ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

വള്ളുവക്കോനാതിരിമാരുടെ ധാന്യപ്പുരകളിലേക്ക് നെല്ല് അളന്ന് കൂട്ടിയിരുന്ന ഒരു കാര്‍ഷിക ഗ്രാമമായിരുന്നു ചെര്‍പ്പുളശ്ശേരി. മലബാറിനെ താലൂക്കുകളായി തിരിച്ചപ്പോള്‍ വള്ളുവനാട് താലൂക്കിന്റെ ആസ്ഥാനമായി ചെര്‍പ്പുളശ്ശേരി മാറി. ഭൂദാന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി വിനോഭാജി ചെര്‍പ്പുളശ്ശേരിയില്‍ എത്തിയിട്ടുണ്ട്. ചെര്‍പ്പുളശ്ശേരിയില്‍ ആദ്യമായി കമ്പിത്തപാല്‍ ഓഫീസ് വരുന്നത് 1938-ല്‍ ആണ്. 1959 ല്‍ ആണ് ചെര്‍പ്പുളശ്ശേരിയില്‍ വൈദ്യുതി എത്തുന്നത്. സ്ഥിരമായി ബസ് സര്‍വ്വീസ് ആരംഭിക്കുന്നത് 1922ല്‍ ആണ്. തായമ്പകയിലെ തൃത്താല ശൈലി എന്ന് വിഖ്യാതമായ മലമക്കാവ് സമ്പ്രദായത്തിന്റെ വികാസത്തിന് ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവിലെ ഉത്സവം അപ്രധാനമല്ലാത്ത വേദിയായിട്ടുണ്ട്. കേരള സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ ” ഒരു വഴിയും കുറെ നിഴലുകളും ” എന്ന നോവലടക്കം ഏതാനും കൃതികള്‍ കൊണ്ടുതന്നെ മലയാളിയുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ടി.എ.രാജലക്ഷ്മി ഇവരില്‍ പ്രഥമഗണനീയയാണ്. ചെര്‍പ്പുളശ്ശേരി ആമയോട്ടു കുറുശ്ശിക്കളമാണ് ഇവരുടെ ജന്‍മഗൃഹം. ടിപ്പു സുല്‍ത്താന്റെ പരാജയത്തെ തുടര്‍ന്ന് 1792-ല്‍ ഉണ്ടാക്കിയ ശ്രീരംഗപട്ടണം ഉടമ്പടിയനുസരിച്ച് മലബാര്‍ ബ്രിട്ടീഷ് അധീനതയിലായി. സാമൂതിരി ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ചില്ല. ദേശാഭിമാനികളായ പൌരപ്രമുഖരെ സംഘടിപ്പിച്ചുകൊണ്ട് ഇളയ രാജാവ് ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം സംഘടിപ്പിച്ചു. ഈ കലാപത്തിന്റെ കേന്ദ്രമായിരുന്നു ചെര്‍പ്പുളശ്ശേരി. ബ്രിട്ടീഷുകാര്‍ കലാപം അടിച്ചമര്‍ത്തി ഇളയ രാജാവിനെ പിടികൂടി. പിന്നീട് അദ്ദേഹത്തെ തൂക്കിലേറ്റി.മലബാര്‍ അധീനതയിലായതോടുകൂടി മലബാര്‍ ജില്ലയുടെ ഭരണാധികാരിയായി ഒരു പ്രിന്‍സിപ്പല്‍ കലക്ടറെ ബ്രിട്ടീഷുകാര്‍ നിയമിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ രണ്ട് സബ്കലക്ടര്‍മാര്‍ (തുക്കിടി സായ്പ്) നിയോഗിക്കപ്പെട്ടു. അവരുടെ ഭരണകേന്ദ്രങ്ങള്‍ ചെര്‍പ്പുളശ്ശേരിയും തലശ്ശേരിയുമായിരുന്നു. താലൂക്ക് കച്ചേരി, മുസാവരി ബംഗ്ളാവ് എന്നിവയുടെ കെട്ടിടങ്ങള്‍ കച്ചേരിക്കുന്നത്ത് ഇന്നും