ചവറ

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കിലാണ് ചവറ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തെക്കുംഭാഗം, ചവറ, തേവലക്കര, പന്മന, നീണ്ടകര എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചവറ ബ്ളോക്കില്‍ ഉള്‍പ്പെടുന്നു. ചവറ, തെക്കുംഭാഗം, തേവലക്കര, പന്മന, വടക്കുന്തല, നീണ്ടകര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചവറ ഗ്രാമപഞ്ചായത്തിന് 74.9 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 1962-ലാണ് ചവറ ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്. 1962-ല്‍ ചവറ ബ്ളോക്ക് രൂപീകരിച്ചപ്പോള്‍ ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, എന്നീ നാല് പഞ്ചായത്തുകളായിരുന്നു ബ്ളോക്കില്‍ ഉള്‍പ്പെട്ടിരുന്നത്. 1978 വരെ ചവറ ബ്ളോക്കില്‍ നാലു പഞ്ചായത്തുകളാണുണ്ടായിരുന്നത്. 1978-ല്‍ തെക്കുംഭാഗം പഞ്ചായത്ത് രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ പുതുതായി രൂപം കൊണ്ട നീണ്ടകര പഞ്ചായത്തുള്‍പ്പെടെ ഇന്ന് 5 പഞ്ചായത്തുകള്‍ ഈ ബ്ളോക്കിലുണ്ട്. ചവറ ബ്ളോക്ക് പ്രദേശം അപൂര്‍വ്വ ധാതുമണല്‍ കൊണ്ട് സമ്പുഷ്ടമാണ്. 1940-കള്‍ മുതല്‍ പാശ്ചാത്യരുടെ ശ്രമഫലമായി ലോഹമണല്‍ വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ലോഹമണല്‍ സംസ്കരണത്തിനു വേണ്ടിയുള്ള വ്യവസായം ഇവിടെ ആരംഭിക്കുകയുമുണ്ടായി. അതിന്റെ ഭാഗമായാണ് 1984-ല്‍ കെ.എം.എം.എല്‍-ന്റെ ഘടകസ്ഥാപനമായി ടൈറ്റാനിയം ഡൈ ഓക്സൈഡ് പിഗ്മെന്റ് പ്ളാന്റ് ഇവിടെ ആരംഭിച്ചത്. ഇത് ഇന്ന് ഇന്ത്യയിലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു വ്യവസായശാലയാണ്. കയര്‍മേഖലയാണ് ഇവിടുത്തെ മറ്റൊരു പ്രധാന വ്യവസായം. ഇവിടെ ഉല്‍പാദിപ്പിക്കുന്ന കയര്‍ വളരെ പണ്ടുമുതല്‍ തന്നെ വിദേശങ്ങളിലേക്ക് കയറ്റി അയച്ചുവരുന്നു. കേരളത്തിലെ ഏറ്റവും പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഈ ബ്ളോക്ക് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അതിപ്രശസ്തമായ നീണ്ടകര തുറമുഖം പുരാതന കാലം മുതല്‍ തന്നെ പ്രവര്‍ത്തിച്ചു വരുന്നതാണ്. കടല്‍ മത്സ്യബന്ധന മേഖലയിലും സമുദ്രോല്‍പ്പന്ന കയറ്റുമതിയിലും നീണ്ടകര കേരളത്തില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു. 1880-കളില്‍ തെക്കുംഭാഗത്ത് കുളങ്ങരവെളിയില്‍ സ്ഥാപിതമായ വിദ്യാലയമാണ് ഈ പ്രദേശത്തെ ആദ്യത്തെ സര്‍ക്കാര്‍ സ്ക്കൂള്‍. തീരസമതല ഭൂവിഭാഗത്തില്‍ പെടുന്ന പ്രദേശങ്ങളാണ് ഈ ബ്ളോക്കില്‍ അധികവും. ഭൂപ്രകൃതിയനുസരിച്ച് മണല്‍തിട്ടകള്‍, മണല്‍തിട്ടകള്‍ക്കിടയിലെ സമതലങ്ങള്‍, ഉയര്‍ന്ന മണ്‍തിട്ടകള്‍-അവയ്ക്കിടയിലെ താഴ്ന്ന സമതലങ്ങള്‍, തീര സമതലങ്ങള്‍ എന്നിങ്ങനെ ഈ ബ്ളോക്കിനെ തരം തിരിക്കാം. പശിമരാശി മണ്ണ്, ചെമ്മണ്ണ്, ലാറ്ററേറ്റ് മണ്ണ്, ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണ്, തീരദേശ എക്കല്‍മണ്ണ്, മണല്‍ നിറഞ്ഞ പശിമരാശി മണ്ണ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍.