ചരിത്രം

 

എ.ഡി.1663 മുതല്‍ 1809 വരെ പരമ്പരാഗതമായി കൊച്ചിരാജ്യത്തിന്റെ പ്രധാന മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ആവാസസ്ഥാനമാണ് ചേന്ദമംഗലം. സംഘകാല കൃതികളിലും ചിലപ്പതികാരത്തിലും ചേന്ദമംഗലത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. കോകസന്ദേശ കാവ്യത്തില്‍ ചേന്ദമംഗലത്തെയും ആറങ്കാവുക്ഷേത്രത്തെയും കുറിച്ചു പറയുന്നുണ്ട്. ഉദ്ദണ്ഡശാസ്ത്രിയുടെ കോകില സന്ദേശം എന്ന സംസ്കൃത കൃതിയിലെ നായിക ചേന്ദമംഗലത്തെ ‘മാരക്കര’ ഭവനത്തിലേതാണ് എന്ന് പറയപ്പെടുന്നു.ജയന്തമംഗലം അഥവാ ചൂര്‍ണ്ണമംഗലമാണ് ചേന്ദമഗലം എന്നായതെന്നു കരുതാം. ജയന്തന്‍ എന്നാല്‍ വിഷ്ണു എന്നര്‍ത്ഥം. പ്രശസ്തമായ ഒരു വിഷ്ണുക്ഷേത്രം ഇവിടെയുണ്ട് എന്നത് സ്ഥലനാമത്തിന് കൂടുതല്‍ ശക്തി പകരുന്നു.. പെരിയാറിന്റെ മറ്റൊരു പേരാണ് ചൂര്‍ണ്ണി എന്നത്. പെരിയാറിന്റെ തീരം എന്നതുകൊണ്ട് വില്ലാര്‍വട്ടം എന്ന പേരും ചേന്ദമംഗലത്തിനുണ്ടായിരുന്നുവെന്ന് പറയുന്നു. വില്ലാര്‍ വട്ടം രാജാക്കന്‍മാര്‍ ക്ഷത്രിയരായിരുന്നന്നും ഒടുവിലത്തെ രാജാവ് ക്രിസ്തുമതത്തില്‍ ചേര്‍ന്നതിനാല്‍ കൊച്ചിരാജാവ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ആ സ്ഥാനം പാലിയത്തച്ഛനു നല്‍കിയെന്നും കൊടുങ്ങല്ലൂര്‍ കഞ്ഞുക്കുട്ടന്‍ തമ്പുരാന്റെ കോകിലസന്ദേശ വ്യാഖ്യാനത്തില്‍ പറയുന്നു. വില്ലാര്‍വട്ടം ഒരു ക്രിസ്ത്യന്‍ സ്വരൂപമായിരുന്നുവെന്ന് ചില ക്രിസ്ത്യന്‍ സാഹിത്യത്തിലും ക്രിസ്ത്യന്‍ ചരിത്രത്തിലും ‘മലബാറും പോര്‍ട്ടുഗീസും’ എന്ന സര്‍ദാര്‍ കെ.എം.പണിക്കരുടെ ഗ്രന്ഥത്തിലും പറയുന്നുണ്ട്.ജെസ്യൂട്ട് ഇന്‍ മലബാര്‍ വോള്യം 1-ല്‍ വില്ലാരവട്ടം രാജാവായ രാജാതോമ എ.ഡി. 1450 ജനുവരി 2-ാം തീയതി മരിച്ചുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ ആധിപത്യം വഹിച്ചിരുന്നത് കൊച്ചി രാജകുടുംബത്തിന്റെ ഒരു ശാഖയായ വില്ലാര്‍വട്ടം സ്വരൂപമായിരുന്നുവെന്നും കോട്ടയില്‍ കോവിലകം കുന്നിന്റെ മുകളിലുള്ള വൈഷ്ണവക്ഷേത്രം ആ സ്വരൂപത്തിന്റെ ഭവനാങ്കണത്തില്‍ സ്ഥിതിചെയ്തിരുന്നതാണെന്നും പാലിയത്തെ ഗ്രന്ഥവരികളില്‍ നിന്നറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വില്ലാര്‍വട്ടം സ്വരൂപം കാലാന്തരത്തില്‍ അന്യം നിന്നു. സ്വരൂപത്തില്‍ അവശേഷിച്ച രാമവര്‍മ്മ അപതിരി കോവിലധികാരി ബാന്ധവം സ്വീകരിച്ചിരുന്നത് ചേന്ദമംഗലത്തെ ഒരു ഇടപ്രഭൂവായിരുന്ന പാലിയം കുടുംബത്തില്‍ നിന്നായിരുന്നു. 