പഞ്ചായത്തിലൂടെ

പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം 25.53 ച.കി.മീ. ആണ്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ മൂന്നായി തരംതിരിക്കാവുന്നതാണ്. ഫലഭൂയിഷ്ഠമായ എക്കല്‍ കലര്‍ന്ന മണ്ണോടുകൂടിയ തീരപ്രദേശങ്ങളാണ് ആദ്യത്തേത്. കായലിനോട് ചേര്‍ന്നുള്ള ഭാഗങ്ങളും ദ്വീപുകളും ഇത്തരത്തിലുള്ളതാണ്. തീരപ്രദേശങ്ങള്‍ക്കുള്ളില്‍ കാണുന്ന സമതലപ്രദേശങ്ങളാണ് രണ്ടാമത്തേത്. ഫലഭൂയിഷ്ഠമായ മണല്‍ പ്രദേശങ്ങളാണ് മൂന്നാമത്തേത്. മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് ചേന്നംപള്ളിപ്പുറം പഞ്ചായത്ത്. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ 3590 ഏക്കര്‍ ഭൂമി റവന്യൂ രേഖകള്‍പ്രകാരം (കരംപിരിക്കുന്നു)ഉണ്ട്. ഇതില്‍ 1187.85 ഏക്കര്‍ കൃഷിനിലങ്ങളും 2402.15 ഏക്കര്‍ പുരയിടങ്ങളും ഉളളതായി രേഖകളില്‍ കാണുന്നു. എന്നാല്‍ കൃഷിനിലങ്ങള്‍ കാലാകാലങ്ങളായി പുരയിടങ്ങളായി രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മാത്രമാണ് തീരപ്രദേശങ്ങളൊഴിച്ചുള്ള പ്രദേശങ്ങളില്‍ വ്യാപകമായി തെങ്ങുകൃഷിയും മറ്റു കൃഷികളും പ്രചരിച്ചുതുടങ്ങിയത്. സിലിക്ക കലര്‍ന്ന മണ്ണ് വ്യവസായികാവശ്യത്തിന് അന്യസ്ഥലങ്ങളിലേക്ക് കടത്തുന്നതുമൂലം ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതിനും നീരുറവ ഇല്ലാതാകുന്നതിനും കാരണമായി. പഞ്ചായത്തിലെ പ്രധാന കാര്‍ഷിക വരുമാനം തെങ്ങുകൃഷിയില്‍ നിന്നാണ്. 2411 ഏക്കറോളം വരുന്ന പുരയിടങ്ങളില്‍ വാസഭൂമി ഒഴിച്ചുള്ള സ്ഥലത്ത് പൂര്‍ണ്ണമായോ ഭാഗികമായോ തെങ്ങുകൃഷി നടത്തുന്നു. പഞ്ചായത്തിലെ 2,5,6,7 എന്നീ വാര്‍ഡുകള്‍ വേമ്പനാട് കായലിന്റെ തീരത്തും 9,10,11,1 എന്നീ വാര്‍ഡുകള്‍ വയലാര്‍ കായലിന്റെ തീരത്തുമാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ വേമ്പനാട്ട് കായലിനെയും വയലാര്‍കായലിനേയും ബന്ധിപ്പിക്കുന്ന തരത്തില്‍ ചെങ്ങണ്ടയാറും സ്ഥിതി ചെയ്യുന്നു. ഉദ്ദേശം 19 കി.മീ. നീളമാണ് പഞ്ചായത്തിന്റെ തീരപ്രദേശത്തിനുള്ളത്. മറ്റു പുഴകളോ തടാകങ്ങളോ ഇവിടെ ഇല്ല. വേമ്പനാട്ടുകായലിലും വയലാര്‍കായലിലുമാണ് പ്രധാനമായും മത്സ്യബന്ധനം നടത്തുന്നത്. പഞ്ചായത്തിന്റെ 2,5,6,7,9,11 എന്നീ വാര്‍ഡുകളിലാണ് മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നത്. മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും ധീവര സമുദായത്തില്‍പ്പെട്ട ആളുകളാണ്. പഞ്ചായത്തില്‍ മൃഗസംരക്ഷണസംവിധാനം ഒറ്റപ്പുന്നയില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയാണ് നിലവിലുള്ളത്.