ചേപ്പാട്

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്ക് മുതുകുളം ഗ്രാമവികസന ബ്ളോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് ചേപ്പാട് പഞ്ചായത്ത്. 12.67 ച.കിമീ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തില്‍ 14 വാര്‍ഡുകള്‍ ആണ് ഉള്ളത്. കായംകുളം താപവൈദ്യുത നിലയത്തിന്റെ പൂര്‍ണ്ണതയോടെ അതിദ്രുതം നഗരമുഖം നേടുന്ന ചേപ്പാട് ഒരു പൂരാതന സംസ്കാരത്തിന്റെ അടിത്തറയിലാണ് നിറഞ്ഞു നില്‍ക്കുന്നത്. തിരു-കൊച്ചി സംസ്ഥാനത്ത് പണ്ടു നിലനിന്നിരുന്ന ജന്മിത്വത്തിനും, അടിമത്ത്വത്തിനും എതിരെ ചേപ്പാട്ട് 1955 ആഗസ്റ്റ് മാസത്തിലാണ് “ആലപ്പുറത്ത് സമരം” എന്ന പേരില്‍ അറിയപ്പെടുന്ന അവകാശപ്പോരാട്ടം ആരംഭിച്ചത്. “1967-ലെ  ഭൂപരിഷ്ക്കരണ നിയമം ” ചേപ്പാടിന്റെ ചരിത്രത്തിലും  പ്രതിഫലനം സൃഷ്ടിച്ചു. ഒരു തുണ്ടു ഭൂമി പോലും സ്വന്തമായില്ലായിരുന്ന ഒട്ടനവധി പേര്‍ കുടികിടപ്പ് നിയമം മൂലം ഭൂവുടമകളായി. പഞ്ചായത്തുകള്‍ നിലവില്‍വരും മുമ്പ് (തിരു-കൊച്ചി സംയോജനത്തിനു മുമ്പ്) വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ്  ഈരിക്കല്‍ ശിവശങ്കരപിള്ള ആയിരുന്നു.  ചേപ്പാട് വില്ലേജിന്റെ അടിസ്ഥാനത്തില്‍ 1964-ല്‍ ചേപ്പാട് പഞ്ചായത്ത് നിലവില്‍ വന്നു. ഈ ഭരണസമിതിയുടെ ആദ്യ പ്രസിഡന്റ് വള്ളിക്കാട്ടുശ്ശേരില്‍ ചന്ദ്രശേഖര പിള്ള ആയിരുന്നു. ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി  താലൂക്കില്‍ മുതുകുളം ബ്ളോക്കില്‍ പെടുന്നതാണ് ചേപ്പാട് പഞ്ചായത്ത്. പഞ്ചായത്ത് 9 വാര്‍ഡുകളായി  വിഭജിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ തീരദേശത്തില്‍പ്പെടുന്ന ഈ പഞ്ചായത്ത് ഓണാട്ടുകര കാര്‍ഷിക കാലാവസ്ഥാ മേഖലയില്‍പ്പെടുന്നു. ചേപ്പാടു ഗ്രാമപഞ്ചായത്തിന്റെ തെക്ക് പത്തിയൂര്‍ മുതുകുളം പഞ്ചായത്തുകളും വടക്ക് പള്ളിപ്പാടു പഞ്ചായത്തും കിഴക്കു ചെട്ടിക്കുളങ്ങര പഞ്ചായത്തും പടിഞ്ഞാറ് ചിങ്ങോലി പഞ്ചായത്തും അതിരിടുന്നു. പഞ്ചായത്തിന്റെ 90% പ്രദേശത്തും മണല്‍ കലര്‍ന്ന എക്കല്‍ മണ്ണും ബാക്കി കിഴക്കു ഭാഗത്ത് ചെളിമണ്ണും കണ്ടുവരുന്നു. സാംസ്കാരിക നവോത്ഥാനത്തിനും, കലാ-കായികാഭിരുചികളുടെ വളര്‍ച്ചയ്ക്കും കളമൊരുക്കിയ വിവിധ കലാസാംസ്കാരിക സംഘടനകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഏവൂര്‍ ശ്രീകൃഷ്ണ വിലാസം കഥകളിയോഗം, ഏവൂര്‍ കണ്ണമ്പള്ളില്‍ കഥകളി യോഗം, മോഴൂര്‍ കഥകളിയോഗം എന്നിവ കേരളത്തിന്റെ തനതുകലയായ കഥകളി രംഗത്ത് സ്തുത്യര്‍ഹമായ പ്രോത്സാഹനമാണ് നല്‍കി വരുന്നത്.