ചരിത്രം

സാമൂഹ്യചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കാര്‍ഷിക സംസ്കാരമായിരുന്നു ഈ പ്രദേശത്തുണ്ടായിരുന്നത്. പലേടത്തുമായി ചിതറിക്കിടന്നിരുന്ന പാടങ്ങളില്‍ ഒരുപ്പൂവും ഇരുപ്പൂവും ചിലതില്‍ മുപ്പൂവും കൃഷി ചെയ്തിരുന്നു. തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ കൃഷികള്‍ക്കൊപ്പം വെറ്റിലക്കൃഷിയും ഒരു പ്രധാന വരുമാനമാര്‍ഗ്ഗമായിരുന്നു. വെറ്റിലക്കൊടിയെ ആധാരമാക്കിയുള്ള പറമ്പുകൃഷിയുടേതായ ഒരു ജീവിത ശൈലി അന്നുണ്ടായിരുന്നു. കൃഷിയ്ക്കു നനയ്ക്കാനുള്ള വെള്ളത്തിനു പുരയിടങ്ങളിലെ ആഴമുള്ള കിണറുകളെ ആശ്രയിച്ചിരുന്നു. ഇതിനുള്ള ഏത്തം എന്ന സമ്പ്രദായം നാടന്‍കൃഷിക്കാരന്റെ എഞ്ചിനിയറിംഗ് വൈദഗ്ധ്യത്തിനു ദൃഷ്ടാന്തമാണ്. വേനല്‍ക്കാല പച്ചക്കറികൃഷി അക്കാലത്ത് സാര്‍വ്വത്രികമായിരുന്നു. വലിയ അയിത്തം കല്പിക്കപ്പെട്ടിരുന്ന ഹരിജനങ്ങളെ ഗ്രാമജീവിതത്തില്‍ നിന്നകറ്റി പാടങ്ങളുടെ മധ്യത്തിലുള്ള ചാളകളിലായിരുന്നു താമസിപ്പിച്ചിരുന്നത്. എടവലത്ത്, മേപ്പാട്ട്, മതുകൂറ്റില്‍, പുത്തലം, പുനം, പൊറ്റമ്മല്‍ തുടങ്ങിയ ജന്മി കുടുംബങ്ങളുമായി ബന്ധപ്പെട്ട ഒരു ഫ്യൂഡല്‍ സാമൂഹ്യവ്യവസ്ഥയായിരുന്നു അക്കാലത്ത് ഇവിടെ നിലവിലുണ്ടായിരുന്നത്. പ്രസ്തുത ജന്മിമാര്‍ തന്നെയായിരുന്നു ഇവിടുത്തെ ഭൂമി മുഴുവന്‍ കൈക്കലാക്കിവച്ചിരുന്നത്. ഇടക്കിടെ ജന്മിമാര്‍ നടത്തിയിരുന്ന പൊളിച്ചെഴുത്തിലൂടെ കുടിയാന്മാര്‍ നിഷ്കരുണം തഴയപ്പെട്ട് വളരെ യാതന അനുഭവിച്ചിരുന്നു. അയിത്താചരണം അതിന്റെ പാരമ്യത്തില്‍ എത്തിയിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വിദേശവസ്ത്ര ബഹിഷ്ക്കരണം, ഖാദിപ്രവര്‍ത്തനം, ക്ഷേത്രപ്രവേശനം തുടങ്ങിയ പല നീക്കങ്ങളും ഇവിടെ നടക്കുകയുണ്ടായി. സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് നടന്ന ചേമഞ്ചരി സബ് രജിസ്ട്രാറാഫീസ് തീവെപ്പുകേസില്‍ വട്ടക്കണ്ടി ഉണ്ണിനായര്‍, വടക്കേ പണിക്കോട്ടില്‍ ചന്തുക്കുട്ടി നായര്‍ എന്നിവര്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് പിറക്കുന്നതിനു മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന നിലയ്ക്ക് ഏതാനും എഴുത്തുപള്ളികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ക്രമേണ ആധുനിക രീതിയിലുള്ള വിദ്യാലയങ്ങള്‍ ഉടലെടുത്തു. ഇരുപതാം നൂറ്റാണ്ടിലെ 3, 4 ദശകങ്ങളില്‍ ഇവിടത്തെ ചില വ്യക്തികള്‍ ഗുജറാത്തിലെത്തുകയും ടയര്‍ വ്യവസായത്തിലേര്‍പ്പെടുകയുമുണ്ടായി. അവരുടെ പിന്‍ഗാമികളായി നിരവധിപേര്‍ ഇന്നും പുറംനാടുകളിലുണ്ട്. പല കുടുംബങ്ങളുടേയും വരുമാനമാര്‍ഗ്ഗം ടയര്‍ വ്യവസായവുമായി ബന്ധപ്പെട്ടാണുള്ളത്. ജനസംഖ്യ വര്‍ദ്ധിച്ചതോടെ കൃഷിസ്ഥലങ്ങള്‍ തുണ്ടുതുണ്ടായി വിഭജിക്കപ്പെടുകയും കൃഷി ആദായകരമല്ലാതായിത്തീരുകയും ചെയ്തു. 1950-കളില്‍ കുറുമ്പ്രനാട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ നൂല്‍നൂല്‍പ്പുകേന്ദ്രങ്ങള്‍ ഈ പഞ്ചായത്തില്‍ സ്ഥാപിതമായി. സ്വാതന്ത്ര്യാനന്തര കാലഘട്ടം അടിക്കടിയുള്ള പരിവര്‍ത്തനങ്ങളുടേതായിരുന്നു. വിവിധ കാലഘട്ടങ്ങളില്‍ രൂപം കൊണ്ട ഭൂപരിഷ്ക്കരണ നിയമം ഫ്യൂഡല്‍ ജന്മിത്തത്തെ തുടച്ചുമാറ്റി. പ്രഗത്ഭരായ നിരവധി സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് ഈ പഞ്ചായത്ത്. പ്രശസ്ത ആര്യവൈദ്യനും സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്ന കെ.ആര്‍.കിടാവ്, കേരളത്തിലുടനീളം അറിയപ്പെടുന്ന കഥകളി ആചാര്യന്‍ ചേമഞ്ചരി കുഞ്ഞിരാമന്‍ നായര്‍, ഗവേഷകനും ചരിത്രപണ്ഡിതനുമായ എം.ആര്‍.രാഘവവാര്യര്‍ എന്നിവര്‍ അക്കൂട്ടത്തില്‍പെടുന്നു. 1962 ജനുവരി 1നാണ് ചേങ്ങോട്ടുകാവ് പഞ്ചായത്ത് രൂപീകൃതമായത്. വള്ളിക്കാട്ടില്‍ അപ്പുനായരായിരുന്നു പ്രഥമപ്രസിഡന്റ്. ചേങ്ങോട്ടുകാവ് പഞ്ചായത്തിലൂടെ മൂന്നു കിലോമീറ്ററോളം ഷോര്‍ണ്ണൂര്‍-മംഗലാപുരം റെയില്‍വേപാതയും, മൂന്നകാല്‍ കിലോമീറ്ററോളം ദേശീയപാത-17-ഉം പരസ്പരം സമാന്തരമായി കടന്നുപോകുന്നു.

