി ഉയര്‍ന്ന തോതില്‍  ഉപയോഗിക്കുന്നു. കളി സ്ഥലങ്ങള്‍ക്കായി ഭൂമി മൂന്നിടത്തുമാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. മുടിയക്കോട് സ്കൂള്‍ ഗ്രൌണ്ടും അകത്തുമുറി ഗ്രൌണ്ടും പഞ്ചായത്തു സ്റേഡിയവുമാണ് അവ.ഈ പഞ്ചായത്തില്‍ ഏകദേശം17-ല്‍പ്പരം കാവുകളുണ്ട്. വടശ്ശേരിക്കോണം കോളനിക്ക് സമീപം, ദളവാപുരം, ആമ്പല്ലൂര്‍ക്കാവ്, പിള്ള വീട്ടില്‍ക്കാവ്, എലിയന്‍വിളാകം കാവ്, മാണിയ്ക്കലഴികം, താന്നിമൂട് കാവ്, ചെറുന്നിയൂര്‍ ചരുവിള നാഗര്‍ കാവ്, മാടന്‍ കാവ്, പേക്കാവ്, വലിയമേലതില്‍ കാവ്, ചെറിയമേലതില്‍ കാവ്, ആറ്റുവിളാകം കീഴേക്കാവ്, ആറ്റുവിളാകം മേലേക്കാവ്,  അഞ്ചുമൂര്‍ത്തിനട, മേലൂട്ട് കാവ്, മാടന്‍ കാവ് എന്നിവയാണ് മേല്‍പ്പറഞ്ഞ 17 കാവുകള്‍. ഇവയിലെല്ലാം കൂടി ഏകദേശം 5 ഏക്കറോളം ജൈവവൈവിധ്യമുള്ള ഭൂമിയുണ്ട്.ചെറുന്നിയൂര്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കുമാറ് ചെറുനീരൊഴുക്കുകളും അതിനോട് ചേര്‍ന്നുള്ള നെല്‍പാടങ്ങളും ഫലഭൂയിഷ്ഠമായ കരഭൂമിയും ചേര്‍ന്നതാണ് ചെറുന്നിയൂര്‍ പഞ്ചായത്ത്. നെല്ല്, നാളികേരം, അടയ്ക്ക, മരച്ചീനി, വാഴ മറ്റ് കരവിളകള്‍ എന്നിവയെല്ലാമായിരുന്നു പ്രധാന കാര്‍ഷികവിളകള്‍. നെല്ലുല്പാദനത്തിലും പാടശേഖരങ്ങളുടെ വിസ്തീര്‍ണ്ണത്തിലും പഴയകാലത്തില്‍ നിന്നും വളരെ പുറകിലാണ് ഈ പഞ്ചായത്തിന്റെ ഇന്നത്തെ നില. നെല്‍കൃഷിയിലുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടവും കൂലിക്കൂടുതലും, ഉത്പാദന ചെലവിലുണ്ടായ വര്‍ദ്ധനയൂം കാരണം ഏലാകളുടെ നല്ലൊരു ഭാഗം തെങ്ങുകൃഷിയ്ക്ക് വഴിമാറിക്കൊടുത്തിരിക്കുകയാണ്. കാല്‍ നൂറ്റാണ്ടിനു മുമ്പ് വരെ മൂപ്പു കുറഞ്ഞ വിത്തുകളുപയോഗിച്ച് മൂന്നു പൂവു കൃഷി ചെയ്തിരുന്ന സ്ഥലങ്ങളെല്ലാം നീരൊഴുക്ക് നിലച്ച് കൃഷിക്ക് അന്യമായിത്തീര്‍ന്നിരിക്കുന്നു. പഞ്ചായത്തിലെ കരകൃഷികളില്‍ ഏറ്റവും പ്രധാനം തെങ്ങാണ്. എന്നാല്‍ കരഭൂമിയും തുണ്ടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.ഒരു കാലഘട്ടത്തില്‍ ഈ ഗ്രാമത്തിലെ ആളുകള്‍ക്ക് നിത്യോപയോഗത്തിനാവശ്യമുള്ള പച്ചക്കറികളും, പയറുവര്‍ഗ്ഗങ്ങളും ഇവിടെത്തന്ന ഉല്‍പാദിപ്പിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയുണ്ടാവില്ല. 1975-ന് മുന്‍പു വരെ വെന്നികോട് രാവിലെ ഒരു ചന്തയും, ദളവാപുരത്ത് ഒരു അന്തിചന്തയുമാണ് ഉണ്ടായിരുന്നത്. അവിടങ്ങളിലെ പ്രധാന വ്യാപാരം മത്സ്യവുമായിരുന്നു. അതിനുമുമ്പ്, ഓണം മുതലായ വിശേഷാവസരങ്ങളില്‍ പച്ചക്കറി വാങ്ങുവാന്‍ നാട്ടിലെ ആളുകള്‍ കൂടുതലായും പോയിരുന്നത് സമീപപ്രദേശത്തുള്ള രഘുനാഥപുരം ചന്തയിലായിരുന്നു. അതിനര്‍ത്ഥം അന്ന് ഇവിടുള്ളവര്‍ അവര്‍ക്കാവശ്യമായ പച്ചക്കറികള്‍ അവരവരുടെ വീട്ടുവിളപ്പില്‍ത്തന്ന ഉല്‍പ്പാദിപ്പിച്ചിരുന്നു എന്നാണ്. ഒരു വര്‍ഷത്തേക്കാവശ്യമുള്ളത്ര ചേന, ചേമ്പ്, കാച്ചില്‍, നനകിഴങ്ങ്, ഇഞ്ചി, വെള്ളരി, മത്തന്‍, കുമ്പളങ്ങ മുതലായവ ഉല്‍പാദിപ്പിച്ച് സൂക്ഷിച്ചിരുന്നു. വീട്ടാവശ്യത്തിന് വേണ്ട മുളക്, വെണ്ട, കത്തിരി, ചീര, അമര, പയര്‍, വാളരി മുതലായവ വീടുകളില്‍ സുലഭമായിരുന്നു. മാങ്ങയും, ചക്കയും കശുവണ്ടിയും അതാത് സീസണുകളില്‍ സുലഭമായി ലഭിച്ചിരുന്നു. ഈ പഞ്ചായത്തില്‍ പ്രധാനമായും 7 തോടുകളും 9 കുളങ്ങളുമാണ് ഉള്ളത്. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്  വളരെയേറെ സാധ്യതകള്‍ നല്‍കുന്നതാണ് ഇവിടുത്തെ കായല്‍പ്രദേശങ്ങള്‍. മത്സ്യക്കയറ്റുമതിരംഗത്ത് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള കടല്‍വിഭവങ്ങളായ ചെമ്മീന്‍, ഞണ്ട്, കരിമീന്‍, കണമ്പ്, കക്ക എന്നിവ ധാരാളമായി ഇവിടെ ലഭിക്കുന്നുണ്ട്.