ജനസംഖ്യയുടെ മുഖ്യഭാഗവും പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയെ ആശ്രയിച്ചു ജീവിച്ചിരുന്നു. പരമ്പരാഗതവ്യവസായ മേഖലയായ കയര്‍, കൈത്തറി, ഖാദി എന്നിവയില്‍ സഹകരണമേഖലയില്‍ ധാരാളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തില്‍ ഏറ്റവുമധികം ലഭ്യതയുള്ള മറ്റൊരു അസംസ്കൃത വസ്തുവാണ് തെങ്ങിന്‍തടി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി തടിമില്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത് ചരക്കുകൊണ്ടു വരുന്നതിനും യാത്രചെയ്യുന്നതിനും വഞ്ചികളെയാണ് ആശ്രയിച്ചിരുന്നത്. കേരളത്തിലെ പ്രധാന ഉള്‍നാടന്‍ ജലാശയങ്ങളിലൊന്നായ വേമ്പനാട്ടുകായലിന്റെ സാന്നിദ്ധ്യവും, ചെറുതും വലുതുമായ തോടുകളുടെ ലഭ്യതയും ഇതിന് അനുകൂലമായ ഘടകമായിരുന്നു. കൊച്ചിയില്‍ നിന്ന് കൊല്ലത്തിനും തിരുവനന്തപുരത്തിനും വേമ്പനാട്ടു കായലിലൂടെ ചരക്കുകയറ്റിപ്പോകുന്ന വഞ്ചികളുടെ ഒരു നീണ്ടനിര സ്മൃതിപഥത്തിലുണ്ട്. തവണക്കടവ്, വൈക്കം റൂട്ടില്‍ ജലഗതാഗതവകുപ്പ് ബോട്ട് സര്‍വ്വീസ് നടത്തുന്നു. ഈ പഞ്ചായത്തിലും സാംസ്ക്കാരികരംഗത്ത് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഥകളിരംഗത്തെ നാട്യാചാര്യനായി അറിയപ്പെട്ടിരുന്ന വിശ്വപ്രസിദ്ധനായ പള്ളിപ്പുറം ഗോപാലന്‍നായരുടെ സ്മരണ മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. നിരവധി കലാസാംസ്ക്കാരിക സംഘടനകള്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്നു. പള്ളിപ്പുറം പൊതുജനവായനശാലയും ഗ്രന്ഥശാലയുമാണ് നന്നായി പ്രവര്‍ത്തിക്കുന്ന ഏകഗ്രന്ഥശാല. സഹകരണ മേഖലയില്‍  335-ാം നമ്പര്‍ പള്ളിപ്പുറം സൌത്ത് സഹകരണ സംഘവും 1308-ാം നമ്പര്‍ പളളിപ്പുറം സര്‍വ്വീസ് സഹകരണബാങ്കുമാണ്പ്രധാന സഹകരണസ്ഥാപനങ്ങള്‍. 1250-ാം നമ്പര്‍ തിരുനെല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കാണ് പഞ്ചായത്തിലെ ഏറ്റവും വലിയ സഹകരണസ്ഥാപനം. പഞ്ചായത്തിലെ ലക്ഷംവീട് കോളനികള്‍ക്ക് പുറമെ പ്രധാനമായും 6 കോളനികള്‍ ഹരിജനങ്ങള്‍ക്കായി പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട്. ഒരു ഗിരിജന്‍ കോളനിയും സ്ഥാപിച്ചിട്ടുണ്ട്. തിരുത്തേക്കടവ് കോളനി, മേക്കരവെളി കോളനി എന്നിവയാണ് ഐ എച്ച് ഡി പി കോളനിയായി അംഗീകരിച്ചിരിക്കുന്നത്. ഒരു പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘമാണ് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. 1980-ലാണ് ഈ സര്‍വ്വീസ് സഹകരണസംഘം പ്രവര്‍ത്തനം ആരംഭിച്ചത്. 1911 ല്‍ സ്ഥാപിച്ച സെന്റ്മേരീസ് എല്‍ പി എസ്സ് ആണ് ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനം. പിന്നീട് സ്ഥാപിച്ച സര്‍ക്കാര്‍ വിദ്യാലയമാണ് പല്ലുവേലി ഭാഗം സര്‍ക്കാര്‍ എല്‍ പി സ്കൂള്‍. 1914 ല്‍ സ്ഥാപിതമായി. 1984-ല്‍ ഈ വിദ്യാലയം യു പി സ്കൂളായി ഉയര്‍ത്തി. തുടര്‍ന്നു തിരുനെല്ലൂര്‍ ഭാഗത്ത് എല്‍ പി സ്കൂള്‍ സ്ഥാപിതമായി. ഈ വിദ്യാലയം പിന്നീട് യു പി സ്കൂളായും 1964-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. സ്വകാര്യമേഖലയില്‍ പള്ളിപ്പുറത്ത് പ്രവര്‍ത്തിച്ചുവരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് പട്ടാര്യ സമാജം ഹൈസ്കൂള്‍. ഇതിന്റെ സ്ഥാപനപവര്‍ഷം യു പി വിഭാഗം 1952 ലാണ്. 1964-ല്‍ ഇതിനെ ഹൈസ്കൂളായി ഉയര്‍ത്തി. ഇവിടെ ഉന്നത വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് മന്നംമെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ്.