1595-ല്‍ മേല്‍ പ്രസ്താവിച്ച അപതിരി കോവിലധികാരി എഴുതിവച്ച ‘അട്ടിപ്പേറോല കാരിയ’ പ്രകാരം തന്റെ അധീനത്തിലുള്ള ഉല്‍പത്തികള്‍ മുതലായവയും അധികാരങ്ങളും എന്നന്നയ്ക്കും പാലിയത്തച്ഛനും തമ്പിമാര്‍ക്കും അടിപേര്‍നീര്‍മുതലുദകമായി നീരടിച്ചുകൊടുത്തതായി പാലിയത്തെ ഒരു പുരാതന രേഖയില്‍ കാണുന്നു.അവസാനത്തെ ചേരമാന്‍ പെരുമാള്‍ തന്റെ രാജ്യം പങ്കിട്ടപ്പോള്‍ കൊച്ചിരാജാവിന് 52 കാതം ഭൂമിയും 18 പ്രഭുക്കന്മാരെയും കൊടുത്തുവെന്നും പ്രഭുക്കന്മാരില്‍ ഒരാള്‍ പാലിയത്തച്ചനായിരുന്നുവെന്നും കേരളോല്‍പത്തിയില്‍ പറയുന്നു. പ്രസ്തുത 52 കാതം ഭൂമിയില്‍പ്പെട്ടതാണ് പൊന്നാനി താലൂക്കിലെ വന്നരി. പാലിയത്തിന്റെ മൂലകുടുംബം അവിടെ ആയിരുന്നു എന്നതിനു ചരിത്ര രേഖകളുണ്ട്.1654-ല്‍ പാലിയംകുടുംബം ഭരിച്ചിരുന്നത് സമര്‍ത്ഥനും രാജ്യന്ത്രജ്ഞനുമായ കോമ്പി എന്ന കോമിയച്ചനായിരുന്നു.കോമിയച്ചന്‍ രണ്ടാമന്റെ (1730-1779) കാലത്ത് തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ ശുചീന്ദ്രം ക്ഷേത്രത്തില്‍വച്ച് ഒരു സന്ധിയുണ്ടാക്കി അതാണ് അച്ചന്‍ പ്രമാണം എന്ന പേരിലറിയപ്പെടുന്നത്. സന്ധിയുടെ രത്നച്ചുരുക്കം കൊച്ചിയും തിരുവിതാംകൂറും തമ്മില്‍ സൌഹാര്‍ദ്ദത്തോടെ കഴിയണമെന്നുള്ളതായിരുന്നു.കോവിലകം കഴിഞ്ഞാല്‍ പാലിയം എന്നു മധ്യകേരളത്തില്‍ ഒരു ചൊല്ലുണ്ടായിരുന്നു. പാലിയം കുടുംബക്കാര്‍ 1952-ല്‍ ഒരു രൂപ പ്രതിഫലം സ്വീകരിച്ചുകൊണ്ട് യാതൊരുപാധിയും കൂടാതെ സര്‍ക്കാരിലേക്ക് നല്‍കിയ സ്ഥാപനമാണ് ചേന്ദമംഗലം ഗവ ഹൈസ്ക്കൂള്‍.പാലിയത്തുനിന്നും ലഭിച്ച രണ്ടു ചെപ്പേടുകള്‍ തിരുവിതാംകൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരിസില്‍ 1910-ലും 1912-ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരെണ്ണം 1663 മാര്‍ച്ച് 22-ാംനു കൊച്ചി രാജകുടുംബം ലന്തക്കുമ്പഞ്ഞി (ഡച്ച് ഈസ്റ്റിന്ത്യാക്കമ്പനി) യുമായുണ്ടാക്കിയ ഉടമ്പടിയുടെ പ്രമാണമാണ്. മറ്റത് ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റേതാണ്. അദ്ദേഹം തിരുമൂലപാദത്തു ഭട്ടാരകര്‍ക്കു കുറെയധികം ഭൂമി ദാനം ചെയ്യുന്നതിന്റെ പ്രമാണമാണ്. ഇതിന്റെ കാലം എ.ഡി.9-ാം ശതകമാണെന്ന് സൂചനയുണ്ട്. ചെപ്പേടില്‍ പരാമര്‍ശിക്കുന്ന തിരുമൂലപാദം ദക്ഷിണേന്ത്യയിലെ വിഖ്യാതമായ ബുദ്ധവിഹാരമായ ശ്രീമൂലവാസമാണ്. ജൈനമത വിശ്വാസിയായിരുന്ന ചേരരാജാവ് നെടും ചേരലാതന്റെ അനുജന്‍ ഇളങ്കോ അടികള്‍ തമിഴ് പഞ്ചമഹാകാവ്യങ്ങളിലൊന്നായ ചിലപ്പതികാരം ചേന്ദമംഗലത്തു വച്ച് രചിച്ചതാണെന്നു ചരിത്രകാരനായ വി.