ചെറുന്നിയൂര്‍

കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ചെറുന്നിയൂര്‍. 10.75 ച.മൈല്‍ വിസ്തീര്‍ണമുള്ള ചെറുന്നിയൂര്‍ പഞ്ചായത്തില്‍ 14 വാര്‍ഡുകളാണ് നിലവിലുള്ളത്. 15.08.1953-ലാണ് ചെറുന്നിയൂര്‍ പഞ്ചായത്ത് നിലവില്‍ വന്നത്. വടക്ക് വര്‍ക്കല മുനിസിപ്പാലിറ്റിയും ചെമ്മരുതി പഞ്ചായത്തും, കിഴക്ക് ഒറ്റൂര്‍ പഞ്ചായത്തും, തെക്ക് വക്കം പഞ്ചായത്തും, പടിഞ്ഞാറ് വെട്ടൂര്‍ പഞ്ചായത്തുമാണ് ചെറുന്നിയൂരിന്റെ അതിരുകള്‍.  രാജാക്കന്മാരുടെ യാത്രവേളകളുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രദേശത്തിന് ചെറുന്നിയൂര്‍ എന്ന് നാമം കൈവന്നതെന്ന് പരക്കേ പറയപ്പെടുന്നു. ‘ചെറുനീര്‍’ എന്നാല്‍ ‘ഇളനീര്‍’ എന്നും കേരസമൃദ്ധമായ ചെറുന്നിയൂരില്‍ വച്ച് യാത്രാമധ്യേ തിരുമനസ് ഇളനീര്‍ പാനം ചെയ്കയാല്‍ ചെറുനീരുള്ള ഊര് അഥവാ ചെറുന്നിയൂര്‍ എന്ന പേര് ലഭിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. പാലച്ചിറ മുതല്‍ പുത്തന്‍കടവുവരെ ചെറുന്നിയൂര്‍ പഞ്ചായത്തില്‍ ഇപ്പോള്‍ നിലവിലുള്ള ഈ രാജപാതയില്‍ തന്നയാണ് ‘ദളവാപുരം’ എന്ന സ്ഥലവും നിലവിലുള്ളത്. ‘മന്ത്രിയുടെ മന്ദിരം’ എന്നര്‍ത്ഥം വരുന്ന ഈ സ്ഥലനാമം ഈ പഞ്ചായത്തിന്റെ ഗതകാല പ്രതാപങ്ങള്‍ക്ക് സാക്ഷിയാണ്. 1996-ലെ കാനേഷുമാരി കണക്കുകള്‍ പ്രകാരം 19225 ആണ് ഈ പഞ്ചായത്തിലെ ജനസംഖ്യ.  എന്‍ നടരാജന്‍ ആയിരുന്നു ചെറുന്നിയൂര്‍ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്. ആദ്യ ഭരണസമിതിയില്‍ പ്രസിഡന്റ് ഉള്‍പ്പെടെ ഏഴ് അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. കേരളപിറവിക്കു മുമ്പ് തിരു-കൊച്ചി പഞ്ചായത്ത് നിയമത്തിലൂടെ നാട്ടുരാജ്യത്തിന്റെ ചിലയിടങ്ങളില്‍ ആദ്യഘട്ടത്തില്‍ പഞ്ചായത്തുകള്‍ രൂപികരിക്കപ്പെട്ടു. തുടര്‍ന്നു വന്ന ഘട്ടങ്ങളില്‍ രൂപീകൃതമായ പഞ്ചായത്താണ് ചെറുന്നിയൂര്‍ പഞ്ചായത്ത്.