പഞ്ചായത്തിലൂടെ

ഭൂപ്രകൃതി/വിഭവങ്ങള്‍

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ മുതുകുളം ബ്ളോക്കില്‍ പെടുന്നതാണ് ചേപ്പാട് പഞ്ചായത്ത്. പഞ്ചായത്ത് 9 വാര്‍ഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ തീരദേശത്തില്‍പ്പെടുന്ന ഈ പഞ്ചായത്ത് ഓണാട്ടുകര കാര്‍ഷിക കാലാവസ്ഥാ മേഖലയില്‍പ്പെടുന്നു. ചേപ്പാടു ഗ്രാമപഞ്ചായത്തിന്റെ തെക്ക് പത്തിയൂര്‍ മുതുകുളം പഞ്ചായത്തുകളും വടക്ക് പള്ളിപ്പാടു പഞ്ചായത്തും കിഴക്കു ചെട്ടിക്കുളങ്ങര പഞ്ചായത്തും പടിഞ്ഞാറ് ചിങ്ങോലി പഞ്ചായത്തും അതിരിടുന്നു. പഞ്ചായത്തിന്റെ 90% പ്രദേശത്തും മണല്‍ കലര്‍ന്ന എക്കല്‍ മണ്ണും ബാക്കി കിഴക്കു ഭാഗത്ത് ചെളിമണ്ണും കണ്ടുവരുന്നു. പഞ്ചായത്തിന്റെ  കിഴക്കുഭാഗത്തുള്ള പുഞ്ചയിലൂടെ വര്‍ഷകാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം എക്കല്‍ മണ്ണ് എത്തുന്നതിന് സഹായിക്കുന്നു. പൊതുവെ ഫലഭൂയിഷ്ഠമായ മണ്ണാണ് ഗ്രാമത്തിലേത്. തെക്കു പടിഞ്ഞാറന്‍ , വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇടവപ്പാതിയും, തുലാവര്‍ഷവും വഴി ലഭിക്കുന്ന മഴ സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ്. സ്വാതന്ത്ര്യപ്രാപ്തിക്ക് മുന്‍പ് ഭൂമിയുടെ നല്ല പങ്കും ഏതാനും ജന്മി കുടുംബങ്ങളുടെ കൈവശമായിരുന്നു. ഈ ഗ്രാമപ്രദേശം ഭൂരിഭാഗവും സമതലമാണ്. തെങ്ങ്, നെല്ല്, വാഴ, കമുക്, കുരുമുളക്, മരച്ചീനി, പയറുവര്‍ഗ്ഗങ്ങള്‍ , പച്ചക്കറി എന്നിവയാണ് മുഖ്യകൃഷികള്‍ . ആദ്യകാലത്ത് കര്‍ഷകര്‍ ശ്രദ്ധയും പരിചരണവും നല്‍കിയത് നെല്‍കൃഷിക്കായിരുന്നു. അക്കാലത്തെ പ്രധാന നെല്ലിനങ്ങള്‍ ചമ്പാവ്, കൊച്ചുവിത്ത്, മുണ്ടകന്‍ , ഞവര തുടങ്ങിയവയായിരുന്നു. ജലസേചനത്തിനായി തോടുകള്‍ , കുളങ്ങള്‍ എന്നിവ ചിറകെട്ടി അതിരുകളില്‍ കൈതവച്ചു സംരക്ഷിച്ചിരുന്നു. ജലസേചനത്തിനായി പാടശേഖരങ്ങളില്‍ ചക്രം ചവുട്ടി വെള്ളം കയറ്റി ഇറക്കുന്ന നാടന്‍ സമ്പ്രദായമാണ് ഉണ്ടായിരുന്നത്. ഇരിപ്പു പാടങ്ങളില്‍ ഇടവിളയായി എള്ള്, പയര്‍ , മുതിര എന്നീ ധാന്യങ്ങള്‍ കൃഷി ചെയ്തിരുന്നു. ഔഷധച്ചെടികള്‍ സുലഭമായി നട്ടുവളര്‍ത്തുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നവരായിരുന്നു ഇവിടുത്തെ കൃഷിക്കാര്‍.

