ചരിത്രം

ചേപ്പാടിന്റെ പൂര്‍വ്വനാമം “ചെപ്പുകാട്” എന്നായിരുന്നു. “ഹര്യക്ഷമാസ സമരോത്സവം” എന്ന പടപ്പാട്ട് എഴുതിയ ചെപ്പുകാട് നീലകണ്ഠന്‍ ഈ ഗ്രാമത്തിന്റെ സന്തതിയായിരുന്നുവെന്ന് അനുമാനിക്കുന്നു. കായംകുളം താപവൈദ്യുത നിലയത്തിന്റെ പൂര്‍ണ്ണതയോടെ അതിദ്രുതം നഗരമുഖം നേടുന്ന ചേപ്പാട് ഒരു പൂരാതന സംസ്കാരത്തിന്റെ അടിത്തറയിലാണ് നിറഞ്ഞു നില്‍ക്കുന്നത്. ഡച്ചുകാരുടെ കാലത്ത് കാര്‍ത്തികപ്പള്ളി അവരുടെ ഒരു വാണിജ്യ കേന്ദ്രമായിരുന്നു. പ്രാന്തപ്രദേശങ്ങളിലെ സുഗന്ധദ്രവ്യങ്ങള്‍ കാര്‍ത്തികപ്പള്ളിയിലെ  “പണ്ടാരതുരുത്ത്” എന്ന തുറമുഖം വഴിയായിരുന്നു മറുനാടുകളിലേക്ക് കയറ്റി അയച്ചിരുന്നത്. അന്ന് കാര്‍ത്തികപ്പള്ളി വെട്ടിമന നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. വെട്ടിമനയുടെ അതിര്‍ത്തിക്കുള്ളിലായിരുന്നു ഹരിപ്പാട്. എ.ഡി 7-ാം നൂറ്റാണ്ടില്‍ വിദേശീയരുടെ സഹായത്തോടെ ക്രിസ്ത്യാനികള്‍ ഹരിപ്പാട്ട് ഒരു പള്ളി പണി കഴിപ്പിച്ചു. ഇത് വെട്ടിമന ദേശത്തെ ഏക ക്രിസ്തീയ ദേവാലയമായിരുന്നു. പില്‍ക്കാലത്ത് ആരാധനാ സൌകര്യാര്‍ത്ഥം  ഈ പള്ളി പൊളിച്ച്  ഒരു ഭാഗം കാര്‍ത്തികപ്പള്ളിയിലും ഒരു ഭാഗം  ചേപ്പാട്ടും സ്ഥാപിച്ചു. ഏകദേശം 700 വര്‍ഷത്തെ പഴക്കമുളള ചുമര്‍ച്ചിത്രങ്ങള്‍ ഇന്നും ചേപ്പാട് പള്ളിയിലെ “മദ്ബഹ” യ്ക്കുള്ളില്‍ കാണാം. അതുകൊണ്ടുതന്നെ ഇതിനും രണ്ട് മുന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പള്ളി സ്ഥാപിതമായി എന്നു വേണം കരുതാന്‍. ദേശീയപാത 47 ന്റെ കിഴക്കുഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു പുരാതന ദേവാലയമാണിത്. എതോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസ്സി  ഒന്നാമന്‍ ഈ ദേവാലയം സന്ദര്‍ശിച്ചു എന്നതും ലോക ചരിത്രത്തിന്റെ  താളുകളില്‍ ചേപ്പാട് സ്ഥാനം ഉറപ്പിക്കാന്‍ ഒരു കാരണമായി. ഇവിടുത്തെ മാര്‍ത്തോമ്മാ പള്ളിയ്ക്കും ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ചേപ്പാട് പഞ്ചായത്ത് അതിര്‍ത്തിയിലുള്ള ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കേരളത്തിലെ കേളി കേട്ട മഹാക്ഷേത്രങ്ങളില്‍ ഒന്നാണ്. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ ക്ഷേത്രം പുതുക്കി പണിതതായി ചരിത്ര ഏടുകളില്‍ തെളിയുന്നു. ഈ ക്ഷേത്രത്തിന്റെ വടക്കു വശത്തുള്ള ഊട്ടുപുര ആലുംമൂട്ടില്‍ ശേഖരന്‍ ചാന്ദാര്‍ പണിത് നല്‍കിയതാണ്. ഇതിന്റെ നിര്‍മ്മാണ മേല്‍നോട്ടം നടത്താന്‍ ക്ഷേത്രത്തില്‍  കയറാന്‍ കഴിയാത്തതിനാല്‍ സമീപമുള്ള മീനത്തേല്‍ പുരയിടം കൂടി വിലയ്ക്കു വാങ്ങേണ്ടി വന്നു. തിരുവിതാംകൂര്‍  മഹാരാജാവ് പോലും മോട്ടോര്‍കാര്‍ വാങ്ങും മുമ്പ് അത് സ്വന്തമാക്കിയ  ആദ്യത്തെ ധനാഢ്യരും