ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

ചെങ്ങളായി പഞ്ചായത്തിലുള്ള കുന്നുകളുടെ മുകള്‍ത്തട്ടില്‍ കാണുന്ന വിശാലമായ പാറപ്രദേശങ്ങള്‍ ആദ്യകാല ജനപദങ്ങളായിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്. ഇവിടങ്ങളില്‍ കാണപ്പെടുന്ന നവീനശിലായുഗത്തിലേതെന്നു കരുതാവുന്ന ഗുഹകള്‍ ഇതിന് തെളിവാണ്. പരിമിതമായ സ്ഥലങ്ങളില്‍ മാത്രമേ ആദ്യകാലത്ത് ജനവാസം ഉണ്ടായിരുന്നുള്ളൂ. ബാക്കിഭാഗം മുഴുവനും നിബിഡവനങ്ങളായിരുന്നു. ഇത്തരം സ്ഥലങ്ങളെ ബന്ധിപ്പിച്ചിരുന്നത് ഒറ്റയടിപ്പാതകളായിരുന്നു. വളക്കൈ മുതല്‍ പരിപ്പായി വരെയുണ്ടായിരുന്ന കാളവണ്ടിപ്പാതയാണ് പില്‍ക്കാലത്ത് റോഡായി പരിണമിച്ചത്. ചെങ്ങളായി പഞ്ചായത്തിലുള്ള കുന്നുകളുടെ മുകള്‍ത്തട്ടില്‍ കാണുന്ന വിശാലമായ പാറപ്രദേശങ്ങള്‍ ആദ്യകാല ജനപദങ്ങളായിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്. ഇവിടങ്ങളില്‍ കാണപ്പെടുന്ന നവീനശിലായുഗത്തിലേതെന്നു കരുതാവുന്ന ഗുഹകള്‍ ഇതിന് തെളിവാണ്. ഭൂസ്വത്തുക്കള്‍ പ്രധാനമായും കരക്കാട്ടിടം, കല്ല്യാട്ട് തുടങ്ങിയ ജന്മികളും ദേവസ്വം, ബ്രഹ്മസ്വം തുടങ്ങിയവയും കൈയ്യടക്കിവച്ചിരിക്കുകയായിരുന്നു. ഒരു ഭാഗത്തുള്ള ദീര്‍ഘമായ പുഴയോരവും കുന്നിന്‍നിരകളും വയല്‍പ്രദേശങ്ങളും ഈ പഞ്ചായത്തിന്റെ പ്രത്യേകതകളാണ്. ജനങ്ങള്‍ പണ്ടുകാലം മുതല്‍ തന്നെെ കൃഷിയില്‍ വ്യാപൃതരായിരുന്നു. കുന്നിന്‍പ്രദേശങ്ങളില്‍ പൂനം കൃഷിയും അതില്‍ നിന്നുള്ള നെല്ല്, മുത്താറി, ചാമ, ചോളം, തുവ, എള്ള് എന്നീ ഉല്‍പ്പന്നങ്ങളും പ്രധാന വരുമാനമാര്‍ഗ്ഗമായിരുന്നു. വയല്‍ പ്രദേശങ്ങളില്‍ പ്രധാനമായും നെല്‍കൃഷിയായിരുന്നു. കാര്‍ഷിക പരിഷ്കരണത്തെ തുടര്‍ന്ന് ഭൂവുടമസ്ഥതയില്‍ വന്ന മാറ്റങ്ങള്‍, കര്‍ഷക പ്രസ്ഥാനങ്ങളുടെ വളര്‍ച്ച, ദേശീയപ്രസ്ഥാനങ്ങളുടെ വളര്‍ച്ച എന്നിവ ജനങ്ങളിലുണ്ടാക്കിയ അവബോധം, സ്വാതന്ത്യ്ര പ്രാപ്തിയെ തുടര്‍ന്ന് ഗതാഗത, വാണിജ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ വന്ന മാറ്റങ്ങള്‍, തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റം എന്നിവ ഭൂവിനിയോഗത്തിലും കൃഷിയിലും വമ്പിച്ച മാറ്റങ്ങള്‍ വരുത്തി. താഴ്വരകളില്‍ നിന്നും ക്രമേണ ജനവാസം മലഞ്ചരിവുകളിലേക്കും മുകള്‍ത്തട്ടിലേക്കും വളര്‍ന്നുകയറി. ഇതിനിടയില്‍ നിടുവാലൂര്‍, പരിപ്പായി, മരുതേനി എന്നിവിടങ്ങളില്‍ പ്രധാനപ്പെട്ട മൂന്ന് റബ്ബര്‍ത്തോട്ടങ്ങള്‍ ഉണ്ടായി. അതോടൊപ്പം തന്നെെ മരച്ചീനി, കശുവണ്ടി, എന്നീ നാണ്യവിളകള്‍ കൃഷി ചെയ്യാനും ആരംഭിച്ചു. കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള മെച്ചപ്പെട്ട വാണിജ്യകേന്ദ്രമായി