ചരിത്രം

പഴയ മദിരാശി സംസ്ഥാനത്തില്‍പ്പെട്ട ദക്ഷിണകാനറജില്ലയുടെ ഭാഗമായിരുന്നു ചെങ്കള പ്രദേശം. പണ്ട്കാലത്ത് ബല്ലാല്‍ രാജവംശവും കുമ്പളമായിപ്പാടി രാജവംശവും ചെങ്കള പ്രദേശം ഭരിച്ചിരുന്നതായി ചരിത്രത്തില്‍ കാണുന്നു. ആദിശങ്കരന്റെ ശിഷ്യരായ തോട്ടകാചാര്യരുടെ പരമ്പരയില്‍പ്പെട്ട എടനീര്‍ മഠം സ്ഥിതി ചെയ്യുന്നത് ചെങ്കള പഞ്ചായത്തിലെ എടനീരിലാണ്. ഏകദേശം 700 വര്‍ഷത്തെ പഴക്കമുള്ള എടനീര്‍ മഠത്തിലെ ഇപ്പോഴത്തെ സ്വാമിജി കേശവനാന്ദ ഭാരതി മൌലികാവകാശങ്ങളെ സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിന്ന് നേടിയ വിധി, ഇന്ത്യന്‍ നീതിന്യായചരിത്രത്തിന്റേയും, നിയമപഠനത്തിന്റേയും ഒരു ഭാഗമായി തീര്‍ന്നിരിക്കുകയാണ്. ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കിയപ്പോള്‍ അതിനെതിരെ “സ്വത്ത് കൈവശം വയ്ക്കാനുള്ള അധികാരം” എന്ന ഭരണഘടനയുടെ ആമുഖത്തില്‍പ്പറയുന്ന അവകാശത്തെത്തന്ന എടുത്തുകളഞ്ഞത് മൌലികാവകാശലംഘനമാണെന്ന് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ വാദിച്ചത് അന്ന് രാജ്യം മുഴുവന്‍ ചര്‍ച്ചാ വിഷയമായിരുന്നു.   സ്വാതന്ത്ര്യസമര ചരിത്ര കാലഘട്ടത്തില്‍ അതിന്റെ അലയൊലി ചെങ്കള പഞ്ചായത്തിലും മുഴങ്ങുകയുണ്ടായി. നിസ്സഹകരണ പ്രസ്ഥാനത്തിലും ഉപ്പു  സത്യാഗ്രഹത്തിലും പങ്കെടുത്ത ഗാന്ധികൃഷ്ണഭട്ട് എന്ന ഖണ്ഡികെ കൃഷ്ണഭട്ടും, ചൂരിപ്പള്ളംമദ്ദനവും ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. പുണ്ടൂര്‍ ദാമോദര പുണിഞ്ചിത്തായ എന്ന കവിയുടെ സ്വരാജ്യഗീതാമൃതം, രാഷ്ട്രഗീതാരത്നാകരം എന്നീ പുസ്തകങ്ങള്‍ സ്വാതന്ത്ര്യസമരത്തെ ആവേശം കൊള്ളിച്ച കൃതികളാണ്. മഹാത്മജി മംഗലാപുരത്തു വന്നപ്പോള്‍ കവി ലക്ഷ്മിനാരായണ പുണിഞ്ചിത്തായ സ്വന്തം ഗീതം മഹാത്മജിയെ പാടികേള്‍പ്പിക്കയുണ്ടായി. ബ്രിട്ടീഷ് ഭരണകാലത്തിന്റെ ഓര്‍മ്മയായി ബേക്കയിലെ ബംഗ്ളാവിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ഈ പ്രദേശത്തു കാണാം. സ്വാതന്ത്ര്യത്തിന് എത്രയോ വര്‍ഷം മുമ്പ് മംഗലാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാസല്‍ മിഷന്‍ മതപ്രബോധനം നടത്തുന്നതിനും വിശ്രമത്തിനുമായി പണിത പ്രസ്തുത ബംഗ്ളാവില്‍ എല്ലാവിധ സൌകര്യങ്ങളുമുണ്ടായിരുന്നു. ബംഗ്ളാവില്‍ താഴെ “മെധു” വിലുള്ള ബേവിഞ്ച ജലപാതം ടൂറിസ്റ്റുകളെ ആകര്‍ഷിച്ചിരുന്ന ഒന്നാണ്. ചന്ദ്രഗിരിപ്പുഴയും ചുറ്റുമുള്ള ഹരിത കുന്നുകളുമടങ്ങുന്ന പ്രകൃതിരമണീയമായ സ്ഥലം കണ്ടെത്തി, അവിടത്തേക്ക് നാലാം മൈലില്‍ നിന്നും പ്രത്യേകം റോഡ് നിര്‍മ്മിച്ച് എത്രയോ വിദേശികളെ ആകര്‍ഷിച്ചിരുന്ന പ്രസ്തുത ബംഗ്ളാവിന്റെ അവശിഷ്ടം വലിയൊരു ചരിത്രത്തിനു സാക്ഷ്യം വഹിക്കുന്നു. എടനീര്‍ നെക്രാജെ ഇരുമ്പുപാലങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ സ്മാരകാവശിഷ്ടങ്ങളാണ്. പഞ്ചായത്ത് നിലവില്‍ വരുന്നതിന് മുമ്പ് പട്ടേലര്‍ (അധികാരി) ക്കായിരുന്നു ഗ്രാമങ്ങളുടെ അധികാരം. റവന്യൂ, സിവില്‍, ക്രിമിനല്‍, ആരോഗ്യം മുതലായവ പട്ടേലരുടെ അധികാര പരിധിയില്‍പ്പെട്ടതായിരുന്നു. പഴയ കാലത്ത് ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കണമെങ്കില്‍ കര്‍ണ്ണാടകയിലെ പുത്തൂരിലേക്ക് പോകണമായിരുന്നു. കേസിനു പോകുന്നതിനെ “നമ്പരിന്” പോവുക എന്നാണ് പറയാറ്. വാഹനസൌകര്യമില്ലാതിരുന്ന അക്കാലത്ത് നടന്നിട്ടായിരുന്നു കേസിന് പോയിരുന്നത്. കച്ചവടത്തിനും നടന്നുതന്നെയായിരുന്നു പോകാറ്.

