ചെങ്കല്‍

കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പു തന്നെ തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായി 1953-ല്‍ പഞ്ചായത്തുകള്‍ നിലവില്‍ വന്നിരുന്നു. അക്കാലത്തു തന്നെ ചെങ്കല്‍ പഞ്ചായത്തും രൂപം കൊണ്ടു. ചെങ്കല്‍ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് ജോഷ്വാ (പപ്പു മുതലാളി) ആയിരുന്നു. തുടര്‍ന്ന് ജെ.മുത്തയ്യ, ഗ്രിഹറി, കെ.പുരുഷോത്തമന്‍ നായര്‍, ജെ.ഇമ്പസാഗരന്‍, എന്‍.സഹദേവന്‍, ജെ.സത്യദാസ് എന്നിവര്‍ നേതൃത്വം നല്‍കിയ ഭരണ സമിതികളായിരുന്നു നിലവില്‍ വന്നത്. കേരളത്തിന്റെ തെക്കേ അറ്റത്തായി തമിഴ്നാട് സംസ്ഥാനവുമായും പാറശ്ശാല പഞ്ചായത്തുമായും ചെങ്കല്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തി പങ്കു വയ്ക്കുന്നു. തമിഴ്നാടിനോട് അടുത്ത് കിടക്കുന്ന പഞ്ചായത്തായതിനാല്‍ ഭൂരിപക്ഷം ജനങ്ങളും തമിഴ് കലര്‍ന്ന മലയാളമാണ് സംസാരിക്കുന്നത്. ഏകദേശം  ദീര്‍ഘവൃത്താകൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമപഞ്ചായത്തിന് 19.37 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ വടക്കുഭാഗം ദേശീയ പാതയോടും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയോടും പടിഞ്ഞാറു ഭാഗം നെയ്യാറിനോടും തൊട്ടു കിടക്കുന്നു. ഏതാണ്ട് ഈ പഞ്ചായത്ത് തുടങ്ങുന്ന ഭാഗം മുതല്‍ അവസാനിക്കുന്ന ഭാഗം വരെ വണ്ടിചിറ തോട് പഞ്ചായത്തിന്റെ മധ്യഭാഗത്തുകുടി കടന്നുപോകുന്നു. കേരളത്തില്‍ ആദ്യമായി തേനീച്ച വ്യവസായം ആരംഭിച്ചത്  ചെങ്കല്‍ പഞ്ചായത്തിലെ കോടങ്കര എന്ന സ്ഥലത്താണ്. തേനീച്ച വളര്‍ത്തല്‍ ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന തൊഴിലുകളിലൊന്നാണ്.