പഞ്ചായത്തിലൂടെ

ചെമ്പിലോട്  - 2010

കണ്ണൂര്‍ ജില്ലയില്‍ ചെമ്പിലോട് ഗ്രാമപഞ്ചായത്ത് 1961 ലാണ് രൂപീകൃതമായത്. 20.99 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഭാഗത്ത് മുണ്ടേരി, ചേലോറ ഗ്രാമപഞ്ചായത്തുകളും, തെക്ക് പെരളശ്ശേരി, കടമ്പൂര്‍ പഞ്ചായത്തുകളും, കിഴക്ക് അഞ്ചരക്കണ്ടി, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് എടക്കാട് ഗ്രാമപഞ്ചായത്തുമാണ്. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചിട്ടുള്ള പഞ്ചായത്തിന്റെ ആകെ ജനസംഖ്യ 31199 ആണ്. ഇതില്‍ 16487 സ്ത്രീകളും, 14712 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. 2006-2007 ലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള കേരള സര്‍ക്കാര്‍ ബഹുമതിയും ചെമ്പിലോടിന് ലഭിച്ചിട്ടുണ്ട്. ഭൂപ്രകൃതി അനുസരിച്ച് ഇടനാടില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തില്‍ പ്രധാനമായും കൃഷിയാണ് വരുമാന മാര്‍ഗ്ഗം. നെല്ല്, തെങ്ങ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പഴശികനാലാണ് ഇവിടുത്തെ പ്രധാന ജലസേചന സ്രോതസ്സ്. എഴുപതോളം കുളങ്ങളും ജലസ്രോതസ്സായുണ്ട്. അക്കാംകുന്ന്, മലയാളംകുന്ന്, വിളക്കിലാംമെട്ട, പത്തായപ്പാറ തുടങ്ങി പന്ത്രണ്ടോളം കുന്നുകള്‍ പഞ്ചായത്തിന്റെ ഭൂപ്രകൃതിയുടെ ഭംഗിവര്‍ദ്ധിപ്പിക്കുന്നു. പഞ്ചായത്തില്‍ കുടിവെള്ള ലഭ്യതയ്ക്കായി 39 കിണറുകളും, 78 പൊതുകുടിവെള്ള ടാപ്പുകളുമുണ്ട്. വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന അറുനൂറോളം തെരുവ് വിളക്കുകള്‍ പഞ്ചായത്തിന്റെ തെരുവ് വീഥികളെ രാത്രിയും യാത്രായോഗ്യമാക്കുന്നു. നാഷണല്‍ ഹൈവേ -17ന്റെ ബൈപ്പാസ് റോഡ്, കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാനപാത എന്നിവ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. ചാല-മൌവഞ്ചരി റോഡ്, മൌവഞ്ചരി-ചക്കരക്കല്ല് റോഡ് ചക്കരക്കല്‍-മൂന്നുപെരിയ റോഡ് ചാല-പൊതുവാച്ചേരി-ആര്‍.വി മെട്ടറോഡ് എന്നിവയാണ് പഞ്ചായത്തിലെ മറ്റ് റോഡുകള്‍. ചാലപലവും പഞ്ചായത്തിലെ ഗതാഗതവികസനത്തിന് തെളിവാണ്. ഇവിടുത്തെ റോഡ് ഗതാഗതം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ചക്കരക്കല്ലിലെ ബസ് സ്റ്റാന്‍ഡിലാണ്. പഞ്ചായത്ത് നിവാസികള്‍ റെയില്‍വേ യാത്രകള്‍ക്കായി ആശ്രയിക്കുന്നത് കണ്ണൂര്‍ റെയില്‍വേസ്റ്റേഷനാണ്. പഞ്ചായത്തിന്റെ അടുത്തുള്ള വിമാനത്താവളം കോഴിക്കോടും തുഖമുഖം കൊച്ചിയുമാണ്. വളപട്ടണം പുഴ ഒരു പ്രധാന ജലഗതാഗതകേന്ദ്രമാണ്. പറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഒന്നുംതന്നെ പഞ്ചായത്തിലില്ല. നെയ്ത്ത്, പ്ളാസ്റ്റിക് വ്യവസായം, റീസൈക്കിളിങ്ങ് യൂണിറ്റ് തുടങ്ങി ചെറുകിട വ്യവസായങ്ങളാണ് പഞ്ചായത്തിന്റെ വ്യവസായ മേഖലയെ സംപുഷ്ടമാക്കുന്നത്. പരമ്പരാഗത വ്യവസായങ്ങളായ ബീഡിതെറുപ്പ്, മണ്‍പാത്ര നിര്‍മ്മാണം എന്നിവയും നല്ലരീതിയില്‍ പഞ്ചായത്തില്‍ നടന്നുവരുന്നുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഒരു പെട്രോള്‍ ബങ്കും, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഒരു ഗ്യാസ് ഏജന്‍സിയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണരംഗത്ത് 9 റേഷന്‍കടകളും, 2 മാവേലിസ്റ്റോറുകളും പ്രവര്‍ത്തിക്കുന്നു. രണ്ട്ഷോപ്പിംഗ് കോപ്ളക്സുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ചക്കരക്കല്‍, ചാല എന്നീ സ്ഥലങ്ങള്‍ പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ ആണ്. ഹിന്ദു- മുസ്ളീം-ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പഞ്ചായത്തിലുണ്ട്. 32 ക്ഷേത്രങ്ങളും, 22 മുസ്ളീം പള്ളികളും ഉള്‍പ്പെടെ നിരവധി ആരാധനാലയങ്ങളും ഇവിടെയുണ്ട്. ചാലയിലുള്ള ഇമാക്കുലേറ്റ് ചര്‍ച്ചാണ് പഞ്ചായത്തിലെ ഏകക്രിസ്ത്യന്‍ ദേവാലയം. ഈ ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, തിരുനാള്‍, പെരുന്നാള്‍ തുടങ്ങി എല്ലാവിധ ആഘോഷങ്ങളും ജാതിമതഭേദമന്യേയുള്ള ജനങ്ങളുടെ സാംസ്കാരിക ഒത്തുചേരലിന് വേദിയാകുന്നു. തെയ്യം കലാകാരന്‍മാരായിരുന്ന കുന്നാത്ത് കുഞ്ഞമ്പുപെരുവണ്ണാന്‍, വാഴയില്‍ ഗോവിന്ദന്‍പെരുവണ്ണാന്‍, അഭിനേതാവായിരുന്ന കെ.എന്‍.പിനമ്പ്യാര്‍ തുടങ്ങിയവര്‍ പഞ്ചായത്തിലെ പ്രശസ്തരായിരുന്നു. നാടകരചന, അഭിനയം. സംവിധാനം എന്നീ മേഖലകളില്‍ പ്രശസ്തിനേടിയ മുകുന്ദന്‍ ചാല, സാമൂഹ്യസേവകന്‍ പി.വി.ബാലന്‍നായര്‍, ആര്‍ട്ടിസ്റ്റ് മന്ദനന്‍, നാടകനടന്‍ പ്രമോദ് ചാല തുടങ്ങിയവരൊക്കെ പഞ്ചായത്തിന്റെ അഭിമാനങ്ങളാണ്. വെങ്ങിലോട് ഉദയകലാസമിതി, സംഘശക്തി തിയേറ്റേഴ്സ്, മുതുകുറ്റിയിലുള്ള പ്രിയദര്‍ശിനി കലാവേദി, പ്രിയദര്‍ശിനി ബാലജനസംഖ്യം, ചാലയിലെ ദര്‍ശന സ്പോര്‍ട്സ് ക്ളബ്ബ്, കോയ്യോടുള്ള ഉദയസ്പോര്‍ട്സ് ക്ളബ്, ശ്രീനാരായണ സ്പോര്‍ട്സ് ക്ളബ്, മുതുകുറ്റി മഹാത്മാ സേവാസമിതി, മുതുകുറ്റി സ്വരാജ് മാതൃഭൂമി സ്റ്റ്ഡിസെന്റര്‍, കേരളശാസ്ത്ര സാഹിത്യപരിഷത്ത്, കക്കോത്ത് രാജീവ് ജി സ്റ്റഡിസെന്റര്‍ തുടങ്ങി നാല്‍പ്പതോളം കലാകായിക സാംസ്കാരിക സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. ഇരിവേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പ്രാഥമികാരോഗ്യകേന്ദ്രം, കോയ്യോട് ചാല എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങള്‍, ന്യൂപാവന ഹോസ്പിറ്റല്‍ ചക്കരക്കല്‍, കൊയ്യോട് ആയൂര്‍വേദ ഡിസ്പെന്‍സറി തുടങ്ങിയവയാണ് പഞ്ചായത്തിന്റെ ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ആംബുലന്‍സ് സേവനവും പഞ്ചായത്തില്‍ ലഭിക്കുന്നുണ്ട്. ചെമ്പിലോടുള്ള വെറ്റിനറി ഡിസ്പെന്‍സറിയാണ് പഞ്ചായത്തിലെ ഏക മൃഗചികിത്സാ കേന്ദ്രം. മലബാര്‍ ഇംഗ്ളീഷ് മീഡിയം സ്ക്കുള്‍, ഭാരത് സ്ക്കുള്‍, ചെമ്പിലോട് നോര്‍ത്ത് എല്‍.