വിദ്യാഭ്യാസരംഗം

ദീര്‍ഘദര്‍ശിയും ഉത്പതിഷ്ണുവായ കടത്തൂര്‍ നീലകണ്ഠപിള്ള എന്ന അധ്യാപകന്റെ ഉടമസ്ഥതയില്‍ ചെറുന്നിയൂര്‍ ചാക്കപ്പൊയ്കയില്‍ 1927-ല്‍ സ്ഥാപിതമായ ശങ്കരവിലാസം പ്രൈമറി സ്കൂള്‍ ആയിരുന്നു ചെറുന്നിയൂര്‍ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. ഗോപാലപിള്ള എന്ന പ്രധാന അദ്ധ്യാപകനും, ഗോവിന്ദപിള്ള, ജാനകി, ഗൌരിയമ്മ എന്നിങ്ങനെ മറ്റ് മൂന്ന് അധ്യാപകരും, ഉള്‍പ്പെടെ നാലധ്യാപകര്‍ മാത്രമാണ് അന്നുണ്ടായിരുന്നത്. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ തന്ന പ്ളാവിള മൈതീന്‍, പുത്തന്‍പുരയില്‍ മീരാസായു എന്നിവരുടെ നേതൃത്വത്തില്‍ മുസ്ളീം മാനേജ്മെന്റ് ചെറുന്നിയൂരിന് സമീപം സ്ഥാപിച്ച സ്ക്കൂളാണ് പാലച്ചിറ മുസ്ളീം എല്‍.പി.എസ്. പില്‍ക്കാലത്ത് ഈ രണ്ടു വിദ്യാലയങ്ങളും സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കപ്പെടുകയുണ്ടായി. നിലവില്‍ ഈ സ്കൂളുകള്‍ യഥാക്രമം ഗവ:എല്‍.പി.എസ്.ചെറുന്നിയൂര്‍ എന്നും ഗവ:മുസ്ളീംഎല്‍.പി.എസ്  എന്നുമാണ് അറിയപ്പെടുന്നത്.1951-ല്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ഫാദര്‍ ജോസഫിന്റെ നേതൃത്വത്തില്‍ മുടിയക്കോട് സെന്റ് സെബാസ്റ്യന്‍ യു.പി.എസ് സ്ഥാപിച്ചു. ഇതേ കാലഘട്ടത്തില്‍ത്തന്ന എച്ച്.എസ് തങ്ങളുടെ സ്വകാര്യമാനേജ്മെന്റിനു കീഴില്‍ പാലച്ചിറയില്‍ ഹബീബ് ഹാജി തങ്ങള്‍ മെമ്മോറിയല്‍ എല്‍.പി & യു.പി സ്കൂള്‍ സ്ഥാപിതമായി. ഈ സ്ക്കൂളുകള്‍ നിലവില്‍ വന്നതോടുകൂടി വിദ്യാഭ്യാസരംഗത്തു വന്‍പിച്ച പുരോഗതിക്ക് കളമൊരുങ്ങി. അറുപതുകളിലും, എഴുപതുകളുടെ തുടക്കത്തിലും ഒരു ഹൈസ്കൂളിന്റെ ആവശ്യകത ശക്തമായി ഉയര്‍ന്നുവന്നു. 1976 ജൂണ്‍ 1 ന് ചെറുന്നിയൂര്‍ ഗവ: ഹൈസ്കൂള്‍ സ്ഥാപിതമായി.

അടിസ്ഥാനമേഖലകള്‍

  • ആരോഗ്യം:-

നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ആയൂര്‍വേദ പരമ്പരാഗത ചികില്‍സാസൌകര്യങ്ങളാണ് നമുക്കുണ്ടായിരുന്നത്. നിരവധി പ്രശസ്തവൈദ്യന്മാര്‍ ചെറുന്നിയൂരിലുണ്ടായിരുന്നു. കാക്കകുഴി പത്മനാഭന്‍, ദളവാപുരം വേലായുധന്‍, ഗോപാലന്‍, കിടാവിത്തുവിള കുഞ്ഞുകൃഷ്ണന്‍, അയന്തിവേലു, വെന്നികോട് കരുണാകരന്‍, പുത്തന്‍കടവ് മമ്മേലി, മാലാംവിളാകത്ത് വൈദ്യര്‍, മേക്കോണം ഗോവിന്ദന്‍, ദിവാകരന്‍, മങ്കുഴി നാരായണന്‍, ലക്ഷ്മിമംഗലം നാരായണന്‍ എന്നിവര്‍ അവരില്‍ പ്രമുഖരാണ്. അക്കാലത്ത് ചെറുന്നിയൂര്‍ ജംഗ്ഷനു സമീപമുള്ള ഒരു സ്വകാര്യകെട്ടിടത്തില്‍ ഒരു പതിച്ചിയുടെ സേവനം നാട്ടുകാര്‍ക്കു ലഭ്യമായിരുന്നതായി കേള്‍ക്കുന്നു. 1950-കളിലാണ് ഇവിടെയൊരു സര്‍ക്കാര്‍ ആരോഗ്യകേന്ദ്രമുണ്ടാവുന്നത്. അതിനു മുമ്പുതന്ന ആയൂര്‍വേദ ഡോക്ടറുടെയും ഹോമിയോ ഡോക്ടറുടെയും സേവനങ്ങള്‍ സ്വകാര്യമേഖലയില്‍ ഇവിടെ ലഭ്യമായിരുന്നു. സിഗ്മാ ആശുപത്രിയും എം.എ ക്ളിനിക്കും വര്‍ഷങ്ങള്‍ക്കു മുമ്പു തന്ന ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥാപനങ്ങളാണ്

