ചരിത്രം

സാമൂഹ്യചരിത്രം

മധ്യകാലഘട്ടത്തില്‍ കോലത്തുനാട് (ചിറക്കല്‍) രാജവംശത്തിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങളിലൊന്നാണ് ചെറുകുന്ന്. കൊച്ചു കൊച്ചു കുന്നുകളുള്ള സ്ഥലം എന്ന നിലയിലാണ് ചെറുകുന്ന് എന്ന സ്ഥലനാമമുണ്ടായതെന്നു പറയപ്പെടുന്നു. അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ചോറ് കുന്നുപോലെ ഉണ്ടായിരുന്ന സ്ഥലം എന്ന വിശേഷണം കാലാന്തരത്താല്‍ ചെറുകുന്നായി മാറിയതാവാം എന്നും അഭിപ്രായങ്ങളുമുണ്ട്. ലഫ:വാര്‍ഡ്, പഠനം നടത്തി 1906-ല്‍ പ്രസിദ്ധീകരിച്ച മലബാറിന്റെ ഒരു സ്മൃതി (എഡിസ്ക്രിപ്റ്റീവ് മേമ്മോയര്‍ ഓഫ് മലബാര്‍) എന്ന പുസ്തകത്തില്‍ ചിറക്കല്‍ താലൂക്കില്‍ 32-ാം നമ്പര്‍ ഗ്രാമമായി ചെറുകുന്ന് പ്രതിപാദിക്കപ്പെടുന്നുണ്ട്. വളപട്ടണം പുഴയ്ക്കും പഴയങ്ങാടി പുഴയ്ക്കും ഇടയിലായുണ്ടായിരുന്ന വിസ്തൃതമായ നെല്‍പ്പാടങ്ങളെപ്പറ്റിയും അവിടങ്ങളിലുള്ള ചെറുതും വലുതുമായ കുളങ്ങളെപ്പറ്റിയും ലഫ.വാര്‍ഡ് വിവരിച്ചിട്ടുണ്ട്. 1932-ല്‍ വില്ലേജുകള്‍ പുനര്‍നിര്‍ണ്ണയം ചെയ്തപ്പോള്‍, ആദ്യകാലത്ത് ചെറുകുന്നിന്റെ ഭാഗമായിരുന്ന കണ്ണപുരം മറ്റൊരു വില്ലേജായി മാറി. ഇപ്പോള്‍ കണ്ണപുരം പഞ്ചായത്തില്‍ ഉള്‍പ്പെട്ട സബ്പോസ്റ്റ് ഓഫിസ്, ഹൈസ്ക്കൂള്‍, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവ ഇന്നും ചെറുകുന്നിന്റെ പേരുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത്. പഴയ ചിറക്കല്‍ താലൂക്കിന്റെ ഭാഗമായ ചെറുകുന്നില്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഭൂമിയുടെ ഉടമസ്ഥത കൈയ്യടക്കിവച്ചിരുന്നത് ഭൂരിഭാഗവും സവര്‍ണ്ണജാതിക്കാരായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചെറുകുന്നിലെ ആളുകള്‍ മുഖ്യമായും കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തിയിരുന്നത്. കാര്‍ഷികവിളകളുടെ സമൃദ്ധിയെ സൂചിപ്പിക്കുന്നതാണ് ഇവിടുത്തെ കാര്‍ഷികോത്സവങ്ങളായ തിറയും പൂത്തിരിയും. ചിറക്കല്‍ കോവിലകം, ചെറുകുന്ന് ദേവസ്വം, അറയ്ക്കല്‍ രാജവംശം, ഒദയമ്മാടം ദേവസ്വം എന്നിവയുടെ അധീനതയിലായിരുന്നു ഇവിടുത്തെ ഭൂരിഭാഗം ഭൂസ്വത്തും. അധഃസ്ഥിതജനതയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഫാദര്‍ കയ്റോണിയുടെ സേവനങ്ങള്‍ എടുത്തു പറയത്തക്കതാണ്. സുപ്രസിദ്ധമായ ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിന് തെക്കുഭാഗത്തായുള്ള സ്ഥലത്തായിരുന്നു ചെറുകുന്നിലെ ആദ്യത്തെ അക്ഷരാഭ്യാസകേന്ദ്രം സ്ഥാപിക്കപ്പെട്ടത്. 