ചെറിയനാട്

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെങ്ങന്നൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചെറിയനാട്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 14.15 ചതുരശ്ര കിലോമീറ്ററാണ്. തെക്കുഭാഗത്ത് അച്ചന്‍ കോവിലാറ്, പടിഞ്ഞാറുഭാഗത്ത് അച്ചന്‍ കോവിലാറും പുലിയൂര്‍ പഞ്ചായത്തും, വടക്കുഭാഗത്ത് പുലിയൂര്‍, ആല പഞ്ചായത്തുകള്‍, കിഴക്കുഭാഗത്ത് ആല, വെണ്‍മണി പഞ്ചായത്തുകള്‍ എന്നിവയാണ് ചെറിയനാട് പഞ്ചായത്തിന്റെ അതിരുകള്‍. കുന്നുകളും സമതലങ്ങളും വയലുകളും നിറഞ്ഞ സാധാരണ ഗ്രാമമാണിത്. അച്ചന്‍ കോവിലാറ് തെക്കുപടിഞ്ഞാറായി അതിരു വേര്‍തിരിക്കുന്ന ചെറിയനാടു ഗ്രാമപ്രദേശം ഒരുകാലത്ത് തോനക്കാട്, ഞാഞ്ഞൂക്കാട്, കടയിക്കാട്ട്, ചെറുമിക്കാട്, നെടുവുംകാട്, ഇടവങ്കാട് എന്നീ കാടുകളാല്‍ ചുറ്റപ്പെട്ട ഒരു നാട് ആയിരുന്നു. കൊല്ലങ്ങള്‍ക്കു മുമ്പ് പടിഞ്ഞാറുഭാഗം കായംകുളം രാജാവിന്റേയും കിഴക്കുഭാഗം പന്തളം രാജാവിന്റേയും അധീനതയില്‍ ആയിരുന്നുവെന്നും അവരു തമ്മില്‍ പടവെട്ടിയതിന്റെ പ്രതീകമായാണ് പടനിലം എന്ന പേര് ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തിന് ലഭിച്ചതെന്നും പറയപ്പെടുന്നു. ജനപങ്കാളിത്തത്തിന്റെ ഉദാത്ത മാതൃകയായി പാമ്പനം പുഞ്ചയില്‍ നിന്ന് അച്ചന്‍ കോവിലാറിലേക്ക് ഉദ്ദേശം ഒരു കിലോമീറ്റര്‍ നീളത്തില്‍ ഒരു മലയ്ക്കു കുറുകെ നാട്ടുകാര്‍ ചേര്‍ന്നു വെട്ടിയ കല്ലടാന്തി-കുറവഴത്തോട് ഒരു വിസ്മയമായി, നാട്ടറിവുകളിലൂന്നിയ ഗതകാല സാങ്കേതികവിദ്യയുടെ നിദാന്ത സ്മാരകമായി ഇന്നും നിലകൊള്ളുന്നു. ഈ തോടിന്റെ നിര്‍മ്മാണത്തിന് ഭക്ഷണം നല്‍കിയ വകയില്‍ 36 പറ ജീരകത്തിന്റെ ചിലവുണ്ടായതായി പഴമക്കാര്‍ ഓര്‍മ്മിക്കുന്നു. ചെറിയനാടു പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ആദ്യമായി നിലവില്‍ വരുന്നത് 1-1-1954-ല്‍ ആണ്.