പഞ്ചായത്തിലൂടെ

ഭൂപ്രകൃതിയും വിഭവങ്ങളും

അച്ചന്‍കോവിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ചെറിയനാട് തികച്ചും ഒരു കാര്‍ഷിക ഗ്രാമമാണ്. ആറിന്റെ തീരപ്രദേശം എക്കല്‍ മണ്ണ് പ്രദേശമാണ്. പുഞ്ചനിലങ്ങളും വിരുപ്പുനിലങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്ത് പശിമരാശി മണ്ണാണ്. ഉയര്‍ന്ന പ്രദേശങ്ങള്‍ പൊതുവെ ഫലഭൂയിഷ്ഠമായ ചെമ്മണ്ണു നിറഞ്ഞതാണ്. കുന്നുകളും സമതലങ്ങളും വയലുകളും നിറഞ്ഞ സാധാരണ ഗ്രാമമാണിത്. ഇടവപ്പാതിയും തുലാവര്‍ഷവും സാധാരണനിലയില്‍ ലഭിക്കുന്നു. ശരാശരി വര്‍ഷപാതം 2450 മില്ലീമീറ്ററും ശരാശരി താപമാനം 32 ഡിഗ്രി സെല്‍ഷ്യസുമാണ്. മുഖ്യകൃഷി തെങ്ങ്, നെല്ല്, റബ്ബര്‍ എന്നിവയാണ്. ഇടവിളകളായി കിഴങ്ങുവര്‍ഗ്ഗങ്ങള്‍ , വാഴ, പച്ചക്കറികള്‍ , വെറ്റില, കുരുമുളക്, ഇഞ്ചി തുടങ്ങിയവയും കൃഷി ചെയ്യുന്നു. മുന്‍കാലങ്ങളില്‍ കരിമ്പുകൃഷിയും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. മരച്ചീനിക്കൃഷി ആദായകരമല്ലാതായി തീര്‍ന്നതോടെ കര്‍ഷകര്‍ റബ്ബര്‍ക്കൃഷിയില്‍ താല്പര്യം കാണിച്ചുതുടങ്ങി. ആദ്യകാലത്ത് ശ്രദ്ധയും പരിചരണവും നല്‍കിയിരുന്നത് നെല്‍ക്കൃഷിക്കാണ്. പൂര്‍ണ്ണമായും മഴയെ ആശ്രയിച്ചാണ് കൃഷി നടത്തിയിരുന്നത്. കൂടാതെ തോടുകള്‍ , കുളങ്ങള്‍ എന്നിവ പരസ്പര ധാരണയോടെ ചിറകെട്ടി സംരക്ഷിച്ച് ഉപയോഗപ്പെടുത്തിയിരുന്നു. ആകെ ഭൂമിയുടെ 25% നെല്‍ക്കൃഷി ചെയ്യുന്ന വയലുകളായിരുന്നു. കൊച്ചുവിത്ത്, മൈല, കുളപ്പാല, വയലിത്തുവി, ചേറാടി, പാറപിളര്‍പ്പന്‍ , തവളക്കണ്ണന്‍ തുടങ്ങിയ വിത്തിനങ്ങള്‍ ജൈവവളത്തിന്റെ സഹായത്തോടെ കൃഷി ചെയ്തിരുന്നു.

വിദ്യാഭ്യാസം

വിദ്യാഭ്യാസ രംഗത്ത് ഏറ്റവുമധികം പുരോഗതി കൈവരിച്ച മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂര്‍ താലൂക്കിലാണ് ചെറിയനാട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളുകള്‍ 1930-കളിലാണ് സ്ഥാപിതമായതെങ്കിലും അതിനും മുമ്പുതന്നെ ചെങ്ങന്നൂര്‍ , മാന്നാര്‍ , മാവേലിക്കര എന്നിവിടങ്ങളിലെ ഹൈസ്കൂളുകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരു പറ്റമാളുകള്‍ ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. ചെറിയനാട് ഗവ. എല്‍ പി സ്കൂള്‍ , ചെറുവല്ലൂര്‍ ഗവ. എല്‍ പി സ്കൂള്‍ , കൊല്ലകടവ് ഗവ. മുഹമ്മദന്‍സ് യു പി സ്കൂള്‍ , സി.എം.എസ്. എല്‍ പി സ്കൂള്‍ , സചിവോത്തമ വിലാസം മലയാളം പള്ളിക്കൂടം എന്നിവ 1940-കളിലാണ് സ്ഥാപിതമാവുന്നത്. 1953-ലാണ് അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദഫലമായി ഈ പഞ്ചായത്തില്‍ ഒരേവര്‍ഷം തന്നെ വിളിപ്പാടകലെ രണ്ടു ഹൈസ്ക്കൂളുകള്‍ ആരംഭിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ഡി.ബി.എച്ച്.എസും, നേരത്തെ ഉണ്ടായിരുന്നതും കൊല്ലം ബിഷപ്പിന് കൈമാറ്റം ചെയ്തുകൊണ്ട് ഹൈസ്ക്കൂളാക്കി ഉയര്‍ത്തി ശ്രീവിജയേശ്വരി ഹൈസ്കൂള്‍ എന്നു പുനര്‍നാമകരണം ചെയ്തതുമായ സചിവോത്തമ വിലാസം മിഡില്‍ സ്കൂളുമാണത്. അറുപതുകളുടെ ആരംഭത്തില്‍ തുരുത്തിമേല്‍ പ്രദേശത്ത് എസ് എന്‍ യു പി എസ് ആരംഭിച്ചു. 1981-ലാണ് ഈ പഞ്ചായത്തിലെ തുരുത്തിമേല്‍ പ്രദേശത്തു എസ്.എന്‍ ട്രസ്റ്റിന്റെ വകയായി എസ് എന്‍ കോളേജ്, ചെങ്ങന്നൂര്‍ എന്ന പേരില്‍ ഒരു കോളേജ് സ്ഥാപിതമായത്.