1820-നു ശേഷം മാവിങ്കല്‍ രാമന്‍ എഴുത്തച്ഛന്‍ എന്ന മഹത്വ്യക്തിയായിരുന്നു ഒരു എഴുത്തുപള്ളി എന്ന നിലയില്‍ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. നാട്ടുകാരുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും 1934 നവംബര്‍ 18-ാം തീയതിയായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സ്ഥാപനമാണ് ഇപ്പോള്‍ താവം ദേവി വിലാസം എല്‍.പി.സ്ക്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. മുസ്ളീംങ്ങളുടെ വിദ്യാഭ്യാസപുരോഗതിക്കായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ചെറുകുന്ന് മുസ്ളീം എല്‍.പി.സ്ക്കൂള്‍. മാനേജ്മെന്റ് സ്ക്കൂളുകളില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍ അനുഭവിച്ചിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അക്കാലത്ത് സംഘടിപ്പിക്കപ്പെട്ട ശനിയന്‍ സഭാബഹിഷ്ക്കരണം അധ്യാപക സമര ചരിത്രത്തില്‍ ശ്രദ്ധേയമാണ്. സ്വാതന്ത്ര്യസമരപ്പോരാളിയായ പി.എം.കുഞ്ഞിരാമന്‍ നമ്പ്യാരുടെ സേവനങ്ങളും സ്മരണീയമാണ്. 1939-ല്‍ നടന്ന കെ.പി.സി.സി സമ്മേളനം, ബക്കളം സമ്മേളനം എന്ന പേരില്‍ പ്രശസ്തമാണ്. അയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ ചെറുകുന്നില്‍ നടക്കുകയുണ്ടായി. 1942-ല്‍ ലേബര്‍ സ്ക്കൂളില്‍ വെച്ച് (ഇന്നത്തെ ഗവ.വെല്‍ഫെയര്‍ ഹൈസ്ക്കൂള്‍) സംഘടിപ്പിക്കപ്പെട്ട മിശ്രഭോജന പരിപാടി ഇക്കൂട്ടത്തില്‍പ്പെടുന്നു. 1946-ല്‍ നടന്ന കരിവെള്ളൂര്‍ സമരത്തിന്റെയും തുടര്‍ന്ന് നടന്ന കര്‍ഷകപ്രസ്ഥാനത്തിന്റെ ചെറുത്തുനില്‍പിന്റെയും അലയൊലികള്‍ ഈ പഞ്ചായത്തിലും വ്യാപിക്കുകയുണ്ടായി. കണ്ണൂര്‍ ജില്ലയില്‍, വ്യവസായമേഖലയില്‍ ഏറ്റവും പിന്നിലായിപ്പോയ പഞ്ചായത്തുകളിലൊന്നാണ് ചെറുകുന്ന്. കാര്‍ഷികപ്രാധാന്യമുള്ള ഒരു പഞ്ചായത്തു കൂടിയാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ 1960 വരെ കുടില്‍ വ്യവസായങ്ങളായ കള്ളുചെത്ത്, ചക്കരചെത്ത്, അവില്‍ ഇടി, എണ്ണയാട്ട് എന്നിവയും കര്‍ഷകത്തൊഴിലാളികളുടെ ഉപതൊഴിലായി ചൂടി(കയര്‍)പിരിയും പായനെയ്ത്തും ഈ പഞ്ചായത്തില്‍ നടന്നുവന്നിരുന്നു. 1960-നു ശേഷം കുറേശ്ശെയായി കൈത്തറി നെയ്ത്തും സ്ഥാനം പിടിച്ചു. 1950-കളോടുകൂടി കുന്നങ്ങാട് കേന്ദ്രീകരിച്ച് കരിങ്കല്‍വ്യവസായവും വളര്‍ന്നുവന്നു.

