പഞ്ചായത്തിലൂടെ

ചെറുകുന്ന് - 2010

കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ താലൂക്കില്‍ തളിപ്പറമ്പ് ബ്ളോക്കിലാണ് 1958-ല്‍ രൂപീകൃതമായ ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറുകുന്ന് വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്ന ചെറുകുന്ന് ഗ്രാമപഞ്ചായത്തിന് 15.37 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ഏഴോം, പട്ടുവം പഞ്ചായത്തുകള്‍, പടിഞ്ഞാറുഭാഗത്ത് മാടായി, മാട്ടൂല്‍ പഞ്ചായത്തുകള്‍, തെക്കുഭാഗത്ത് കണ്ണപുരം, മാട്ടൂല്‍ പഞ്ചായത്തുകള്‍, കിഴക്കുഭാഗത്ത് കണ്ണപുരം, പട്ടുവം പഞ്ചായത്തുകള്‍ എന്നിവയാണ്. 18140 വരുന്ന ജനസംഖ്യയില്‍ 9775 പേര്‍ സ്ത്രീകളും, 8365 പേര്‍ പുരുഷന്മാരുമാണ്. വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നിട്ടുനില്‍ക്കുന്ന ചെറുകുന്ന് പഞ്ചായത്തിന്റെ സാക്ഷരതാ നിരക്ക് 92% മാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, തീരസമതലം, ചെരിവുപ്രദേശങ്ങള്‍, ചതുപ്പുനിലങ്ങള്‍ എന്നിങ്ങനെ നാലായി തരംതിരിക്കാം. നെല്ല്, പച്ചക്കറി, തെങ്ങ്, വാഴ, കമുക്, കുരുമുളക്, മാവ്, പ്ളാവ് എന്നിവയാണ് പഞ്ചായത്തില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍. പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയിലാണ് പഴയങ്ങാടിപുഴ ഒഴുകുന്നത്. 5  സ്വകാര്യകുളങ്ങള്‍ ഉള്‍പ്പെടെ 8 കുളങ്ങളും ഇവിടുത്തെ കര്‍ഷകരുടെ അമൂല്യ ജലസ്രോതസ്സുകളാണ്. 43 പൊതുകിണറുകളും, 47 പൊതുകുടിവെള്ള ടാപ്പുകളും ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നു. കൊച്ചുകൊച്ചു കുന്നുകളുള്ള സ്ഥലം എന്നതു കൊണ്ടാണ് ഈ പഞ്ചായത്തിന് ചെറുകുന്ന് എന്ന പേരു ലഭിച്ചത് എന്നു പറയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്ന് 25 മീ. മുതല്‍ 30 മീ. വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 9 കുന്നുകളാണ് ഈ പഞ്ചായത്തിലുള്ളത്. കവിണിശ്ശേരിക്കുന്ന്, പാടിയില്‍കുന്ന്, ലക്ഷംവീട് കുന്ന്, ചിടങ്ങയില്‍ കുന്ന്, ഒതയമ്മാടംകുന്ന്, കിഴക്കേകുന്ന്, കുന്നിന്‍മതിലകം എന്നിവയാണ് അവ. മൊത്തം വിസ്തൃതിയുടെ 35.96 ഹെക്ടര്‍ കണ്ടല്‍കാടുകളാണ്. 343 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് ചെറുകുന്ന് പഞ്ചായത്തിന്റെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. വര്‍ത്തമാനകാല പുരോഗതിക്ക് ഗതാഗതസൌകര്യം അനിവാര്യഘടകമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഏര്‍പ്പെടുത്തിയ ഷൊര്‍ണ്ണൂര്‍-മംഗലാപുരം റെയില്‍വേ ലൈനില്‍ പഴയങ്ങാടി-കണ്ണപുരം സ്റ്റേഷനുകള്‍ക്ക് ഇടയിലെ 7 കി.മീ. റെയില്‍വേ പാത ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പഞ്ചായത്തിന്റെ അടുത്തുള്ള മംഗലാപുരം, കോഴിക്കോട്-കരിപ്പൂര്‍ വിമാനത്താവളങ്ങളെയാണ് ചെറുകുന്ന് നിവാസികള്‍ വിദേശയാത്രയ്ക്കായി ആശ്രയിക്കുന്നത്. കണ്ണപുരം റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖമെന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിന്റെ റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലമാണ് പഴയങ്ങാടി. ആദ്യകാലങ്ങളില്‍ കാല്‍നടയാത്രയും, ജലഗതാഗതവുമാണ് ചെറുകുന്നിലെ ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. മാട്ടൂല്‍ക്കടവ്, പഴയങ്ങാടിക്കടവ്, കാവിന്‍ മുനമ്പ് കടവ് എന്നിവ ഇവിടുത്തെ ജലഗതാഗത കേന്ദ്രങ്ങളാണ്. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് മുട്ടില്‍പാലം, ദാലില്‍പാലം എന്നീ പാലങ്ങള്‍. പാറപൊടിക്കുന്ന മില്‍, പ്ളൈവുഡ് കമ്പനി, മാര്‍ബിള്‍ കമ്പനി എന്നീ വന്‍കിട-വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഈര്‍ച്ച മില്‍, ഓയില്‍ മില്‍, വര്‍ക്ഷോപ്പ്, പ്ളാസ്റ്റിക് കമ്പനി, വുഡ് ആന്റ് ഫര്‍ണിച്ചര്‍ എന്നീ ഇടത്തരം വ്യവസായ യൂണിറ്റുകളും, ധാന്യം പൊടിക്കുന്ന മില്‍, പ്രിന്റിംഗ് പ്രസ്സ്, ഐസ് പ്ളാന്റ് തുടങ്ങിയ ചെറുകിട വ്യവസായ യൂണിറ്റുകളും പഞ്ചായത്തില്‍ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു. പരമ്പരാഗത മേഖലയില്‍ ചകിരിമില്‍, കൈത്തറി വ്യവസായം, കള്ളുചെത്ത് എന്നിവ എടുത്തുപറയത്തക്ക യൂണിറ്റുകളാണ്. ഇന്ധന വിതരണത്തിനായി ഐ.ബി. പെട്രോള്‍ കമ്പനിയുടെ കീഴില്‍ ഒരു പെട്രോള്‍ ബങ്ക് പഞ്ചായത്തിലുണ്ട്. 4 റേഷന്‍കടകളും, ഒരു നീതി സ്റ്റോറും പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളാണ്. ചെറുകുന്ന്, പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമാണ്. ചെറുകുന്നില്‍ ഷോപ്പിംഗ് കോംപ്ളക്സുകളും ഒരു ചന്തയുമുണ്ട്. കൂടാതെ കൊവ്വപ്പുറം, ചെറുകുന്ന് തറ എന്നിവിടങ്ങളില്‍ മീന്‍ മാര്‍ക്കറ്റുകളുമുണ്ട്. ഒട്ടേറെ സംസ്കാരങ്ങളും, ഐതിഹ്യങ്ങളും നിലനില്‍ക്കുന്ന പഞ്ചായത്താണ് ചെറുകുന്ന്. സുപ്രസിദ്ധമായ അന്നപൂര്‍ണ്ണേശ്വരിക്ഷേത്രവുമായി ബന്ധപ്പെടുത്തിക്കാണ്ട് ‘ചോറ് കുന്നുപോലെ ഉണ്ടായിരുന്ന സ്ഥലം’ കാലാന്തരത്തില്‍ ചെറുകുന്നായി മാറിയതാവാം എന്നാരു ഐതിഹ്യം ഈ പഞ്ചായത്തിനുണ്ട്. സ്വാതന്ത്ര്യസമര പ്രസ്ഥാനം, കര്‍ഷകപ്രസ്ഥാനം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നിവ സജീവമായ കാലഘട്ടത്തിലാണ് ചെറുകുന്നിന്റെ സാംസ്കാരികരംഗം ഉണരുന്നത്. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 30ലധികം ഹൈന്ദവ ക്ഷേത്രങ്ങളും, 20-ഓളം മുസ്ളീം പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി  നിലകൊള്ളുന്നു. ക്രൈസ്തവരുടെ പ്രധാന ദേവാലയം സ്ഥിതിചെയ്യുന്നത് താവത്താണ്. മുസ്ളീങ്ങളുടെ പ്രധാന ആരാധനാലയം പള്ളിച്ചാലിലുള്ള ചെറുകുന്ന് ഒളിയങ്കര പള്ളിയാണ്. മുസ്ളീമായ കപ്പിത്താന്‍ രാജാവിന്റെ അനുവാദത്തോടെ പള്ളിച്ചാലില്‍ പള്ളി പണിതു എന്നാണ് പറയപ്പെടുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളില്‍ മുഖ്യമായത് ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രമാണ്. എന്നാല്‍ ഭൂമിശാസ്ത്രപരമായി ഈ ക്ഷേത്രം ചെറുകുന്ന്, കണ്ണപുരം എന്നീ രണ്ടു പഞ്ചായത്തുകളിലായാണ് സ്ഥിതി ചെയ്യുന്നത്. അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രവും, ചെറുകുന്ന് ഒളിയങ്കര പള്ളിയും പഞ്ചായത്തിലുള്ള മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങളാണ്. ഈ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുനടക്കുന്ന ഉത്സവങ്ങള്‍, പള്ളിപെരുന്നാളുകള്‍ എന്നിവ ചെറുകുന്നിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നവയാണ്. അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രോത്സവകാലത്ത് തയ്യാറാക്കപ്പെടുന്ന വിശാലമായ ‘വട്ടപ്പന്തല്‍’ ആരെയും ആകര്‍ഷിക്കുന്നതാണ്. നൂറ്റിപതിനൊന്ന് തേക്കിന്‍കാലുകള്‍ ഉപയോഗിച്ചാണ് ‘വട്ടപ്പന്തല്‍’ നിര്‍മ്മിക്കാറുള്ളത്. അതുപോലെ ഹൈന്ദവക്ഷേത്രങ്ങളില്‍ കെട്ടിയാടിക്കപ്പെടാറുള്ള തെയ്യക്കോലങ്ങള്‍ പ്രശസ്തങ്ങളാണ്. നാടകാഭിനയം, തെയ്യം, സംഗീതം എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിച്ച സി.കെ.പണിക്കര്‍, അദ്ദേഹത്തിന്റെ മകനും പ്രസിദ്ധ സിനിമാ പിന്നണി ഗായകനുമായ സി.രാമചന്ദ്രന്‍, എഴുത്തുകാരനും, കവിയുമായ ഏ.വി.ചന്ദ്രന്‍ മാസ്റ്റര്‍, സംസ്കൃത പണ്ഡിതനും അദ്ധ്യാപകനുമായിരുന്ന ഒ.കെ.മുന്‍ഷി, പ്രൊഫഷണല്‍ നാടകരംഗത്തെ പ്രശസ്ത നടനും, കേരള സംഗീത നാടക അക്കാദമിയുടെ 1987-ലെ അവാര്‍ഡ് ജേതാവുമായ കൊവ്വപ്പുറം വാസൂട്ടി എന്നിവര്‍ ഈ പഞ്ചായത്തിന്റെ സാംസ്കാരിക മേഖലയെ പ്രശസ്തിയിലേക്ക് നയിച്ച പ്രമുഖ വ്യക്തികളാണ്. ചെറുകുന്ന് കണ്ണപുരം പുരോഗമന കലാസമിതി, താവം തനതു കലാകായിക വേദി, കോസ്മോസ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ്, ബ്രദേഴ്സ് സ്പോര്‍ട്സ് ക്ളബ്ബ്, ജനകീയ കലാസമിതി എന്നിവയുള്‍പ്പെടെ നിരവധി സംഘടനകള്‍ പഞ്ചായത്തിന്റെ പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുന്നതോടൊപ്പം പുതിയ തലമുറയ്ക്ക് പ്രോത്സാഹനമായും നിലകൊള്ളുന്നു. സമ്പന്നമായ ആയുര്‍വേദ ചികിത്സാപാരമ്പര്യം നിലനിന്നിരുന്ന ഒരു പഞ്ചായത്തായിരുന്നു ചെറുകുന്ന്. ഇന്ന് ഈ പഞ്ചായത്തില്‍ ഒരു ഗവ.ആയുര്‍വേദ ആശുപത്രിയും, ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും, സെന്റ് മാര്‍ട്ടിന്‍ ഡി പാറസ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ എന്നിവയുമുണ്ട്. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി ചെറുകുന്ന്, കൊവ്വപ്പുറം എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിന് സമീപത്താണ് ആദ്യമായി അക്ഷരാഭ്യാസ കേന്ദ്രം സ്ഥാപിക്കപ്പെട്ടത്. ഇന്ന് പഞ്ചായത്തിലെ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഉള്‍പ്പെടെ 8 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ 3 പാരലല്‍ കോളേജുകളും, ചെറുകുന്നത്ത് ഒരു നഴ്സിംഗ് കോളേജും പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുകുന്ന് സര്‍വ്വീസ് സഹകരണ ബാങ്ക്, വനിതാ സഹകരണ ബാങ്ക്, ലോര്‍ഡ് കൃഷ്ണാ ബാങ്ക്, മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ പഞ്ചായത്തിന്റെ സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 1930-ല്‍ ‘വിദ്യാര്‍ത്ഥിവര്‍ദ്ധിനി വായനശാല’ എന്ന പേരിലാണ് ചെറുകുന്നിലെ ആദ്യത്തെ വായനശാല രൂപം കൊണ്ടത്. താവം പബ്ളിക് ലൈബ്രറി ഉള്‍പ്പടെ 3 ഗ്രന്ഥശാലകളും, 11 വായനശാലകളും പഞ്ചായത്തിലുണ്ട്.   ചെറുകുന്നില്‍ 2 പോസ്റ്റ് ഓഫീസുകളും, ഒരു ടെലിഫോണ്‍ എക്സ്ചേഞ്ചും, വില്ലേജ് ഓഫീസും, കൃഷിഭവനും പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുകുന്ന് പഞ്ചായത്ത് കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്നു.