ചെങ്ങളായി

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ തളിപ്പറമ്പ് ബ്ളോക്കിലാണ് ചെങ്ങളായി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെങ്ങളായി, ചൂഴലി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചെങ്ങളായി ഗ്രാമപഞ്ചായത്തിന് 67.33 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് ശ്രീകണ്ഠപുരം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കുറുമാത്തൂര്‍ പഞ്ചായത്തും, വടക്കുഭാഗത്ത് നടുവില്‍, ചപ്പാരപ്പടവ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് വളപട്ടണം പുഴയുമാണ്. കേരളത്തെ 13 കാലാവസ്ഥാ മേഖലകളായി തിരിച്ചിരിക്കുന്നതില്‍ വടക്കന്‍ ഇടനാട് എന്ന കാര്‍ഷിക കാലാവസ്ഥാ മേഖലയിലാണ് ചെങ്ങളായി പഞ്ചായത്ത് ഉള്‍പ്പെടുന്നത്. വടക്കുനിന്ന് തെക്കോട്ട് ചെരിഞ്ഞാണ് പഞ്ചായത്തിന്റെ കിടപ്പ്. ചെങ്ങളായി പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടിയാണ് വളപട്ടണം പുഴ ഒഴുകുന്നത്. ചെങ്ങളായി പഞ്ചായത്തിലുള്ള കുന്നുകളുടെ മുകള്‍ത്തട്ടില്‍ കാണുന്ന വിശാലമായ പാറപ്രദേശങ്ങള്‍ ആദ്യകാല ജനപദങ്ങളായിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്. ഇവിടങ്ങളില്‍ കാണപ്പെടുന്ന നവീനശിലായുഗത്തിലേതെന്നു കരുതാവുന്ന ഗുഹകള്‍ ഇതിന് തെളിവാണ്. കൂടാതെ ചെറുതും വലുതുമായ 13 തോടുകളും ഈ പഞ്ചായത്തിലെ മുഖ്യ ജലസ്രോതസ്സുകളാണ്. ഉത്തരകേരളത്തിന്റെ പൊതുവായ സാംസ്കാരിക പാരമ്പര്യം പ്രകടമായുള്ള പഞ്ചായത്താണ് ചെങ്ങളായി. പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന വളപട്ടണം പുഴ വഴി പുരാതനകാലം മുതല്‍ ജലഗതാഗത സൌകര്യം ഉണ്ടായിരുന്നതുമൂലം പുറംനാടുകളുടേതായ മറ്റു സംസ്കാരങ്ങളും ഇവിടുത്തെ സംസ്കാരവുമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. 1960-ലെ കേരളാ പഞ്ചായത്ത് ആക്ട് പ്രകാരം നിലവില്‍ വന്ന പഞ്ചായത്തു ഭരണസമിതിയുടെ ആദ്യപ്രസിഡന്റ് ടി.വി.കമ്മാരന്‍ നമ്പ്യാര്‍ ആയിരുന്നു. ചെങ്ങളായി പഞ്ചായത്തിലുള്ള കുന്നുകളുടെ മുകള്‍ത്തട്ടില്‍ കാണുന്ന വിശാലമായ പാറപ്രദേശങ്ങള്‍ ആദ്യകാല ജനപദങ്ങളായിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്. ഇവിടങ്ങളില്‍ കാണപ്പെടുന്ന നവീനശിലായുഗത്തിലേതെന്നു കരുതാവുന്ന ഗുഹകള്‍ ഇതിന് തെളിവാണ്.