ചെല്ലാനം

എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കില്‍ പള്ളുരുത്തി ബ്ളോക്കില്‍ ചെല്ലാനം, കുമ്പളങ്ങി, പള്ളുരുത്തി വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ചെല്ലാനം ഗ്രാമപഞ്ചായത്ത്. എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറെ അറ്റത്ത് 15 കി.മീ തെക്കുവടക്കായി ഒന്നുമുതല്‍ 2 വരെ കി.മീ വീതിയില്‍ നീണ്ടുകിടക്കുന്ന ഗ്രാമമാണ് ചെല്ലാനം പഞ്ചായത്ത്. 19.37 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കൊച്ചി കോര്‍പ്പറേഷനും, കിഴക്ക് കുമ്പളം, കുമ്പളങ്ങി പഞ്ചായത്തുകളും, ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത്, എഴുപുന്ന, പഞ്ചായത്തുകളും തെക്കുഭാഗത്ത് ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത് പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് അറബിക്കടലും ആണ്. മരചക്രങ്ങള്‍ ചവിട്ടി വെള്ളം വറ്റിച്ച് കൃഷി ചെയ്തിരുന്ന പൊക്കാളിപ്പാടങ്ങള്‍ക്ക് കിഴക്ക് കമ്മട്ടി, കണ്ടല്‍, ചുള്ളി, കൈത, മുഞ്ച, ഇല്ലിമുള മറ്റു കുറ്റിക്കാടുകള്‍ എന്നിവ ഇടതൂര്‍ന്നു വളര്‍ന്ന് ആര്‍ക്കും കടന്നുചെല്ലുവാന്‍ പറ്റാത്ത ചെല്ലാ വനമായിരുന്നു ഇന്നത്തെ ചെല്ലാനം. മറുവുള്ളക്കോട് മുറവുക്കാടും, ജലയാത്ര നടത്തുന്ന കച്ചവടക്കാര്‍ അന്തിക്കു വിശ്രമിക്കുന്ന കടവിനെ അന്തിക്കടവും, കണ്ടല്‍ തിങ്ങിയ കടവിനെ കണ്ടക്കടവുമാക്കിയപ്പോള്‍ ചെറിയ കടവ് ആയിരുന്നിടം ചെറിയകടവുമായി എന്ന് സ്ഥലനാമചരിത്രം പറയുന്നു. വിദേശകപ്പലുകളുടെ വരവും നോക്കി ഉയരമുള്ള മാളികപ്പുരകളില്‍ പ്രാദേശികമായി വികസിപ്പിച്ചെടുത്ത ദൂരദര്‍ശിനികളില്‍ വഴിക്കണ്ണുമായി നോക്കിയിരുന്നതിനാല്‍ കണ്ണമാലിയുമുണ്ടായി. ഇത്തരം മാളികപ്പുരകള്‍ ഇവിടെ പലയിടത്തുമുണ്ടായിരുന്നു. നിഷ്കളങ്കരായ ഗ്രാമീണര്‍ വസിച്ചിരുന്ന സമ്പല്‍സമൃദ്ധവും പ്രകൃതിരമണീയവുമായ ചെല്ലാനം പുരാതന കാലത്ത് സ്വദേശവിദേശ കച്ചവടക്കാരുടെ സ്വപ്നഭൂമിയായിരുന്നു. ഇന്ത്യയിലെ തന്ന പേരുകേട്ട തീര്‍ത്ഥാടനകേന്ദ്രമായ കണ്ണമാലിയിലെ സെന്റ് ജോസഫ് ചാപ്പലും, വളരെയറേ പഴക്കം ചെന്നതും പ്രശസ്തവുമായ അന്തിക്കടവ് ആനന്ദപുരം തിരുമല ദേവസ്വം ക്ഷേത്രവും ചെല്ലാനം ഗ്രാമ പഞ്ചായത്തിന്റെ പേരും പെരുമയും പുറം ലോകത്ത് എത്തിക്കുന്ന ആരാധനാലയങ്ങളാണ്.