ചേങ്ങോട്ടുകാവ്
കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കില്‍, പന്തലായനി ബ്ളോക്കിലാണ് ചേങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചേങ്ങോട്ടുകാവ് വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന ചേങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന് 13.60 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കൊയിലാണ്ടി മുനിസിപ്പാലിറ്റിയും, ഉള്ളിയേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് ഉള്ളിയേരി, അത്തോളി, ചേമഞ്ചേരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചേമഞ്ചരി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൊയിലാണ്ടി മുനിസിപ്പാലിറ്റിയും, അറബിക്കടലുമാണ്. പഴയ കുറുമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളില്പട്ട എടക്കുളം, മേലൂര്‍ എന്നീ അംശങ്ങള്‍ ചേര്‍ത്താണ്, 1962-ല്‍ ചേങ്ങോട്ടുകാവ് പഞ്ചായത്ത് രൂപീകരിച്ചത്. ചെറിയ ചെറിയ കുന്നുകളും, ചെരിവുപ്രദേശങ്ങളും, സമതലങ്ങളും, പാടങ്ങളും തീരപ്രദേശങ്ങളും ഉള്‍പ്പെട്ടതാണ് ചേങ്ങോട്ടുകാവിന്റെ ഭൂപ്രകൃതി. കുന്നുകള്‍ ഭൂരിഭാഗവും പഞ്ചായത്തിന്റെ കിഴക്കുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ഹൈവേയുടേയും, റെയില്പാതയുടേയും പടിഞ്ഞാറുഭാഗം പൊതുവെ തീരപ്രദേശമാണ്. ഇവിടെ തീരത്തോടടുക്കുന്തോറും മണലിന്റെ സാന്നിധ്യം കൂടിവരുന്നതായും ചെമ്മണ്ണിന്റെ സാന്നിധ്യം കുറഞ്ഞു വരുന്നതായും കാണാം. പടിഞ്ഞാറു നിന്ന് കിഴക്കോട്ടു സഞ്ചരിക്കുമ്പോള്‍ തീരസമതലം കഴിഞ്ഞാല്‍ അല്പാല്പമായുയര്ന്നുവരുന്ന ചെമ്മണ്ണു നിറഞ്ഞ പ്രദേശങ്ങളും ചെറുകുന്നുകളും കാണാം. ഈ കുന്നുകളുടെ കിഴക്കോട്ട് പാടങ്ങള്‍ നിറഞ്ഞ സമതലങ്ങളാണ്. വീണ്ടും കിഴക്കോട്ട് കുന്നുകളാണ്. പഞ്ചായത്തിന്റെ കിഴക്കേ അറ്റം എക്കല്‍ മണ്ണു നിറഞ്ഞ തീരപ്രദേശമാണ്. തെങ്ങും, കവുങ്ങുമാണ് പഞ്ചായത്തിലെ പ്രധാനകൃഷികള്‍.