പഞ്ചായത്തിലൂടെ
ചെങ്ങളായി - 2010
1960-ലാണ് ചെങ്ങളായി പഞ്ചായത്ത് രൂപീകരിക്കുന്നത്. 67.33 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് നടുവില്‍, ചപ്പാരപ്പടവ് പഞ്ചായത്തുകള്‍, പടിഞ്ഞാറ് കുറുമാത്തൂര്‍ പഞ്ചായത്ത്, തെക്ക് വളപട്ടണം പുഴ, കിഴക്ക് ശ്രീകണ്ഠപുരം പഞ്ചായത്ത് എന്നിവയാണ്. 28781 വരുന്ന ജനസംഖ്യയില്‍ 14698 പേര് സ്ത്രീകളും, 14083 പേര് പുരുഷന്മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 90% ആണ്. ഭൂപ്രകൃതിയനുസരിച്ച് വടക്കന്‍ ഇടനാട് മേഖലയിലാണ് ചെങ്ങളായി പഞ്ചായത്ത് ഉള്‍പ്പെടുന്നത്. വടക്ക് നിന്ന് തെക്കോട്ടു ചെരിഞ്ഞാണ് പഞ്ചായത്തിന്റെ കിടപ്പ്. കുന്നുകള്‍, പീഠഭൂമികള്‍, താഴ്വരകള്‍, സമതലങ്ങള്‍, പുഴയോരം എന്നിവയാണ് പ്രധാന ഭൂവിഭാഗങ്ങള്‍. നെല്ല്, തെങ്ങ്, കശുമാവ്, കുരുമുളക്, റബ്ബര്‍, കവുങ്ങ് എന്നിവ പഞ്ചായത്തില്‍ കൃഷി ചെയ്തുവരുന്നു. ചെങ്ങളായി പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടിയാണ് വളപട്ടണം പുഴ ഒഴുകുന്നത്. ചെങ്ങളായി പുഴ, വളകൈ എന്നിവയും പ്രധാന ജലസ്രോതസ്സുകളാണ്. കൂടാതെ ചെറുതും വലുതുമായ നിരവധി തോടുകളും 10 കുളങ്ങളും പഞ്ചായത്തിലുണ്ട്. കിണറുകളാണ് പഞ്ചായത്തിലെ മുഖ്യകുടിനീര്‍ സ്രോതസ്സ്. 23 പൊതുകിണറുകള്‍ പഞ്ചായത്തിലുണ്ട്. ചെങ്ങളായി വലിയതോട്, ചെങ്ങളായി ക്രോസ്ബാര്‍, പരിപ്പായി ക്രോസ്ബാര്‍ തുടങ്ങിയ ക്രോസ്ബാറുകളും, തോടുകളും, കൃഷിക്കും ജലസേചനത്തിനും ഉപയോഗിക്കുന്നു. കൊയ്യാനം തട്ട്, എളക്കുളം, കൊളത്തൂര്‍, കണ്ണാടിപ്പാറ, കീരാത്ത് എന്നിവയാണ് പഞ്ചായത്തിലെ കുന്നിന് പ്രദേശങ്ങള്‍. 24 പൊതുകുടിവെള്ള ടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. 100 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് രാത്രികാലങ്ങളില്‍ പഞ്ചായത്ത് വീഥികള്‍ സഞ്ചാരയോഗ്യമാക്കുന്നു. പഞ്ചായത്തിനോട് ഏറ്റവും അടുത്ത വിമാനത്താവളം കരിപ്പൂരാണ്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖം പഞ്ചായത്തിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന് ഏറ്റവും അടുത്ത ബസ്സ്റ്റാന്‍ഡ് ശ്രീകണ്ഠാപുരം ബസ്സ്റ്റാന്‍ഡാണ്. ചെങ്ങളായി വളപട്ടണം ബോട്ട് സര്‍വ്വീസായിരുന്നു ആദ്യകാലങ്ങളില്‍ പഞ്ചായത്തിലെ പ്രധാന ഗതാഗതമാര്‍ഗ്ഗം. സമീപ പഞ്ചായത്തുകളായ മലപ്പട്ടം, മയ്യില്‍ പഞ്ചായത്തുകള്‍, ചെങ്ങളായി പഞ്ചായത്തിലെ തേര്‍ലായി ദ്വീപ് എന്നിവയുമായി ബന്ധപ്പെടുന്നതിന് കടത്തുമാര്ഗ്ഗമാണ് ഉപയോഗിച്ചിരുന്നത്. പറശ്ശിനിക്കടവാണ് പഞ്ചായത്തിലെ പ്രധാന ജലഗതാഗത കേന്ദ്രം. ചെങ്ങളായി പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന റോഡുകളില്‍ ഒന്നാണ് 1945-ല്‍ നിര്‍മ്മിച്ച കാവുമ്പായി-കരിവെള്ളൂര്‍ റോഡ്. മറ്റൊന്ന് ഇന്നത്തെ സംസ്ഥാനപാതയായ തളിപ്പറമ്പ്- ശ്രീകണ്ഠപുരം