അടിസ്ഥാന മേഖലകള്‍

ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ പഞ്ചായത്തു പ്രദേശത്തെ ജനങ്ങള്‍ രോഗചികിത്സക്കായി പാരമ്പര്യ നാട്ടുചികിത്സാ വൈദ്യന്മാരെയാണ് ആശ്രയിച്ചുവന്നത്. ആധുനിക ചികിത്സാ സ്ഥാപനങ്ങളൊന്നും തന്നെ ഇവിടുണ്ടായിരുന്നില്ല. വിദഗ്ധ ചികിത്സക്കായി ജനങ്ങള്‍ മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ , സ്വകാര്യാശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. 1964-ല്‍ അരിയന്നൂര്‍ശ്ശേരി കരയോഗ കെട്ടിടത്തിലാണ് ഗവ. അലോപ്പതി ഡിസ്പന്‍സറി ആരംഭിച്ചത്. ആ ഡിസ്പന്‍സറി പിന്നീട് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. പഞ്ചായത്തിനു സംഭാവന ചെയ്ത സ്ഥലവും കെട്ടിടവും ഉപയോഗപ്പെടുത്തിയാണ് 1983 മുതല്‍ പഞ്ചായത്തിനനുവദിച്ച ഗവ. ആയൂര്‍വേദാശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്. 1990-ല്‍ ഈ പഞ്ചായത്തിന് സര്‍ക്കാര്‍ അനുവദിച്ച ഹോമിയോ ആശുപത്രി 7-ാം വാര്‍ഡിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തു സംവിധാനം നിലവില്‍ വരുന്നതിനുമുമ്പ് ചെറിയനാട് പടനിലം വഴി കടന്നുപോകുന്ന മാവേലിക്കര-കോഴഞ്ചേരി സംസ്ഥാന ഹൈവേയും കോടുകുളഞ്ഞി വഴി കടന്നുപോകുന്ന കൊല്ലകടവ് ചെങ്ങന്നൂര്‍ റോഡുമാണ് പ്രധാനപ്പെട്ടവ. 1952-ല്‍ കൊല്ലകടവില്‍ പാലം വരുന്നതിന് മുമ്പ് ചെറിയനാടും, തഴക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിന് ഉണ്ടായിരുന്നു. പഞ്ചായത്തു നിലവില്‍ വന്നതിനുശേഷം ധാരാളം റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വാഹന ഗതാഗത യോഗ്യമായ 40 കിലോമീറ്ററിലധികം റോഡും ഉണ്ട്. കൊല്ലം-കോട്ടയം റയില്‍പ്പാത ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. 5,6,8 വാര്‍ഡുകളിലൂടെ നാലര കിലോമീറ്റര്‍ നീളത്തില്‍ റെയില്‍പാത കടന്നുപോകുന്നു. 1957-ല്‍ ചെറിയനാട് അരിയന്നൂര്‍ശ്ശേരി ദേശസേവിനി ഗ്രന്ഥശാല പ്രവര്‍ത്തനമാരംഭിച്ചു. 1958-നുശേഷം പ്രവര്‍ത്തനം മുരടിച്ചു. ഇവിടുണ്ടായിരുന്ന പുസ്തകങ്ങള്‍ വൈ.എം.എ, കൈരളി ഗ്രന്ഥശാലകള്‍ക്ക് വീതിച്ചുനല്‍കുകയും ചെയ്തു. ഇതേ കാലഘട്ടത്തില്‍ത്തന്നെ ക്ഷേത്രത്തിനു കിഴക്കുഭാഗത്തായി വൈ.എം.എ.ലൈബ്രറി ആരംഭിച്ചു. 1959 മെയ് മാസത്തില്‍ മാമ്പ്ര കേന്ദ്രമായി പ്രവര്‍ത്തിച്ച യുവജന സംഘടനയുടേയും നാട്ടുകാരുടേയും ശ്രമഫലമായി കൈരളി ഗ്രന്ഥശാല രൂപംകൊണ്ടു. 5000-ല്‍പരം ഗ്രന്ഥങ്ങളുടെ ശേഖരമുണ്ട്. മാസംതോറുമുള്ള സുഹൃത് സംഗമം, ഉപഭോക്തൃ സംരക്ഷണ സമിതി, മദ്യനിരോധന സമിതി എന്നിവ ഈ ഗ്രന്ഥശാലയോടൊപ്പം പ്രവര്‍ത്തിക്കുന്നു. കടയിക്കാട് കേന്ദ്രീകരിച്ച് എസ് എന്‍ ഗ്രന്ഥശാല എന്ന പേരില്‍ ഒരു ഗ്രന്ഥശാല നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.