ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

കൊല്ലങ്ങള്‍ക്കു മുമ്പ് ഈ പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗം കായംകുളം രാജാവിന്റേയും കിഴക്കുഭാഗം പന്തളം രാജാവിന്റേയും അധീനതയില്‍ ആയിരുന്നുവെന്നും അവരു തമ്മില്‍ പടവെട്ടിയതിന്റെ പ്രതീകമായാണ് പടനിലം എന്ന പേര് ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തിന് ലഭിച്ചതെന്നും കേള്‍ക്കുന്നു. കായംകുളം രാജാവ് പണികഴിപ്പിച്ചതെന്നു വിശ്വസിക്കുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ചെറിയനാടിന്റെ പരദേവനായ സുബ്രഹ്മണ്യന്റെ പേരിലുള്ളതാണ്. ഞാഞ്ഞൂക്കാട്, ചെറുവല്ലൂര്‍ , ചെറുമിക്കാട്, മാമ്പ്ര, കുരണ്ടിപ്പള്ളിശ്ശേരി, അരിയുണ്ണിശ്ശേരി, കടയിക്കാട്, ഇടമുറി, അത്തിമണ്‍ ചേരിമണ്ട പരിയാരം, ഇടവങ്കാട്, തുരുത്തിമേല്‍ , മൂലിയോട് എന്നീ പതിമൂന്നു കരക്കാരുടെ വകയായി ക്ഷേത്രത്തിലെ പുറപ്പാട് മഹോത്സവത്തില്‍ പ്രസിദ്ധമായ പള്ളിവിളക്ക് ദേവനെ അകമ്പടി സേവിച്ചിരുന്നു. ഭക്തിനിര്‍ഭരവും നയനാനന്ദകരവുമായ ഈ കാഴ്ച കാണാന്‍ വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും ധാരാളം ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. ജനപങ്കാളിത്തത്തിന്റെ ഉദാത്ത മാതൃകയായി പാമ്പനം പുഞ്ചയില്‍ നിന്ന് അച്ചന്‍ കോവിലാറിലേക്ക് ഉദ്ദേശം ഒരു കിലോമീറ്റര്‍ നീളത്തില്‍ ഒരു മലയ്ക്കു കുറുകെ നാട്ടുകാര്‍ ചേര്‍ന്നു വെട്ടിയ കല്ലടാന്തി-കുറവഴത്തോട് നിലകൊള്ളുന്നു. ഈ തോടിന്റെ നിര്‍മ്മാണത്തിന് ഭക്ഷണം നല്‍കിയ വകയില്‍ 36 പറ ജീരകത്തിന്റെ ചിലവുണ്ടായതായി പഴമക്കാര്‍ ഓര്‍മിക്കുന്നു.  ചെറിയനാടു ക്ഷേത്രം വകയും വഞ്ഞിപ്പുഴ മഠം വകയും ആയ ധാരാളം ഭൂമി ഇവിടുത്തെ കൃഷിക്കാരുടെ കൈവശമുണ്ടായിരുന്നുവെങ്കിലും 1959-ലെ ഭൂപരിഷ്ക്കരണ നിയമത്തിനു ശേഷം മാത്രമാണ് കുടിയായ്മാവകാശം ജന്മാവകാശമായി കിട്ടിയത്. പുരാതനവും പ്രസിദ്ധവുമായ കൊല്ലകടവ് മുസ്ളീം പള്ളിയും, എടവങ്കാട്ട് ക്രിസ്തീയ ദേവാലയവും കൂടാതെ നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ദാരുശില്പ വിദഗ്ധരായ ഇടവങ്കാട് ആശാരിമാര്‍ ചെറിയനാടിന്റെ അഭിമാനമായിരുന്നു. ഈ കുടുംബത്തില്‍പ്പെട്ട കൊച്ചുകുഞ്ഞാചാരി ഗോവിന്ദനാചാരിക്ക് ശ്രീമൂലം തിരുനാള്‍ മഹാരാജാവില്‍ നിന്ന് പട്ടും വളയും സമ്മാനമായി ലഭിച്ചിട്ടുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മിഷനറിമാര്‍ ആരംഭിച്ച കോക്കാപ്പള്ളി സി.എം.എസ്.എല്‍ പി സ്കൂള്‍ ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ചെറിയനാട് ജെ.ബി.സ്കൂള്‍ ഈ പഞ്ചായത്തിലെ ആദ്യത്തെ സര്‍ക്കാര്‍ വിദ്യാലയമാണ്. കൊല്ലകടവ് മുഹമ്മദന്‍സ് യു.പി.സ്കൂളും വളരെ പഴക്കമുള്ള വിദ്യാലയമാണ്. സചിവോത്തമ വിലാസം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മലയാളം പള്ളിക്കൂടമാണ് 1953-ല്‍ ശ്രീ വിജയേശ്വരി ഗേള്‍സ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. ഇതേവര്‍ഷം തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വകയായി ബോയ്സ് ഹൈസ്കൂളും സ്ഥാപിതമായി. 1981-ലാണ് ചെറിയനാട് പഞ്ചായത്തില്‍ ചെങ്ങന്നൂര്‍ എസ് എന്‍ കോളേജ് സ്ഥാപിതമായത്. ഇത് ഒരു ഒന്നാം ഗ്രേഡ് കോളേജാണ്. 1952-ല്‍ കൊല്ലകടവു പാലം പണിയുന്നതിന് മുമ്പ് ചെങ്ങന്നൂര്‍ - മാവേലിക്കര താലൂക്കുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ചങ്ങാടക്കടത്ത് ഉണ്ടായിരുന്നു. 1984-ലാണ് പഞ്ചായത്തിന് സ്വന്തമായി കെട്ടിടം ഉണ്ടായത്. പ്രഥമ പഞ്ചായത്തു പ്രസിഡന്റ് ജി. നാരായണന്‍ ഉണ്ണിത്താന്‍ ആയിരുന്നു. ചെറിയനാടു പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ആദ്യമായി നിലവില്‍ വരുന്നത് 1-1-1954-ല്‍ ആണ്.