സാംസ്കാരിക ചരിത്രം

കാസര്‍ഗോഡ് ജില്ലാ ആസ്ഥാനമായ സിവില്‍ സ്റ്റേഷന്‍ ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. പഴയ മദ്രാസ് ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലുള്ള ദക്ഷിണ കാനറാ ഡിസ്ട്രിക്ടിന്റെ ഭാഗമായ കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയോട് തൊട്ടു കിടക്കുന്ന ഈ പ്രദേശത്ത് പ്രധാനമായും കന്നട, തുളു, മലയാളം എന്നീ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളാണ് ഉള്ളത്. അതിനാല്‍ മൂന്ന് ഭാഷകളും ഉള്‍ക്കൊള്ളുന്ന ഭാഷാ സമന്വയവും സാംസ്കാരിക പൈതൃകവും നിലനില്‍ക്കുന്നു. പൈക്ക മണവാട്ടി ഉറുസ്, പാടി പൂരക്കളി, തെയ്യംകെട്ട് ഉത്സവം, ഇടനൂര്‍ ഉത്സവം എന്നിവ പഞ്ചായത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളാണ്. ഹിന്ദുക്കളും-മുസ്ളീങ്ങളും ഒത്തൊരുമയോടെ ആഘോഷിക്കുന്ന പൈക്ക മണവാട്ടി മഖാം ഉറൂസ് പ്രസിദ്ധമാണ്. പൂരക്കളി, ദഫ്മുട്ട്, കോല്‍ക്കളി, തെയ്യം, യക്ഷഗാനം, ജാനപ്പദ നൃത്തം, കൈമുട്ടുംപാട്ട്, മാലപ്പാട്ട് എന്നിവ ഈ പഞ്ചായത്തില്‍ നിലനിന്നിരുന്ന പ്രധാന കലാരൂപങ്ങളായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തന്നെ എടനീരില്‍ ഗോപാലകൃഷ്ണ കൃപ പോഷിത നാടക സംഘം പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ സ്ഥാപകന്‍ എടനീര്‍ മഠത്തിലെ സ്വാമിയായിരുന്ന ഈശ്വരാനന്ദ ഭാരതിയാണ്. ജില്ലയില്‍ നല്ല നിലവാരം പുലര്‍ത്തുന്ന യത്തീംഖാനയാണ് ആലംപാടി യത്തീംഖാന. നൂറില്‍പ്പരം അനാഥ കുട്ടികളെ ഇപ്പോഴും ദത്തെടുത്ത് വളര്‍ത്തുന്ന പ്രസ്തുത സ്ഥാപനം ഉത്തര കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഒരു സ്ഥാപനമാണ്. അതുപോലെതന്നെ ചെര്‍ക്കളയിലുള്ള മാര്‍ത്തോമ്മ ബധിര വിദ്യാലയം കേരളത്തിന്റെ പല ഭാഗത്തുള്ള മൂകരും ബധിരരുമായ കുട്ടികളെ സ്കൂളില്‍ തന്നെ പാര്‍പ്പിച്ച് പത്താംതരം വരെയുള്ള വിദ്യാഭ്യാസം നല്‍കുന്നു. ചെങ്കള പഞ്ചായത്തുതല ഗ്രന്ഥശാല ആലംപാടിയിലാണ് സ്ഥിതി ചെയ്യുന്നത്.