പി.സ്ക്കുള്‍, ഇരിവേരി ഈസ്റ്റ് എല്‍.പി.സ്ക്കുള്‍, ചെമ്പിലോട് ഹൈസ്ക്കുള്‍, ചാലബോര്‍ഡ് ഗവണ്‍മെന്റ് യു.പി സ്ക്കുള്‍, ചാലാ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്ക്കുള്‍ തുടങ്ങി മുപ്പത്തോളം സര്‍ക്കാര്‍-സര്‍ക്കാരേതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. ഒരു റ്റി.റ്റി.ഐയും, ഒരു ബി.എഡ് കോളേജും ഉന്നത വിദ്യാഭ്യാസത്തിനായി പഞ്ചായത്തിലുണ്ട്. ചെമ്പിലോട് മെട്ടയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനമാണ് പഞ്ചായത്തിലെ ഏക സാമൂഹ്യ സ്ഥാപനം. ഗ്രാമീണ്‍ബാങ്കിന്റെ ഒരു ശാഖ ചാലയില്‍ പ്രവര്‍ത്തിക്കുന്നു. കോയ്യോട് സര്‍വ്വീസ് സഹകരണ ബാങ്ക്, ചക്കരക്കല്‍ ജില്ലാസഹകരണ ബാങ്ക്, മൌവഞ്ചരി സഹകരണ ബാങ്ക്, ഇരിവേരി സഹകരണ ബാങ്ക് എന്നിവയാണിവിടുത്തെ സഹകരണ മേഖലയിലെ പ്രധാന ബാങ്കിംഗ് സ്ഥാപനങ്ങള്‍, മണപ്പുറം ഫിനാന്‍സ്, കൊശമറ്റം ഫിനാന്‍സ് തുടങ്ങി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും പഞ്ചായത്തിലുണ്ട്. മൊയാരം സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം, ഇരിവേരി യുവക് വായനശാല ആന്റ് ഗ്രന്ഥാലയം, കോമത്ത് കുന്നുമ്പ്രം വായനശാല ആന്റ് ഗ്രന്ഥശാല, ചെമ്പിലോട് മെട്ടയിലെ എ.കെ.ജി സ്മാരക വായനശാല ആന്റ് ഗ്രന്ഥശാല, ചാലാ ദേശോദ്ധാരണ വായനശാല തുടങ്ങി എട്ടോളം ഗ്രന്ഥ, വായനശാലകള്‍ പഞ്ചായത്തിന്റെ സാംസ്കാരിക പുരോഗതിക്ക് മുതല്‍ക്കുട്ടായി പ്രവര്‍ത്തിക്കുന്നു. ഇവിടുത്തെ വിവാഹം, പൊതുചടങ്ങുകള്‍ അതു പോലുള്ള മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി പഞ്ചായത്ത് വക ഒരു കമ്മ്യൂണിറ്റി ഹാളും, ഒരു സ്വകാര്യകല്യാണമണ്ഡപവും ചക്കരക്കല്ലില്‍ പ്രവര്‍ത്തിക്കുന്നു. നിരവധി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും പഞ്ചായത്തിലുണ്ട്. അഞ്ചരക്കണ്ടി എക്സചേഞ്ച് പ്രവര്‍ത്തിക്കുന്നത് ചക്കരക്കല്ലിലാണ്. ഇരിവേരി വില്ലേജ് ഓഫീസും, ചെമ്പിലോട് വില്ലേജ് ഓഫീസും പഞ്ചായത്തിലെ ചാല, ചക്കരക്കല്‍ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ചെമ്പിലോട്മെട്ടയിലാണ് കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത്. ചക്കരക്കല്ലില്‍ പോലീസ്സ്റ്റ്റേഷനും പ്രവര്‍ത്തിക്കുന്നുണ്ട്. സബ്ട്രഷറി, എടക്കാട്ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്, പട്ടികജാതി വികസന ഓഫീസ് തുടങ്ങിയവയാണ് മറ്റ് പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. മൌവഞ്ചരി, ഇരിവേരി, മക്രേരി, കോയ്യോട്, ചാല എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫീസുകളുമുണ്ട്.