ചേലക്കര

തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ പഴയന്നൂര്‍ ബ്ളോക്കിലാണ് ചേലക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചേലക്കര, വെങ്ങാനെല്ലൂര്‍, തോന്നൂര്‍ക്കര, കുറുമല, പുലാക്കോട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായ ചേലക്കര ഗ്രാമപഞ്ചായത്തിന് 59.83 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ തെക്കുഭാഗത്ത് പഴയന്നൂര്‍ പഞ്ചായത്തും കിഴക്കുഭാഗത്ത് പഴയന്നൂര്‍ കൊണ്ടാഴി പഞ്ചായത്തുകളും, വടക്കുഭാഗത്ത് പാഞ്ഞാള്‍ കൊണ്ടാഴി പഞ്ചായത്തുകളും, പാലക്കാട് ജില്ലയിലെ വാണിയംകുളം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മൂള്ളൂര്‍ക്കര, പാഞ്ഞാള്‍ പഞ്ചായത്തുകളുമാണ്. ചെറിയ ചെരിവ്, കുത്തനെ കയറ്റം, ചെരിവ്, ചെറിയ കയറ്റം, സമതലം, ഉയര്‍ന്ന ഭൂമി എന്നിങ്ങനെ ഈ പഞ്ചായത്തിലെ ഭൂപ്രകൃതിയെ ആറായി തരം തിരിക്കാം. ചരല്‍ കലര്‍ന്ന ചുവന്നമണ്ണ്, ഉരുളന്‍കല്ലു നിറഞ്ഞ ചുവന്നമണ്ണ്, ചെളികലര്‍ന്ന ചുവന്നമണ്ണ്, വെട്ടുകല്ല് കലര്‍ന്ന മണ്ണ് എന്നിങ്ങനെ വിവിധ മണ്‍തരങ്ങള്‍ കാണപ്പെടുന്നു. പഴയകാലത്ത് ചേലക്കരയിലെ റോഡുകള്‍ക്കിരുവശവും ആല്‍ തുടങ്ങിയ ധാരാളം ചേലവൃക്ഷങ്ങള്‍ തിങ്ങിവളര്‍ന്നിരുന്നുവത്രെ. ചേലമരങ്ങളുള്ള കര എന്ന പ്രയോഗത്തില്‍ നിന്നാണ് ചേലക്കര എന്ന സ്ഥലനാമം ഉണ്ടായതെന്ന് കരുതുന്നു. തൃശൂര്‍-തിരുവില്വാമല റോഡാണ് ഈ പഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ്. ഇരുനൂറു വര്‍ഷം പഴക്കമുള്ള ചേലക്കരയിലെ ശനിയാഴ്ച ചന്ത പ്രസിദ്ധമാണ്. 1929-ല്‍ കോന്തസ്വാമി പ്രസിഡന്റായി പ്രഥമ പഞ്ചായത്തുകമ്മിറ്റി നിലവില്‍ വന്നു. 1953-ലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുകയും നമ്പ്യാത്ത് കൃഷ്ണന്‍കുട്ടി നായര്‍ പ്രസിഡന്റായിക്കൊണ്ട് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സമിതി അധികാരത്തിലേറുന്നത്.തൃശൂര്‍ ജില്ലയുടെ വടക്കുകിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹരിതഭംഗിയാര്‍ന്ന ഒരു ഭൂപ്രദേശമാണിത്.