ചെമ്പിലോട്

കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ എടക്കാട് ബ്ളോക്കിലാണ് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെമ്പിലോട്, ഇരിവേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചെമ്പിലോട് ഗ്രാമപഞ്ചായത്തിന് 20.99 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് മുണ്ടേരി, ചേലോറ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പെരളശ്ശേരി, കടമ്പൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് അഞ്ചരക്കണ്ടി, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് എടക്കാട് പഞ്ചായത്തുമാണ്. പഴയകാലത്ത് ചിറക്കല്‍ താലൂക്കിന്റെ ഭാഗമായിരുന്നു, അതിലുള്‍പ്പെട്ടു കിടന്നിരുന്ന അംശങ്ങളായ ഇടക്കാട്, ചെമ്പിലോട്, ഇരിവേരി, മക്രേരി, അഞ്ചരക്കണ്ടി, മാവിലായി, മുഴപ്പിലങ്ങാട് എന്നിവ. കുരുമുളക് കൃഷികൊണ്ട് സമ്പന്നമെന്ന് പേരുകേട്ടതായിരുന്നു രണ്ടത്തറ എന്ന് മലബാര്‍ മാമ്പലില്‍ സൂചിപ്പിച്ചിരിക്കുന്നു. കാര്‍ഷികരംഗത്തിന്റെ പഴയകാലചരിത്രത്തിലും ചെമ്പിലോടിന് നിര്‍ണ്ണായകമായ സ്ഥാനമുണ്ടായിരുന്നു. കണയന്നൂര്‍ തെങ്ങും ചെമ്പിലോട് അടക്കയും പ്രസിദ്ധമായിരുന്ന കാലമുണ്ട്. കണ്ണൂര്‍ ടൌണിന്റെ ഹൃദയഭാഗത്തു നിന്നു ഉദ്ദേശം 15 കിലോമീറ്റര്‍ അകലെ കിഴക്കുഭാഗത്തായി സമുദ്രനിരപ്പില്‍ നിന്നും 18 മീറ്റര്‍ മുതല്‍ 87 മീറ്റര്‍ വരെ ഉയരത്തില്‍, കുന്നുകളും വയലുകളും സമതലങ്ങളും നിറഞ്ഞ പ്രശാന്തസുന്ദരമായ ചെമ്പിലോട് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നു. ഇപ്പോള്‍ പഞ്ചായത്തിലുള്ള ചെമ്പിലോട്, ഇരിവേരി എന്നീ വില്ലേജുകള്‍ രണ്ടു പഞ്ചായത്തുകളായിട്ടാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. കോമത്തു കുഞ്ഞിരാമന്‍ വൈദ്യര്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവരായിരുന്നു യഥാക്രമം ചെമ്പിലോട്, ഇരിവേരി പഞ്ചായത്തുകളിലെ ആദ്യപ്രസിഡന്റുമാര്‍. 1961-ല്‍ രണ്ടു പഞ്ചായത്തുകളും സംയോജിപ്പിച്ചാണ് ഇന്നത്തെ ചെമ്പിലോട് ഗ്രാമപഞ്ചായത്ത് രൂപംകൊണ്ടത്. കെ.വി.കുഞ്ഞിരാമന്‍ നായരാണ് പ്രഥമപ്രസിഡന്റ്. അറേബ്യയില്‍ നിന്നു കേരളത്തില്‍ വന്ന 12 മുസ്ളീം മതപ്രചാരകന്മാരില്‍ ഖാസിഹുസൈന്‍ എന്ന പണ്ഡിതവരേണ്യന്‍ ഇരിവേരിയിലാണെത്തിയത്.