ചേന്നം പള്ളിപ്പുറം
ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ചേന്നംപള്ളിപ്പുറം. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 1953-ല്‍ രൂപീകരിക്കപ്പെട്ടു. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 25.53 ച.കി.മീറ്ററാണ്. മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് ചേന്നംപള്ളിപ്പുറം പഞ്ചായത്ത്. പഞ്ചായത്തിലെ 2,5,6,7 എന്നീ വാര്‍ഡുകള്‍ വേമ്പനാട് കായലിന്റെ തീരത്തും 1,9,10,11 എന്നീ വാര്‍ഡുകള്‍ വയലാര്‍ കായലിന്റെ തീരത്തുമാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ വേമ്പനാട്ട് കായലിനെയും വയലാര്കായലിനേയും ബന്ധിപ്പിക്കുന്ന തരത്തില്‍ ചെങ്ങണ്ടയാറും സ്ഥിതി ചെയ്യുന്നു. ഉദ്ദേശം 19 കി.മീ. നീളമാണ് പഞ്ചായത്തിന്റെ തീരപ്രദേശത്തിനുള്ളത്. തൈക്കാട്ടുശ്ശേരി പഞ്ചായത്തിന് വടക്കും വേമ്പനാട്ടു കായലിന് കിഴക്കും ചെങ്ങണ്ട ആറിന് തെക്കും വയലാര്‍ കായലിന് പടിഞ്ഞാറുമായിട്ടാണ് ചേന്നംപള്ളിപ്പുറം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വില്ലേജ് യൂണിയന് നിലവില്‍ വരുമ്പോള്‍ പള്ളിപ്പുറം വില്ലേജ് യൂണിയന് എന്നാണറിയപ്പെട്ടിരുന്നത്. പഞ്ചായത്ത് രൂപീകരണം നടക്കുമ്പോള്‍ പള്ളിപ്പുറം പഞ്ചായത്ത് എന്ന പേരാണ് സ്വീകരിച്ചതെങ്കിലും പഞ്ചായത്തിലേക്ക് വരുന്ന തപാല്‍ ഉരുപ്പടികള്‍ പള്ളിപ്പുറം എന്ന മറ്റു പ്രദേശങ്ങളിലേക്ക് പോവുകയും സമയത്തു കിട്ടാതെ വരികയും ചെയ്തതിനാല്‍ പഞ്ചായത്താഫീസ് സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ പേര് “ചേന്നംപള്ളിപ്പുറം” എന്ന് സ്വീകരിക്കുകയാണുണ്ടായത്. പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യത്തെ പ്രസിഡന്റ് കെ പി മാധവന് പിള്ള അവര്കളാണ്. കെ കുമാരപ്പണിക്കര്‍, കെ വി ജോസഫ്, അയ്യപ്പന്, കെ ജി രാഘവന് നായര്‍, കണ്ണേഴത്ത്,പി കെ വിശ്വനാഥന്, കെ ദാസന്, എന്നിവര്‍ ആദ്യ ഭരണസമിതിയിലെ അംഗങ്ങളായിരുന്നു. തുടര്‍ന്ന് കെ ജി രാഘവന് നായര്‍, സി ജി ജനാര്ദ്ദനന് പിള്ള, സി ജി ഭാസ്ക്കരന്‍, ഇമ്മാനുവല്‍ കടവന്‍ തുടങ്ങിയവര്‍ പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവിടുത്തെ കാഴ്ചവസ്തുക്കളില്‍ പ്രധാനവും പേരു കേട്ടതുമായിരുന്നു പള്ളിപ്പുറം വെറ്റില. കൂടാതെ തിരുനെല്ലൂര്‍ ക്വാളിറ്റി കയര്‍ യൂറോപ്പിലാകമാനം പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്ന ഒന്നായിരുന്നു. കേരളത്തിലാകമാനം ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും തൊഴിലാളികളുടെ സഹകരണത്തിലൂടെ മുന്നേറുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കോഫീ ഹൌസ് സഹകരണ പ്രസ്ഥാനത്തിന്റെ സ്ഥാപക സെക്രട്ടറിയായ എന്‍ എസ് പരമേശ്വരന് പിള്ള ഈ പഞ്ചായത്തിന്റെ മാത്രമല്ല കേരളത്തിന്റെയാകമാനം അഭിമാനമാണ്.