നിലനില്‍ക്കുന്നു. കച്ചേരി നിലനിന്നിരുന്ന സ്ഥലമായതിനാല്‍ ഈ സ്ഥലം കച്ചേരിക്കുന്ന് എന്നറിയപ്പെടുന്നു. കച്ചേരിക്കുന്ന് പഴയകാല വ്യാപാരകേന്ദ്രം കൂടിയാണ്. ഇവിടെ ആഴ്ചച്ചന്ത ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന വ്യക്തിത്വമായിരുന്നു മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരപ്പാട്. 1933-ല്‍ ഗാന്ധിജി നടത്തിയ അഖിലേന്ത്യാ പര്യടനപരിപാടിയുടെ ഭാഗമായി ഗാന്ധിജി കേരളത്തിലുമെത്തി. തുടര്‍ന്ന് മുപ്പതിനുശേഷമുള്ള ചെര്‍പ്പുളശ്ശേരിയുടെ സാമൂഹിക വികാസം വ്യക്തമായ രണ്ട് ദിശയിലാണ് നിര്‍ണ്ണയിക്കപ്പെട്ടത്. ഒരു ഭാഗത്ത് ഇംഗ്ളീഷ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന സവര്‍ണ്ണ ബ്രാഹ്മണമേധാവി വിഭാഗത്തെ നവീന വിദ്യാഭ്യാസത്തിലേക്ക് നയിക്കാനും, അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കാനുമുള്ള സാര്‍ത്ഥകമായ ശ്രമങ്ങള്‍ നടന്നു. ഈ വിധത്തില്‍ നമ്പൂതിരിയെ കുടുമ മുറിച്ച്, ഇംഗ്ളീഷ് പഠിപ്പിച്ച്, മറക്കുടയുടെ നരകത്തില്‍ നിന്ന് സമൂഹമധ്യത്തില്‍ പ്രതിഷ്ഠിച്ച്, നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ശ്രമങ്ങള്‍ നടന്നതിന് സമാന്തരമായി മറുഭാഗത്ത് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയും നിരവധി പ്രക്ഷോഭങ്ങള്‍ ഈ ഗ്രാമത്തില്‍ അരങ്ങേറി. താഴ്ന്ന ജാതികളില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി, അധസ്ഥിതവിഭാഗങ്ങള്‍ക്ക് വഴിനടക്കാന്‍ വേണ്ടി, ക്ഷേത്രാരാധനയ്ക്കുളള സ്വാതന്ത്ര്യത്തിനു വേണ്ടിയെല്ലാം പല പ്രക്ഷോഭങ്ങളും ഇവിടെ സംഘടിപ്പിക്കപ്പെട്ടു. സവര്‍ണ്ണ ഹൈന്ദവരുടെ ഊരായ്മയിലായിരുന്ന ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍ കാവിലെ കുളത്തില്‍ കുളിച്ചതിന്റെ പേരില്‍ സ.കരിങ്ങത്തില്‍ കുഞ്ചുവിന് പ്രമാണിമാരില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. അന്തിമഹാകാളന്‍, തൃക്കോവില്‍, കാറല്‍മണ്ണ എന്നീ ക്ഷേത്രക്കുളങ്ങളിലും ഹരിജനങ്ങളെ ജാഥയായി കൊണ്ടുപോയി കുളിപ്പിക്കുന്ന സമര പരിപാടികള്‍ അരങ്ങേറി.