അടിസ്ഥാന മേഖല

ചേപ്പാടു പഞ്ചായത്തിലെ മുഖ്യവ്യവസായം ഇഷ്ടിക നിര്‍മ്മാണമാണ്. ആലപ്പുഴ ജില്ലയിലെ തന്നെ പ്രമുഖ ഇഷ്ടിക നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഒന്നാണ് കരിപ്പുഴ-മുട്ടം മേഖല. ആധുനിക വ്യവസായ ശൃംഖലയില്‍പ്പെട്ട ഒന്നാണ് ആറാം വാര്‍ഡില്‍ ആരംഭിച്ച “ശബരീസ്” ഫുഡ് പ്രൊഡക്ട്. വിവിധ ഇനം ബ്രഡ്ഡുകള്‍ ഇവിടെ ഉല്പാദിപ്പിക്കുന്നു. സ്ത്രീ തൊഴിലാളികള്‍ക്ക് പ്രാമുഖ്യമുള്ള രണ്ട് ഖാദി വസ്ത്രനെയ്ത്ത് ശാലകള്‍ ഈ പഞ്ചായത്തിലുണ്ട്. ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വ്യവസായ മേഖലയാണ് ഇലക്ട്രോണിക്സ്. ഈ രംഗത്ത് പഞ്ചായത്തിലുള്ള ഒരു സംരംഭമാണ് “ആപ്ടസ്’. ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളാണ് ഉല്പാദിപ്പിക്കുന്നത്. മറ്റൊരു യൂണിറ്റ് ഇലക്ട്രോണിക് ചോക്ക് നിര്‍മ്മാണവുമായി മുട്ടത്ത് പ്രവര്‍ത്തിക്കുന്നു. ഗ്രാമത്തില്‍ പതിനഞ്ചു ഫ്ളവര്‍മില്ലുകളും അഞ്ചു അറക്കമില്ലുകളും ഉണ്ട്. 24 ടാര്‍ ചെയ്ത റോഡുകളും 75 ഗ്രാവല്‍ റോഡുകളും 38 മണല്‍ റോഡുകളും ഉള്‍പ്പെടെ 137 റോഡുകള്‍ പഞ്ചായത്തിലുണ്ട്. 2,9 വാര്‍ഡുകളില്‍ കൂടി  റെയില്‍വേ ലൈന്‍ കടന്നുപോകുന്നു. 2-ാം വാര്‍ഡില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു. എന്‍ എച്ച്-47 പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി കടന്നുപോകുന്നു. പഞ്ചായത്തിലെ ഇന്നത്തെ റോഡ് ലഭ്യത സംസ്ഥാന ശരാശരിയുടെ ഇരട്ടിയിലധികം വരും. തൃക്കുന്നപ്പുഴ -മാവേലിക്കര, മുട്ടം-കായംകുളം  എന്നീ പി.ഡബ്ള്യൂ.ഡി  റോഡുകള്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. 7 കിലോമീറ്ററാണ്  ഇവയുടെ നീളം. എന്‍ എച്ച് 47 31/2  കിലോമീറ്റര്‍ നീളം പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പഞ്ചായത്തിലുണ്ടായ ആദ്യത്തെ വിദ്യാകേന്ദ്രം മുട്ടം എല്‍ പി സ്കൂളാണ് (1894). ആതക്കാട്ട് ചാണ്ടി സാറായിരുന്നു ഇവിടുത്തെ ആദ്യത്തെ പ്രഥമാദ്ധ്യാപകന്‍ . രണ്ടാം വാര്‍ഡില്‍ സി.എം.എസ്സ് സഭ വക ഒരു സ്ക്കൂള്‍ ഉണ്ടായിരുന്നു.  പഞ്ചായത്തില്‍ രണ്ട് ഹൈസ്ക്കൂളും രണ്ട് അപ്പര്‍ പ്രൈമറി സ്കൂളുകളും ആറ് ലോവര്‍ പ്രൈമറി സ്കൂളുകളും പ്രവര്‍ത്തിക്കുന്നു. എല്‍ പി. വിഭാഗത്തില്‍ നാല് സ്കൂളുകളും സര്‍ക്കാര്‍ മേഖലയില്‍ ഉള്ളതാണ്. സി.കെ.എച്ച്.എസ്., ബി.ബി.എച്ച്.എസ് എന്നീ സ്കൂളുകള്‍ ക്രിസ്ത്യന്‍ മാനേജുമെന്റിന്റെ കീഴിലുള്ളതാണ്. ഇവയ്ക്കു പുറമെ ബി ബി എന്‍ എസ്, വൈ.എം.സി.എ ചേപ്പാട്, സെന്റ് ഗ്രിഗോറിയോസ്, ചേപ്പാട് എഥീന നഴ്സറി ആന്റ് എല്‍ പി എസ്സ് എന്നീ സ്കൂളുകള്‍ പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന (അണ്‍-എയ്ഡഡ്) സ്ഥാപനങ്ങളാണ്. പഞ്ചായത്ത് അധീനതയിലുള്ള സാംസ്കാരിക നിലയം 1995 ല്‍ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് ഒരു വായനശാലയും പ്രവര്‍ത്തിച്ചു വരുന്നു. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് മുട്ടത്തും, ഏവൂര്‍ വടക്കും ഒരോ ഹെല്‍ത്ത് അസിസ്റ്റന്റിന്റെ നേതൃത്വത്തില്‍ ഓരോ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. പൊതുജനാരോഗ്യം, പകര്‍ച്ച വ്യാധികളുടെ നിയന്ത്രണം, ജനനമരണ രജിസ്ട്രേഷന്‍ എന്നിവയാണ് ചെയ്തിരുന്നത്. ഇതോടൊപ്പം  മാതൃ-ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മുട്ടത്ത് വില്ലേജ് ആഫീസിനോടു ചേര്‍ന്ന് ഒരു മിഡ്വൈഫറി  സെന്ററും പ്രവര്‍ത്തിച്ചിരുന്നു. ഈ പ്രദേശത്തുകാരുടെ ഏക അലോപ്പതി ചികിത്സാകേന്ദ്രം  ഉദ്ദേശം 5 കിലോമീറ്റര്‍ ദൂരമുള്ള ഹരിപ്പാട് ഗവണ്‍മെന്റ്  ഡിസ്പെന്‍സറിയായിരുന്നു. ഇതുകൂടാതെ ഒട്ടേറെ ഹോമിയോ, ആയൂര്‍വ്വേദ ചികിത്സാകേന്ദ്രങ്ങളും ഉണ്ടായിരുന്നു. 12-10-1996 ലാണ് പഞ്ചായത്തില്‍ കണിച്ചനല്ലൂര്‍ പി.എച്ച് സെന്റര്‍ നിലവില്‍ വന്നത്. 19-12-1955 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗവ. ആയൂര്‍വേദാശുപത്രിയില്‍ 2 ഡോക്ടര്‍മാര്‍ ആദ്യകാലങ്ങളിലുണ്ടായിരുന്നു. ഇപ്പോള്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 8 ജീവനക്കാര്‍ ഉണ്ട്. പഞ്ചായത്തില്‍ 7സ്വകാര്യ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.