ചാവക്കാട്

തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കിലാണ് ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടപ്പുറം, ഒരുമനയൂര്‍, പൂക്കോട്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, തൈക്കാട്, വടക്കേക്കാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചാവക്കാട് ബ്ളോക്കില്‍ ഉള്‍പ്പെടുന്നു. കടപ്പുറം, ഒരുമനയൂര്‍, പൂക്കോട്, പേരകം, ഇരിങ്ങപ്രം, എടക്കഴിയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, തൈക്കാട്, ചാവക്കാട്, വടക്കേക്കാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചാവക്കാട് ബ്ളോക്കുപഞ്ചായത്തിന് 86.04 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 1956 നവംബര്‍ 1-ന് കേരളസംസ്ഥാനം പിറന്നപ്പോള്‍ മലബാറിനെ മൂന്നു ജില്ലകളായി വിഭജിച്ചു. ചാവക്കാട് താലൂക്ക് പ്രദേശങ്ങള്‍ തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ടു. പൊന്നാനി മുതല്‍ കൊച്ചിവരെ നീണ്ടുകിടക്കുന്ന കനോലി കനാല്‍ ചാവക്കാട് ബ്ളോക്കിന്റെ ഭൂപ്രകൃതിയെ രണ്ടായി വിഭജിക്കുന്നു. 1959-ല്‍ ചാവക്കാട്, ഗുരുവായൂര്‍, ഇരിങ്ങപ്പുറം, പേരകം, കടപ്പുറം, ഒരുമനയൂര്‍, മണത്തല, പൂക്കോട്, തൈക്കാട്, തിരുവത്ര എന്നിവിടങ്ങളില്‍ ഗ്രാമസേവക് ഓഫീസുകള്‍ ചാവക്കാട് ബ്ളോക്കിനുകീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. എ.ഡി.52-ല്‍ തോമാശ്ളീഹ കൊടുങ്ങല്ലൂരില്‍ നിന്ന് വഞ്ചിമാര്‍ഗ്ഗം പാലയൂരില്‍ എത്തുകയും പ്രേക്ഷിത പ്രവര്‍ത്തനം വഴി ക്രിസ്തുമതത്തിനു തുടക്കം കുറിക്കുകയും ചെയ്തു. ടിപ്പുവിന്റെ പടയോട്ടത്തെ ധീരതയോടെ ചെറുത്ത് ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിച്ച ഹൈദ്രോസ്കുട്ടി മൂപ്പരുടെ കബറിടം കൊണ്ട് പ്രസിദ്ധമായ മണത്തല ജൂമാമസ്ജിദ് ചാവക്കാട് ബ്ളോക്കിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീനാരായണഗുരുദേവന്റെ പാദസ്പര്‍ശംകൊണ്ട് അനുഗ്രഹീതമാക്കപ്പെട്ട ഇവിടുത്തെ മണ്ണില്‍, അദ്ദേഹത്താല്‍ സ്ഥാനനിര്‍ണ്ണയം നടത്തപ്പെട്ട മണത്തല വിശ്വനാഥക്ഷേത്രം സ്ഥിതി ചെയ്യുന്നു. അറബിക്കടലോരത്തായി ഇരുമ്പലില്‍ ചാവക്കാട് ബ്ളോക്കില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ, എ.ഡി 52-ല്‍ തോമാശ്ളീഹ സ്ഥാപിച്ച പാലയൂര്‍പള്ളിയും ചാവക്കാടുനിന്ന് 3 കിലോമീറ്റര്‍ അകലെ പ്രസിദ്ധമായ ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ചാവക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ തെങ്ങുകൃഷിയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കടലോരങ്ങളിലും കായലോരങ്ങളിലും തെങ്ങ് സമൃദ്ധിയായി വളരുന്നു. ചാവക്കാട് ടോള്‍ എന്ന ഇനം തെങ്ങുകള്‍ കേരളത്തില്‍ വളരെ പ്രചാരത്തിലുള്ളതാണ്. ചാവക്കാട് ബ്ളോക്കില്‍ കാര്‍ഷികവിളകളില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത് നെല്‍കൃഷിയാണ്.