അന്യായമായ കുടിയിറക്കലിനെതിരെ സംഘടിത കര്‍ഷക പ്രസ്ഥാനം നടത്തിയ ചെറുത്തുനില്‍പ്പിന്റെ മകുടോദാഹരണമാണ് നീലി സമരം. പരിയാരത്ത് നീലിയെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം കൃഷിക്കാര്‍ സംഘടിതമായി തടഞ്ഞു. നീലത്ത് ഗോവിന്ദമേനോന്റെ കിണര്‍ നികത്തിയെടുക്കണമെന്ന് ജന്മി. പറ്റില്ലെന്ന് കൃഷിക്കാര്‍. പ്രമാണിമാര്‍ സംഘടിച്ച് ബലമായി കിണര്‍ തൂര്‍ക്കാനെത്തി. കേരള കര്‍ഷകസംഘത്തിന്റെ കുടക്കീഴില്‍ കൃഷിക്കാര്‍ അണിനിരന്ന് ശക്തമായ പ്രതിരോധനിര സൃഷ്ടിച്ചു. അധികാരികള്‍ക്ക് മുട്ടുമടക്കേണ്ടിവന്ന ഈ ചരിത്ര സംഭവം നടക്കുന്നത് 1946 ലാണ്. അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് 1870-75 കാലഘട്ടത്തില്‍ 8 മിഡില്‍ സ്കൂള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അതിലൊന്ന് ചെര്‍പ്പുളശ്ശേരിയിലായിരുന്നു. 1921-ല്‍ ആണ് ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത്. 15 ടെലഫോണ്‍ ഉപഭോക്താക്കളെങ്കിലും വേണമായിരുന്നു ടെലഫോണ്‍ എക്സ്ചേഞ്ച് അനുവദിച്ചുകിട്ടുന്നതിന്. ഏറെ ക്ളേശിച്ചാണ് 15 വരിക്കാരെ കണ്ടെത്തിയത്. 1948 മുതല്‍ ചെര്‍പ്പുളശ്ശേരിയില്‍ ഒരു മൃഗഡോക്ടറുടെ സേവനം ലഭിച്ചു. തൂത, പുത്തനാലിക്കല്‍, പന്നിയം കുറുശ്ശി കാവുകള്‍, ആറംകുന്നത്ത് കാവ്, അറേക്കാവ് എന്നിവയാണ് പ്രധാന ദേവീക്ഷേത്രങ്ങള്‍. ഈ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളാണ് ഈ പ്രദേശത്തെ ഏറ്റവും വലിയ ജനകീയ ഉല്‍സവങ്ങള്‍. വള്ളുവനാടിന്റെ മാത്രം പ്രത്യേകതയായ കാളവേല ഈ ദേവീക്ഷേത്രങ്ങളുടെ ഉത്സവങ്ങളുടെ പ്രത്യേകതയാണ്. കതിര്‍ വേല, കാളവേല തുടങ്ങിയ ഉത്സവരൂപങ്ങള്‍ ജനങ്ങളുടെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വള്ളുവനാട്ടിലെ കാവുത്സവങ്ങള്‍ ആരംഭിക്കുന്നത് പുത്തനാലിക്കല്‍ കാവിലെ വേലയോട് കൂടിയാണ്. തോല്‍പാവക്കൂത്ത് ഈ ഉത്സവകാലത്തെ പ്രധാന ഇനമാണ്. ദേവീക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ എല്ലാം വിളവെടുപ്പ് കഴിയുന്നതോടെ ആണ് ആരംഭിക്കുന്നത്. ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ് കാറല്‍മണ്ണ ശിവക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ട മറ്റു അമ്പലങ്ങള്‍. കഥകളി, കൂടിയാട്ടം, ചാക്യാര്‍ കൂത്ത് എന്നിങ്ങനെയുള്ള ക്ഷേത്രകലകള്‍ക്കാണ് ഇവിടുത്തെ ഉല്‍സവങ്ങളില്‍ പ്രാമുഖ്യം. നിരവധി ചെറിയ ക്ഷേത്രങ്ങളും കോവിലുകളും ഈപഞ്ചായത്തിലുണ്ട്.പ്രശസ്ത ചിത്രകാരനും, നാടകകാരനും മാതൃഭൂമിയുടെ ചീഫ് ആര്‍ട്ടിസ്റ്റും ആയിരുന്ന എ.എസ്.നായര്‍ക്ക് ജന്മനാട്ടിലുള്ള സ്മാരകമാണ് എ.എസ്.സ്മാരക കലാവേദി.