സാംസ്കാരിക ചരിത്രം

1930-കളില്‍ സ്വാതന്ത്യ്രസമരപ്രസ്ഥാനവും കര്‍ഷകപ്രസ്ഥാനവും ഊര്‍ജ്ജസ്വലമായതോടെയാണ് കതിരുവെക്കുംതറയ്ക്ക് അടുത്തായി ഇന്നത്തെ വില്ലേജ് ആഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്തിനു സമീപം ചെറുകുന്നിലെ ആദ്യത്തെ വായനശാല രൂപീകൃതമായത്. വിദ്യാഭിവര്‍ദ്ധിനി വായനശാല എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. 1944-ല്‍ ഒദയമ്മാടത്ത് ചാത്തുക്കുട്ടി എഴുത്തച്ഛന്‍ സ്മാരക വായനശാല നാട്ടുകാരുടെ സഹകരണത്തോടെ സ്ഥാപിതമായി. കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ ശ്രദ്ധേയരായ വ്യക്തികളായിരുന്നു കെ.പണിക്കരും, നിരവധി പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങിയ എഴുത്തുകാരനും കവിയുമായ എ.വി.ചന്ദ്രന്‍ മാസ്റ്ററും, പ്രശസ്ത സംസ്കൃത പണ്ഡിതനും അധ്യാപക ശ്രേഷ്ഠനുമായ ഒ.കെ.മുന്‍ഷിയും മറ്റും. എം.പി.നാരായണന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ 1950-കളില്‍ ചെറുകുന്നില്‍ വച്ച് സംഘടിപ്പിക്കപ്പെട്ട മാടായി ഫര്‍ക്കാ കലോല്‍സവം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രൊഫഷണല്‍ നാടകരംഗത്തെ പ്രശസ്ത നടനും കേരള സംഗീത നാടക അക്കാദമിയുടെ 1987-ലെ അവാര്‍ഡ് ജേതാവുമായ വാസുക്കുട്ടി കലാകേരളത്തിനുള്ള ചെറുകുന്നിന്റെ സംഭാവനയാണ്. ഈ പഞ്ചായത്തിലെ പരമ്പരാഗത നാടന്‍ അനുഷ്ഠാനകലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് തെയ്യങ്ങളും തിറകളും. വയല്‍ത്തിറകള്‍, കോതാമൂരി, വേടന്‍ എന്നിവയും ഇവിടെ പ്രചാരത്തിലുണ്ട്. ഹൈന്ദവ ക്ഷേത്രങ്ങളില്‍ മുഖ്യമായത് ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തിയായ അന്നപൂര്‍ണ്ണേശ്വരിയെപ്പറ്റി പല ഐതിഹ്യകഥകളും പ്രചാരത്തിലുണ്ട്. കാശിപുരാതേശ്വരിയായ അന്നപൂര്‍ണ്ണേശ്വരി കാശിയില്‍ നിന്ന് കപ്പല്‍ വഴി ചെറുകുന്നിലെത്തി എന്നാണ് ഐതീഹ്യം. അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രവും ചെറുകുന്ന് ഒളിയങ്കര പള്ളിയും മതസൌഹാര്‍ദ്ദത്തിന്റെ അത്യുന്നത മാതൃക പുലര്‍ത്തിയിരുന്നതായി ക്ഷേത്രത്തിലെയും പള്ളിയിലെയും രേഖകള്‍ വ്യക്തമാക്കുന്നു. പള്ളിയിലേക്ക് ആവശ്യമായ ചെമ്പ്, വട്ടളം, തുടങ്ങിയ പാത്രങ്ങള്‍ നല്‍കിവന്നത് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രമായിരുന്നു. ക്ഷേത്രത്തില്‍ ഉല്‍സവം നടക്കുമ്പോള്‍ വെളിച്ചെണ്ണ വഴിപാടായി നല്‍കുന്നത് പള്ളിയുടെ ചുമതലക്കാരുമായിരുന്നു. ഉത്സവകാലത്ത് അന്നപൂര്‍ണ്ണേശ്വരി വിഗ്രഹം ആനപ്പുറത്ത് എഴുന്നള്ളിക്കുമ്പോള്‍ ഉപയോഗിക്കുന്ന തലയിണയുടെ നിര്‍മ്മാണാവകാശം ഒരു മുസ്ളീം കുടുംബത്തിനാണെന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്. ഇവിടുത്തെ ഹൈന്ദവ ക്ഷേത്രങ്ങളില്‍ കെട്ടിയാടിക്കപ്പെടാറുള്ള തെയ്യക്കോലങ്ങള്‍ പ്രശസ്തങ്ങളാണ്.