ചേര്‍പ്പ്

തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍ താലൂക്കിലാണ് ചേര്‍പ്പ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചേര്‍പ്പ്, ആവിണിശ്ശേരി, പാറളം, വല്ലച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളാണ് ചേര്‍പ്പ് ബ്ളോക്കില്‍ ഉള്‍പ്പെടുന്നത്. വല്ലച്ചിറ, ചേര്‍പ്പ്, പാറളം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചേര്‍പ്പ് ബ്ളോക്ക് പഞ്ചായത്തിന് 87.11 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 1965-ലാണ് ചേര്‍പ്പ് ബ്ളോക്ക് പ്രവര്‍ത്തനമാരംഭിച്ചത്. വടക്കുഭാഗത്ത് പുഴയ്ക്കല്‍ ബ്ളോക്കും, തൃശ്ശൂര്‍ കോര്‍പ്പറേഷനും, കിഴക്കുഭാഗത്ത് തൃശ്ശൂര്‍ കോര്‍പ്പറേഷനും, കൊടകര, ഇരിങ്ങാലക്കുട ബ്ളോക്കുകളും, തെക്കുഭാഗത്ത് ഇരിങ്ങാലക്കുട, അന്തിക്കാട് ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് പുഴയ്ക്കല്‍, അന്തിക്കാട് ബ്ളോക്കുകളുമാണ്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂര്‍ നഗരത്തിന്റെയും കരുവന്നൂര്‍ പുഴയുടെയും ഇടയിലായാണ് ചേര്‍പ്പ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചേര്‍പ്പ് ബ്ളോക്കിന്റെ തെക്കുഭാഗത്ത് പൂര്‍ണ്ണമായും കിഴക്കുഭാഗത്ത് ഭാഗികമായും കരുവന്നൂര്‍ പുഴയും, പടിഞ്ഞാറ്, വടക്ക് ഭാഗത്തായി കോള്‍ ഡവലപ്പ്മെന്റ് ഏജന്‍സിയുടെ കനാലും അതിരിട്ടു നില്‍ക്കുന്നു. കിഴക്കുതെക്ക് ഭാഗത്ത് പല്ലിശ്ശേരി കുന്നും, വടക്കുപടിഞ്ഞാറ് ഭാഗത്ത് അയ്യന്‍കുന്നും തലയുര്‍ത്തി നില്‍ക്കുമ്പോള്‍ അവയുടെ മടിത്തട്ടുകളില്‍ പല്ലിശ്ശേരി കായലും, ജൂബിലി-തേവര്‍പാടവും കോടന്നൂര്‍ തരിശുപാടവും ചേനം തരിശുപാടവും, ഊരകം പാടവും, പള്ളിപുറം കടുംകൃഷിപാടവും, ചൊവ്വൂര്‍ താഴംപാടവും, പണ്ടാരംകോളും ആവിണിശ്ശേരി സമാജം പാടവും സ്ഥിതി ചെയ്യുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലും സമതലങ്ങളിലുമുള്ള തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറി, കോള്‍പാടങ്ങളിലെ നെല്‍കൃഷി മുതലായവയാണ് ഈ ബ്ളോക്ക് പ്രദേശത്തെ പ്രധാന കൃഷികള്‍. ചെറുകുന്നുകളും, ചെരുവുകളും, സമതലങ്ങളും, കോള്‍നിലങ്ങളും, കായല്‍നിലങ്ങളും, താഴ്വരകളും ഉള്‍പ്പെടുന്ന സമ്മിശ്ര ഭൂപ്രകൃതിയാണ് ബ്ളോക്ക് പ്രദേശത്ത് കാണപ്പെടുന്നത്. ഏറ്റവും ഉയരം കൂടിയ പ്രദേശം പാറളം പഞ്ചായത്തിലെ അയ്യന്‍കുന്നാണ്. ചേര്‍പ്പ്, വല്ലച്ചിറ പഞ്ചായത്തുകളിലായി കിടക്കുന്ന ഇളംകുന്ന് ആണ് ഉയരത്തില്‍ രണ്ടാമതുള്ളത്. ഏറ്റവും താഴ്ന്ന പ്രദേശം കോള്‍ നിലങ്ങളാണ്. സംസ്ഥാനത്തെ 13 കാര്‍ഷിക മേഖലകളായി തിരിച്ചിട്ടുള്ളതില്‍ മധ്യസമതല പ്രദേശം എന്ന മേഖലയിലാണ് ചേര്‍പ്പ് ബ്ളോക്ക് ഉള്‍പ്പെടുന്നത്. താഴ്വരകളും, സമതലങ്ങളുമാണ് ഏറ്റവും ഫലപുഷ്ടിയുള്ള പ്രദേശം. പശിമരാശിമണ്ണാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനം. ചില പ്രദേശങ്ങളില്‍ കളിമണ്ണും കാണപ്പെടുന്നു. ചേര്‍പ്പ്, പാറളം പഞ്ചായത്തുകള്‍ കോള്‍നിലങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു. 1965-ല്‍ ചേര്‍പ്പ് വികസന ബ്ളോക്ക് ആരംഭിച്ച കാലത്ത് തുടക്കത്തില്‍ ഒല്ലൂര്‍, കുര്‍ക്കഞ്ചേരി, പാറളം, വല്ലച്ചിറ, ചേര്‍പ്പ് എന്നീ അഞ്ച് പഞ്ചായത്തുകളായിരുന്നു ഉള്‍പ്പെട്ടിരുന്നത്. പിന്നീട് വല്ലച്ചിറ, പാറളം എന്നിവ വിഭജിച്ച് ആവിണിശ്ശേരി പഞ്ചായത്ത് നിലവില്‍ വന്നു. തൃശൂര്‍ കോര്‍പ്പറേഷനില്‍ ലയിപ്പിച്ച ഒല്ലൂര്‍, കൂര്‍ക്കഞ്ചേരി എന്നീ പഞ്ചായത്തുകള്‍ ഒഴിവാക്കിയതോടെ ഈ ബ്ളോക്കിലുള്‍പ്പെട്ട പഞ്ചായത്തുകളുടെ എണ്ണം 4 ആയി ചുരുങ്ങി.