പഞ്ചായത്തിലൂടെ

ഭൂപ്രകൃതി, കൃഷി

നെയ്യാറിനോടും ദേശീയ പാതയോടും തൊട്ടുരുമ്മി കിടക്കുന്ന ഈ പഞ്ചായത്തില്‍ പലതരത്തിലുള്ള ഭൂപ്രകൃതിയാണ്. പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന കിഴക്കെ അതിര്‍ത്തി പൊന്‍വിളയാണ്. ജല ദൌര്‍ലഭ്യം വളരെയധികം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് റബ്ബര്‍, മരച്ചീനി, തെങ്ങ് എന്നിവയാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ തരത്തിലുള്ള കൃഷി സമ്പ്രദായമല്ല നിലവിലിരിക്കുന്നത്. മണ്ണിന്റെ ഘടന ഏകദേശം ഏകീകൃത സ്വഭാവമുള്ളതാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന മണ്‍തരങ്ങളെ  ചരല്‍മണ്ണ്, കളിമണ്ണ് കലര്‍ന്ന പശിമരാശി മണ്ണ്, വെള്ള മണല്‍മണ്ണ്, എക്കല്‍ മണ്ണ്, കരിമണ്ണ്, മണല്‍ ചേര്‍ന്ന മണ്ണ് എന്നിങ്ങനെ തരം തിരിയ്ക്കാം. പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നെയ്യാര്‍ ഒഴുകുന്നു. പഞ്ചായത്തിന്റെ പ്രധാന തോടുകളെല്ലാം നെയ്യാറിലാണ് പതിക്കുന്നത്. 62 കുളങ്ങളും നെയ്യാറിലെ പ്രധാനപ്പെട്ട ഒന്‍പത് തോടുകളും ചേര്‍ന്നതാണ് ചെങ്കല്‍ പഞ്ചായത്തിലെ ഉപരിതല ജലസ്രോതസ്സ്. ചെങ്കല്‍ പഞ്ചായത്ത് പൊതുവെ ഒരു കാര്‍ഷിക ഗ്രാമമാണ്. ഈ പഞ്ചായത്തിലെ 60%-ത്തിലധികം ആളുകള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിരന്ന വയലേലകളും ഫലഭൂയിഷ്ഠമായ മണ്ണും, പര്യാപ്തമായ രീതിയില്‍ നെയ്യാര്‍, വണ്ടിച്ചിറതോട് എന്നിവയില്‍ നിന്ന് ലഭിക്കുന്ന ജലവും കാര്‍ഷിക മേഖലയെ സമ്പുഷ്ടമാക്കുന്നു. നെയ്യാറിനോടു ചേര്‍ന്നു കിടക്കുന്ന ഈ പഞ്ചായത്തില്‍ നെല്ലാണ് പ്രധാന കൃഷിയെങ്കിലും തെങ്ങ്, മരച്ചീനി, വാഴ, പച്ചക്കറികള്‍, വെറ്റിലക്കൊടി എന്നിവയും ഇടവിളകൃഷിയായി പയര്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, എള്ള് എന്നിവയും നല്ല രീതിയില്‍ കൃഷി ചെയ്തുവരുന്നു. നെല്‍കൃഷി ഇപ്പോള്‍ ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുന്നു. വ്ളാത്താങ്കര, തൃക്കണ്ണാപുരം, മര്യാപുരം, കുടുംബോട്ടുകോണം, ആറയൂര്‍, വാണിയന്‍കാല, കുഴിച്ചാണി എന്നീ പ്രദേശങ്ങള്‍ പച്ചക്കറി കൃഷിക്ക് കീര്‍ത്തി കേട്ട സ്ഥലങ്ങളാണ്. പ്രധാനമായും മഴയെ മാത്രം ആശ്രയിച്ച് കൃഷി നടത്തുന്ന പഞ്ചായത്താണിത്. രണ്ടു ഘട്ടങ്ങളിലായിട്ടാണ് മഴ ലഭിക്കുന്നത്. കാലവര്‍ഷവും തുലാവര്‍ഷവും.