ആലുംമൂട്ടില്‍ കുടുംബക്കാര്‍ തന്നെ. പണ്ട് കായംകുളം രാജാവിന്റെ കണക്കപ്പിള്ളയായിരുന്നു മണ്ണൂര്‍ ചേരാമല്ലി മീരാപിള്ള. ഇതിന്റെ പ്രതിഫലമെന്നോണം കരമൊഴിവായി വസ്തുക്കള്‍ നല്‍കുകയും രാജകല്പന പ്രകാരം ഏവൂര്‍ ക്ഷേത്രത്തില്‍ നിന്നും പടച്ചോറു നല്‍കുകയും ചെയ്തു വന്നു. ഹിന്ദു മുസ്ളീം മൈത്രിയുടെ ഗാഢത ഇതില്‍ നിന്നു വ്യക്തം. കാഞ്ഞൂര്‍ ക്ഷേത്ര പരിസരത്ത് ഇന്നും നിലകൊള്ളുന്ന നിബിഡമായ വനപ്രദേശം ജനങ്ങളുടെ പരിസ്ഥിതി പ്രേമത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ശാന്തസ്വച്ഛന്ദമായ ഈ കാട് പണ്ട് കായംകുളം കൊച്ചുണ്ണി ഒളിത്താവളമാക്കിയിരുന്നുവെന്നും പറയപ്പെടുന്നു. മുട്ടം കോട്ടക്കോയിക്കല്‍ ഏതോ നാടുവാഴിയുടെ ആസ്ഥാനമായിരുന്നുവെന്നു പറയപ്പെടുന്നു. പുരാതന കലാരൂപമായ  തീയ്യാട്ടിന് പ്രസിദ്ധി കേട്ടവരായിരുന്നു പനവേലില്‍ മഠത്തിലെ തീയ്യാട്ട് ഉണ്ണികള്‍.  ഐതിഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണിക്ക് ഈ കുടുംബവുമായി  അഭേദ്യമായ ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ  വളര്‍ത്തു സന്താനം ഈ മഠത്തില്‍ നിന്നും ദത്തെടുക്കപ്പെട്ടതാണ്. അയിത്തോച്ചാടന രംഗത്ത് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച സ്വാതന്ത്ര്യസമര സേനാനി ടി.കെ.മാധവന്‍ ഈ ഗ്രാമവുമായി നാഭിനാളി ബന്ധമുള്ള മഹാത്മാവാണ്. സംസ്കൃത സാഹിത്യത്തില്‍ അപാരമായ അവഗാഹം നേടി മലയാളക്കരയാകെ അറിയപ്പെട്ടിരുന്ന മുട്ടത്ത് രാമന്‍ ഉള്ളൂരിന്റെ ഗുരുനാഥന്‍ കൂടിയായിരുന്നു. ഏവൂര്‍ എന്‍ വേലുപ്പിള്ള വൈദ്യന്‍ എന്ന സാഹിത്യകാരന്‍ , ഹാസ്യനടന്മാരായിരുന്ന എസ്.പി.പിള്ള, വടുതല കേശവന്‍ പിള്ള, പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ദ്ധനായിരുന്ന മഠത്തില്‍ വടക്കതില്‍ മാധവപണിക്കര്‍ എന്നിവരെല്ലാം ഓര്‍മ്മയിലെ പ്രതിഭകളാണ്. തിരു-കൊച്ചി സംസ്ഥാനത്ത്  പണ്ടു നിലനിന്നിരുന്ന ജന്മിത്വത്തിനും, അടിമത്ത്വത്തിനും എതിരെ ചേപ്പാട്ട് 1955 ആഗസ്റ്റ് മാസത്തിലാണ് “ആലപ്പുറത്ത് സമരം” എന്ന പേരില്‍ അറിയപ്പെടുന്ന അവകാശപ്പോരാട്ടം ആരംഭിച്ചത്. “1967-ലെ ഭൂപരിഷ്ക്കരണ നിയമം” ചേപ്പാടിന്റെ ചരിത്രത്തിലും പ്രതിഫലനം സൃഷ്ടിച്ചു. ഒരു തുണ്ടു ഭൂമി പോലും സ്വന്തമായില്ലായിരുന്ന ഒട്ടനവധി പേര്‍ കുടികിടപ്പ് നിയമം മൂലവും ഭൂവുടമകളായി. പഞ്ചായത്തുകള്‍ നിലവില്‍വരും മുമ്പ് (തിരു-കൊച്ചി സംയോജനത്തിനു മുമ്പ്) വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ്  ഈരിക്കല്‍ ശിവശങ്കര പിള്ള ആയിരുന്നു. ചേപ്പാട് വില്ലേജിന്റെ അടിസ്ഥാനത്തില്‍ 1964-ല്‍ ചേപ്പാട് പഞ്ചായത്ത് നിലവില്‍ വന്നു. ഈ ഭരണസമിതിയുടെ ആദ്യ പ്രസിഡന്റ് വള്ളിക്കാട്ടുശ്ശേരില്‍ ചന്ദ്രശേഖര പിള്ള ആയിരുന്നു.