  • വ്യവസായം:-

ഈ പഞ്ചായത്തിലെ വ്യവസായമേഖലയില്‍ വെന്നികോട് പ്രദേശത്ത് സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കേരള റീഫ്രാക്ടറീസ് മാത്രമാണുള്ളത്. ചവറയിലെ മിനറല്‍ മണ്ണു കൊണ്ടുവന്ന് പൊടിച്ചു കയറ്റി അയക്കുന്നതിനുള്ള ഫാക്ടറിയാണിത്. ഇവിടെ മുന്‍കാലത്ത് നല്ലരീതിയില്‍ ഒരു കയര്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഇത് പ്രവര്‍ത്തനരഹിതമാണ്. ചെറുകിട ഉല്‍പ്പാദകരുടെ സംരംഭങ്ങളെന്ന നിലയില്‍ കയര്‍വ്യവസായം മുന്നാട്ട് പോകുന്നു

  • ടൂറിസം:-

വര്‍ക്കല മുന്‍സിപ്പാലിറ്റിയുമായി അതിര്‍ത്തി പങ്കിട്ട് പാപനാശം കടലോരത്തു നിന്നും ഉദ്ദേശം ഏഴു കിലോമീറ്റര്‍ അകലത്തിലാണ് ചെറുന്നിയൂര്‍ പഞ്ചായത്തിലെ പുത്തന്‍കടവ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്ന അതിവിശാലവും ഫലപ്രാപ്തവുമായ വികസനസാദ്ധ്യതകളുള്ള ഒരു മേഖലയാണ് ടൂറിസം. പ്രകൃതിരമണീയമായ കോഴിത്തോട്ടം കായലിന്റെ പ്രകൃതിഭംഗി ഏവരേയും ആകര്‍ഷിക്കുന്നതാണ്. പുത്തന്‍കടവില്‍ നിന്നും പണയില്‍കടവ് വഴി തുരുത്തിലേക്കുള്ള ബോട്ടുയാത്ര അത്യാകര്‍ഷകമാണ്. കായല്‍ക്കരയില്‍തന്ന, ചെറുന്നിയൂര്‍ പഞ്ചായത്തിനുള്ളില്‍ തന്ന അകത്തുമുറി റെയില്‍വേ സ്റേഷന്‍ വര്‍ക്കല റെയില്‍വേ സ്റേഷനു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്.

