സാമൂഹ്യസാംസ്കാരികചരിത്രം
ചെങ്ങന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിലെ ഓരോ ഗ്രാമത്തിനും തനതായ ചരിത്രവും, സംസ്കാരവുമുണ്ട്. പണ്ടെന്നോ മുളങ്കാടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നുവത്രെ മുളങ്കുഴ. പിന്നീടിവിടുത്തെ മുളകള്‍ മുഴുവന്‍ വെട്ടിമാറ്റിയതിനെ തുടര്‍ന്നു മുളങ്കുറ്റികള്‍ മാത്രം അവശേഷിച്ചു. അങ്ങനെ മുളങ്കുഴികള്‍ നിറഞ്ഞ പ്രദേശം മുളങ്കുഴയും പിന്നീട് മുളക്കുഴയും ആയി അറിയപ്പെട്ടുവത്രെ. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മുഹമ്മ സ്വദേശി ചിലമ്പിശ്ശേരി സി.കെ.കുഞ്ഞികൃഷ്ണന്, വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണിപോരാളിയായിരുന്നു. ആര്യസമാജത്തിന്റെ പ്രവര്‍ത്തകനായിരുന്ന ഗോവിന്ദന് മാഷ്, പുത്തന്‍കാവ് പുത്തന്‍പുരയിലെ ചെറിയാന് കെ. തോമസ്, അന്നമ്മ തോമസ്, സി.കെ.കുഞ്ഞികൃഷ്ണന്, ഐ.എന്‍.എ പോരാളിയായിരുന്ന ചേരിയിലെ മത്തായി എന്നിവര്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. 1942-ല്‍ ക്വിറ്റിന്ത്യാ പ്രക്ഷോഭത്തോടനുബന്ധിച്ച് ചെങ്ങന്നൂര്‍ മില്‍സ് മൈതാനിയില്‍ ജോണ്‍ ഫിലിപ്പോസ് പ്രസംഗിച്ച യോഗത്തില്‍ ഇവിടെ നിന്നും നിരവധി പേര് പങ്കെടുത്തിരുന്നു. ഈ യോഗത്തിനു നേരേ പോലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. ആദ്യകാലഘട്ടങ്ങളില്‍ ഗതാഗതത്തിനും ചരക്കുകള്‍ കൊണ്ടുപോകുന്നതിനും കാളവണ്ടികള്‍ മാത്രമായിരുന്നു ഏക ആശ്രയം. മുളക്കുഴ ഗന്ധര്‍വമുറ്റം, പറയരുകാലാ കോട്ട ദേവീക്ഷേത്രങ്ങള്‍, കാരയ്ക്കാട് ശ്രീധര്‍മ്മശാസ്താക്ഷേത്രം, കൊഴുവല്ലൂര്‍ ദേവീക്ഷേത്രം, മുളക്കുഴ ജൂമാമസ്ജിദ് എന്നിവയാണ് മുളക്കുഴ ഗ്രാമത്തിലെ പ്രധാന ദേവാലയങ്ങള്‍. പ്രാചീനകാലത്തെ 64 ബ്രാഹ്മണകേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന ഗ്രാമങ്ങളില്‍ വച്ച് തെക്കേയറ്റത്തുള്ളതാണ് വെണ്മണി ഗ്രാമം. രണ്ടര നൂറ്റാണ്ടു മുന്‍പ് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കായംകുളം രാജാവിനെ പരാജയപ്പെടുത്തിയ യുദ്ധം നടന്ന കാലത്ത് മാര്‍ത്താണ്ഡവര്‍മ്മയുടെ അപ്രീതിക്കു പാത്രമായ ബുധനൂര്‍ പ്രദേശത്തെ പ്രമാണിമാരെ ഒരു പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വെണ്മണി, ബുധനൂര്‍, പാണ്ടനാടുവഴി ഒഴുകിക്കൊണ്ടിരുന്ന അച്ചന്‍കോവിലാര്‍ നദിയെ, ശാര്ങ്ങക്കാവു ക്ഷേത്രത്തിനു തൊട്ടു പടിഞ്ഞാറുവച്ച് ഗതിമാറ്റി ഒഴുക്കാന്‍ തീരുമാനിച്ചു. ദേശീയ പ്രസ്ഥാനത്തോടനുബന്ധിച്ച് വെട്ടത്തു ജി.വേലുപ്പിള്ള, ഇടശ്ശേരത്തു കൃഷ്ണപിള്ള, കാട്ടുവടക്കേതില് സി.ഒ.ജോര്‍ജ്, എം.