ചെങ്ങളായി മാറി. മലയോര മേഖലകളില്‍ നിന്നുപോലും കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ചെങ്ങളായിയിലെത്തുമായിരുന്നു. ജലമാര്‍ഗ്ഗം മലഞ്ചരക്കുകള്‍ ബോട്ടുകളിലും വലിയ തോണികളിലും പ്രധാന വാണിജ്യകേന്ദ്രമായ വളപട്ടണത്തേക്ക് എത്തിക്കാന്‍ വളരെ സൌകര്യമുണ്ടായിരുന്നു. പഞ്ചായത്തിലെ ആദ്യകാല ഗതാഗത സൌകര്യങ്ങളായുണ്ടായിരുന്നത്, ചെങ്ങളായിയില്‍ നിന്നും വളപട്ടണത്തേക്കുണ്ടായിരുന്ന ബോട്ട്-തോണി സര്‍വ്വീസുകളും, കാളവണ്ടി, കരിവണ്ടി തുടങ്ങിയ കരമാര്‍ഗ്ഗമുള്ള വാഹനങ്ങളും മാത്രമായിരുന്നു. ചരക്കുകള്‍ കൊണ്ടുപോകുന്നതിന് കാളവണ്ടികള്‍ ഉപയോഗിച്ചിരുന്നു. പഴയകാലത്ത് തന്നെെ ഉണ്ടായ മറ്റൊരു പ്രധാന ഗതാഗതപാതയായിരുന്നു പഞ്ചായത്തിലൂടെ കടന്നുപോകുന്ന കാവുമ്പായി-കരിവെള്ളൂര്‍ റോഡ്. ഹിന്ദുക്കള്‍ മാത്രമായിരുന്നു ഇവിടുത്തെ ആദ്യകാല ജനങ്ങള്‍. ഇവരില്‍ നമ്പ്യാര്‍, തീയ്യര്‍ എന്നീ സമുദായങ്ങളില്‍ പെട്ടവരായിരുന്നു ഭൂമി ഏറ്റെടുത്ത് കൃഷി നടത്തിയിരുന്നത്. കൃഷിയിടങ്ങളില്‍ ജോലി ചെയ്തിരുന്നത് പ്രധാനമായും കീഴാള സമുദായത്തില്‍പ്പെട്ടവരായിരുന്നു. ചാളക്കുന്നുകള്‍ എന്ന പേരിലാറിയപ്പെട്ടിരുന്ന താവളങ്ങളിലായിരുന്നു അവര്‍ തങ്ങിയിരുന്നത്. കാര്‍ഷികവൃത്തി ഉപജീവന മാര്‍ഗ്ഗമായി കരുതിയിരുന്ന ക്രിസ്തീയ സമുദായത്തില്‍പ്പെട്ടവര്‍ പിന്നീട് തിരുവിതാംകൂര്‍ ഭാഗത്തുനിന്നും കുടിയേറ്റം നടത്തുകയുണ്ടായി. പ്രധാനമായും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ഈ പഞ്ചായത്തില്‍ ഉണ്ടായിരുന്നു. നിറപൂത്തരി, പൂരം, ഓണം എന്നിവ ഇതില്‍ എടുത്തുപറയേണ്ടവ തന്നെെയാണ്. കാവുകളിലും, ക്ഷേത്രങ്ങളിലും ഉത്സവങ്ങളോടനുബന്ധിച്ച് തെയ്യക്കോലങ്ങളും കെട്ടിയാടാറുണ്ടായിരുന്നു. വളരെ പുരാതനങ്ങളായ ക്ഷേത്രങ്ങളും പള്ളികളും ഈ പഞ്ചായത്തിന്റെ സവിശേഷതകളാണ്. ഇതില്‍ ചുഴലി ഭഗവതി ക്ഷേത്രം, നിടുവാലൂര്‍ മഹാവിഷ്ണു ക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, പെരുങ്കോന്ന് പുളിമ്പിടാവ് ഭഗവതി ക്ഷേത്രം, ചേരംകുന്ന് ക്രിസ്തീയ ദേവാലയം, തേര്‍ളായി മാലിക് ദീനാര്‍ പളളി എന്നിവ എടുത്തുപറയത്തക്കതാണ്. പെരുങ്കോന്ന് ക്ഷേത്രത്തിലെ ദാരുശില്‍പ്പങ്ങള്‍, ചുമര്‍ച്ചിത്രങ്ങള്‍ എന്നിവ തൊടിക്കുളത്തോളം മികവുറ്റതും പഴക്കം ചെന്നതുമാണ്. പഞ്ചായത്തിലെ ആദ്യത്തെ മുസ്ളീം ദേവാലയമാണ് തേര്‍ളായിലേത്. ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം പോലുളള തളിപ്പറമ്പ് താലൂക്കിലെ തന്നെെ മികച്ച ഗ്രന്ഥാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ആദ്യകാലത്ത് കൃഷി മുഖ്യതൊഴിലായി സ്വീകരിച്ചവരായിരുന്നു ഈ പഞ്ചായത്തില്‍ ഉണ്ടായിരുന്നത.