വി.കെ.വാലത്ത് അഭിപ്രായപ്പെടുന്നു. ജൈന-ബുദ്ധ മതങ്ങളുടെ സ്വാധീനം ഈ കൃതികളില്‍ പ്രകടവുമാണ്.പാലിയത്തച്ഛന്റെ കൊട്ടാരത്തില്‍ നിന്നു കണ്ടുകിട്ടിയ രേഖയില്‍ വിക്രമാദിത്യ വരഗുണന്‍ ശ്രീമൂലവാസം ബുദ്ധവിഹാരത്തിലെ ഭട്ടാരകര്‍ക്ക് ഭൂമി ദാനം ചെയ്യുന്ന പാലിയം-ശാസനം എന്നറിയപ്പെടുന്ന രേഖ കൊണ്ടും സംഘകാലത്തെ ബുദ്ധമത സ്വാധീനം മനസ്സിലാക്കാവുന്നതാണ്.. തോമാ ശ്ളീഹാ കേരളത്തില്‍ വരുന്നതിനു മുമ്പ് തന്നെ യഹൂദര്‍ കേരളത്തില്‍ എത്തിയിരുന്നു എന്നു പല ചരിത്രകാരന്‍മാരും രേഖപ്പെടുത്തിയിട്ടുണ്ട്.ഏ.ഡി.427 മുതല്‍ 1595  വരെയാണ് വില്ലാര്‍വട്ട രാജാക്കന്‍മാരുടെ ഭരണകാലത്ത് മലവെള്ളം ചേന്ദമംഗലവും പരിസരവും മുക്കിയപ്പോള്‍ കോട്ടയില്‍ കോവിലകം അവരുടെ താല്‍ക്കാലിക രാജധാനിയായിത്തീര്‍ന്നു.ഹിന്ദുരാജകുടുംബമായിരുന്ന വില്ലാര്‍ വട്ടത്തെ അവസാനത്തെ രണ്ടു രാജാക്കന്മാര്‍ തോമ എന്ന പേരില്‍ മതം മാറി ക്രിസ്തുമതം സ്വീകരിച്ചു. 1585-ല്‍ പാലിയം ഭരിച്ച ഇരവി കോമി അച്ചന്‍ വില്ലാര്‍വട്ടത്തെ അവസാനത്തെ രാജാവായ രാമവര്‍മ്മയുടെ മകനായിരുന്നു എന്ന് കൊച്ചി സ്റ്റേറ്റ് മാനുവലില്‍ പറയുന്നുണ്ട്. ഒടുവിലത്തെ ചേരമാന്‍ പെരുമാള്‍ തന്റെ സാമ്രാജ്യത്തെ മൂന്നായി ഭാഗിച്ചപ്പോള്‍ കൊച്ചി രാജാവിന് അമ്പത്തിരണ്ടു കാതം  ഭൂമിയും 18 പ്രഭുക്കന്മാരേയും 42 മന്ത്രിമാരേയും കൊടുത്തു എന്നും അവരില്‍ പ്രമാണി പാലിയത്തച്ചന്‍ ആയിരുന്നു എന്നും കേരളോല്‍പ്പത്തിയില്‍ കാണുന്നു. കൊച്ചിയും പാലിയവുമായി ആദ്യകാലം മുതല്‍ ബന്ധം ഉണ്ടായിരുന്നു. പോര്‍ച്ചുഗീസുകാരുടെ അധീനതയിലായിരുന്ന കൊച്ചിയെ പാലിയത്തച്ചന്‍ ഡച്ചുകാരുടെ സഹായത്തോടെ മോചിപ്പിച്ചു. കൊച്ചിയില്‍ ആധുനിക ഭരണ സമ്പ്രദായം നടപ്പിലാക്കിയത് കോമി അച്ചന്റെ ഭരണകാലത്തായിരുന്നു.ഡച്ചുകാരുടെ സഹായത്തോടെ പാലയത്തച്ഛന്‍ നിര്‍മ്മിച്ച ഡച്ചുമോഡല്‍ കൊട്ടാരമാണ് ഇന്നും പാലിയത്തച്ചന്മാരുടെ ആസ്ഥാന മന്ദിരം. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം പാലിയം സ്വത്തുക്കള്‍ വിട്ടുപോയതോടെ ബാക്കിയുള്ളവ നോക്കി നടത്താന്‍ ‘ഈശ്വരസേവട്രസ്റ്റ്’ രൂപീകരിച്ചിട്ടുണ്ട്.കൊച്ചി രാജ്യത്ത് ക്ഷേത്രപ്രവേശന വിളംബരത്തിന് നാന്ദിയായ സത്യാഗ്രഹമാണ് പാലിയം സത്യാഗ്രഹം.