ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ഉള്‍പ്പെട്ട ‘ചേന്നംപള്ളിപ്പുറം’ പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ വടക്കുപ്രദേശമായ കരപ്പുറത്തിന്റെ ഭാഗമാണ്. വളരെ പുരാതനമായ ചരിത്രങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഈ പ്രദേശം വള്ളിപ്പുറം എന്നറിയപ്പെട്ടിരുന്നെന്നും, പിന്നീടത് പള്ളിപ്പുറമായി മാറിയെന്നും പഴമൊഴിയുണ്ട്. എ ഡി 52 ല്‍ സ്ഥാപിതമായതെന്ന് വിശ്വസിക്കപ്പെടുന്ന ചരിത്രപ്രസിദ്ധമായ ക്രിസ്ത്യന്‍ ദേവാലയം ഇവിടെ സ്ഥിതിചെയ്യുന്നതിനാല്‍ ഐരാണിക്കുളം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പള്ളിപ്പുറം (പള്ളി ഇരിക്കുന്ന നാട്) എന്ന്  പിന്നീട് അറിയപ്പെട്ടുതുടങ്ങി എന്നാണ് ഭൂരിപക്ഷാഭിപ്രായം. രാജഭരണകാലത്ത് മാടമ്പിമാരായ  (ഇടപ്രഭു) പൊക്കണആരി-പുല്ലുവേലി കുറുപ്പന്മാരുടെ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം. തര്‍ക്കങ്ങള്‍ക്ക് അവസാനതീര്‍പ്പ് കല്‍പിക്കുന്നതും, ശിക്ഷാവിധികള്‍ നിശ്ചയിച്ചിരുന്നതും അവരായിരുന്നു. തിരുസന്നിധിയില്‍ കാഴ്ചവസ്തുക്കളില്‍ പ്രധാനമായിരുന്ന പള്ളിപ്പുറം വെറ്റില ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നു. “തിരുനെല്ലൂര്‍ ക്വാളിറ്റി കയര്‍” യൂറോപ്പിലാകമാനം പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ചരക്കുകൊണ്ടു വരുന്നതിനും യാത്രചെയ്യുന്നതിനും വഞ്ചികളെയാണ് ആശ്രയിച്ചിരുന്നത്. കേരളത്തിലെ പ്രധാന ഉള്‍നാടന്‍ ജലാശയങ്ങളിലൊന്നായ വേമ്പനാട്ടുകായലിന്റെ സാന്നിദ്ധ്യവും, ചെറുതും വലുതുമായ തോടുകളുടെ ലഭ്യതയും ഇതിന് അനുകൂലമായ ഘടകമായിരുന്നു. കൊച്ചിയില്‍ നിന്ന് കൊല്ലത്തിനും തിരുവനന്തപുരത്തിനും വേമ്പനാട്ടു കായലിലൂടെ ചരക്കുകയറ്റിപ്പോകുന്ന വഞ്ചികളുടെ ഒരു നീണ്ടനിര ഇവിടുത്തുകാരുടെ സ്മൃതിപഥത്തിലുണ്ട്.