് വ്യവസായ മേഖലയിലും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലിയെടുക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. വിശാലമായ പാറപ്പറമ്പുകളിലെ ചെങ്കല്‍ ഖനന മേഖല പുതിയതൊഴില്‍ രംഗത്തിന് തുടക്കം കുറിച്ചു. 1900-മാണ്ടില്‍ നിലവില്‍ വന്ന ചെങ്ങളായി എ.യു.പി. സ്ക്കൂളാണ് പഞ്ചായത്തില്‍ ആദ്യം നിലവില്‍ വന്ന വിദ്യാലയം. ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍ അധ്യാപകനായ അനന്തന്‍ മാസ്റ്ററായിരുന്നു. തുടര്‍ന്ന് ചുഴലിയില്‍ കെ.എന്‍.ഗുരുകുലാശ്രമം എന്ന പേരില്‍ ഒരു വിദ്യാലയവും സ്ഥാപിക്കപ്പെട്ടു. ഇന്ന് രണ്ടു ഗവണ്‍മെന്റ് ഹൈസ്ക്കൂളുകളുള്‍പ്പെടെ പതിനഞ്ചു ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ നിലവിലുണ്ട്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരായി നടന്ന, കാവുമ്പായി-മൊറാഴ കര്‍ഷക സമരങ്ങളില്‍ ഈ പഞ്ചായത്തില്‍ നിന്നുള്ളവരും സജീവമായി പങ്കെടുത്തിരുന്നു. പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന വളപട്ടണം പുഴ വഴി പുരാതനകാലം മുതല്‍ ജലഗതാഗത സൌകര്യം ഉണ്ടായിരുന്നതുമൂലം പുറംനാടുകളുടേതായ മറ്റു സംസ്കാരങ്ങളും ഇവിടുത്തെ സംസ്കാരവുമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. തികഞ്ഞ മതസൌഹാര്‍ദ്ദം നിലനില്‍ക്കുന്ന ഇവിടെ ജാതിപരമായ ഉച്ചനീചത്വങ്ങളും അസ്തമിച്ചിരിക്കുന്നു. ഈ പഞ്ചായത്തില്‍ കാണപ്പെട്ടിരുന്ന പാരമ്പര്യകലാരൂപങ്ങളാണ് പുള്ളുവന്‍പാട്ട്, പരിചമുട്ടുകളി, ഓണപ്പാട്ട് തുടങ്ങിയവ. പൂരക്കളി, ഒപ്പന തുടങ്ങിയവ ഇന്നും വ്യാപകമായി കണ്ടുവരുന്ന കലാരൂപങ്ങളാണ്. ധാരാളം കാവുകളും ക്ഷേത്രങ്ങളും പഞ്ചായത്തിന്റെ പലഭാഗങ്ങളിലുമുണ്ട്. നശിച്ചുപോയ ഇല്ലങ്ങളുടെയും ക്ഷേത്രങ്ങളുടെയും അവശിഷ്ടങ്ങള്‍ പലഭാഗങ്ങളിലും കാണപ്പെടുന്നു. നിരവധി മുസ്ളീം പള്ളികളും പഞ്ചായത്തിലുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തേര്‍ലായി പള്ളി വളരെ പ്രശസ്തമായ ആരാധനാലയമാണ്. കുടിയേറ്റ കര്‍ഷകരുടെ വരവോടെ ക്രിസ്ത്യന്‍ ദേവാലയങ്ങളും ഉണ്ടായി. പഞ്ചായത്തില്‍ 26 ഓളം ഹിന്ദു ആരാധനാലയങ്ങളും 16 ഓളം മുസ്ളീം പള്ളികളും 6 ക്രിസ്ത്യന്‍ ദേവാലയങ്ങളുമുണ്ട്. ദേശീയപ്രസ്ഥാനങ്ങളുടെ ഭാഗമായി വളര്‍ന്നു വന്ന ഗ്രന്ഥശാലാ പ്രസ്ഥാനം പഞ്ചായത്തിന്റെ സാംസ്കാരികരംഗത്ത് കാര്യമായ സ്വാധീനം ചെലുത്തി വരുന്നു. പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നിടുവാലൂരില്‍ ഒരു വായനശാലയും പതിനൊന്നിന പരിപാടിയുടെ ഭാഗമായി വളക്കൈയില്‍ ആരംഭിച്ച സാംസ്കാരികനിലയവും ഈ രംഗത്ത് പഞ്ചായത്തിന്റെ സംരംഭങ്ങളാണ്.