വിദ്യാഭ്യാസചരിത്രം

കേരളത്തിലെ മറ്റേതൊരു പ്രദേശത്തെയും പോലെ ഈ ഗ്രാമത്തിലും ഇരുപതാം നൂറ്റാണ്ടിനു മുമ്പുതന്നെ മഹാന്മാരായ വ്യക്തികളുടെ കഠിനമായ പരിശ്രമഫലമായാണ് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. അതിനു ഉത്തമോദാഹരണമാണ് ചേലിയ കക്കാട്ട് എഴുത്തച്ഛന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന കക്കാട്ട് കുഞ്ഞിക്കണ്ണന്‍ നായര്‍ സ്ഥാപിച്ച എഴുത്തുപള്ളിക്കൂടം. ഇവിടെ കുട്ടികളെ അരിയിലെഴുതിച്ചതിനു ശേഷം, ഗണപതിയെഴുത്ത് കഴിയുന്നതുവരെ നിലത്ത് പനയോല കൊണ്ടുണ്ടാക്കിയ തടുക്കിലിരുത്തിയാണ് പഠിപ്പിച്ചിരുന്നത്. അയിത്താചാരം നിലനിന്നിരുന്ന അക്കാലത്ത് പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ പള്ളിക്കൂടത്തിലെത്തുന്നത് വളരെ അപൂര്‍വ്വമായിരുന്നു. ഗണാഷ്ഠകം, മുകുന്ദാഷ്ഠകം, മണിപ്രവാളം തുടങ്ങിയവയ്ക്കുശേഷം സിദ്ധരൂപം ശ്രീരാമോദന്തം എന്നീ സംസ്കൃതകാവ്യങ്ങളും പഠിപ്പിക്കാറുണ്ടായിരുന്നു. പെണ്‍കുട്ടികളെ പ്രത്യേകമായി ശീലാവതി, ശകുന്തള, വാക്യം എന്നിവ പഠിപ്പിച്ചുപോന്നു. പഞ്ചായത്തിലെ ആദ്യസ്ക്കൂളുകള്‍ ചേങ്ങോട്ടുകാവ് കണ്ണന്‍ കിടാവിന്റെ സ്കൂള്‍, ചേലിയ സ്കൂള്‍, ആന്തട്ട സ്കൂള്‍ എന്നിവയായിരുന്നു. വിദ്യാലയത്തില്‍ നിന്ന് 4-ാം തരം പാസാവുമ്പോഴുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ അധ്യാപകപരിശീലനത്തിനു തെരഞ്ഞെടുക്കപ്പെടുമായിരുന്നു. അനൌപചാരിക വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഗ്രാമീണവായനശാലകള്‍ ഈ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്നതായി കാണാം. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി പഞ്ചായത്തിലുള്ളവര്‍ എലത്തൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളിലായിരുന്നു പോയിരുന്നത്. 1957-ല്‍ പൊയില്‍ക്കാവ് ഹൈസ്കൂള്‍ സ്ഥാപിതമായതോടെ ഇതിന് പരിഹാരമായി.

