ചെറുകുന്ന്

കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ തളിപ്പറമ്പ് ബ്ളോക്കിലാണ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറുകുന്ന് വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന ചെറുകുന്ന് ഗ്രാമപഞ്ചായത്തിന് 15.37 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ഏഴോം, പട്ടുവം പഞ്ചായത്തുകള്‍, പടിഞ്ഞാറുഭാഗത്ത് മാടായി, മാട്ടൂല്‍ പഞ്ചായത്തുകള്‍, തെക്കുഭാഗത്ത് കണ്ണപുരം, മാട്ടൂല്‍ പഞ്ചായത്തുകള്‍, കിഴക്കുഭാഗത്ത് കണ്ണപുരം, പട്ടുവം പഞ്ചായത്തുകള്‍ എന്നിവയാണ്. മധ്യകാലഘട്ടത്തില്‍ കോലത്തുനാട് (ചിറക്കല്‍) രാജവംശത്തിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങളിലൊന്നാണ് ചെറുകുന്ന്. കൊച്ചു കൊച്ചു കുന്നുകളുള്ള സ്ഥലം എന്ന നിലയിലാണ് ചെറുകുന്ന് എന്ന സ്ഥലനാമമുണ്ടായതെന്നു പറയപ്പെടുന്നു. അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ചോറ് കുന്നുപോലെ ഉണ്ടായിരുന്ന സ്ഥലം എന്ന വിശേഷണം കാലാന്തരത്താല്‍ ചെറുകുന്നായി മാറിയതാവാം എന്നും അഭിപ്രായങ്ങളുമുണ്ട്. വിശ്വാസങ്ങളും സങ്കല്പങ്ങളും ഐതിഹ്യങ്ങളും ഉള്ള സ്ഥലം എന്ന മട്ടില്‍ മാത്രമല്ല, പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമെന്ന നിലയിലും ശ്രദ്ധേയമായ തനിമയും മഹിമയും ചെറുകുന്നിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 25 മീറ്റര്‍ മുതല്‍ 30 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 9 കുന്നുകള്‍ ഈ പഞ്ചായത്തിലുണ്ട്. കവിണിശ്ശേരിക്കുന്ന്, പാടിയില്‍ കുന്ന്, കവിണിശ്ശേരി ലക്ഷംവീട് കുന്ന്, ചിടങ്ങീല്‍ കുന്ന്, ഒദയമ്മാടം കുന്ന്, കിഴക്കെ കുന്ന്, കുന്നിന്‍ മതിലകം എന്നിവ അവയില്‍ ചിലതാണ്. ഒരു തീരദേശ ഗ്രാമമായ ചെറുകുന്ന് പഞ്ചായത്തില്‍ ജലസമൃദ്ധമായ പുഴകളും, തോടുകളുമുണ്ട്. ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തിയായ അന്നപൂര്‍ണ്ണേശ്വരിയെപ്പറ്റി പല ഐതിഹ്യകഥകളും പ്രചാരത്തിലുണ്ട്. കാശിപുരാതേശ്വരിയായ അന്നപൂര്‍ണ്ണേശ്വരി കാശിയില്‍ നിന്ന് കപ്പല്‍ വഴി ചെറുകുന്നിലെത്തി എന്നാണ് ഐതീഹ്യം. അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രവും ചെറുകുന്ന് ഒളിയങ്കര പള്ളിയും മതസൌഹാര്‍ദ്ദത്തിന്റെ അത്യുന്നത മാതൃക പുലര്‍ത്തിയിരുന്നതായി ക്ഷേത്രത്തിലെയും പള്ളിയിലെയും രേഖകള്‍ വ്യക്തമാക്കുന്നു. ഈ പഞ്ചായത്തിലെ പരമ്പരാഗത നാടന്‍ അനുഷ്ഠാനകലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് തെയ്യങ്ങളും തിറകളും.