കെ.രാഘവപണിക്കര്‍, മാധവക്കുറുപ്പ്, ഗോപാലപിള്ള എന്നിവര്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരു നൂറ്റാണ്ട് പഴക്കമുള്ള കല്യാത്ര ജെ.ബി.സ്കൂളും വെണ്മണി മാര്‍ത്തോമ യു.പി.സ്കൂളും വെണ്മണിയുടെ വിദ്യാഭ്യാസപുരോഗതിയുടെ ആദ്യഘട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. മേടമാസത്തിലെ വിഷുവിന് ശാര്‍ങ്ങക്കാവ് ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള വ്യാപാരമേള പ്രസിദ്ധമാണ്. ശാര്‍ങ്ങക്കാവ് ദേവീക്ഷേത്രം, പന്തളം രാജാവ് പണികഴിപ്പിച്ച് നല്കിയ ചരിത്രപ്രസിദ്ധമായ വെണ്മണി സെന്റ് മേരീസ് കത്തീഡ്രല്‍, അച്ചന്‍കോവിലാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന ശാര്‍ങക്കാവ് ദേവീക്ഷേത്രം, കല്യാത്ര ദേവീക്ഷേത്രം, ശബരിമാംമൂട് ദേവീക്ഷേത്രം, വെണ്മണി സെഹിയോന്‍ മാര്‍ത്തോമാപള്ളി എന്നിവയാണ് ഇവിടെയുള്ള പ്രധാന ആരാധനാലയങ്ങള്‍. 1200 കൊല്ലം മുമ്പ് ചെറിയനാടിന്റെ പടിഞ്ഞാറുഭാഗം കായംകുളം രാജാവിന്റെയും കിഴക്കുഭാഗം പന്തളം രാജാവിന്റെയും അധീനതയിലായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മിഷണറിമാര്‍ ആരംഭിച്ച കോക്കാപ്പള്ളി സി.എം.എസ് എല്‍.പി.സ്കൂള്‍ ചെറിയനാട് ഗ്രാമത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ചെറിയനാട് ജെ.ബി സ്കൂളാണ് ചെറിയനാട്ടെ ആദ്യ സര്‍ക്കാര്‍ വിദ്യാലയം. ഗതാഗത വികസനമുണ്ടാകുന്നതിനു മുമ്പ് ചങ്ങാടക്കടത്തായിരുന്നു ഈ പ്രദേശത്തെ പ്രധാന ഗതാഗതമാര്‍ഗം. ചെറിയനാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പ്രസിദ്ധമായ കൊല്ലക്കടവ് മുസ്ളീം പള്ളി, എടവങ്കാട്ട് ക്രിസ്തീയ ദേവാലയം എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന ആലാ ഗ്രാമത്തിലെ ഭൂസ്വത്തുക്കള്‍ മുഴുവന്‍ ഇടവനമഠം, ഇടപ്പള്ളി, വാഴൂര്‍, വഞ്ഞിപ്പുഴ എന്നീ മഠങ്ങള്‍ കൈയ്യടക്കിവച്ചിരിക്കുകയായിരുന്നു. പുരാതനകാലത്ത് ബ്രാഹ്മണരുടെ അധിവാസകേന്ദ്രമായിരുന്നു ഇവിടമെന്നതിനു തെളിവുകളുണ്ട്. വെള്ളക്കെട്ട് പ്രദേശം എന്നാണ് ശബ്ദതാരാവലിയില്‍ ആലാ എന്ന പദത്തിന് അര്‍ത്ഥം. ഇതില്‍ നിന്നാവാം ഈ പ്രദേശത്തിന് ആല എന്ന പേരു ലഭിച്ചതെന്ന് കരുതപ്പെടുന്നു. ദേശീയപ്രസ്ഥാനകാലത്ത് സ്റ്ററ്റ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ശക്തമായിരുന്ന ഈ പ്രദേശത്ത് സര്.സി.പി.ക്കെതിരെ ചെങ്ങന്നൂര്‍ മില്‍സ് മൈതാനത്ത് നടന്ന സമ്മേളനവും സമ്മേളനത്തിനു നേരെ നടന്ന പോലീസ് വെടിവയ്പും ചരിത്രസംഭവമാണ്. മൈതാനം നിലനിന്ന സ്ഥലത്താണ് ഇപ്പോഴത്തെ കെ.എസ്.ആര്.ടി.