സാംസ്കാരികചരിത്രം

ചേങ്ങോട്ടുകാവ് പഞ്ചായത്തിനു തനതായ ഒരു കാര്‍ഷിക സംസ്ക്കാരമുണ്ടായിരുന്നു. ഉഴവ്, വിതനാട്ടി, കൊയ്ത്ത്, മെതി തുടങ്ങിയ കാര്യങ്ങളില്‍ പരിമിതപ്പെട്ടതായിരുന്നു കര്‍ഷകന്റെ ജീവിതവൃത്തി. വടക്കന്‍ പാട്ട് തനത് ഈണത്തില്‍ കൂട്ടം ചേര്‍ന്നു പാടിക്കൊണ്ട് നാട്ടി നടുന്ന കാഴ്ച അന്നു സാധാരണമായിരുന്നു. ഉച്ചാല്‍, ശീപോതി, കലിയന്‍, കലിച്ചി തുടങ്ങിയ ഐശ്വര്യസമൃദ്ധിക്കുവേണ്ടിയുള്ള ചടങ്ങുകള്‍ അക്കാലത്ത് ആചരിക്കുക പതിവായിരുന്നു. ചേങ്ങോട്ടുകാവിലെ പ്രബല മതവിഭാഗം ഹിന്ദുക്കളാണ്. മുസ്ലീങ്ങളും എണ്ണത്തില്‍ കുറവല്ല. മുസ്ലീം ആരാധനാലയങ്ങളോടു ചേര്‍ന്നു മതപഠന കേന്ദ്രങ്ങളായ മദ്രസ്സകള്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും പഴക്കമേറിയത് പൊയില്‍ക്കാവ് വനദുര്‍ഗ്ഗാക്ഷേത്രമാണ്. പതിനഞ്ചക്കറോളം വരുന്ന നിബിഡ വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കേരളത്തിലെ പരശുരാമ പ്രതിഷ്ഠകളിലൊന്നാണെന്നാണ് ഐതിഹ്യം. സവര്‍ണ്ണ മേധാവിത്വം കൊടികുത്തി വാണിരുന്ന കാലത്തും അവര്‍ണ്ണരുടേതായിരുന്ന തെക്കയില്‍ ഭഗവതി ക്ഷേത്രത്തില്‍ അവര്‍ണ്ണര്‍ തന്നെയായിരുന്നു പൂജ നടത്തിയിരുന്നത് എന്ന കാര്യം എടുത്തുപറയയേണ്ടതാണ്. ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് രാമകൃഷ്ണപരമഹംസരുടെ ശിഷ്യനായ നിര്‍മ്മലാന്ദ സ്വാമികള്‍ കേരളത്തില്‍ ആദ്യമായി ഒരു രാമകൃഷ്ണ മഠം സ്ഥാപിച്ചതാണ് മേലൂരിലുള്ള ശ്രീരാമകൃഷ്ണമഠം. ആദ്യകാലത്തു സംസ്കൃത പഠനത്തിനായിരുന്നു പ്രാമുഖ്യം. ജ്യോതിഷം, വൈദ്യം, മന്ത്രവാദം, വാസ്തുവിദ്യ, സാഹിത്യം എന്നിവയെ ലക്ഷ്യമാക്കിയായിരുന്നു സംസ്കൃത പഠനം. ഗ്രന്ഥശാലാപ്രസ്ഥാനം രൂപംകൊണ്ട കാലഘട്ടത്തില്‍ ഇവിടെ വയോജന വിദ്യാഭ്യാസത്തിനു അന്നത്തെ അധ്യാപകര്‍ നിശാപാഠശാലകള്‍ നടത്തിയിരുന്നു. പിന്നീട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍  രൂപം കൊണ്ട ഗ്രന്ഥശാലകള്‍ സാംസ്ക്കാരികപുരോഗതിയില്‍ കാര്യമായ പങ്കു വഹിക്കുകയുണ്ടായി. നാല്‍പതുകളില്‍ പുത്തലം കേന്ദ്രമായി ഒരു കഥകളിയോഗം പ്രവര്‍ത്തിച്ചിരുന്നു. സമീപപ്രദേശങ്ങളിലെ സാഹിത്യകുതുകികള്‍ സാഹിത്യാരാമം എന്നാരു മാസിക അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നു. തമിഴുസ്വാധീനമുളള സംഗീത നാടകങ്ങള്‍ അക്കാലത്ത് ഇവിടങ്ങളില്‍ അരങ്ങേറുക പതിവായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ സാംസ്കാരികരംഗം പെട്ടെന്നു വളര്‍ച്ച പ്രാപിച്ചു. തദ്ദേശീയരായ സ്ത്രീകള്‍ ആദ്യമായി ഒരു നാടകത്തില്‍ പങ്കെടുക്കുന്നത് ശ്രീഭാസകലാകേന്ദ്രത്തിന്റെ കാഞ്ചന സീത  എന്ന നാടകത്തിലായിരുന്നു.