സംസ്ക്കാരം

ശ്രീ നാരായണഗുരുവിന്റെ സമാധിസ്ഥാനമായ വര്‍ക്കലയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ചെറുന്നിയൂര്‍. അതുകൊണ്ടുതന്ന അദ്ദേഹത്തിന്റെ വചനങ്ങളുടെ ആധ്യാത്മികസ്വാധീനം ഈ ഗ്രാമത്തിലും പ്രകടമാണ്. ചെറുന്നിയൂര്‍ ജംഗ്ഷനില്‍ സ്റേജ് കെട്ടി വിവാഹമണ്ഡപം ഒരുക്കി മിശ്രവിവാഹം സംഘടിപ്പിച്ച സാസ്കാരികസംഘടനകളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വായനശാലകളും വരെ ഈ ഗ്രാമത്തിലുണ്ട്. അവയില്‍ പ്രഥമഗണനീയമായ സാസ്കാരികവേദിയാണ് അര നൂറ്റാണ്ട് പഴക്കമുള്ള വൈ.എം.എ.സി. പില്‍ക്കാലത്ത് പ്രൊഫഷണല്‍ നാടകവേദിയായി വികസിച്ച വൈ.എം.എ.സി. “തൂവലും തൂമ്പയും “ഒരാള്‍ കൂടി കള്ളനായി” എന്നീ നാടകങ്ങള്‍ നിരവധി സ്റേജുകളില്‍ അവതരിപ്പിച്ചു. നാടകാവതരണങ്ങളില്‍ സഹായിക്കാന്‍ വിഖ്യാതനാടകകൃത്തായ സി.എല്‍.ജോസ് ഈ ക്ളബില്‍ നിരവധി ദിവസങ്ങള്‍ തങ്ങിയിട്ടുണ്ട്. അഭിനേതാക്കള്‍ പലരും കഥാപാത്രങ്ങളുടെ പേരില്‍ത്തന്ന നാട്ടിലുടനീളം അറിയപ്പെടുന്നുവെന്നതിനുദാഹരണമാണ് “പങ്കി വെളിച്ചപ്പാട് ” എന്ന എന്‍.സി.പിളള.തനതായ സംസ്കാരികപൈതൃകമുള്ള നാടാണ് ചെറുന്നിയൂര്‍. ഇവിടെ ശിവക്ഷേത്രങ്ങളും, ശാസ്താ ക്ഷേത്രങ്ങളും, ദേവീക്ഷേത്രങ്ങളും, അമ്മന്‍കോവിലുകളും, നാഗരുകാവുകളും, ക്രിസ്ത്യന്‍, മുസ്ളീം ദോവാലയങ്ങളും, ഗുരുമന്ദിരങ്ങളും എല്ലാമിവിടെയുണ്ട്. ജാതിമതഭേദമെന്യേ ആഘോഷിക്കപ്പെടുന്നതാണ് ഇവിടുത്തെ ഉത്സവങ്ങള്‍. ക്ഷേത്രാങ്കണത്തില്‍ തിരിക്കുന്ന ഉത്സവയെഴുന്നള്ളത്തുകളെ ഇവിടുത്തുകാര്‍ അത്യാഘോഷപൂര്‍വ്വം പാതയോരങ്ങളിലും വീടുകളിലും നിറപറയും നിലവിളക്കുമായി സ്വീകരിക്കുന്നു. മുങ്ങോട് സെന്റ് സെബാസ്റ്യാനോസ് ചര്‍ച്ച് തൊട്ടടുത്ത പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഉത്സവത്തിന്റെ ഭാഗമായുള്ള തിരുസ്വരൂപ എഴുന്നള്ളത്ത് കൂടുതലും ചെറുന്നിയൂര്‍ പഞ്ചായത്തുപ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പാലച്ചിറയിലെ ഹബീബ് ഹാജി തങ്ങള്‍ ജാറത്തില ഉറൂസ് മഹാമഹത്തിന് നാനാജാതിമതസ്ഥര്‍ പങ്കെടുക്കുന്നു.ഈ പഞ്ചായത്തില്‍ 4 ലൈബ്രറികളും 4 വായനശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. 1950-കളില്‍ നാട്ടില്‍ പരക്കെ ദ്യശ്യമായ സാംസ്കാരികനവോത്ഥാനം മഹത്തായ ആദര്‍ശബോധത്തിലും തജ്ജന്യമായ സ്വപ്നങ്ങളിലും അടിയുറച്ച ഒരു തലമുറയുടേതായിരുന്നു. 1957-ന് മുമ്പുതന്ന ഇവിടുത്തെ അഭ്യസ്തവിദ്യരും കലാകുതുകികളുമായ സഹൃദയര്‍ ചേര്‍ന്ന് പ്രൈമറി സ്കൂള്‍ കേന്ദ്രമാക്കി നാടകസംരംഭങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. അരങ്ങേറിയ നാടകങ്ങളില്‍ എന്‍.പി.ചെല്ലപ്പന്‍ നായരുടെ ‘മിന്നല്‍പ്രണയം” മുതല്‍ “തൂവലും തൂമ്പയും” വരെ ഉള്‍പ്പെട്ടിരുന്നു. നാടകരംഗത്തോട് പ്രത്യേകിച്ചുണ്ടായ ഈ അഭിനിവേശം ഇവിടെ ധാരാളം പ്രൊഫഷണല്‍നടന്മാരെയും, എഴുത്തുകാരെയും നാടകസമിതികളേയും സൃഷ്ടിച്ചു.