റോഡാണ്. പഞ്ചായത്തിലെ ഗതാഗതരംഗത്ത് വിപ്ളവകരമായ മാറ്റത്തിന് കാരണമായത് ഈ റോഡും വളക്കൈപാലവുമാണ്. വളക്കൈ, ചുഴലി, ചെമ്പന്തൊട്ടി, വളക്കൈ കൊയ്യം എന്നീ റോഡുകള്‍ പൊതുമരാമത്തു വകുപ്പിനു കീഴിലാണ്. തേര്‍ളായി, ചുഴലി, തട്ടേരി പാലങ്ങളും ഗതാഗതരംഗത്ത് പഞ്ചായത്തിന്റെ പുരോഗതി വിളിച്ചറിയിക്കുന്നു. ചെങ്ങളായി പഞ്ചായത്തിലെ വ്യവസായരംഗത്ത് പരമ്പരാഗത-ചെറുകിട-ഇടത്തരം വ്യവസായങ്ങളാണുള്ളത്. പരമ്പരാഗതമേഖലയില്‍ തഴപ്പായ മെടയല്‍, കല്ല്കൊത്ത് എന്നിവ നിലനില്ക്കുന്നു. വളക്കൈ അറിയപ്പെടുന്നത് ഓലവ്യവസായവുമായി ബന്ധപ്പെട്ടാണ്. നിരവധി പേര് ഈ വ്യവസായവുമായി ബന്ധപ്പെട്ട് കഴിയുന്നുണ്ട്. ഇടത്തരം വ്യവസായരംഗത്ത് പ്ളൈവുഡ്, സ്റ്റോണ്‍ ക്രഷര്‍ യൂണിറ്റുകള്‍, കരിങ്കല്‍ ക്വാറി എന്നിവ പഞ്ചായത്തിലുണ്ട്. പരിപ്പായിയില്‍ ഒരു പെട്രോള്‍ ബങ്ക് പ്രവര്‍ത്തിക്കുന്നു. പൊതുവിതരണമേഖലയില്‍ 10 റേഷന്‍കടകള്‍ ചെങ്ങളായിയില്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലിസ്റ്റോറും, നീതിസ്റ്റോറും പൊതുവിതരണരംഗത്ത് പഞ്ചായത്തിലുള്ള മറ്റു സംവിധാനങ്ങളാണ്. ചെങ്ങളായി, വളക്കൈ, ചുഴലി എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍. ചെങ്ങളായിയിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഹിന്ദു മുസ്ളീം ക്രൈസ്തവ വിഭാഗത്തില്‍പെട്ടവര്‍ അധിവസിക്കുന്ന പ്രദേശമാണ് ചെങ്ങളായി പഞ്ചായത്ത്. ഇവരുടെ വിവിധ ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. ചുഴലി ഭഗവതി ക്ഷേത്രം, നെടുവാലൂര്‍ മഹാവിഷ്ണു ക്ഷേത്രം, കൊളത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം, പെരുങ്കോന്ന് പുളിങ്കിടാവ് ഭഗവതിക്ഷേത്രം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഹൈന്ദവാരാധനാലയങ്ങള്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തേര്‍ലായി മാലിക് ദിനാര്‍ പള്ളിയാണ് പ്രധാന മുസ്ളീം ആരാധനാലയം. പേരാലംകുന്നില് ക്രിസ്ത്യന്‍പള്ളി സ്ഥിതി ചെയ്യുന്നു. ചുഴലി ഭഗവതി ക്ഷേത്രോല്‍സവം, പരിപ്പായി ഭഗവതി ക്ഷേത്ര ഉല്‍സവം എന്നിവയാണ് പ്രധാന ഉല്സവങ്ങള്. നബിദിനം, ബക്രീദ്, ക്രിസ്തുമസ് എന്നിവയും പഞ്ചായത്തില്‍ ആഘോഷിക്കുന്നു. കൊയ്യം സ്വദേശി യശ:ശരീരനായ സി.പി.ഗോവിന്ദന് നമ്പ്യാര്‍ തളിപ്പറമ്പ്, ഇരിക്കൂര്‍ നിയമസഭാമണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രണ്ടുതവണ എം.എല്‍.എ. ആയിട്ടുണ്ട്. പഞ്ചായത്തിന്റെ വികസനത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ചിരസ്മരണീയമാണ്. ചെങ്ങളായി പഞ്ചായത്തിലെ അധ്യാപകനായ അനന്തന് മാസ്റ്റര്‍ക്ക് ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദേശീയപ്രസ്ഥാനങ്ങളുടെ ഭാഗമായി വളര്‍ന്നുവന്ന ഗ്രന്ഥശാലാ പ്രസ്ഥാനം പഞ്ചായത്തിന്റെ സാംസ്കാരികരംഗത്ത് കാര്യമായ സ്വാധീനം ചെലുത്തി വരുന്നു. കൊളത്തൂര്‍ ഇ.എം.എസ്.വായനശാല & ഗ്രന്ഥാലയം, ചുഴലി വിജ്ഞാനപോഷിണി വായനശാല & ഗ്രന്ഥാലയം, നവപ്രഭ വായനശാല & ഗ്രന്ഥാലയം എന്നിവ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കലാകായികരംഗത്ത് പ്രോല്‍സാഹനം നല്കുന്ന വിവിധ ക്ളബ്ബുകളും പഞ്ചായത്തിലുണ്ട്. ഫീനിക്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ്, യുവധാര ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ്, വൈ.ബി.സി. ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ് എന്നിവയാണ് പ്രമുഖ ക്ളബ്ബുകള്‍. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ചെങ്ങളായിയില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും, ചുഴലിയില്‍ ഗവ.റൂറല്‍ ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നു. പേരംമൂലയില് സര്‍ക്കാര്‍ ആയുര്‍വദ ആശുപത്രി പ്രവര്‍ത്തിക്കുന്നു. വളക്കൈയില്‍ ഒരു ഹോമിയോ ആശുപത്രിയും ആതുരസേവന രംഗത്തുണ്ട്. ചെങ്ങളായി മൃഗാശുപത്രിയാണ് മൃഗസംരക്ഷണരംഗത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ ആദ്യത്തെ ഔദ്യോഗിക വിദ്യാലയം ഇന്നത്തെ ചെങ്ങളായി എ.യു.പി. സ്കൂളാണ്. പഞ്ചായത്തില്‍ ഇന്ന് സ്വകാര്യമേഖലയില്‍ 12-ഉം സര്‍ക്കാര്‍തലത്തില്‍ 3-ഉം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 2 ഹൈസ്കൂളുകള്‍, 3 യു.പി. സ്കൂളുകള്‍, 11 എല്‍.പി. സ്കൂളുകള്‍ എന്നിവ പഞ്ചായത്തിലുണ്ട്. ഗവ.ഹൈസ്കൂള്‍ കൊയ്യം, ഗവ.ഹൈസ്കൂള്‍ ചുഴലി, പരിപ്പായി ഗവ. എല്‍.പി.സ്കൂള്‍ എന്നിവയാണ് പഞ്ചായത്തിലുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ശാഖകള്‍ ചുഴലി, കൊയ്യം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ചുഴലി സര്‍വ്വീസ് സഹകരണ ബാങ്ക്, കൊയ്യം സര്‍വ്വീസ് സഹകരണ ബാങ്ക്, ചെങ്ങളായി സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവ സഹകരണമേഖലയില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ്. അരിമ്പ്ര പൊതുജന വായനശാല, പെരിങ്കോന്ന് സി.കെ.ജി. സ്മാരക വായനശാല, തവറൂല്‍ ഗാന്ധിസ്മാരക വായനശാല, കൊയ്യം രാജന്‍ബാബു സ്മാരക വായനശാല എന്നിവ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പരിപ്പായി, വളക്കൈ എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റി ഹാളുകള്‍ പ്രവര്‍ത്തിക്കുന്നു. റബ്ബര്‍ബോര്‍ഡിന്റെ ഓഫീസ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ചുഴലിയിലാണ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. കാര്‍ഷികരംഗത്തെ സേവനങ്ങള്‍ക്കായി വളക്കൈയില്‍ ഒരു കൃഷിഭവന് പ്രവര്‍ത്തിക്കുന്നു. കൊയ്യം, ചെങ്ങളായി, ചുഴലി എന്നിവിടങ്ങളിലാണ് തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. വളക്കൈയിലാണ് ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത്.