വ്യവസായം

വ്യാവസായികമായി വളരെ പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്താണ്  ചെങ്കല്‍. ഇപ്പോള്‍ പഞ്ചായത്തില്‍ പൊതുവായിട്ടും സ്വകാര്യ മേഖലയിലുമായി കാണപ്പെടുന്ന ചെറിയ വ്യവസായങ്ങളാണ്  തേനീച്ച വളര്‍ത്തല്‍, കൈത്തറി വ്യവസായം, പനയോലയുമായി ബന്ധപ്പെട്ടവ, തീപ്പെട്ടി വ്യവസായം, ഹാന്‍റിക്രാഫ്റ്റ്, പുല്‍പ്പായ് ഉല്‍പ്പന്നങ്ങള്‍, മണ്‍കല വ്യവസായം തുടങ്ങിയവ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേന്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തില്‍ കൂടുതല്‍ തേന്‍ ഉല്പാദിപ്പിക്കുന്ന സ്ഥലമാണ് ചെങ്കല്‍ പഞ്ചായത്തിലെ കോടങ്കര. ഒരുകാലത്ത് ഈ പഞ്ചായത്തിലെ ഒരു വിഭാഗം ജനങ്ങളുടെ മുഖ്യതൊഴില്‍ കരുപ്പട്ടി വ്യവസായം ആയിരുന്നു. എന്നാല്‍ പനവെട്ടി മാറ്റുന്നതുമൂലം ഇപ്പോള്‍ ഈ വ്യവസായം ക്ഷയിച്ചുപോയി. ഈ പഞ്ചായത്തിലെ മറ്റ് പ്രധാന വ്യവസായങ്ങളാണ് തീപ്പെട്ടി വ്യവസായവും കൈത്തറി വ്യവസായവും. സ്വന്തമായി കൈത്തറി ഉള്ളവരും ധാരാളം കൈത്തറികള്‍ സ്വന്തമായി നടത്തുന്നവരും ഈ പഞ്ചായത്തില്‍ ഉണ്ട്.  ഈ പഞ്ചായത്തില്‍ ചില സ്ഥലങ്ങളില്‍ മാത്രം ഉള്ള ഒരു തൊഴിലാണ് ഇഷ്ടിക നിര്‍മ്മാണം.

അടിസ്ഥാനസൌകര്യങ്ങള്‍

നാഷണല്‍ ഹൈവേ കടന്നുപോകുന്ന പഞ്ചായത്താണിത്. പഞ്ചായത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വടക്കുഭാഗത്തുകൂടെ കൊറ്റാമം, ഉദിയന്‍കുളങ്ങര, അമരവിള വരെ 4 കിലോമീറ്റര്‍ ദേശീയപാത (എന്‍.എച്ച്-47) കടന്നുപോകുന്നു. പഞ്ചായത്തിന്റെ വളരെയടുത്തുകൂടിയാണ് കന്യാകുമാരി-തിരുവനന്തപുരം തീവണ്ടിപ്പാതയുള്ളത്. കുടിവെള്ളത്തിനായി പഞ്ചായത്തിലെ 85% ജനങ്ങളും കിണറുകളെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്തിന്റെ 45% പ്രദേശത്തും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. ആധുനിക ചികിത്സാസമ്പ്രദായമാണ് പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിച്ചുവരുന്നത്. 1977-ല്‍ സ്ഥാപിച്ച ചെങ്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രമാണ് പഞ്ചായത്തിലെ ആദ്യത്തെ ആധുനിക ചികിത്സാകേന്ദ്രം. തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന സേതുലക്ഷ്മി ഭായിയുടെ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ടതാണ് ഉദിയന്‍കുളങ്ങരയിലെ സേതുലക്ഷ്മിപുരം പബ്ളിക് മാര്‍ക്കറ്റ്.

വിദ്യാഭ്യാസം

ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ ഒരു നൂറ്റാണ്ടിന് മുന്‍പ് തന്നെ പ്രൈമറി വിദ്യാഭ്യാസം ഈ പഞ്ചായത്തില്‍ ആരംഭിച്ചതായി കാണാം. കാലക്രമേണ അപ്പര്‍പ്രൈമറി സ്ക്കൂളുകളും ഹൈസ്ക്കൂളുകളും നിലവില്‍ വന്നു. ഇവിടുത്തെ ജനത ഭൂരിഭാഗവും കര്‍ഷകരാണെങ്കില്‍പോലും വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും മുന്‍പന്തിയില്‍ തന്നെയെന്നു കാണാം. ചെങ്കല്‍ പഞ്ചായത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിലെ വളര്‍ച്ചയ്ക്ക് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അതിന്റേതായ പങ്കു വഹിച്ചിട്ടുണ്ട്. ചെങ്കല്‍ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്ക്കൂള്‍ 1951-ല്‍ വ്ളാത്താങ്കരയില്‍ ആരംഭിച്ച വൃന്ദാവന്‍ ഹൈസ്ക്കൂള്‍ ആണ്.