സി ബസ് സ്റ്റഷന് പ്രവര്‍ത്തിച്ചുവരുന്നത്. ആലാ, പെണ്ണുക്കര, നെടുവരംകോട്, കുതിരവട്ടം എന്നീ ക്ഷേത്രങ്ങള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളവയാണ്. വളരെ പ്രബലമായൊരു ബ്രാഹ്മണ സമൂഹം പുലിയൂരിലുണ്ടായിരുന്നതായി കരുതപ്പെടുന്നു. പ്രാചീനകാലത്ത് ചില പ്രദേശങ്ങളുടെ അധികാരം പൂര്‍ണമായും ചില ക്ഷേത്രങ്ങളുടെ കീഴിലായിരുന്നപ്പോള്‍ ആ പ്രദേശത്തിന്റെ ഭരണം പൂര്‍ണ്ണമായും അവിടെയുളള നാട്ടുകൂട്ടത്തിന്റെ കീഴിലുമായിരുന്നു. അതേ സമയം ശക്തരായ രാജാക്കന്മാര്‍ക്കുപോലും അധികാരമില്ലായിരുന്നുതാനും. പുലികള്‍ ധാരാളമുണ്ടായിരുന്ന കാട്ടുപ്രദേശമായിരുന്നതിനാലാണ് പുലിയൂരിന് ആ പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമായി ചെങ്ങന്നൂര്‍ മില്‍സ് മൈതാനിയില്‍ നടന്ന സമ്മേളനത്തിനു നേരെയുണ്ടായ വെടിവെയ്പിലെ രക്തസാക്ഷിയാണ് പുലിയൂര് ഗ്രാമത്തിലെ പേരിശ്ശേരി കുടിലില്‍ ജോര്‍ജ്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്ത് 42 പ്രവൃത്തി പളളിക്കൂടങ്ങള് ചേര്‍ന്ന ആദ്യത്തെ പളളിക്കൂടം ഇവിടെ നിലവില്‍ വന്നു. ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃപ്പുലിയൂര്‍ ക്ഷേത്രം. പേരൂര്‍ക്കുളം ക്ഷേത്രം, തൃക്കയില്‍ ക്ഷേത്രം, പഴയാറ്റില്‍ ക്ഷേത്രം തുടങ്ങിയവയും പ്രസിദ്ധങ്ങളാണ്. ബുദ്ധന്മാരുടെ ഊരാണ് ബുധനൂര്‍ ആയി മാറിയതെന്ന് കരുതുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് കൊല്ലം ജയിലില്‍ തടവുശിക്ഷ അനുഭവിച്ച വ്യക്തിയായിരുന്നു എബ്രഹാം താളേത്ത്. 1905-ലാണ് ബുധനൂരില്‍ ആദ്യത്തെ യു.പി സ്കൂള്‍ നിലവില്‍ വന്നത്. അവര്‍ണര്‍ക്കുവേണ്ടി ബുധനൂര്‍ കിഴക്ക് രക്ഷാസൈന്യക്കാര്‍ ആരംഭിച്ച മരുതനാട്ടു സ്കൂളും കടമ്പൂര് കുറ്റിയില്‍ സ്കൂളും പെരിങ്ങിലിപ്പുറത്ത് രാമവര്‍മ രാജ സ്ഥാപിച്ച സ്കൂളും ചരിത്രത്തിന്റെ ഭാഗമാണ്. നാഗാരാധന വ്യാപകമായുള്ള കാവുകള്‍ ഇപ്പോഴുമുണ്ട്. വളരെ പഴക്കം ചെന്ന ഉളുന്തിയിലെ സെന്റ് ആന്റണീസ് പളളി, ബുധനൂര്‍ സെന്റ് ഏലിയാസ് പളളി തുടങ്ങിയവയാണ് പ്രധാന ക്രിസ്തീയ ആരാധനാലയങ്ങള്‍. കായംകുളം രാജാവും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവും തമ്മിലുണ്ടായ ചരിത്ര പ്രസിദ്ധമായ യുദ്ധം നടന്ന സ്ഥലമാണ് മാന്നാര്‍ പടനിലം. മാന്നാര്‍ എന്ന സ്ഥലനാമമുണ്ടായതിനെപറ്റിയുള്ള സ്ഥലനാമ ഐതിഹ്യം ഇങ്ങനെയാണ്. കൃതയുഗത്തില്‍ ജീവിച്ചിരുന്ന മാന്ധാതാവ് ചക്രവര്‍ത്തി പ്രജാക്ഷേമത്തിനു വേണ്ടി തൃക്കുരട്ടി ക്ഷേത്ര പരിസരത്ത് വച്ച് 100 യാഗങ്ങള്‍ നടത്തുകയുണ്ടായി. ഈ യാഗത്താല്‍ പ്രസിദ്ധമായ സ്ഥലത്തിന് “മാന്ധാതപുരം” എന്ന് പേരു നല്‍കുകയുണ്ടായത്രെ. ഇത് ലോപിച്ച് “മാന്നാര്‍” എന്നായിയത്രെ. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ജി.രാമചന്ദ്രനോടൊപ്പം പങ്കെടുത്തിരുന്ന കാഞ്ഞിക്കന്‍ കെ.വേലായുധ പണിക്കര്‍ മാന്നാറിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. 1904-ല്‍ സ്ഥാപിതമായ മാന്നാര്‍ നായര്‍ സമാജം ഇംഗ്ളീഷ് ഹൈസ്കൂള്‍ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയുടെ അടിസ്ഥാനമാണ്. ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാകേന്ദ്രങ്ങളും ഈ ഭാഗത്ത് കാണപ്പെടുന്നു. നളിയില്‍ വിഷ്ണുക്ഷേത്രം, വൃഷഭശ്ശേരിക്കര ശ്രീസുബ്രമഹ്മണ്യക്ഷേത്രം തുടങ്ങിയവയും പ്രധാന ആരാധനാലയങ്ങളാണ്. 1948-ല്‍ സ്ഥാപിതമായ പാവുകര കുര്യത്തു കാവിലുളള സെന്റ് പീറ്റേഴ്സ് ചര്‍ച്ചാണ് ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ ആരാധനാലയം. പഞ്ചപാണ്ഡവന്മാര് “വസിച്ച നാട്” പ്രദേശമെന്ന് ഐതിഹ്യമുള്ളതിനാലാണ് ഈ ഗ്രാമത്തിന് പാണ്ടനാട് എന്ന പേരു ലഭിച്ചതെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. 100-ല്‍ പരം വര്‍ഷം പഴക്കമുളള ജെ.ബി സ്കൂളാണ് ഇവിടുത്തെ ആദ്യ വിദ്യാലയം. പാണ്ഡവന് പാറയും പാണ്ഡവക്ഷേത്രങ്ങളും ഇവിടുത്തെ പ്രധാന ആരാധനാകേന്ദ്രങ്ങളാണ്. പമ്പാനദി പാണ്ടനാടിനെ തെക്കും വടക്കുമായി വിഭജിക്കുന്നു. തിരുവന്‍വണ്ടൂരിന്റെ പൂര്‍വ്വനാമം തിരുപാണ്ഡവായൂര് എന്നായിരുന്നുവത്രെ. കാലക്രമേണ തിരുവണ്ടൂരായി ലോപിച്ചുവെന്ന് പറയപ്പെടുന്നു. ചെങ്ങന്നൂര്‍ മില്‍സ് മൈതാനത്തു നടന്ന സ്വാതന്ത്ര്യസമരവൂമായി ബന്ധപ്പെട്ട ലഹളയില്‍ മൂന്നാം പ്രതിയായിരുന്നു ഈ നാട്ടുകാരനും സാമൂഹിക പരിഷ്കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ചാക്കോ കല്ലിശ്ശേരി. ഒന്നര നൂറ്റാണ്ടോളം പ്രായമുള്ള വടക്കേക്കര ഗവ.യു.പി.എസ്സാണ് ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം. എം.സി.റോഡ് ഈ ചെങ്ങന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിലൂടെ കടന്നു പോകുന്നുണ്ട്. പ്രഥമ കേരള നിയമസഭ സ്പീക്കറായിരുന്ന ശ്രീമാന്‍ ആര്.ശങ്കര നാരായണന് തമ്പിയും, കഥകളി ആചാര്യനായിരുന്ന ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ളയും ഈ നാടിന്റെ അഭിമാനാര്‍ഹ സന്തതികളാണ്. കൃഷിയും അനുബന്ധതൊഴിലുകളും ഈ പ്രദേശത്തെ മുഖ്യജീവിതമാര്ഗ്ഗമായിട്ടാണ് ജനങ്ങള്‍ കാണുന്നത്. അടുത്ത കാലം വരെ നദീതടമേഖലകളിലെ പ്രധാന കൃഷിയായിരുന്നു കരിമ്പ്. എന്നാല്‍ പന്തളം മന്നം ഷുഗര്‍മില്ലിന്റെ പ്രവര്‍ത്തനം നിലച്ചതും, പമ്പാഷുഗര്‍ ഫാക്ടറി സ്തംഭനാവസ്ഥയിലായതും, കരിമ്പുകൃഷിയുടെ തകര്ച്ചയ്ക്കിടയായി.